ഗാസയിൽ സമാധാനത്തിനുവേണ്ടി ചർച്ചകൾ പുരോഗമിക്കുന്നു
നതാൻ മോർലൈ
ഖത്തറിലെ ദോഹയിൽ ഇസ്രായേൽ പ്രതിനിധി സംഘത്തിന് ചർച്ച തുടരാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുമതി നൽകിയതായി റിപ്പോർട്ട്. ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ് ചർച്ചയെന്ന് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു, അതേസമയം ചർച്ചകൾ വെടിനിർത്തലിനെക്കുറിച്ചായിരിക്കുമെന്ന് റോയിട്ടേഴ്‌സ് കുറിക്കുന്നു.
കരാറിനായുള്ള ചർച്ചകൾ വൈകുന്നുവെന്ന് ഇസ്രായേലും ഹമാസും കഴിഞ്ഞ ദിവസങ്ങളിൽ പരസ്പരം ആരോപിച്ചിരുന്നു. വിവിധ ഇസ്രയേലി സുരക്ഷാ സേവനങ്ങളുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്. ഇത് നേരിട്ടുള്ള ചർച്ചകളല്ല, ഖത്തറും സൗദി അറേബ്യയും അമേരിക്കയും ഇടനിലക്കാരായി നിന്നുകൊണ്ടുള്ള ഇസ്രായേലും ഹമാസും തമ്മിലുള്ള പരോക്ഷ ചർച്ചകളാണ്.
ഏകദേശം 15 മാസം നീണ്ടുനിന്ന യുദ്ധത്തിൽ ഗാസയിലെ ജനസംഖ്യ 2.1 ദശലക്ഷമായി കുറഞ്ഞുവെന്നു പലസ്തീനിയൻ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത് തെറ്റാണെന്നു ഇസ്രായേലി വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. അതേസമയം, പുതിയ സിറിയൻ ഭരണകൂടത്തിലെ നിരവധി മുതിർന്ന അംഗങ്ങൾ അവരുടെ ആദ്യത്തെ ഔദ്യോഗിക വിദേശ സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിഎന്നും റിപ്പോർട്ടുകൾ പറയുന്നു. വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി, ഇൻ്റലിജൻസ് മേധാവി എന്നിവർ സംഘത്തിലുണ്ടെന്ന് സൗദി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: