ലാമ്പദൂസ തീരത്തെ കപ്പലപകടത്തിൽ ഇരുപതോളം ആളുകളെ കാണാതായി: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പുതുവർഷം പിറന്ന് ആദ്യമണിക്കൂറുകളിൽ ഇറ്റലിയുടെ തെക്കുഭാഗത്തുള്ള ലാമ്പദൂസ തീരത്തുണ്ടായ കപ്പലപകടത്തിൽ ഇരുപതോളം ആളുകളെ കാണാതായതായും, എട്ട് വയസ്സുള്ള ഒരു കുട്ടിയടക്കം ഏഴ് പേരെ കടലിൽനിന്ന് രക്ഷപെടുത്താനായതായും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് റിപ്പോർട്ട് ചെയ്‌തു. യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കുമുള്ള യൂണിസെഫ് പ്രാദേശികവിഭാഗം ഡയറക്ടർ റെജീന ദേ ഡൊമിനിച്ചിസാണ് ജനുവരി ഒന്നാം തീയതിയുണ്ടായ അപകടം സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടത്. 2024-ൽ മാത്രം മെഡിറ്ററേനിയൻ കടലിൽ 2200 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നും, ഇവരിൽ ഏതാണ്ട് 1700 പേരോളം മധ്യ മെഡിറ്ററേനിയൻ വഴിയിലാണ് മരണമടഞ്ഞതെന്നും ശിശുക്ഷേമനിധി വ്യക്തമാക്കി.
കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ കാണാതായ ഇരുപത് പേരെക്കൂടാതെ കപ്പലിലുണ്ടായിരുന്ന എട്ടുവയസുള്ള ഒരു കുട്ടിയടക്കം ഏഴ് പേരെ രക്ഷപെടുത്താനായതായി യൂണിസെഫ് അറിയിച്ചു. കാണാതായവരിൽ ഈ കുട്ടിയുടെ മാതാവുമുണ്ട്. തീരത്തേക്ക് അടുക്കുന്നതിനിടെയാണ് കപ്പൽ മുങ്ങിയത്. ഏതാനും ആഴ്ചകൾക്ക് മുൻപുണ്ടായ സമാനമായ ഒരു കപ്പലപകടത്തിൽ പതിനൊന്ന് വയസ്സുള്ള ഒരു കുട്ടിയൊഴികെ എല്ലാവരും മരണമടഞ്ഞിരുന്നു.
മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്കുള്ള യാത്രയിൽ ഉണ്ടായിട്ടുള്ള അപകടങ്ങളിൽ നൂറുകണക്കിന് കുട്ടികളും ചെറുപ്പക്കാരുമാണ് മരണമടഞ്ഞിട്ടുള്ളത്. മെഡിറ്ററേനിയൻ കുടിയേറ്റവഴിയിൽ അഞ്ചിലൊന്ന് പേരും പ്രായപൂർത്തിയാകാത്തവരാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരിൽ ഭൂരിഭാഗവും സംഘർഷമേഖലകളിൽനിന്നും ദാരിദ്ര്യത്തിൽനിന്നും രക്ഷപെടാൻ ശ്രമിക്കുന്നവരാണെന്ന് യൂണിസെഫ് അറിയിച്ചു.
കുടിയേറ്റവുമായി ബന്ധപ്പെട്ടുണ്ടാക്കിയിട്ടുള്ള കരാർ പ്രകാരം, കുട്ടികൾക്ക് സുരക്ഷിതമായ കുടിയേറ്റം സാധ്യമാക്കാൻ ഗവൺമെന്റുകൾ തയ്യാറാകണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. അതുവഴി യൂറോപ്പിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളോട് ഒരുമിച്ച് ചേർന്ന് ജീവിക്കാൻ സുരക്ഷിതാവഴിയൊരുക്കാനും, കപ്പലപകടങ്ങൾ പോലെയുള്ള ദുരിതങ്ങൾ ഒഴിവാക്കാനും, കുടിയേറ്റക്കാർക്ക് അഭയമേകാനും സാധിക്കുമെന്ന് യൂണിസെഫ് അഭിപ്രായപ്പെട്ടു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, അപകടകരമായ വഴികളിലൂടെയെത്തുന്ന അവർക്ക് മാനസിക, നൈയാമിക, ആരോഗ്യ, വിദ്യാഭ്യാസസഹായങ്ങൾ ഉറപ്പാക്കണമെന്നും യൂണിസെഫ് പ്രതിനിധി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: