ഇറ്റലി: യുവ അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും സഹായമെത്തിച്ച് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യൂണിസെഫിന്റെ 2024-ലെ വാർഷിക റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ വർഷത്തിൽ, ഏതാണ്ട് മുപ്പതിനായിരത്തിലധികം കുട്ടികളിലേക്കും കൗമാരക്കാരിലേക്കും സഹായമെത്തിക്കാൻ യൂണിസെഫിനായെന്ന് സംഘടന അവകാശപ്പെട്ടു. ഇവരിൽ ഏതാണ്ട് ഇരുപത്തിനാലായിരം പേർക്ക്, മനസികാരോഗ്യസഹായങ്ങളും, ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളിൽനിന്നും ആക്രമണങ്ങളിൽനിന്നും സംരക്ഷണവും നൽകാൻ തങ്ങൾക്കായെന്നും, തൊള്ളായിരത്തോളം കൗമാരക്കാരെയും ചെറുപ്പക്കാരെയും, സുരക്ഷിതമായ കുടുംബങ്ങളിലോ, രക്ഷിതാക്കളുടെ അരികിലോ ഏൽപ്പിക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്നും യൂണിസെഫ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത ഏതാണ്ട് ഏഴായിരത്തോളം പേർക്ക് ഭാഷ, ഡിജിറ്റൽ മേഖല തുടങ്ങിയവയിൽ പ്രാവീണ്യം നേടാൻ സഹായിക്കുന്നതിനും തങ്ങൾക്ക് സാധിച്ചുവെന്ന് യൂണിസെഫ് കൂട്ടിച്ചേർത്തു. മാർച്ച് 13 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് യൂണിസെഫ് ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.
2024-ൽ മാത്രം ഏതാണ്ട് അറുപത്തിയാറായിരം അഭയാർത്ഥികളും കുടിയേറ്റക്കാരും മെഡിറ്ററേനിയൻ വഴിയിലൂടെ ഇറ്റലിയിലെത്തിയെന്നും, ഇവരിൽ പത്തിൽ രണ്ടുപേരെങ്കിലും കുട്ടികളും കൗമാരക്കാരുമായിരുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. പ്രായപൂർത്തിയാകാത്ത എണ്ണായിരത്തോളം പേർ മുതിർന്നവർക്കൊപ്പമല്ലാതെയാണ് യൂറോപ്പിലേക്കെത്തിയത്.
മെഡിറ്ററേനിയൻ കടൽ വഴിയുള്ള അഭയാർത്ഥികളുടെ യാത്ര ഏറ്റവും അപകടം പിടിച്ചതാണെന്നും, 2024-ൽ മാത്രം ഏതാണ്ട് 1700 പേർ അവിടെയുണ്ടായ വിവിധ അപകടങ്ങളിൽ മരണമടഞ്ഞുവെന്നും, ഇവരിൽ നിരവധിയാളുകൾ പ്രായപൂർത്തിയാകാത്തവരായിരുന്നുവെന്നും ശിശുക്ഷേമനിധി അറിയിച്ചു.
കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി യൂണിസെഫ് പരിശ്രമിച്ചുവെന്നും, അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിയമപരവും മാനസികവുമായ പിന്തുണയും സുരക്ഷിത ഇടങ്ങളും ലഭ്യമാക്കുന്നതിന് പിന്തുണ നൽകിയെന്നും യൂണിസെഫ് അവകാശപ്പെട്ടു.
മെച്ചപ്പെട്ട ഒരു ഭാവി ലക്ഷ്യമാക്കി യൂറോപ്പിലേക്കെത്തുന്ന അഭയാർത്ഥികൾ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ ഏറെയാണെന്ന് യൂറോപ്പിനും മദ്ധ്യേഷ്യയ്ക്കുമായുള്ള യൂണിസെഫ് വിഭാഗത്തിന്റെ ഇറ്റലിയിലെ പദ്ധതികളുടെ സൂത്രധാരൻ നിക്കോള ദെല്ലാർച്ചിപ്രേത്തെ പ്രസ്താവനയിൽ രേഖപ്പെടുത്തി. 2025-ൽ ഇരുപതിനായിരം ആളുകളിലേക്ക് കൂടി തങ്ങളുടെ സേവനങ്ങൾ നേരിട്ടെത്തിക്കാനും, രണ്ടുലക്ഷത്തോളം ആളുകൾക്ക് ഓൺലൈൻ സേവനമേകാനുമാണ് തങ്ങൾ പരിശ്രമിക്കുന്നതെന്ന് പത്രക്കുറിപ്പിലൂടെ യൂണിസെഫ് അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: