തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
സായാഹ്നപ്രാർത്ഥന (ലത്തീനിൽ)
കാര്യക്രമം പോഡ്കാസ്റ്റ്
സങ്കീർത്തനചിന്തകൾ - 111 സങ്കീർത്തനചിന്തകൾ - 111 

വിശ്വസ്‌തനും നീതിമാനുമായ ദൈവത്തെ പരമാർത്ഥതയോടെ സ്നേഹിക്കുക

വചനവീഥി: നൂറ്റിപ്പതിനൊന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - നൂറ്റിപ്പതിനൊന്നാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒന്നാം വാക്യത്തിന്റെ ആരംഭം ഒഴികെ  ബാക്കി ഓരോ വരികളും ഹെബ്രായ ഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്ന നൂറ്റിപ്പതിനൊന്നാം സങ്കീർത്തനം, അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന കർത്താവായ ദൈവത്തെ അവിടുത്തെ രക്ഷാകരപ്രവർത്തനങ്ങളുടെയും ഉടമ്പടിയുടെയും പേരിൽ അനുസ്മരിക്കുകയും അവനു നന്ദി പറയാൻ ആഹ്വാനമേകുകയും ചെയ്യുന്ന ഒരു സ്തുതികീർത്തനമാണ്. ഓർത്തിരിക്കാൻ എളുപ്പമാകത്തക്കവിധം വരികൾ ക്രമീകരിച്ചിരിക്കുന്ന സങ്കീർത്തനകർത്താവിന്റെ രചനാപാടവം കൂടിയാണ് ഇവിടെ നാം കാണുന്നത്. ഇസ്രയേലിന്റെ ചരിത്രത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവത്തെക്കുറിച്ച് ജനത്തെ അനുസ്മരിപ്പിക്കുന്ന ഒരു ദേവാലയഗായകൻ, ദൈവത്തിന് നന്ദി പറയുവാനും, കർത്താവിനെ സ്തുതിക്കുവാനും വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന ശൈലിയിലാണ് ഈ ഗീതം എഴുതപ്പെട്ടിരിക്കുന്നത്. മഹനീയമായ പ്രവൃത്തികൾ ചെയ്യുന്ന നീതിമാനായ ദൈവം തന്റെ വാഗ്ദാനങ്ങളിലും ഉടമ്പടികളിലും വിശ്വസ്തനാണെന്നും, അവന്റെ ഉടമ്പടികൾ ദൈവജനം വിശ്വസ്തതയോടും പരാമർത്ഥതയോടും കൂടി പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്ന സങ്കീർത്തകൻ, ദൈവത്തെക്കുറിച്ചുള്ള അറിവിലും, അവന്റെ ഭക്തിയിലും വളർന്നുവരുവാനും, നന്ദിയോടെ ജീവിക്കുവാനും ഈ മനോഹരമായ കീർത്തനത്തിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.

ദൈവത്തിന്റെ മഹനീയമായ പ്രവൃത്തികളെ ഓർത്ത് നന്ദി പറയുക

സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത്, പ്രത്യേകിച്ച് ഒന്നാം വാക്യത്തിൽ, ദൈവത്തെ സ്തുതിക്കാനുള്ള തന്റെ തീരുമാനം വെളിപ്പെടുത്തുന്ന സങ്കീർത്തകൻ, ഏവരെയും കർത്താവിനെ സ്തുതിക്കുവാൻ ആഹ്വാനം ചെയ്യുന്നതാണ് നാം കാണുന്നത്. ദൈവത്തിന് നന്ദി പറയുക എന്നത് വ്യക്തിപരമായ ഒരു തീരുമാനമാണ് എങ്കിലും, സ്വകാര്യതയിൽ രഹസ്യാത്മകമായി എന്നതിനേക്കാൾ, നീതിമാന്മാരുടെ സംഘത്തിലും സഭയിലും, അവിഭാജ്യമായ, പൂർണ്ണഹൃദയത്തോടെ താൻ കർത്താവിന് നന്ദി പറയും എന്ന പ്രസ്താവനയിലൂടെ (സങ്കീ. 111, 1) എപ്രകാരമായിരിക്കണം ദൈവത്തെ സ്തുതിക്കേണ്ടത് എന്നതിനെക്കുറിച്ചുകൂടി സങ്കീർത്തകൻ ജനത്തെ ഉദ്ബോധിപ്പിക്കുന്നുണ്ട്. നൂറ്റിനാല്പത്തിയൊമ്പതാം സങ്കീർത്തനത്തിന്റെ ആരംഭത്തിലും കാണൂന്ന ഈ ചിന്തയിലൂടെ (സങ്കീ. 149, 1), ദേവാലയത്തിൽ വച്ച് ദൈവസ്‌തുതി ആലപിക്കുന്നതിനെക്കുറിച്ചാകണം ഇവിടെ സങ്കീർത്തകൻ പരാമർശിക്കുന്നത്. ജീവിതത്തിന്റെ സമഗ്രതയോടെ, തന്റെ ജീവിതം മാതൃകയായി മുന്നിൽ വച്ച്, അതായത് അധികാരികതയോടെ വേണം ഒരുവൻ സമൂഹത്തെ, ഇവിടെ വിശ്വാസികളെ, നയിക്കേണ്ടത് എന്ന ഒരോർമ്മപ്പെടുത്തൽ കൂടിയാകുന്നുണ്ട് ഈ സങ്കീർത്തനം. സമൂഹത്തിനുമുന്നിൽ പരസ്യമായി ദൈവസ്‌തുതി ഏറ്റുപറയുന്നത്, മറ്റുള്ളവരുടെ ആദ്ധ്യാത്മികമായ വളർച്ചയ്ക്ക് കൂടി കാരണമാകുന്നുണ്ട് എന്നും നാം അനുസ്മരിക്കണം.

കർത്താവിന്റെ പ്രവൃത്തികളുടെ പ്രത്യേകതകൾ

സങ്കീർത്തനത്തിന്റെ രണ്ടുമുതലുള്ള വാക്യങ്ങളിൽ, കർത്താവിന്റെ പ്രവൃത്തികളുടെ പ്രത്യേകതകളെക്കുറിച്ചാണ് സങ്കീർത്തകൻ അനുസ്മരിക്കുകയും, അതുവഴി അവന്റെ മഹത്വത്തെക്കുറിച്ച് ജനത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നത്. കർത്താവിന്റെ പ്രവൃത്തികൾ മഹനീയവും, മഹത്തും, തേജസ്സുറ്റതുമാണെന്നും, അവന്റെ നീതി ശ്വാശ്വതമാണെന്നും രണ്ടും മൂന്നും വാക്യങ്ങളിലൂടെ ഓർമ്മിപ്പിക്കുന്ന സങ്കീർത്തകൻ, അവയിൽ ആനന്ദിക്കുന്നവർ അവ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നു എന്ന് എഴുതുന്നു (സങ്കീ. 111, 2-3). പ്രപഞ്ചം മുഴുവനും, അവയിലെ എല്ലാ ജീവജാലങ്ങളും സൃഷ്ടവസ്തുക്കളും ദൈവത്തിന്റെ കരവിരുതാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അവയെക്കുറിച്ചുള്ള തിരിച്ചറിവിലൂടെയും, ബോധ്യങ്ങളിലൂടെയും ദൈവവിശ്വാസത്തിൽ ആഴപ്പെടാനും, കർത്താവിന്റേതായിരിക്കുന്നതിലൂടെ അനുഭവിക്കാനാകുന്ന ആനന്ദത്തിലേക്ക് കടന്നുവരാനുമാണ് സങ്കീർത്തകൻ വിശ്വാസിസമൂഹത്തെ ക്ഷണിക്കുന്നത്.

ഇസ്രയേലിന്റെ ചരിത്രവും ദൈവജനവും

തന്റെ ഭക്തർക്ക് ആഹാരം നൽകുകയും, തന്റെ ഉടമ്പടിയെ ഇപ്പോഴും അനുസ്മരിക്കുകയും ചെയ്യുന്നവനാണ് (സങ്കീ. 111, 5) ദൈവമെന്ന അഞ്ചാം വാക്യത്തിലെ ഓർമ്മപ്പെടുത്തലിലൂടെ, ദൈവം മരുഭൂമിയിൽ വച്ച് ഇസ്രായേൽ ജനത്തിന്റെ വിശപ്പടക്കാനായി മന്നാ നല്കിയതുൾപ്പെടെയുള്ള പുറപ്പാടനുഭവ ചിന്തകളിലേക്ക് വിശ്വാസികളെ നയിക്കുന്ന സങ്കീർത്തകൻ കർത്താവ് കൃപാലുവും വാത്സല്യനിധിയുമാണെന്നും, തന്റെ അത്ഭുതപ്രവൃത്തികളെ അവിടുന്ന് സ്മരണീയമാക്കിയെന്നും (സങ്കീ. 111, 4)  ഉദ്ബോധിപ്പിക്കുന്നുണ്ട്. തന്റെ വാഗ്ദാനമനുസരിച്ച് ഇസ്രായേൽ ജനത്തിന് കാനാൻദേശം അവകാശമായി നൽകിയ ദൈവത്തെ അനുസ്മരിച്ചുകൊണ്ട് ജനതകളുടെ അവകാശത്തെ തന്റെ ജനത്തിന് നൽകി, തന്റെ പ്രവൃത്തികളുടെ ശക്തിയെ അവർക്ക് വെളിപ്പെടുത്തിയ ദൈവത്തെക്കുറിച്ച് ആറാം വാക്യത്തിൽ സങ്കീർത്തകൻ എഴുതുന്നു. കർത്താവിന്റെ പ്രവൃത്തികൾ വിശ്വസ്തവും നീതിയുക്തവുമാണെന്ന ഏഴാം വാക്യം, ഇസ്രായേൽ ജനതയുടെ ദൈവാനുഭവവുമായി ചേർന്നുപോകുന്ന ഒന്നാണ്. ചരിത്രത്തെയും അനുഭവങ്ങളെയും മറന്ന് ഇസ്രായേൽജനം പലപ്പോഴും ദൈവത്തോടുള്ള തങ്ങളുടെ വിശ്വസ്തതയിലും ആത്മാർത്ഥതയിലും കുറവുവരുത്തിയപ്പോഴും, അവരോടുള്ള തന്റെ വിശ്വസ്തതയിലും സ്നേഹത്തിലും കുറവുവരുത്തുകയോ അവരെ ഉപേക്ഷിക്കുകയോ ചെയ്യാത്തവനാണ് യാഹ്‌വെ.

കർത്താവിന്റെ പ്രവർത്തനങ്ങളും വിശ്വസ്തതയും

താൻ തിരഞ്ഞെടുത്ത ജനത്തോട് വിശ്വസ്തതയോടെ  പെരുമാറുകയും,അവരെ പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ പ്രമാണങ്ങൾ വിശ്വാസ്യമാണെന്നും, വിശ്വസ്തതയോടും പരമാർത്ഥതയോടും കൂടെ പാലിക്കപ്പെടുവാനായാണ് ദൈവം അവ സ്ഥാപിച്ചിരിക്കുന്നതെന്നും  ഓർമ്മിപ്പിക്കുന്ന സങ്കീർത്തകൻ (സങ്കീ. 111, 8) കർത്താവിന്റെ പ്രമാണങ്ങളോട് മനുഷ്യർക്കുണ്ടാകേണ്ട മനോഭാവത്തെക്കുറിച്ചാണ് ഉദ്ബോധിപ്പിക്കുന്നത്. ദൈവത്തിന്റെ വിശ്വസ്തത തങ്ങളുടെ ജീവിതങ്ങളിലും പാലിക്കാനാണ് ജനത്തോടുള്ള സങ്കീർത്തകന്റെ ആഹ്വാനം. ദൈവം തന്റെ ജനത്തെ വീണ്ടെടുക്കുകയും, അവരോടുള്ള ഉടമ്പടി ശ്വാശ്വതമായി ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു (സങ്കീ. 111, 9). വിശുദ്ധവും ഭീതിദായകവുമാണ് ദൈവനാമമെന്ന് (സങ്കീ. 111, 9b) സകല വിശ്വാസികളെയും ഓർമ്മിപ്പിക്കുന്ന സങ്കീർത്തകൻ, ദൈവഭക്തി ജ്ഞാനം നൽകുമെന്നും, അവനോടുള്ള ഭക്തിയിലും, സ്നേഹത്തിലും ജീവിക്കുന്നത് നമ്മെ വിവേകമുള്ളവരാക്കി മാറ്റുമെന്നും (സങ്കീ. 111, 10) ഉദ്ബോധിപ്പിച്ചുകൊണ്ടാണ്‌ സങ്കീർത്തനം അവസാനിപ്പിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

അർഹിക്കാത്ത ഒരുപാട് നന്മകളും, തേനും പാലുമൊഴുകുന്ന കാനാൻദേശവും താൻ തിരഞ്ഞെടുത്ത് സ്വന്തമാക്കിയ ഇസ്രായേൽജനത്തിന് നൽകിയ, തന്റെ ജനത്തിന്റെ കുറവുകളിലും അവിശ്വസ്തതയിലും പോലും അവരോട് വിശ്വസ്തനായിരുന്ന, ശ്വാശ്വതമായ നീതിയോടെയും സ്നേഹത്തോടെയും അവരെ സ്നേഹിച്ച ദൈവത്തെക്കുറിച്ചുള്ള ചിന്തകളുണർത്തി, ദൈവസ്നേഹത്തിലും, അവനോടുള്ള നന്ദിയിലും ജീവിക്കാനും, സമൂഹമധ്യത്തിൽ അവന്റെ സ്തുതികൾ ആലപിക്കുവാനുമുള്ള ആഹ്വാനമേകുന്ന നൂറ്റിപ്പതിനൊന്നാം സങ്കീർത്തനം, നമ്മുടെ ജീവിതത്തെക്കുറിച്ചും ദൈവവിശ്വാസത്തെക്കുറിച്ചുമുള്ള ഒരു വിചിന്തനത്തിന് നമ്മെ ക്ഷണിക്കുന്നുണ്ട്. നാമനുഭവിച്ച അനുഗ്രഹങ്ങൾക്കും സ്നേഹത്തിനും എന്തുമാത്രം നന്ദിയും സ്തുതിയും തിരിച്ചറിവും കാട്ടാൻ നമുക്ക് സാധിക്കുന്നുണ്ട് എന്ന ഒരു ചോദ്യം നമ്മോടുതന്നെ ചോദിക്കാനും, കൂടുതൽ ദൈവസ്നേഹത്തിലും വിശ്വാസത്തിലും വളർന്നുവരുവാനും നമുക്ക് പരിശ്രമിക്കാം. സ്തുതിയുടെയും നന്ദിയുടെയും സ്നേഹത്തിന്റെയും മനോഭാവത്തോടെ ദൈവത്തോടടുത്തായിരിക്കുകയും, അവനിൽനിന്ന് കൂടുതലായ അനുഗ്രഹങ്ങളും രക്ഷയും സ്വീകരിക്കുകയും അവനു സ്വീകാര്യരായിത്തീരുകയും ചെയ്യാം. ദൈവഭക്തി നമ്മിൽ വളർത്തുന്ന ജ്ഞാനത്തോടെ വിവേകപൂർവ്വം ജീവിക്കാം. സങ്കീർത്തകനോടൊത്ത് പൂർണ്ണഹൃദയത്തോടെ എല്ലായ്‌പ്പോഴും കർത്താവിനെ സ്തുതിക്കുകയും, അവന് നന്ദി പറയുകയും ചെയ്യാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 മാർച്ച് 2025, 18:44
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031