റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഇരകളായി നാല് കുട്ടികൾക്ക് കൂടി: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഉക്രൈനിലെ ക്രോപിവ്നിസ്കിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഒരു ആക്രമണത്തിൽ നാല് കുട്ടികൾക്ക് പരിക്കേറ്റുവെന്ന് യൂണിസെഫ് അറിയിച്ചു. സാമൂഹ്യമാധ്യമമായ എക്‌സിൽ മാർച്ച് 20 വ്യാഴാഴ്ച കുറിച്ച ഒരു സന്ദേശത്തിലൂടെയാണ് റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി തുടരുന്ന അക്രമണങ്ങളെക്കുറിച്ചും അത് ഉക്രൈനിലെ സാധാരണ ജനങ്ങൾക്ക് നേരെയുയർത്തുന്ന ഭീഷണിയെക്കുറിച്ചും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി എഴുതിയത്.
ഉക്രൈനിലെ കുട്ടികൾ ഭയപ്പാടോടെയും അനിശ്ചിതാവസ്ഥയിലുമാണ് കഴിയുന്നതെന്നും, രാജ്യത്തെ ജനവാസപ്രദേശങ്ങളിൽപ്പോലും ആക്രമണങ്ങൾ തുടരുകയാണെന്നും യൂണിസെഫ് അപലപിച്ചു. ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും, കുട്ടികൾ സംരക്ഷിക്കപ്പെടണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.
മാർച്ച് 19 ബുധനാഴ്ച രാത്രിയിൽ പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ചുള്ള അക്രമണമുണ്ടായതായും അവയിൽ പലതും തകർക്കപ്പെട്ടുവെന്നും ഉക്രൈൻ അവകാശപ്പെട്ടതായി പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മധ്യഉക്രൈനിലുള്ള കിരോവോഹ്രാദ് പ്രവിശ്യയുടെ ഭരണകേന്ദ്രമായ ക്രോപിവ്നിസ്കിയിൽ ഏതാണ്ട് രണ്ടുലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: