തിരയുക

കർദ്ദിനാൾമാർക്കുള്ള ചുവന്ന തൊപ്പികൾ! കർദ്ദിനാൾമാർക്കുള്ള ചുവന്ന തൊപ്പികൾ! 

കർദ്ദിനാൾ സംഘത്തിലെ അംഗ സംഖ്യ ഉയരുന്നു; ഇന്ന് കൺസിസ്റ്ററി!

ഇന്ന് വൈകുന്നേരം പുതിയ പതിമൂന്നു കർദ്ദിനാൾമാർ കൂടി കർദ്ദിനാൾ സംഘത്തിലേക്ക്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഈ ശനിയാഴ്ച (28/11/20) 13 പേരെ കർദ്ദിനാൾസ്ഥാനത്തേക്കുയർത്തുന്നതോടെ ആഗോളസഭയിലെ കർദ്ദിനാളന്മാരുടെ സംഖ്യ 229 ആയി ഉയരും.

ഇവരിൽ 128 പേർ 80 വയസ്സിൽ താഴെ പ്രായമുള്ളവരാകയാൽ മാർപ്പാപ്പായെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ സംബന്ധിച്ച് സമ്മതിദാനം നല്കാൻ അവകാശമുള്ളവരാണ്.

എന്നാൽ ശേഷിച്ച 101 പേർ പ്രായപരിധി കഴിഞ്ഞതിനാൽ ഈ വോട്ടവകാശമില്ലാത്തവരാണ്.

ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ നടക്കുന്ന സാധാരണ പൊതുകൺസിസ്റ്ററിയിൽ വച്ചാണ് പാപ്പാ കർദ്ദിനാളന്മാരെ വാഴിക്കുക.

ചുവന്ന തൊപ്പി, മോതിരം എന്നിവ അണിയിക്കല്‍, ഓരോ കര്‍ദ്ദിനാളിനുമുള്ള സ്ഥാനികദേവാലയം നല്കൽ എന്നിവ ഈ ചടങ്ങിൻറെ ഭാഗമാണ്.

കോവിദ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ.

വിവിധരാജ്യക്കാരായ 13 പേരിൽ ഏഷ്യക്കാരായ രണ്ടു പേർക്ക്, അതായത്, തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ബ്രൂണേയിയുടെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് കൊര്‍ണേലിയൂസ് സിമ്മിനും ഫിലിപ്പീന്‍സിലെ കപീസ് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ഫുയര്‍സേ അദ്വേങ്കുളയ്ക്കും ഇതിൽ നേരിട്ടു പങ്കെടുക്കാൻ സാധിക്കില്ല. അവർ ഇൻറർ നെറ്റിൻറെ സഹായത്തോടെ ഇതിൽ സംബന്ധിക്കും.



 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2020, 11:32