പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത 

ദൈവമാതാവിന്റെ വ്യാകുലപ്രലാപം - ഭാഗം 6

അർണോസ് പാതിരി രചിച്ച 'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' അഥവാ 'ഉമ്മാടെ ദുഃഖം' എന്ന കൃതിയെ ആധാരമാക്കിയ വിചിന്തനം. പ്രത്യേക നോമ്പുകാലപരിപാടി - ആറാം ഭാഗം.
'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' - 6 - ശബ്ദരേഖ

എഫ്. ആന്‍റണി പുത്തൂര്‍, ചാത്തിയാത്ത്

റോമാ സാമ്രാജ്യത്തില്‍ റോമന്‍ പൗരന്മാരൊഴികെയുള്ള കുറ്റവാളികള്‍ക്കുള്ള വധശിക്ഷാ രീതിയായിരുന്നു കുരിശിലേറ്റല്‍. കുരിശിന്‍റെ നെടുകെയുള്ള ഭാഗം വധസ്ഥലത്ത് നാട്ടിയിരിക്കും. കുറുകെയുള്ള ഭാഗം ശിക്ഷിക്കപ്പെട്ടവര്‍ ചുമന്നു കൊണ്ട് വധസ്ഥലത്തേക്കു പോകണം എന്നതായിരുന്നു രീതി. എന്നാല്‍ യേശുവിനെ വധിക്കാനുള്ള കുരിശ് യേശുവിനെക്കൊണ്ടു തന്നെ ചുമപ്പിച്ചാണ് അവിടുത്തെ കാല്‍വരിയിലേക്കു കൊണ്ടു പോയത് എന്നതാണ് വസ്തുത. യേശുനാഥന് കൂടുതല്‍ യാതന ഉണ്ടാകണമെന്ന ആഗ്രഹത്താലായിരുന്നു യഹൂദര്‍ ഇപ്രകാരം അവിടുത്തെ കൊണ്ട് കുരിശു മുഴുവനായും ചുമപ്പിച്ചത് എന്നതും നാം അറിഞ്ഞിരിക്കേണ്ടതാണ്. ഇനി നമുക്ക് അര്‍ണോസ് പാതിരിയുടെ ഉമ്മാടെ ദു:ഖം എന്ന വിലാപകാവ്യത്തിന്‍റെ 66 മുതല്‍ 78 വരെയുള്ള ഈരടികളുടെ വിശകലനത്തിലേക്കു കടക്കാം.

         'പ്രാണനില്ലാത്തവര്‍ കൂടെ ദു:ഖമോടെ പുറപ്പെട്ടു

         പ്രാണനുള്ളോര്‍ക്കില്ല ദു:ഖമെന്തിതു പുത്ര?

കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ടു

അല്ലലോടു ദു:ഖമെന്തു പറവൂ പുത്ര!

         കല്ലിനേക്കാളുറപ്പേറും യൂദര്‍ തന്‍റെ മനസ്സയ്യോ!

         തെല്ലുകൂടെയലിവില്ലാതെന്തിതുപുത്ര!

സര്‍വലോക നാഥനായ നിന്മരണം കണ്ടനേരം

സര്‍വ ദു:ഖം, മഹാ ദു:ഖം, സര്‍വതും ദു:ഖം'

ജീവനില്ലാത്തവര്‍ പോലും നിന്‍റെ മരണത്തില്‍ വിറകൊണ്ടപ്പോള്‍ ജീവനുള്ളവരെന്തേ മകനേ ഇങ്ങനെയൊക്കെ പെരുമാറി? പാറകള്‍ പിളര്‍ന്നു, മരങ്ങള്‍ കടപുഴകി, പ്രകൃതിയാകെ താണ്ഡവമാടി. എന്നിട്ടും നിന്നെ ആരും ഓര്‍ത്തില്ലല്ലോ? കല്ലിനേക്കാള്‍ കഠിനമായ മനസ്സാണല്ലോ യൂദര്‍ക്കുള്ളത് മകനേ! സര്‍വലോകനാഥനായ നിന്‍റെ മരണം കണ്ടനേരത്ത് ലോകത്തെല്ലായിടത്തും ദു:ഖം അലയടിക്കുകയാണല്ലോ ഉണ്ടായത്? മാത്രമല്ല,

         'സര്‍വ ദു:ഖക്കടലിന്‍റെ നടുവില്‍ ഞാന്‍ വീണുതാണു

         സര്‍വ സന്താപങ്ങളെന്തു പറവൂ പുത്ര!

നിന്മരണത്തോടു കൂടെയെന്നെയും നീ മരിപ്പിക്കില്‍

ഇമ്മഹാ ദു:ഖങ്ങളൊട്ടു തണുക്കും പുത്ര!

         നിന്മനസ്സിന്നിഷ്ടമെല്ലാം, സമ്മതിപ്പാനുറച്ചു ഞാന്‍

         എന്മനസ്സില്‍ തണുപ്പില്ല നിര്‍മ്മല പുത്ര!

വൈരികള്‍ക്കു മാനസത്തില്‍, വൈരമില്ലാതില്ലയേതും

വൈര ഹീന പ്രിയമല്ലോ നിനക്കു പുത്ര!'

അതായത്, സര്‍വലോകനാഥനായ നിന്‍റെ മരണം കണ്ടിട്ട് സര്‍വദു:ഖങ്ങളുടെയും കടലില്‍ ഞാനിതാ നിപതിച്ചിരിക്കുന്നു മകനേ! നിനക്കനുഭവപ്പെട്ട സര്‍വ സന്താപങ്ങളേയും കുറിച്ച് എന്താണ് ഞാന്‍ പറയുക? നിന്‍റെ മരണത്തോടു കൂടി ഞാനും മരിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുകയാണ്. നിന്‍റെ മനസ്സിന്‍റെ ഇഷ്ടമെല്ലാം പാലിക്കാനായി എന്‍റെ മനസ്സിനെ നീ ശക്തിപ്പെടുത്തണമേ മകനേ! വൈരികളോടു പോലും ഒരുവിധ ശത്രുതയുമില്ലാത്ത നിനക്ക് ആരോടും പരിഭവം ഉണ്ടാകുകയില്ലെന്നറിയാം മകനേ എന്നൊക്കെ വിലപിച്ചു പോകുന്നു. അതുമാത്രമോ?

         'നിന്‍ചരണ ചോരയാദം, തന്‍ ശിരസ്സിലൊഴുകിച്ചു

         വന്‍ചതിയാല്‍ വന്ന ദോഷമൊഴിച്ചോ പുത്ര!

മരത്താലെ വന്ന ദോഷം മരത്താലെയൊഴിപ്പാനായ്

മരത്തിന്മേല്‍ തൂങ്ങി നീയും മരിച്ചോ പുത്ര!

         നാരികൈയാല്‍ ഫലം തിന്നു, നരന്മാര്‍ക്കു വന്ന ദോഷം

         നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്ര!

ചങ്കിലും ഞങ്ങളെയങ്ങു, ചേര്‍ത്തുകൊള്‍വാന്‍ പ്രിയം നിന്‍റെ

ചങ്കുകൂടെ മാനുഷര്‍ക്കു തുറന്നോ പുത്ര!

         ഉള്ളിലേതും ചതിവില്ലാതുള്ള കൂറെന്നറിയിപ്പാന്‍

         ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്ര!'

അതായത്, നിന്‍റെ ചോര വീണവര്‍ക്കെല്ലാം, നിന്നെ ചതിയില്‍പെടുത്തിയവര്‍ക്കെല്ലാം, നീ പാപമോചനം നല്കിയില്ലേ മകനേ! വിലക്കപ്പെട്ട മരത്തിന്‍റെ കനി ഭക്ഷിച്ചതിലൂടെ, മനവരാശിക്കു വന്ന ദോഷം മരം കൊണ്ടുള്ള കുരിശില്‍ തൂങ്ങി മരണം വരിച്ചു കൊണ്ട് നീ പരിഹരിച്ചില്ലേ? തന്നെയുമല്ല, സ്ത്രീയുടെ കൈകൊണ്ട് ഭക്ഷിച്ച ഫലം മൂലം മാനവരാശിക്കു വന്ന ദോഷം, നാരിയുടെ ഉദരഫലമായ പുത്രനെക്കൊണ്ടു തന്നെ ഒഴിപ്പിച്ചല്ലോ! നിന്‍റെ ഹൃദയത്തോടു തന്നെ ഞങ്ങളെയും ചേര്‍ത്തു നിര്‍ത്തുന്നതിനായി നിന്‍റെ നിര്‍മ്മല ഹൃദയം തന്നെ മാനവകുലത്തിനായി തുറന്നു നല്കിയില്ലേ മകനേ! നിന്‍റെ ഉള്ളില്‍ ചതിയുടെ ഒരംശം പോലുമില്ലാത്ത നിര്‍മ്മലമായ സ്നേഹം മാത്രമാണുള്ളതെന്ന് കാണിക്കുന്നതിനായി, നിന്‍റെ ഉള്ളം തന്നെ നീ തുറന്നു കാണിച്ചില്ലേ മകനേ എന്നിങ്ങനെ ഓരോ കാര്യങ്ങളും ഓര്‍ത്തോര്‍ത്ത് വിലപിക്കുന്ന ആ അമ്മയെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക! പ്രിയരെ മറ്റൊന്നു കൂടി നാം അറിഞ്ഞിരിക്കുക: മനുഷ്യകുലത്തിന്‍റെ ആദിപിതാവായ ആദത്തെ സംസ്കരിച്ചത് കാല്‍വരിയിലായിരുന്നു എന്നതും യേശുവിനെ തറച്ച കുരിശ് ഉറപ്പിക്കാന്‍ കല്ലിനു പകരം ആദത്തിന്‍റെ തലയോട്ടിയായിരുന്നു ഉപയോഗിച്ചതെന്നും ആ തലയോട്ടിയില്‍ യേശുനാഥന്‍റെ ചുടുരക്തം ഒഴുകി വീണതോടെ ആദത്തിന്‍റെ ആത്മാവ് മോക്ഷം നേടി എന്നതുമായ ഐതിഹ്യമാണത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 March 2024, 07:42