ഇറാക്കിൽ നിന്ന് തിരിച്ചു റോമിലേക്കുള്ള വിമാനയാത്രാ മദ്ധ്യേ മാധ്യമ പ്രവർത്തകരോടു പാപ്പാ സംസാരിക്കുന്നു. ഇറാക്കിൽ നിന്ന് തിരിച്ചു റോമിലേക്കുള്ള വിമാനയാത്രാ മദ്ധ്യേ മാധ്യമ പ്രവർത്തകരോടു പാപ്പാ സംസാരിക്കുന്നു. 

പാപ്പാ: സാഹോദര്യമാണ് മുന്നോട്ടുള്ള വഴി

ഇറാക്കിൽ നിന്ന് തിരിച്ചു റോമിലേക്കുള്ള വിമാനയാത്രാ മദ്ധ്യേ മാധ്യമ പ്രവർത്തകരോടു ചരിത്രം സൃഷ്ടിച്ച ഇറാക്ക് യാത്രയിലെ പ്രധാന നിമിഷങ്ങളെക്കുറിച്ച് പാപ്പാ സംസാരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അന്തർമതസംവാദം

പരിശുദ്ധ പിതാവ് മാധ്യമപ്രവർത്തകരുടെ വിവിധ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. ഇസ്ലാം മത പ്രതിനിധികളുമായുള്ള സമ്മേളനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അബുദാബിയിൽ ഒപ്പുവച്ച സർവ്വ സാഹോദര്യത്തിന്റെ പ്രമാണം വലിയ ഇമാം അൽ തയേബുമായി ആറ് മാസത്തെ ധ്യാനവും പ്രാർത്ഥനയുമായി തയ്യാറാക്കിയതാണെന്നും ഇറാക്കിലെ ആയത്തൊള്ളയുമായുള്ള കൂടിക്കാഴ്ച രണ്ടാമത്തെ ചുവടുവയ്പാണെന്നും സാഹോദര്യത്തിന്റെ പാതയിലൂടെ നീങ്ങേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാണിച്ചു കൊണ്ട് വീണ്ടും ഇത്തരം കാൽവയ്പ്പുകളുണ്ടാവുമെന്നും പാപ്പാ പറഞ്ഞു.

അബുദാബി പ്രമാണം തന്നിൽ സാഹോദര്യത്തിനായുള്ള ഒരസ്വസ്ഥത സൃഷ്ടിച്ചെന്നും അങ്ങനെയാണ് "ഫ്രത്തേല്ലി തൂത്തി" പ്രസിദ്ധീകരിച്ചത് എന്നും രണ്ടും ഒരേ വഴിയിലാണ് നീങ്ങുന്നതെന്നും പാപ്പാ പറഞ്ഞു. മതവിശ്വാസമനുസരിച്ച്  സ്ത്രീകളും പുരുഷന്മാരും സഹോദരീ സഹോദരന്മാണ്. സൃഷ്ടിയിൽ നമ്മളെല്ലാം തുല്യരാണെങ്കിലും സംസ്കാരമാണ് അതിനെ സ്വാധീനിക്കുന്നതെന്ന് പറഞ്ഞ സുന്നി ആയത്തുള്ള അൽ സിസ്താനിയുടെ വാക്കുകൾ അനുസ്മരിച്ച പാപ്പാ സംസ്കാരങ്ങളിൽ രൂഢമൂലമായ ചില ചിന്തകളും ദൃഢവിശ്വാസങ്ങളും മാറാൻ നൂറ്റാണ്ടുകളെടുക്കുമെന്ന് ചൂണ്ടിക്കാണിച്ചു.  യേശു വെളിപ്പെടുത്തിയ മനുഷ്യ സാഹോദര്യത്തിലേക്ക് നയിക്കുന്ന സ്നേഹവും ഉപവിയും കണ്ടെത്താൻ വിശ്വാസം നമ്മെ നിർബന്ധിക്കുന്നു എന്നും അവരോടു പറഞ്ഞു.

പരിശുദ്ധ പിതാവ് കത്തോലിക്കാ വിശ്വാസത്തിനെതിരായ തീരുമാനങ്ങളെടുക്കുന്നു എന്നും പാഷാണ്ഡതയ്ക്ക് അത്ര അകലെയല്ല എന്നുമുള്ള ആരോപണങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്ന ചോദ്യത്തിന് അപകടങ്ങളുണ്ടെന്നറിയാം എങ്കിലും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വെളിച്ചത്തിൽ ഈ തീരുമാനങ്ങൾ എപ്പോഴും പ്രാർത്ഥിച്ചും, സംവാദിച്ചും, ഉപദേശം തേടിയതിനും ശേഷമാണ് എടുക്കുന്നതെന്നും വെളിപ്പെടുത്തി.

ലെബനോൻ

ലെബനോനിലേക്ക് സാധ്യതയുള്ള ഒരു യാത്രയെക്കുറിച്ചും ചോദ്യമുയർന്നു. ഇറാക്ക് യാത്രയിൽ ബെയ്റൂട്ടിൽ ഒന്ന് ഇറങ്ങാൻ കർദ്ദിനാൾ ബെക്കാരറായ്  ചോദിച്ചതാണെന്നും എന്നാൽ ലെബനോൻ പോലെ പ്രശ്നങ്ങളാൽ വലയുന്ന ഒരു രാജ്യത്തിന് അത് വെറും ഒരു അപ്പക്കഷണം പോലെയായിരിക്കുമെന്നും എന്നാൽ പ്രശ്നങ്ങളുടെ നടുവിലും ഉദാരതയോടെ അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്ന ലെബനോൻ സന്ദർശിക്കാമെന്ന് താൻ വാഗ്ദാനം നൽകിയിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.

അൽ-സിസ്താനിയുമായുള്ള കൂടിക്കാഴ്ച

അൽ-സിസ്താനിയുമായുള്ള കൂടിക്കാഴ്ച ഇറാനിലെ മത നേതാക്കൾക്ക് കൂടിയുള്ള ഒരു സന്ദേശമായിരുന്നോ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകനോടു അത് ഒരു സാർവ്വത്രീക സന്ദേശമായിരുന്നു എന്ന മറുപടിയാണ് പാപ്പാ നൽകിയത്. വിശ്വാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ഒരു തീർത്ഥാടനം നടത്താനുള്ള ഉത്തരവാദിത്വം തനിക്കു തോന്നിയെന്നും വിജ്ഞാനിയും ദൈവ പുരുഷനും, എളിമയും ബഹുമാനവുമുള്ള ആ വലിയ മനുഷ്യനാൽ സ്വീകാര്യനായതിൽ അഭിമാനം തോന്നുന്നു എന്നും പാപ്പാ പറഞ്ഞു. അൽ-സിസ്താനി ഒരു ദീപസ്തംഭമാണെന്നും  ദൈവത്തിന്റെ വിജ്ഞാനം ലോകമെമ്പാടും ചിതറിക്കിടക്കുന്നതിനാൽ ഇത്തരം ജ്ഞാനികൾ എല്ലായിടത്തുമുണ്ടെന്നും പാപ്പാ പറഞ്ഞു. അൾത്താരയിലേക്ക് ഉയർത്തപ്പെട്ടവർ മാത്രമല്ല തങ്ങളുടെ വിശ്വാസം എന്തു തന്നെയായാലും സ്ഥിരതയോടെ ജീവിക്കുന്ന വിശുദ്ധർ നമ്മുടെ അയൽപക്കത്തും ധാരാളമുണ്ട്. സഭയിൽ പോലും വിവാദങ്ങൾ ഉള്ളപ്പോൾ സാഹോദര്യത്തിന്റെ പാതതിരയുന്ന  നമ്മുടെ കുടുംബത്തിൽ  പോലും കണ്ടുമുട്ടാ൯ കഴിയുന്ന ഒരു മുത്തച്ഛനെയോ മുത്തശ്ശിയെയോ നമുക്ക് മുറുകെ പിടിക്കാം  എന്ന് പാപ്പാ മറുപടി നൽകി.

അർജന്റീനാ

പാപ്പായുടെ മാതൃരാജ്യമായ അർജന്റീനാ സന്ദർശിക്കുന്ന കാര്യവും ഇനി രാജിവച്ചാൽ അർജന്റീനയിലേക്ക് തിരികേ പോകുമോ എന്നുമുള്ള ചോദ്യങ്ങളും ഉയർന്നു. ഇതിന് താൻ മുൻപൊരിക്കൽ ഉത്തരം നൽകിയതാണെന്നും പാപ്പാ പദം ത്യജിക്കേണ്ടി വന്നാൽ തന്റെ രൂപതയായ റോമിൽ തന്നെ തങ്ങുമെന്നും പാപ്പാ പറഞ്ഞു. പെറു സന്ദർശനത്തോടൊപ്പം അർജന്റീനയിലെത്താൻ പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും നടക്കാതെ പോയതും സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നടക്കുമെന്നും തന്റെ എല്ലാ യാത്രകളും ഉപദേശങ്ങളുടെയും, പ്രാർത്ഥനയുടേയും ധ്യാനത്തിന്റെയും പരിണതഫലമാണെന്നും പാപ്പാ അറിയിച്ചു.

ഇറാക്ക് സന്ദർശനത്തിന് നാദിയ മാറാദ് എഴുതിയ "The Last Girl" എന്ന പുസ്തകം തന്റെ ഉള്ളിൽ തട്ടിയതുൾപ്പെടെയുള്ളവ കാരണമായി എന്നതും പാപ്പാ മറച്ചു വച്ചില്ല. 84 വയസ്സായ താൻ ഈ സന്ദർശനത്തിൽ ക്ഷീണിതനായി എന്നാൽ ഹങ്കറിയിലെ ദിവ്യകാരുണ്യ കോൺഗ്രസ്സിന്റെ സമാപന ദിവ്യബലിയിൽ പങ്കെടുക്കാൻ ഒരു തീരുമാനമുണ്ട് എന്നും അറിയിച്ചു. അത് ആ രാജ്യത്തേക്കുള്ള സന്ദർശനമല്ല, ദിവ്യബലിക്കു മാത്രം-അതേ സമയം അവിടെ നിന്ന് രണ്ടു മണിക്കൂർ യാത്രാ ദൂരംമാത്രം അകലെയുള്ള സ്ലോവാക്കിയയും  വഴിയിൽ ഉണ്ടെന്ന കാര്യവും പാപ്പാ സൂചിപ്പിച്ചതു ഊഹങ്ങൾക്കു വഴിതെളിച്ചു.

കോവിഡ് 19 വ്യാപനം

ഇറാക്കിലെ സന്ദർശനം കോവിഡ് വ്യാപനം വർദ്ധിപ്പിക്കില്ലേ എന്ന ചോദ്യത്തിന് ഇറാക്കിലെ വിശ്വാസികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അവയ്ക്ക് മദ്ധ്യേയുള്ള അവരുടെ ധൈര്യവും ഉൽസാഹവും വിശ്വാസ സാക്ഷ്യവും പാപ്പാ ചൂണ്ടിക്കാണിച്ചു.

കുടിയേറ്റം

ഇറാക്കിലെ യാത്ര കുടിയേറ്റത്തെക്കുറിച്ച് കുറെകൂടി തെളിച്ചങ്ങൾ തനിക്ക് നൽകി എന്ന് പാപ്പാ വെളിപ്പെടുത്തി. ഇറാക്കിലെ ജനങ്ങൾ യുവാക്കളാണ്, അവരിൽ അനവധി യുവതീ യുവാക്കൾ അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാണ്. കുടിയേറ്റത്തിൽ രണ്ടു തരം അവകാശങ്ങളുണ്ട് കുടിയേറാനും കുടിയേറാതിരിക്കാനും. ഇതു രണ്ടുമില്ലാത്തവരാണ് ജനങ്ങൾ. കുടിയേറ്റത്തെ ഒരു കടന്നു കയറ്റമായി കാണുന്നത് മൂലവും കുടിയേറ്റം ഒരു മനുഷ്യാവകാശമാണെന്ന് ഇതുവരെ ലോകത്തിന്  ബോധ്യമാകാത്തതും കൊണ്ടാണതെന്നും പാപ്പാ പറഞ്ഞു.

അലൻ കുർദ്ദിയുടെ പിതാവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞുകൊണ്ട് അലൻ കുർദ്ദി,  കുട്ടിയെന്നതിനപ്പുറത്തേക്ക് കടന്ന് മരിച്ചു കൊണ്ടിരിക്കുന്ന സംസ്കാരത്തിന്റെ പ്രതീകമാണ് എന്ന് പാപ്പാ പ്രഖ്യാപിച്ചു.  സ്വന്തം നാട്ടിൽ തൊഴിലെടുത്ത് ജീവിക്കാനും കുടിയേറേണ്ടിവരാതിരിക്കാനുമുള്ള നടപടികളെടുക്കേണ്ട അടിയന്തരാവസ്ഥയും, അതേ സമയം കുടിയേറാനുള്ള അവകാശം നിലനിറുത്തി കുടിയേറ്റക്കാരെ സ്വീകരിക്കാനും സമൂഹത്തിൽ ഉൾപെടുത്താനും പാപ്പാ ആഹ്വാനം ചെയ്തു. കുടിയേറ്റക്കാരെ സ്വീകരിക്കാൻ അതിരുകൾ തുറന്ന  ജോർദ്ദാനെയും ലബനോനെയും പോലുള്ള രാജ്യങ്ങളെയും പാപ്പാ ചൂണ്ടിക്കാണിച്ചു.

ചോദ്യത്തിനു മറുപടിയായി സിറിയയിലേക്കുള്ള സന്ദർശനത്തിന്റെ സാധ്യതകൾ ഉടനില്ലെന്നു പറഞ്ഞ പാപ്പാ  കോവിഡ് നിയന്ത്രണങ്ങൾ തടവിലാക്കിയതിനെക്കുറിച്ചും എന്നാൽ അധികാരികളുടെ നിർദ്ദേശങ്ങൾ ബഹുമാനിക്കണമെന്നും സൂചിപ്പിച്ചു. ഈയാത്ര ഒരു പുനർജനനമാണെന്നും ഒരു വൈദീകൻ എന്ന നിലയിൽ ദൈവജനത്തെ സേവിക്കാനും അവരോടുത്തായിരിക്കാനുമുള്ള തന്റെ ആവശ്യകതയും അറിയിച്ച പരിശുദ്ധപിതാവ് സഭാനേതാക്കളായ പ്രത്യേകിച്ച് പുരോഹിതരായ തങ്ങൾ, തങ്ങളുടെ രക്ഷയ്ക്ക് കാരണക്കാരാവുന്ന ദൈവജനവുമായി അത്ര അടുപ്പം പുലർത്തുന്നുണ്ടോ എന്ന സംശയവും ഉയർത്തി.  ദൈവജനവുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു കൊണ്ട് വിശ്വാസികൾ പുരോഹിതരെ രക്ഷിക്കുന്നവരും, സഹായിക്കുന്നവരും അവരുടേതാണെന്ന വിശ്വാസം പകരുന്നവരുമാകയാൽ  ദൈവജനത്തോടുള്ള ബന്ധം മറക്കാതിരിക്കാൻ ഓർമ്മിപ്പിച്ചു.

മൊസൂൾ നഗരത്തിൽ നശിപ്പിക്കപ്പെട്ട ദേവാലയങ്ങൾക്കു മുന്നിലുണ്ടായ  വികാരങ്ങൾ പാപ്പാ പങ്കുവച്ചു. യുദ്ധങ്ങളുടെ അടിസ്ഥാനത്തിൽ ആയുധക്കച്ചവടത്തിനുള്ള ഉത്തരവാദിത്വവും പാപ്പാ ചൂണ്ടിക്കാണിച്ചു. വനിതാ ദിനമായിരുന്നതിനാൽ ദാരിദ്ര്യത്തിന്റെയും സംഘർഷങ്ങളുടേയും മറ്റൊരു ദുർവ്വശമായ മനുഷ്യക്കടത്തിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളെയും പെൺകുട്ടികളെയുംകുറിച്ചും പാപ്പാ സംസാരിച്ചു.  ലോകത്തിന്റെ ചിലയിടങ്ങളിൽ ഇന്നും സ്ത്രീകൾ അടിമകളാണെന്നും അവരുടെ അന്തസ്സിനായി  പൊരുതണമെന്നും, അവരാണ് ചരിത്രം മുന്നോട്ട് നയിക്കുന്നതെന്നും ഇത് ഒരു അതിശയോക്തിയല്ല, വനിതാ ദിനമായ ഇന്ന് അവർക്ക് നൽകുന്ന അഭിനന്ദനങ്ങളാണ് എന്നും അറിയിച്ചു കൊണ്ടാണ് പാപ്പാ മാധ്യമ പ്രവർത്തകരോടുള്ള സംവാദം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 March 2021, 14:13