സീറോ മലബാർ സഭയുടെ പുതിയ മേലദ്ധ്യക്ഷന് പൂർണ്ണമനസ്സോടെ അംഗീകാരമേകി ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മാർ റാഫേൽ തട്ടിലിനെ സീറോ മലബാർ സഭാസിനഡ് തങ്ങളുടെ പുതിയ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുത്തതിന്, പൂർണ്ണമനസ്സോടെ, കാനോനികനിയമപ്രകാരമുള്ള അപ്പസ്തോലിക അംഗീകാരമേകുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. മേജർ ആർക്കിഎപ്പിസ്‌കോപ്പൽ സഭകളിൽ മേലധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച പൗരസ്ത്യകാനോനികനിയമപ്രകാരം (153 §2), ഫ്രാൻസിസ് പാപ്പായുടെ അംഗീകാരം അപേക്ഷിച്ചുകൊണ്ട് അഭിവന്ദ്യ മാർ തട്ടിൽ പാപ്പായ്ക്കയച്ച കത്തിന് മറുപടി നൽകിക്കൊണ്ട് ജനുവരി 9 ചൊവ്വാഴ്‌ച എഴുതിയ കത്തിലാണ്, ഫ്രാൻസിസ് പാപ്പാ ഇപ്രകാരം എഴുതിയത്.
മുൻഗാമികളുടെ മാതൃകയിൽ, ഫലപ്രദമായ അജപാലനസേവനം നൽകാൻ പാപ്പാ പുതിയ മേജർ ആർച്ച്ബിഷപ്പിനെ ആഹ്വാനം ചെയ്തു. പാവപ്പെട്ടവരെയും, സഹായം ആവശ്യമുള്ളവരെയും പ്രത്യേകമായി ഓർമ്മിക്കണമെന്നും പാപ്പാ എഴുതി. സീറോ മലബാർ സഭയ്ക്ക് തട്ടിൽ പിതാവിന്റെ കീഴിൽ കൂടുതലായി വളരാനും, ഫലമേകാനും സാധിക്കേണ്ടതിനായി, പരിശുദ്ധാത്മാവ് സഭയിൽ ഐക്യവും, വിശ്വസ്തതയും, പ്രേഷിതത്വവും വളർത്തട്ടെയെന്ന് പാപ്പാ ആശംസിച്ചു.
സീറോമലബാർ സഭാ സിനഡംഗങ്ങൾക്കും, വൈദികർക്കും, സമർപ്പിതർക്കും, സെമിനാരിക്കാർക്കും, സമർപ്പിതർത്ഥികൾക്കും, ആൽമയാർക്കും തന്റെ ആശംസകളേകിയ പാപ്പാ, ഏവർക്കും പരിശുദ്ധ ദൈവമാതാവിന്റെയും, വിശുദ്ധ യൗസേപ്പിതാവിന്റെയും, തോമാശ്ലീഹായുടെയും മാധ്യസ്ഥ്യവും നേർന്നു. ഏവർക്കും തന്റെ അനുഗ്രഹങ്ങൾ നേർന്ന പാപ്പാ, തന്റെ ആത്മീയസാന്നിധ്യം ഉറപ്പുനൽകുകയും, തനിക്കുവേണ്ടി പ്രാർത്ഥനകൾ അപേക്ഷിക്കുകയും ചെയ്‌തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: