തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
പ്രഭാതപ്രാർത്ഥന (ലത്തീനിൽ)
കാര്യക്രമം പോഡ്കാസ്റ്റ്

സംയമനമുള്ള വ്യക്തി സന്തുലിതാവസ്ഥയെന്ന ദാനത്തിനുടമ, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: ആത്മസംയമനം എന്ന മൗലിക പൂണ്യം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി    

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (17/04/24)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. പ്രതിവാര പൊതുകൂടിക്കാഴചാവേദി സൂര്യപ്രഭാവലയിതമായിരുന്ന വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരമായിരുന്നു. വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ  പാപ്പാ ചത്വരത്തിൽ എത്തിയപ്പോൾ ജനസഞ്ചയം കരഘോഷത്തോടെയും ആരവങ്ങളോടെയും അവരുടെ ആനന്ദം വിളിച്ചോതി. തന്നോടൊപ്പം, ഏതാനും ബാലികാബാലന്മാരെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-നു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"സ്വന്തം കഴിവിൽ ആശ്രയിച്ച് ഹൃദയാഭിലാഷങ്ങൾക്കൊത്തു ജീവിക്കരുത്..... ദുഷിച്ച ഹൃദയം അവനവനെത്തന്നെ നശിപ്പിക്കുന്നു; ശത്രുക്കളുടെ മുമ്പിൽ അവൻ പരിഹാസപാത്രമായിത്തീരും..... ഇന്നിൻറെ സന്തോഷങ്ങൾ നഷ്ടപ്പെടുത്തരുത്; നിനക്ക് അർഹമായ സന്തോഷത്തിൻറെ ഓഹരി വേണ്ടെന്നുവയ്ക്കരുത്.” പ്രഭാഷകൻ, അദ്ധ്യായം 5,2. 6,4. 14,14.

ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. നാലു മൗലിക പുണ്യങ്ങളിൽ അവസാനത്തേതായ ആത്മസംയമനം ആയിരുന്നു ഇത്തവണ പാപ്പായുടെ പരിചിന്തനത്തിന് ആധാരം. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

ആന്ദോന്മുഖ മൗലിക പുണ്യം: ആത്മസംയമനം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ഇന്ന് ഞാൻ നാലാമത്തെയും അവസാനത്തെയുമായ മൗലികപുണ്യത്തെക്കുറിച്ചാണ് സംസാരിക്കുക: ആത്മസംയമനം. മറ്റ് മൂന്നെണ്ണത്തോടൊപ്പം, ഈ പുണ്യം വളരെക്കാലം പിന്നോട്ട് പോകുന്ന ഒരു ചരിത്രം പങ്കിടുന്നു, അത് ക്രിസ്ത്യാനികൾക്ക് മാത്രം അവകാശപ്പെട്ടതല്ല. ഗ്രീക്കുകാരെ സംബന്ധിച്ചിടത്തോളം, പുണ്യാഭ്യാസത്തിൻറെ ലക്ഷ്യം സന്തോഷമായിരുന്നു. തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ പുത്രനായ നിക്കോമക്കൊയെ സംബോധന ചെയ്തുകൊണ്ട് തൻറെ ഏറ്റവും പ്രധാനപ്പെട്ട ധാർമ്മിക ഗ്രന്ഥം എഴുതിയത് അവനെ ജീവിത കല പഠിപ്പിക്കുന്നതിനായിരുന്നു. നാമെല്ലാവരും സന്തോഷം തേടുന്നുണ്ടെങ്കിലും വളരെ കുറച്ച് പേർ മാത്രം അത് നേടുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് ഉത്തരമേകാൻ, അരിസ്റ്റോട്ടിൽ, പുണ്യങ്ങൾ എന്ന പ്രമേയം വിശകലനം ചെയ്യുന്നു, അവയിൽ “എൻക്രൈത്തെയിയ”യ്ക്ക് (enkráteia) ആത്മസംയമനത്തിന് ഒരു സുപ്രധാന സ്ഥാനമുണ്ട്. ഈ ഗ്രീക്ക് പദത്തിൻറെ അർത്ഥം "അവനവൻറെ മേലുള്ള അധികാരം" എന്നാണ്. അതിനാൽ ഈ പുണ്യം ആത്മനിയന്ത്രണത്തിനുള്ള കഴിവാണ്,  വിമത വികാരങ്ങൾക്ക് അടിമപ്പെടാതതിരിക്കുകയും മൻസോണി വേശേഷിപ്പിക്കുന്ന,  "മനുഷ്യഹൃദയത്തിൻറെ കൂടിക്കുഴഞ്ഞ അവസ്ഥയിൽ" ഒരു ക്രമം കൊണ്ടുവരികയും ചെയ്യുന്ന ഒരു കലയാണ്.

കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം സംയമനത്തെക്കുറിച്ച്

കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം നമ്മോട് പറയുന്നത് "സുഖഭോഗങ്ങളുടെ ആകർഷണത്തെ മിതപ്പെടുത്തുകയും സൃഷ്ടവസ്തുക്കളുടെ ഉപഭോഗത്തിൽ ഒരു സന്തുലിതാവസ്ഥ സാദ്ധ്യമാക്കുകയും ചെയ്യുന്ന ധാർമ്മിക പുണ്യമാണ് സംയമനം" എന്നാണ്. മതബോധനഗ്രന്ഥം തുടരുന്നു- "അത് സഹജവാസനകളുടെ മേൽ ഇച്ഛാശക്തിയുടെ ആധിപത്യം ഉറപ്പാക്കുകയും ആഗ്രഹങ്ങളെ സത്യസന്ധതയുടെ പരിധിക്കുള്ളിൽ പിടിച്ചുനിറുത്തുകയും ചെയ്യുന്നു. ആത്മസംയമനമുള്ള വ്യക്തി സ്വന്തം ഐന്ദ്രിക തൃഷ്ണകളെ നന്മയിലേക്ക് നയിക്കുകയും ആരോഗ്യകരമായ വിവേചനം പുലർത്തുകയും സ്വന്തം ഹൃദയത്തിൻറെ ദുരാഗ്രഹങ്ങൾക്കനുസൃതം ചരിക്കാതിരിക്കുകയും ചെയ്യുന്നു " (n. 1809).

ശരിയായ അളവ്

ആകയാൽ, സംയമനം, ഇറ്റാലിയൻ പദം സൂചിപ്പിക്കുന്നതുപോലെ, ശരിയായ അളവിൻറെ പുണ്യമാണ്. എല്ലാ സാഹചര്യങ്ങളിലും, ഒരുവൻ ബുദ്ധിപൂർവ്വം പെരുമാറുന്നു, കാരണം എല്ലായ്പ്പോഴും പ്രേരണയാലോ അമിതാവേശത്തോലോ പ്രവർത്തിക്കുന്നവർ ആത്യന്തികമായി വിശ്വസനീയരല്ല. തങ്ങൾ ചിന്തിക്കുന്നത് പറയുന്നതിൽ പലരും അഭിമാനംകൊള്ളുന്ന ഒരു ലോകത്തിൽ ആത്മസംയമനമുള്ള വ്യക്തിയാകട്ടെ അവൻ പറയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ഇഷ്ടപ്പെടുന്നു. വിത്യാസം മനസിലായോ? എൻറെ മനസ്സിൽ വരുന്നതെന്തെങ്കിലും പറയാതിരിക്കുന്നതിനെക്കുറിച്ചല്ല, അല്ല, അങ്ങിനെയല്ല, മറിച്ച് ഞാൻ പറയേണ്ടതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അവൻ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നില്ല, മറിച്ച് അവ സഫലമാക്കാൻ ആവുന്നത്ര പരിശ്രമിക്കുന്നു.

സംയമനമുള്ള വ്യക്തി, സുഖഭോഗങ്ങളുടെ കാര്യത്തിൽ പോലും, വിവേകത്തോടെ പ്രവർത്തിക്കുന്നു. പ്രേരണകളുടെ സ്വതന്ത്രമായ ഒഴുക്കും സുഖഭോഗങ്ങളിൽ മുഴുകാനുള്ള പുർണ്ണ സ്വാതന്ത്ര്യവും നമുക്ക് തന്നെ എതിരായി തിരിയുകയും നമ്മെ വിരസതയുടെ അവസ്ഥയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. അത്യാഗ്രഹത്തോടെ എല്ലാം പരീക്ഷിക്കാൻ ശ്രമിച്ച എത്രയോ പേർക്ക് ഓരോന്നിൻറെയും രുചി നഷ്ടപ്പെട്ടു! അതുകൊണ്ട് ശരിയായ അളവിൽ ശ്രമിക്കുന്നതാണ് നല്ലത്: ഉദാഹരണത്തിന്, ഒരു നല്ല വീഞ്ഞിൻറെ ഗുണനിരൂപണം നടത്താൻ, അത് ഒറ്റ വലിക്ക് കുടിക്കുന്നതിനെക്കാൾ, അൽപാൽപം രുചിച്ചുനോക്കുന്നതാണ് നല്ലത്.

സംയമനമുള്ള വ്യക്തിക്ക് വാക്കുകൾ നന്നായി അളന്നു തൂക്കി ഉപയോഗിക്കാൻ അറിയാം. കഷ്ടപ്പെട്ട് മാത്രം പുനർനിർമ്മിക്കാൻ കഴിയുന്ന ബന്ധങ്ങളെയും സൗഹൃദങ്ങളെയും ഒരു നമിഷത്തെ കോപത്താൽ നശിപ്പിക്കാൻ അവൻ അനുവദിക്കില്ല. പ്രത്യേകിച്ച്,  പ്രതിബന്ധങ്ങൾ കുറവുള്ളതും പിരിമുറുക്കങ്ങളും പ്രകോപനങ്ങളും കോപവും നിയന്ത്രണാതീതമാകുന്ന  അപകടം നാമുക്കെല്ലാവർക്കുമുള്ളതുമായ കുടുംബ ജീവിതത്തിൽ. അവിടെ. സംസാരിക്കാൻ ഒരു സമയമുണ്ട്, മിണ്ടാതിരിക്കാൻ ഒരു സമയമുണ്ട്, എന്നാൽ രണ്ടിനും ശരിയായ അളവ് ആവശ്യമാണ്. ഇത് പല കാര്യങ്ങൾക്കും ബാധകമാണ്, ഉദാഹരണത്തിന് മറ്റുള്ളവരോടൊപ്പം ആയിരിക്കുക, തനിച്ചായിരിക്കുക തുടങ്ങിയവ.

സന്ദർഭോചിതം പ്രവർത്തിക്കാനുള്ള കഴിവ് 

ആത്മസംയമനമുള്ള വ്യക്തിക്ക് അവൻറെ രോഷത്തിന് എങ്ങനെ കടിഞ്ഞാണിടാമെന്ന് അറിയാമെങ്കിൽ, അതിനർത്ഥം നാം അയാളെ എപ്പോഴും ശാന്തനായും സുസ്മേരവദനനായും കാണുമെന്നല്ല. വാസ്തവത്തിൽ, ചിലപ്പോൾ ദേഷ്യപ്പെടേണ്ടത് ആവശ്യമാണ്, പക്ഷേ എല്ലായ്പ്പോഴും ശരിയായ രീതിയിൽ. ഇവയാണ് വാക്കുകൾ: ശരിയായ അളവിൽ, ശരിയായ രീതിയിൽ.ഒരു ശകാരവാക്ക് ചിലപ്പോൾ മുഷിപ്പും നീരസവും പ്രകടമായ മൗനത്തെക്കാൾ ആരോഗ്യകരമാണ്. മറ്റൊരാളെ തിരുത്തുന്നതിനേക്കാൾ അസ്വസ്ഥജനകമായ മറ്റൊന്നും ഇല്ലെന്നും എന്നാൽ അത് ആവശ്യമാണെന്നും  സംയമനമുള്ള വ്യക്തിക്ക് അറിയാം: അല്ലാത്തപക്ഷം അവൻ തിന്മയ്ക്ക് വിശാലമായ ഇടം നൽകുകയായിരിക്കും ചെയ്യുക. ചില സന്ദർഭങ്ങളിൽ, ആത്മസംയമനമുള്ള വ്യക്തി രണ്ടറ്റങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ പ്രാപ്തനാണ്: അവൻ പരമമായ തത്ത്വങ്ങൾ പ്രഖ്യാപിക്കുന്നു, മാറ്റംവരുത്താനാവാത്ത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു, എന്നാൽ ആളുകളെ മനസ്സിലാക്കാനും അവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനും അവനറിയാം.

സന്തുലിതത്വം

അതിനാൽ സംമയമനമുള്ള വ്യക്തിയുടെ ദാനം സന്തുലിതാവസ്ഥയാണ്, അത് അത്യധികം അനർഘവും അത്രമാത്രം അപൂർവ്വവുമാണ്. വാസ്തവത്തിൽ, നമ്മുടെ ലോകത്തിലെ എല്ലാ കാര്യങ്ങളും നമ്മെ അമിതത്വത്തിലേക്ക് തള്ളിവിടുന്നു. മറിച്ച്, സംയമനമാകട്ടെ, ചെറുമ, വിവേചനബുദ്ധി, താഴ്മ, സൗമ്യത എന്നിങ്ങനെയുള്ള സുവിശേഷ മനോഭാവങ്ങളുമായി ചേർന്നിരിക്കുന്നു. സംയമനമുള്ളവൻ അപരൻറെ അഭിമാനത്തെ വിലമതിക്കുന്നു, എന്നാൽ അതിനെ എല്ലാ പ്രവൃത്തികളുടെയും എല്ലാ വാക്കുകളുടെയും ഏക മാനദണ്ഡമാക്കുന്നില്ല. അവൻ സുക്ഷ്മബോധമുള്ളവനാണ്, അവന് കരയാനറിയാം, അതിൽ അവൻ ലജ്ജിക്കുന്നില്ല, സ്വയം വിലപിക്കുന്നില്ല. പരാജിതനായാൽ  അവൻ വീണ്ടും എഴുന്നേല്ക്കുന്നു; വിജയിയിയായാൽ, അവന് തൻറെ സാധാരണമായ സ്വകാര്യജീവിതത്തിലേക്ക് മടങ്ങാൻ കഴിയും. അവൻ കൈയ്യടികൾ തേടുന്നില്ല, എന്നാൽ മറ്റുള്ളവരെ തനിക്ക് ആവശ്യമാണെന്ന് അവനറിയാം.

സംയമനം എന്ന ദാനത്തിനായി പ്രാർത്ഥിക്കുക 

സഹോദരീസഹോദരന്മാരേ, സംയമനം നിങ്ങളെ നരബാധിച്ചവരും സന്തോഷരഹിതരുമാക്കുമെന്നത് ശരിയല്ല, ഇല്ല. നേരെമറിച്ച്, അത് നമ്മെ ജീവിതത്തിൻറെ നന്മകൾ നന്നായി ആസ്വദിക്കാൻ പ്രാപ്തരാക്കുന്നു: അതായത്, മേശയ്ക്കു ചുറ്റും ഒരുമിച്ചിരിക്കൽ, ചില സൗഹൃദങ്ങളുടെ ആർദ്രത, ജ്ഞാനികളിലുള്ള ആത്മവിശ്വാസം, സൃഷ്ടിയുടെ സൗന്ദര്യത്തിലുള്ള വിസ്മയം എന്നിവ. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളിൽ തഴച്ചുവളരുന്ന ആഹ്ലാദമാണ് സംയമനത്തോടുകൂടിയ സന്തോഷം. പക്വത, പ്രായത്തിൻറെ പക്വത, വൈകാരിക പക്വത, സാമൂഹിക പക്വത എന്നിവയുടെതായ ദാനം  നൽകണമെന്ന് നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം. സംയമനം എന്ന ദാനം.നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.

സമാപനാഭിവാദ്യങ്ങൾ

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു.

യുദ്ധവേദികളെ അനുസ്മരിച്ച് പാപ്പാ

യുദ്ധവേദികളായ വിശുദ്ധ നാടിനെയും, പലസ്തീൻ ഇസ്രായേൽ ഉക്രൈയിൻ എന്നീ നാടുകളെയും യുദ്ധത്തടവുകാരെയും അനുസ്മരിച്ച പാപ്പാ അവരെ എത്രയും വേഗം വിട്ടയയ്ക്കാനുള്ള മനസ്സ് ചുമതലപ്പെട്ടവരിൽ ഉളവാക്കുന്നതിനായി പ്രാർത്ഥിച്ചു. തടവുകാർ പിഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും പാപ്പാ വേദനയോടെ പരാമർശിച്ചു. തടിവിലാകുകയെന്നത് വളരെ മോശമായ അവസ്ഥയാണെന്നും അത് മനുഷ്യത്വത്തിനു നിരക്കുന്നതല്ലെന്നും പാപ്പാ പറഞ്ഞു. വ്യക്തിയുടെ ഔന്നത്യത്തെ ഹനിക്കുന്നതായ നിരവധി പീഢനങ്ങൾ അരങ്ങേറുന്നുണ്ടെന്നും പീഢിതർ അനേകരാണെന്നും പാപ്പാ അനുസ്മരിച്ചു. എല്ലാവരെയും കർത്താവ് സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു. പാപ്പായുടെ ഈ പ്രാർത്ഥനയെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഏപ്രിൽ 2024, 11:59

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >
Prev
February 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
232425262728 
Next
March 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
3031