തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE

സ്നേഹിക്കപ്പെടുമ്പോൾ സ്നേഹചംക്രമണശക്തി അനുഭവവേദ്യമാകുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുദർശന പ്രഭാഷണം: മറിയം ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കുന്നു. രണ്ടു സ്ത്രീകളുടെ കൂടിക്കാഴ്ചയുടെ വിസ്മയാവഹമായ ഫലം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പതിവുപോലെ ഈ ബുധനാഴ്ചയും (05/02/25) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. നല്ല തണുപ്പനുഭവപ്പെട്ട ഒരു ദിനമായിരുന്നെങ്കിലും വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ പൊതുദർശന പരിപാടിയിൽ സംബന്ധിക്കാനെത്തിയിരുന്നു. പൊതുകൂടിക്കാഴ്ചാവേദി കഴിഞ്ഞ വാരത്തിലെന്നതുപോലെതന്നെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയായിരുന്നു. ചക്രക്കസേരയിലിരുന്നു ശാലയിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.

റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നു ശേഷം, പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ആ ദിവസങ്ങളിൽ മറിയം യൂദയായിലെ മലമ്പ്രേദശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിയ യാത്ര പുറപ്പെട്ടു. അവൾ സഖറിയായയുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിൻെറ അഭിവാദനം കേട്ടപ്പോൾ എലിസബത്തിൻറെ ഉദരത്തിൽ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവൾ ഉദ്ഘോഷിച്ചു: നീ  സ്ത്രീകളിൽ അനുഗ്രഹഹീതയാണ്. നിൻറെ ഉദരഫലവും അനുഗ്രഹീതം” ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 1, 39-42 വരെയുള്ള വാക്യങ്ങൾ.

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പ്രത്യാശയുടെ ജൂബിലിയോടനുബന്ധിച്ച് “യേശു നമ്മുടെ പ്രത്യാശ” എന്ന ശീർഷകത്തിൽ ആരംഭിച്ചിരിക്കുന്ന പ്രബോധന പരമ്പര തുടർന്നു. താൻ ദൈവപുത്രൻറെ അമ്മയാകുമെന്ന മംഗളവാർത്ത ലഭിച്ച മറിയം ഉടനെ തൻറെ ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കുന്ന സംഭവം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

തനിക്ക് ശക്തമായ ജലദോമുള്ളതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടാണെന്നു വെളിപ്പെടുത്തിയ പാപ്പാ ക്ഷമാപണം നടത്തുകയും പ്രഭാഷണം വായിക്കാൻ താൻ ഒരു സഹോദനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം തന്നെക്കാൾ നന്നായി വായിക്കുമെന്നും പറയുകയും ചെയ്തു. തുടർന്ന് വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ വൈദികൻ പിയെർലുയീജി ജിറോളി പാപ്പായുടെ പ്രസംഗം പാരായണം ചെയ്തു.

മറിയം എലിസബത്തിന് സന്ദർശിക്കുന്നു

പ്രിയ സഹോദരീ സഹോദരന്മാര, ശുഭദിനം!       

യേശുക്രിസ്തു നമ്മുടെ പ്രത്യാശ എന്ന മനോഹാരിതയെക്കുറിച്ച് ഇന്ന് നാം സന്ദർശന രഹസ്യത്തെ ആധാരമാക്കി ധ്യാനിക്കുന്നു. കന്യകാമറിയം വിശുദ്ധ എലിസബത്തിനെ സന്ദർശിക്കുന്നു; എന്നാൽ എല്ലാറ്റിനുമുപരിയായി, അമ്മയുടെ ഉദരത്തിൽ വെച്ചു തന്നെ യേശു, സഖറിയ തൻറെ സ്തുതിഗീതത്തിൽ പറയുന്നതുപോലെ, തൻറെ ജനത്തെ സന്ദർശിച്ചു (ലൂക്കാ 1:68 കാണുക).

മറിയത്തിൻറെ പരോന്മുഖത

ദൈവദൂതൻ തന്നോടു വിളംബരം ചെയ്ത കാര്യങ്ങളെക്കുറിച്ചനുഭവപ്പെട്ട അമ്പരപ്പിനും അത്ഭുതത്തിനും ശേഷം, മറിയം, ബൈബിളിൽ വിളിക്കപ്പെട്ട എല്ലാവരെയും പോലെ, എഴുന്നേറ്റ് യാത്ര പുറപ്പെടുന്നു,  കാരണം "സ്വയം വെളിപ്പെടുത്തുന്ന ദൈവത്തോട് പരിധികളില്ലാത്ത സന്നദ്ധതയോടെ പ്രത്യുത്തരിക്കാൻ മനുഷ്യനു കഴിയുന്ന ഒരേയൊരു പ്രവൃത്തിയാണത് " (H.U. VON BALTHASAR, Vocazione, Rome 2002, 29). ഇസ്രായേലിൻറെ ഈ കൊച്ചു മകൾ ലോകത്തിൽ നിന്ന് തന്നെത്തന്നെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല,  മറ്റുള്ളവരിൽ നിന്നുള്ള അപകടങ്ങളെയും വിധികളെയും അവൾ ഭയപ്പെടുന്നില്ല, മറിച്ച് അവൾ പരോന്മുഖമായി ചരിക്കുന്നു.

സ്നേഹത്തിൻറെ ചംക്രമണശക്തി

സ്നേഹിക്കപ്പെടുന്ന അനുഭവം ഒരാൾക്ക് ഉണ്ടാകുമ്പോൾ, അയാൾ, സ്നേഹത്തെ ചംക്രമണം ചെയ്യുന്ന ഒരു ശക്തി അനുഭവിക്കുന്നു; അപ്പോസ്തലനായ പൗലോസ് പറയുന്നതുപോലെ, "ക്രിസ്തുവിൻറെ സ്നേഹം നമ്മെ നിർബന്ധിക്കുന്നു" (2 കോറിന്തോസ് 5:14), അത് നമ്മെ തള്ളുന്നു, അത് നമ്മെ ചലിപ്പിക്കുന്നു. മറിയത്തിന് സ്നേഹത്തിൻറെ പ്രേരണ അനുഭവപ്പെടുകയും അവൾ തൻറെ ബന്ധുവായ ഒരു സ്ത്രീയെ സഹായിക്കാൻ പോകുകയും ചെയ്യുന്നു. വൃദ്ധയായ ആ സ്ത്രീ, ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം, അപ്രതീക്ഷിത ഗർഭം ധരിച്ചിരിക്കയാണ്. അവളുടെ പ്രായത്തിൽ അത് നേരിടുക പ്രയാസമേറിയ കാര്യമാണ്. എന്നാൽ അസാധ്യമായ കാര്യങ്ങളുടെ ദൈവത്തിലുള്ള തൻറെ വിശ്വാസവും അവൻറെ വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിലുള്ള തൻറെ പ്രത്യാശയും പങ്കുവെയ്ക്കാൻ കന്യക എലിസബത്തിൻറെ പക്കലേക്കു പോകുന്നു.

അനുഗ്രഹങ്ങൾ

രണ്ട് സ്ത്രീകൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച അതിശയിപ്പിക്കുന്ന ഒരു ഫലമുളവാക്കുന്നു: എലിസബത്തിനെ അഭിവാദനം ചെയ്യുന്ന "കൃപ നിറഞ്ഞവളുടെ" സ്വരം വൃദ്ധയായ എലിസബത്ത് സ്വന്തം ഗർഭപാത്രത്തിൽ വഹിക്കുന്ന കുഞ്ഞിൽ ഒരു പ്രവചനത്തെ ഉണർത്തുകയും അവളിൽ ഇരട്ട അനുഗ്രഹ വചസ്സകൾ ഉളവാക്കുകയും ചെയ്യുന്നു: "നീ സ്ത്രീകളിൽ ഏറ്റം അനുഗ്രഹിക്കപ്പെട്ടവളാണ്, നിൻറെ ഉദരഫലവും അനുഗ്രഹീതം!" (ലൂക്കാ 1:42). ഇതോടൊപ്പം മറ്റൊരനുഗ്രഹവും: "കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി" (വാക്യം 45).

മറിയത്തിൻറെ സ്തോത്രഗീതം

തൻറെ പുത്രൻറെ മിശിഹാ സ്വത്വത്തെയും അമ്മയെന്ന തൻറെ ദൗത്യത്തെയും അംഗീകരിക്കുന്ന മറിയം, അവളെക്കുറിച്ചല്ല, ദൈവത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വിശ്വാസവും പ്രത്യാശയും സന്തോഷവും നിറഞ്ഞ ഒരു സ്തുതി അവളിൽ നിന്ന് ഉയരുകയും ചെയ്യുന്നു. അത് അനുദിനം സഭയിൽ സായാഹ്നപ്രാർത്ഥനയിൽ മുഴങ്ങുന്നു: മഞ്ഞീഫിക്കാത്ത്-മറിയത്തിൻറെ സ്ത്രോത്രഗീതം (ലൂക്കാ 1:46-55).

കർത്താവിൻറെ എളിയ ദാസിയുടെ ഹൃദയത്തിൽ നിന്ന് ഒഴുകുന്ന, രക്ഷകനായ ദൈവത്തിനുള്ള ഈ സ്തുതി, ഇസ്രായേലിൻറെ പ്രാർത്ഥനയെ സംക്ഷേപിക്കുകയും നിറവേറ്റുകയും ചെയ്യുന്ന ഒരു ഉദാത്ത സ്മരണികയാണ്. ബൈബിൾ അനുരണനങ്ങളാൽ ഇഴചേർന്ന ഇത് മറിയം "|ഒറ്റയ്ക്ക" പാടാൻ ആഗ്രഹിക്കുന്നില്ല, മറിച്ച് പൂർവ്വപിതാക്കന്മാരോടൊപ്പം ആലപിക്കാൻ ആഗ്രഹിക്കുന്നു എന്നതിൻറെ അടയാളമാണ്, തൻറെ പ്രഭാഷണത്തിൽ യേശു "ഭാഗ്യവാന്മാർ" എന്ന് പ്രഖ്യാപിക്കുന്ന എളിയവരോടുള്ള അവിടത്തെ അനുകമ്പ അവൾ ഉയർത്തിക്കാട്ടുന്നു (മത്തായി 5:1-12 കാണുക).

ഭാവിയെ സംവഹിക്കുന്ന മറിയം

ഈജിപ്തിൽ നിന്നുള്ള ഇസ്രായേലിൻറെ മോചനത്തിൻറെ ഓർമ്മകൾ പശ്ചാത്തലമാക്കിയുള്ള മറിയത്തിൻറെ സ്തോത്രഗീതത്തെ (Magnificat മഞ്ഞീഫിക്കത്ത്) ഒരു വീണ്ടെടുപ്പു ഗാനമാക്കി മാറ്റുന്നതും പെസഹായുടെ ഘടകങ്ങളുടെ വലിയ  സാന്നിധ്യമാണ്. ക്രിയകളെല്ലാം ഭൂതകാലത്തിലാണ്, അവ വർത്തമാനകാലത്തെ വിശ്വാസം കൊണ്ട് പ്രകാശിപ്പിക്കുകയും ഭാവിയെ പ്രത്യാശ കൊണ്ട് പ്രഭാപൂരിതമാക്കുകയും ചെയ്യുന്ന സ്നേഹത്തിൻറെ ഓർമ്മകളാൽ പൂരിതമാണ്: മറിയം ഗതകാല കൃപയെക്കുറിച്ച് പാടുന്നു, എന്നാൽ അവൾ ഭാവിയെ ഗർഭപാത്രത്തിൽ വഹിക്കുന്ന വർത്തമാനകാല സ്ത്രീയാണ്.

ഈ സ്തോത്രഗീതത്തിൻറെ ആദ്യഭാഗം, ഉടമ്പടി പൂർണ്ണമായി പാലിക്കുന്ന ദൈവജനത്തിൻറെ സൂക്ഷ്മരൂപമായ മറിയത്തിൽ ദൈവം പ്രവർത്തിച്ചവയെ പ്രകീർത്തിക്കുന്നു, (ലൂക്കാ 1,46-50); രണ്ടാമത്തേത്, തൻറെ മക്കളുടെ ചരിത്രത്തിൻറെ സ്ഥൂലരൂപത്തിൽ പിതാവിൻറെ പ്രവർത്തനത്തെ സ്മരണ, കാരുണ്യം, വാഗ്ദാനം എന്നീ പ്രധാന പദങ്ങളിലൂടെ (ലൂക്കാ 1,51-55) വിശദീകരിക്കുന്നു.

ദാസിയായ മറിയത്തിൽ വലിയകാര്യങ്ങൾ ചെയ്യുന്ന ദൈവം

കൊച്ചു മറിയത്തിൽ "വലിയ കാര്യങ്ങൾ" നിറവേറ്റാനും അവളെ കർത്താവിൻറെ അമ്മയാക്കാനുമായി അവളിൽ കനിഞ്ഞ കർത്താവ്, അബ്രഹാമിന് വാഗ്ദാനം ചെയ്ത സാർവ്വത്രിക അനുഗ്രഹം ഓർമ്മിച്ചുകൊണ്ട് പുറപ്പാട് മുതൽ തൻറെ ജനത്തെ രക്ഷിക്കാൻ ആരംഭിച്ചു (ഉൽപത്തി 12:1-3 കാണുക). എന്നേക്കും വിശ്വസ്തനായ ദൈവമായ കർത്താവ്, ഉടമ്പടിയിൽ വിശ്വസ്തരായ ജനങ്ങളിൽ തലമുറതലമുറയായി കരുണാർദ്ര സ്നേഹം അഭംഗുരം ഒഴുക്കി (ലൂക്കാ 1,50), ഇപ്പോൾ അവിടന്ന്, ജനങ്ങളെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ അയച്ച തൻറെ പുത്രനിൽ രക്ഷയുടെ പൂർണ്ണത വെളിപ്പെടുത്തുന്നു. അബ്രഹാം മുതൽ യേശുക്രിസ്തുവും വിശ്വാസികളുടെ സമൂഹവും വരെയും, തുടർന്ന്, കാലത്തിൻറെ പൂർണ്ണതയിൽ മിശിഹാ നേടിയെടുത്തത് വരെയുമുള്ള എല്ലാ മോചനങ്ങളെയും മനസ്സിലാക്കുന്നതിനുള്ള വ്യാഖ്യാന വിഭാഗമായിട്ടാണ് പെസഹാ കാണപ്പെടുന്നത്.

വചനത്തെ ധരിക്കുക

പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ന് നമുക്ക് കർത്താവിനോട്, അവൻറെ ഓരോ വാഗ്ദാനങ്ങളുടെയും പൂർത്തീകരണത്തിനായി കാത്തിരിക്കാൻ കഴിയുന്ന കൃപയ്ക്കായും  നമ്മുടെ ജീവിതത്തിലേക്ക് മറിയത്തെ സ്വാഗതം ചെയ്യാൻ സഹായിക്കുന്നതിനായും, പ്രാർത്ഥിക്കാം. വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്ന ഓരോ ആത്മാവും "ദൈവവചനം ഗർഭം ധരിക്കുകയും അതിന് ജന്മമേകുകയും ചെയ്യുന്നു" എന്ന് (വിശുദ്ധ അംബ്രോസ്, ലൂക്കായുടെ സുവിശേഷം 2, 26-ൻറെ വിശദീകരണം) അവളുടെ മാതൃക പിന്തുടരുന്നതിലൂടെ നമുക്കെല്ലാവർക്കും കണ്ടെത്താൻ കഴിയട്ടെ.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയും ചൈനീസുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. ജലദോഷം മൂലം ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പാപ്പാ  പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം ഇറ്റലിക്കാരെ  അഭിവാദ്യം ചെയ്തു.

യുദ്ധംമൂലം യാതനകളനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കാം

യുദ്ധത്തിൻറെ ഫലമായി ഉക്രൈയിൻ, ഇസ്രായേൽ തുടങ്ങിയ നിരവധി നാടുകൾ  ദുരിതമനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ സ്വഭവനങ്ങൾവിട്ടുപോകേണ്ടി വന്നിട്ടുള്ള പലസ്തീൻകാരെ പ്രത്യേകം അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

സമാപനാഭിവാദ്യവും ആശീർവ്വാദവും

പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും പ്രായം ചെന്നവരെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്തു. അപ്പോസ്തലനായ പൗലോസ് ഉദ്‌ബോധിപ്പിക്കുന്നതുപോലെ, പ്രത്യാശയിൽ സന്തോഷിക്കാനും, ക്ലേശങ്ങളിൽ സഹനശീലമുള്ളവരായിരിക്കാനും പ്രാർത്ഥനയിൽ സ്ഥൈര്യമുള്ളവരായിരിക്കാനും (റോമ 12:12-13 കാണുക) സഹോദരങ്ങളുടെ ആവശ്യങ്ങളിൽ കരുതലുള്ളവരായിരിക്കാനും പാപ്പാ പ്രചോദനം പകർന്നു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഫെബ്രുവരി 2025, 12:51

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >
Prev
March 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
3031     
Next
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930