തിരയുക

അഹന്ത, സകലത്തെയും നശിപ്പിക്കുന്ന കൊടും വിഷമെന്ന് പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചാ പ്രഭാഷണം: ദൈവിക പുണ്യങ്ങൾ- വിശ്വാസം, ശരണം, ഉപവി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി    

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (24/04/24)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. അതിരാവിലെ ആലിപ്പഴവർഷവും മഴയും കാർമേഘാവൃതമായിരുന്ന അന്തരീക്ഷവും പ്രതികൂലാവസ്ഥ സൃഷ്ടിച്ചുവെങ്കിലും പിന്നീട് അന്തരീക്ഷം തെളിഞ്ഞതിനാൽ പ്രതിവാര പൊതുകൂടിക്കാഴ്ചാവേദി മുൻ നിശ്ചയപ്രകാരം, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരംതന്നെയായിരുന്നു. വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ കണ്ട മാത്രയിൽ ജനസഞ്ചയത്തിൻറെ ആനന്ദം അണപൊട്ടിയൊഴുകി. അവരുടെ കരഘോഷവും  ആനന്ദാരവങ്ങളും ചത്വരത്തിൽ അലതല്ലി. തന്നോടൊപ്പം, ഏതാനും ബാലികാബാലന്മാരെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-നു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"ഞങ്ങൾ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോഴൊക്കെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ പിതാവായ ദൈവത്തിനു നന്ദി പറയുന്നു. എന്തെന്നാൽ സ്വർഗ്ഗത്തിൽ നിങ്ങൾക്കുവേണ്ടി നിക്ഷിപ്തമായിരിക്കുന്ന പ്രത്യാശമൂലം, യേശുക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെക്കുറിച്ചും നിങ്ങൾക്ക് സകല വിശുദ്ധരോടുമുള്ള സ്നേഹത്തെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു.” പൗലോസ് കൊളൊസോസുകാർക്കെഴുതിയ ലേഖനം, അദ്ധ്യായം 1,3-5a വരെയുള്ള വാക്യങ്ങൾ.

വിശുദ്ധഗ്രന്ഥ വായന കഴിഞ്ഞപ്പോൾ  പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. നാലു മൗലിക പുണ്യങ്ങളെക്കുറിച്ചുള്ള പരിചിന്തനം  കഴിഞ്ഞ വാരത്തോടെ അവസാനിച്ചതിനാൽ അതിൻറെ തുടർച്ചയായി പാപ്പാ ആത്മാവിനനുസൃത കൃപാജീവിതത്തെക്കുറിച്ച് വിചിന്തനം ചെയ്തു ഇത്തവണ. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

ദൈവിക പുണ്യങ്ങൾ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

കഴിഞ്ഞ ആഴ്‌ചകളിൽ നമ്മൾ വിവേകം, നീതി, ധൈര്യം, സംയമനം എന്നീ മൗലികപുണ്യങ്ങളെക്കുറിച്ച് മനനം ചെയ്തു. മൗലികപുണ്യങ്ങൾ നാലാണ്. നമ്മൾ പലവുരു വ്യക്തമാക്കിയിട്ടുള്ളതുപോലെ, ഈ നാല് പുണ്യങ്ങളും ക്രൈസ്തവികതയ്ക്കുപോലും മുമ്പുള്ള, വളരെ പുരാതനമായ ഒരു ജ്ഞാനത്തിൽപ്പെട്ടതാണ്. ക്രിസ്തുവിനു മുമ്പുതന്നെ, സത്യസന്ധത ഒരു പൗരധർമ്മമായും ജ്ഞാനം ഒരു കർമ്മനിയമമായും, ധൈര്യം നന്മോന്മുഖ ജീവിതത്തിന് മൗലിക ഘടകമായും, മിതത്വം ധാരാളിത്തത്താൽ തകിടംമറിക്കപ്പെടാതിരിക്കുന്നതിന് ആവശ്യമായ നടപടിയായും പ്രഘോഷിക്കപ്പെട്ടിരുന്നു. നരകുലത്തിൻറെ ഈ പൈതൃകത്തെ ക്രിസ്തുമതം മാറ്റിസ്ഥാപിച്ചിട്ടില്ല, മറിച്ച് അതിനെ എടുത്തുകാട്ടുകയും മൂല്യവത്കരിക്കുകയും ശുദ്ധീകരിക്കുകയും വിശ്വാസത്തിൽ സമന്വയിപ്പിക്കുകയുമാണ് ചെയ്തത്.

നന്മാന്വേഷണത്തിനുള്ള ത്വര മാനവ ഹൃത്തിൽ

ആകയാൽ, ഓരോ സ്ത്രീയുടെയും പുരുഷൻറെയും ഹൃദയത്തിൽ നന്മ തേടാനുള്ള കഴിവുണ്ട്. പരിശുദ്ധാത്മാവ് നൽകപ്പെട്ടിരിക്കുന്നത്, അവിടത്തെ സ്വാഗതം ചെയ്യുന്നവർക്ക് നന്മയും തിന്മയും വ്യക്തമായി വേർതിരിച്ചറിയാനും, തിന്മയെ ത്യജിച്ചുകൊണ്ട് നന്മയിൽ ഉറച്ചുനിൽക്കാനുള്ള ശക്തിയാർജ്ജിക്കാനും കഴിയുന്നതിനും അങ്ങനെ ചെയ്യുന്നതിലൂടെ പൂർണ്ണമായ വിശ്വാസസാക്ഷാത്കാരം നേടാൻ സാധിക്കുന്നതിനും വേണ്ടിയാണ്.

ജീവിത പൂർണ്ണതിയിലേക്കുള്ള പ്രയാണം 

എന്നാൽ ഓരോ വ്യക്തിയുടെയും ഭാഗധേയമായ ജീവിതത്തിൻറെ പൂർണ്ണതയിലേക്കുള്ള നമ്മുടെ യാത്രയിൽ, ക്രിസ്ത്യാനിക്ക് യേശുക്രിസ്തുവിൻറെ ആത്മാവിൻറെ, പരിശുദ്ധാരൂപിയുടെ, സവിശേഷ സഹായം ലഭിക്കുന്നു. ഓരോ വ്യക്തിയുടെയും ഭാഗധേയം പൂർണ്ണതയാണ്, ജീവിത പൂർണ്ണത. പുതിയ നിയമ ലിഖിതങ്ങളിൽ പലപ്പോഴും ഒരുമിച്ച് പരാമർശിക്കപ്പെടുന്ന, തീർത്തും ക്രിസ്തീയമായ, മറ്റ് മൂന്ന് പുണ്യങ്ങളുടെ ദാനത്തോടെയാണ് ഇത് നിറവേറ്റപ്പെടുന്നത്. ക്രിസ്ത്യാനിയുടെ ജീവിതത്തിൻറെ സവിശേഷതയായ ഈ അടിസ്ഥാനപരമായ മനോഭാവങ്ങൾ വിശ്വാസം, ശരണം (പ്രത്യാശ),  ഉപവി എന്നിവയാണ്.

ദൈവിക പുണ്യങ്ങൾ ക്രൈസ്തവ ധാർമ്മിക പ്രവർത്തനത്തിന് അടിസ്ഥാനം

ദൈവവുമായുള്ള ബന്ധത്തിൽ സ്വീകരിക്കപ്പെടുകയും ജീവിക്കപ്പെടുകയും ചെയ്യുന്ന അവയെ, ഒരു നല്ല ജീവിതത്തിൻറെ "അച്ചുതണ്ട്" ആയ "മൗലികപുണ്യങ്ങൾ" എന്ന് വിളിക്കപ്പെടുന്ന മറ്റുള്ളവയിൽ നിന്ന് വേർതിരിച്ചു കാണിക്കുന്നതിനുവേണ്ടി ക്രീസ്തീയ രചയിതാക്കൾ വളരെപെട്ടെന്നു തന്നെ അവയെ ദൈവികപുണ്യങ്ങൾ എന്നു വിളിച്ചു. പരിശുദ്ധാരൂപിയിൽ നിന്നു വരുന്നതായ ഈ മുന്നെണ്ണവും മാമ്മോദീസായിലൂടെയാണ് നാം സീകരിക്കുന്നത്.ഈ രണ്ടു വിഭാഗങ്ങളെയും, ദൈവികപുണ്യങ്ങളെയും മൗലികപുണ്യങ്ങളെയും ക്രമനിബദ്ധമായ നിരവധി പരിചിന്തനങ്ങളിൽ സമന്വയിപ്പിച്ചുകൊണ്ട് വിസ്മയകരമായ ഒരു “സപത്കം” (septenary) അവർ തയ്യാറക്കി. അത് പലപ്പോഴും ഏഴു മാരകപാപങ്ങളുടെ പട്ടികയ്ക്ക് നേർ വിപരീതമായി നിന്നു. ദൈവികപുണ്യങ്ങളുടെ പ്രവർത്തനത്തെ കത്തോലിക്കാസഭയുടെ മതബോധനം ഇപ്രകാരം നിർവ്വചിക്കുന്നു: “ദൈവികപുണ്യങ്ങൾ ക്രൈസ്തവധാർമ്മികപ്രവർത്തനത്തിന് അടിസ്ഥാനമിടുകയും അതിനെ സജീവമാക്കുകയും സവിശേഷമാക്കുകയും ചെയ്യുന്നു. അവ സകല ധാർമ്മികസുകൃതങ്ങൾക്കും അറിവു പകരുകയും ജീവൻ നൽകുകയും ചെയ്യുന്നു. അവ വിശ്വാസികളുടെ ആത്മാവിൽ ദൈവത്താൽ നിവേശിപ്പിക്കപ്പെട്ടവയാണ്. അവർ ദൈവമക്കൾ എന്ന നിലയിൽ പ്രവർത്തിക്കുന്നതിനും നിത്യജീവന് അർഹത നേടുന്നതിനും അവരെ കഴിവുള്ളവരാക്കുന്നതിനു വേണ്ടിയാണത്. മനുഷ്യൻറെ ഇന്ദ്രിയശക്തികളിലുള്ള പരിശുദ്ധാത്മാവിൻറെ സാന്നിദ്ധ്യത്തിൻറെയും പ്രവർത്തനത്തിൻറെയും അച്ചാരമാണവ (1813).

പതിയിരിക്കുന്ന അപകടങ്ങൾ 

അപകടസാധ്യതയെക്കുറിച്ച് നമുക്ക് സംസാരിക്കാം: നന്മ ചെയ്യുന്നതിൽ വീരന്മരായ സ്ത്രീപുരുഷന്മാരെ സൃഷ്ടിക്കുന്ന അപകടസാധ്യത മൗലിക പുണ്യങ്ങൾക്കുണ്ട്, എന്നാൽ, ചുരുക്കത്തിൽ, ഒറ്റയ്ക്കുനില്ക്കുന്ന, ഒറ്റപ്പെട്ട , ദൈവികപുണ്യങ്ങളുടെ മഹത്തായ ദാനം പരിശുദ്ധാത്മാവിൽ ജീവിക്കപ്പെടുന്ന അസ്തിത്വമാണ്. ക്രിസ്ത്യാനി ഒരിക്കലും തനിച്ചല്ല. അവൻ നന്മ ചെയ്യുന്നത് വ്യക്തിപരമായ പ്രതിബദ്ധതയുടെതായ മഹാ പരിശ്രമത്തിലൂടെയല്ല,  മറിച്ച്, ഗുരുവായ യേശുവിനെ അനുഗമിക്കുന്ന ഒരു എളിയ ശിഷ്യനെന്ന നിലയിലാണ്. ജീവിതത്തിൽ അവൻ മുന്നേറുന്നു. ക്രൈസ്തവനുള്ള ദൈവിക പുണ്യങ്ങൾ സ്വയം പര്യാപ്തതയ്ക്കുള്ള വലിയ മറുമരുന്നാണ്. ക്രിസ്ത്യാനി ഒരിക്കലും തനിച്ചല്ല. ധാർമ്മികമായി കുറ്റമറ്റ ചില സ്ത്രീപുരുഷന്മാർ അവരെ അറിയുന്നവരുടെ കണ്ണിൽ എത്രയോ തവണ ധാർഷ്ട്യമുള്ളവരും അഹങ്കാരികളും ആയിത്തീരുന്ന അപകടസാധ്യതയുണ്ട്! സുവിശേഷം നമുക്ക് മുന്നറിയിപ്പ് നൽകുന്ന അപകടമാണിത്, അവിടെ യേശു തൻറെ ശിഷ്യന്മാരോട് ശുപാർശ ചെയ്യുന്നു: "ഇതുപോലെതന്നെ നിങ്ങളും, കല്പിക്കപ്പെട്ടവയെല്ലാം ചെയ്തു കഴിഞ്ഞാൽ പറയുക: "ഞങ്ങൾ പ്രയോജനശൂന്യരായ ദാസന്മാരാണ്. ഞങ്ങൾ കടമ നിർവ്വഹിച്ചതേയുള്ളു'' (ലൂക്കാ 17:10). അഹങ്കാരം - അത് ഒരു വിഷമാണ്, അതൊരു ശക്തമായ വിഷമാണ്: നന്മയാൽ മുദ്രിതമായ ഒരു ജീവിതത്തെ മുഴുവൻ നശിപ്പിക്കാൻ അത് ഒരു തുള്ളി മാത്രം മതി. ഒരു മനുഷ്യൻ ഒരു കുന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടാകാം, അംഗീകാരവും പ്രശംസയും കൊയ്തിരിക്കാം, പക്ഷേ ഇതെല്ലാം തനിക്കുവേണ്ടി, തനിക്കുവേണ്ടി മാത്രം, സ്വയം മഹത്വവൽക്കരിക്കാൻ വേണ്ടിയാണ്, ചെയ്തതെങ്കിൽ, അവനെ ഇപ്പോഴും സച്ചരിതൻ എന്ന് വിളിക്കാൻ കഴിയുമോ? ഇല്ലേ ഇല്ല.

സകലത്തെയും ഇല്ലാതക്കുന്ന "അഹന്ത" 

നന്മ ഒരു ലക്ഷ്യം മാത്രമല്ല, ഒരു വഴിയും കൂടിയാണ്. നല്ലതിന് ഒരുപാട് വിവേചനബുദ്ധി, ഒരുപാട് കാരുണ്യം ആവശ്യമാണ്. എല്ലാറ്റിനുമുപരിയായി, പലപ്പോഴും തള്ളിനല്ക്കുന്ന  നമ്മുടെ “അഹം” എന്ന സന്നിധ്യം സർവ്വോപരി ഇല്ലാതാക്കേണ്ടത് നന്മയ്ക്ക് ആവശ്യമാണ്. “അഹം” സകലത്തിൻറെയും കേന്ദ്രസ്ഥാനത്തു വരുമ്പോൾ സകലതും നശിക്കുന്നു. ജീവിതത്തിൽ നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും നമുക്കുവേണ്ടി മാത്രമാണെങ്കിൽ, ഈ പ്രചോദനം ശരിക്കും പ്രധാനമാണോ? പാവം "അഹം" എല്ലാം കൈയ്യടക്കുകയും അങ്ങനെ അഹങ്കാരം ജനിക്കുകയും ചെയ്യുന്നു.

വീഴ്ചകളിൽ നിന്നെഴുന്നേൽക്കാൻ സഹായകമായ ദൈവിക പുണ്യങ്ങൾ

ചിലപ്പോൾ വേദനാജനകമാകുന്ന ഇത്തരം സാഹചര്യങ്ങളെല്ലാം ശരിയാക്കാൻ ദൈവികപുണ്യങ്ങൾ വളരെയധികം സഹായിക്കുന്നു. വീഴ്ചയുടെ നിമിഷങ്ങളിൽ അവ പ്രത്യേകിച്ചും അങ്ങനെയാകുന്നു, കാരണം നല്ല ധാർമ്മിക ലക്ഷ്യമുള്ളവർ പോലും ചിലപ്പോൾ വീണുപോകുന്നു. നമ്മൾ എല്ലാവരും ജീവിതത്തിൽ വീണുപോകുന്നു, കാരണം നാം പാപികളാണ്. നിത്യേന പുണ്യാഭ്യാസം നടത്തുന്നവർക്കും ചിലപ്പോൾ തെറ്റുപറ്റുന്നതുപോലെ. നമുക്കെല്ലാവർക്കും ജീവിതത്തിൽ തെറ്റുകൾ പറ്റുന്നു: ബുദ്ധി എല്ലായ്പ്പോഴും തെളിച്ചമുള്ളതായിരിക്കില്ല, ഇച്ഛാശക്തി എല്ലായ്പ്പോഴും ഉറച്ചതായിരിക്കില്ല, വികാരങ്ങൾ എല്ലായ്പ്പോഴും നിയന്ത്രിക്കപ്പെടുന്നില്ല, ധൈര്യം ഭയത്തെ എല്ലായ്പ്പോഴും മറികടക്കുന്നില്ല. എന്നാൽ നാം നമ്മുടെ ഹൃദയം ആന്തരിക ഗുരുവായ പരിശുദ്ധാത്മാവിനായി തുറന്നാൽ, അവൻ നമ്മിൽ ദൈവികപുണ്യങ്ങളെ പുനരുജ്ജീവിപ്പിക്കും: നമുക്ക് വിശ്വാസം നഷ്ടപ്പെട്ടാൽ, അപ്പോൾ,  ദൈവം നമ്മെ വിശ്വാസത്തിലേക്ക് പരിശുദ്ധാത്മശക്തിയാൽ, വീണ്ടും തുറക്കുന്നു; നാം നിരുത്സാഹപ്പെട്ടാൽ, ദൈവം നമ്മിൽ പ്രത്യാശ ഉണർത്തുന്നു; നമ്മുടെ ഹൃദയം കഠിനമായാൽ ദൈവം തൻറെ സ്നേഹത്താൽ അതിനെ മൃദുലമാക്കുന്നു. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.

സമാപനാഭിവാദ്യങ്ങൾ

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. നസ്രത്തിലെ യേശുവിൻറെ വ്യക്തിത്വത്തിൻറെ രഹസ്യം സോത്സാഹവും സുവ്യക്തവും വിവരിച്ച സുവിശേഷകനായ വിശുദ്ധ മർക്കോസിൻറെ തിരുന്നാൾ എപ്രിൽ 25-ന് വ്യാഴാഴ്ച ആചരിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ  ദൈവരാജ്യനിർമ്മിതിയിൽ ഉത്സാഹത്തോടെയും വിശ്വസ്തതയോടെയും സഹകരിക്കുന്നതിന് ക്രിസ്തുവിൽ ആകൃഷ്ടരാകാൻ എല്ലാവരെയും ക്ഷണിച്ചു.

ഉക്രൈയിനും ഇസ്രായേലിനും പലസ്തീനും മ്യന്മാറിനും വേണ്ടി പ്രാർത്ഥിക്കുക

യുദ്ധവേദികളായ ഉക്രൈയിൻ, പലസ്തീൻ ഇസ്രായേൽ മ്യന്മാർ എന്നീ നാടുകളെയും ഇതരനാടുകളെയും അനുസ്മരിച്ച പാപ്പാ യുദ്ധം എന്നും ഒരു തോൽവിയാണെന്നും ആയുധനിർമ്മാതാക്കളാണ് ഇവിടെ സമ്പാദിച്ചുകൂട്ടുന്നതെന്നുമുള്ള തൻറെ ബോദ്ധ്യം ആവർത്തിക്കുകയും സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു. മരണത്തിലേക്കു പോകുന്ന യുവസൈനികർക്കും യുദ്ധത്തിൻറെ പിടിയിലായിരിക്കുന്ന മദ്ധ്യപൂർവ്വദേശത്തിനും ഗാസയ്ക്കും  വേണ്ടിയും ഇസ്രായേലും പലസ്തീനും സ്വതന്ത്ര നാടുകളായിരിക്കാനും നല്ല ബന്ധങ്ങൾ പുലർത്താനും അവിടെ സമാധാനം സംജാതമാകാനും വേണ്ടിയും പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും  ക്ഷണിച്ചു. പാപ്പായുടെ ഈ അഭ്യർത്ഥനയെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 April 2024, 12:23

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >