യേശുവിനെപ്പോലെ മുറിക്കപ്പെട്ട അപ്പമാകുക; യേശുവുമായി കൂട്ടായ്മയിലാകുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണം: കർത്താവിൻറെ നിണമാംസങ്ങളുടെ തിരുന്നാൾ, "കോർപ്പുസ് ദോമിനി" .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർത്താവിൻറെ തിരുമാംസരക്തങ്ങളുടെ തിരുന്നാൾ, അഥവാ, “കോർപൂസ് ദോമിനി” ആചരിക്കപ്പെട്ട  ഈ ഞായറാഴ്ച (02/06/24) റോമിൽ കാലാവസ്ഥ പൊതുവെ മോശമായിരുന്നു. ചാറ്റൽ മഴയും ഉണ്ടായിരുന്നു. എന്നിരുന്നാലും, ഫ്രാൻസീസ് പാപ്പാ ഞാറാഴ്ചകളിലെ പതിവനുസരിച്ച് നയിച്ച പൊതുവായ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിനു  വിശ്വാസികൾ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു.  കുടകൾ ചൂടിയും മഴവസ്ത്രമണിഞ്ഞും നിന്നിരുന്ന ജനങ്ങൾ, പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ, കരഘോഷത്താലും ആരവങ്ങളാലും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (12/05/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ  സുവിശേഷം പതിനാലാം അദ്ധ്യായം, 12-16ഉം 22-26 ഉം വരെയുള്ള വാക്യങ്ങൾ (മർക്കോസ് 14,12-16,22-26) അതായത്, യേശുവും ശിഷ്യന്മാരും പെഹാ ആചരിക്കുന്നതും അവിടന്ന് അപ്പമെടുത്ത് ആശീർവ്വദിച്ച് മുറിച്ച് ശിഷ്യന്മാർക്ക്   നല്കുന്നതും പാനപാത്രം കുടിക്കാനേകുന്നതും അവ തൻറെ ശരീരവും രക്തവും ആണെന്ന് പ്രഖ്യാപിക്കുന്നതുമായ ഭാഗം, ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:

"കോർപൂസ് ദോമിനി"

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും ഇന്ന് കർത്താവിൻറെ തിരുമാംസരക്തങ്ങളുടെ തിരുന്നാൾ, “കോർപ്പുസ് ദോമിനി” ആഘോഷിക്കുന്നു. ആരാധനാക്രമത്തിൽ സുവിശേഷം യേശുവിൻറെ അവസാനത്തെ അത്താഴത്തെക്കുറിച്ച് വിവരിക്കുന്നു (മർക്കോസ് 14,12-26), അന്ത്യഅത്താഴവേളയിൽ കർത്താവ് നല്കലിൻറെ ഒരു കർമ്മം നിർവ്വഹിക്കുന്നു: വാസ്തവത്തിൽ, മുറിക്കപ്പെട്ട അപ്പത്തിലും ശിഷ്യന്മാർക്ക് നല്കപ്പെട്ട പാനപാത്രത്തിലും, അത് അവിടന്നു തന്നെയാണ് നരകുലത്തിനായി സ്വയം ദാനം ചെയ്യുകയും ലോകത്തിൻറെ ജീവനുവേണ്ടി സ്വയം സമർപ്പിക്കുകയും ചെയ്യുന്നത്.

സ്വയം ശൂന്യവല്ക്കരിക്കുന്ന, ദാനമായി മാറുന്ന യേശു  

യേശു അപ്പം മുറിക്കുന്ന ആ കർമ്മത്തിൽ, സുവിശേഷം, "അവൻ അവർക്കു നല്കി" (വാക്യം 22) എന്നീ വാക്കുകളാൽ  അടിവരയിട്ടു കാട്ടുന്ന ഒരു പ്രധാന വശമുണ്ട്. നമുക്ക് ഈ വാക്കുകൾ നമ്മുടെ ഹൃദയത്തിൽ ഉറപ്പിക്കാം: അവൻ അത് അവർക്ക് നൽകി. ദിവ്യകാരുണ്യം, വാസ്തവത്തിൽ, ദാനത്തിൻറെ മാനത്തെയാണ്, സർവ്വാപരി, ഓർമ്മിക്കുന്നത്. യേശു അപ്പം എടുക്കുന്നത് അത് സ്വയം കഴിക്കാനല്ല, മറിച്ച് അത് മുറിച്ച് ശിഷ്യന്മാർക്ക് നൽകാനാണ്, അങ്ങനെ അവിടന്ന് തൻറെ അനന്യതയും ദൗത്യവും വെളിപ്പെടുത്തുന്നു. ജീവൻ അവിടന്ന് തനിക്കുവേണ്ടി സൂക്ഷിച്ചു വച്ചില്ല, മറിച്ച്, അത് നമുക്കു തന്നു; ദൈവവുമായുള്ള തൻറെ സമാനാത പരിഗണിക്കേണ്ട ഒരു നിധിയായി അവിടന്ന് കണക്കാക്കിയില്ല, മറിച്ച് നമ്മുടെ മനുഷ്യപ്രകൃതിയിൽ പങ്കുചേരാനും നമ്മെ നിത്യജീവനിലേക്ക് പ്രവേശിപ്പിക്കാനുമായി തൻറെ മഹത്വം വെടിഞ്ഞു (പൗലോസ് ഫിലിപ്പിയർക്ക് എഴിതിയ ലേഖനം 2:1-11 കാണുക). തൻറെ ജീവിതം മുഴുവൻ യേശു ഒരു ദാനമാക്കി. നമുക്ക് ഇത് ഓർക്കാം: യേശു തൻറെ ജീവിതം മുഴുവൻ ഒരു ദാനമാക്കി.

മുറിക്കപ്പെടുന്ന അപ്പമാകുക 

ദിവ്യബലി അർപ്പിക്കുന്നതും ഈ അപ്പം ഭക്ഷിക്കുന്നതും, പ്രത്യേകിച്ച്, ഞായറാഴ്ചകളിൽ ചെയ്യുന്നതുപോലെ, ജീവിതത്തിൽ നിന്ന് വേറിട്ടു നില്ക്കുന്ന ഒരു അനുഷ്ഠാനമോ വ്യക്തിപരമായ സമാശ്വാസത്തിൻറെ സാധാരണ നിമിഷമോ അല്ലെന്ന് അപ്പോൾ നമുക്കു മനസ്സിലാകും; യേശു അപ്പം എടുത്ത് മുറിച്ച് അവർക്ക് കൊടുത്തുവെന്ന് നാം എപ്പോഴും ഓർക്കണം, ആകയാൽ, അവിടന്നുമായുള്ള കൂട്ടായ്മ നമ്മെ മറ്റുള്ളവർക്കായി മുറിക്കപ്പെട്ട അപ്പമാകാൻ പ്രാപ്തരാക്കുകയും നാം എന്തായിരിക്കുന്നുവോ അതും നമുക്കുള്ളതും മറ്റുള്ളവരുമായി പങ്കിടാൻ നമ്മെ കഴിവുള്ളവരാക്കുകയും ചെയ്യുന്നു. മഹാനായ വിശുദ്ധ ലിയോ പറഞ്ഞു: "ക്രിസ്തുവിൻറെ ശരീരരക്തങ്ങളിലുള്ള നമ്മുടെ ഭാഗഭാഗിത്വം, നമ്മെ, നാം ഭക്ഷിക്കുന്നതെന്തോ അത് ആക്കിത്തീക്കുകയെന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല" (പീഢാസഹന പ്രഭാഷണം XII, 7).

നവലോകത്തിൻറെ പ്രവാചകരും ശില്പികളും

ഇതാ, സഹോദരീ സഹോദരന്മാരേ, നാം എന്തിനാണ് വിളിക്കപ്പെട്ടിരിക്കുന്നത്: നാം ഭക്ഷിക്കുന്നതായിത്തീരാൻ "ദിവ്യകാരുണ്യം" ആയിത്തീരാൻ, അതായത്, കൈവശം വയ്ക്കുന്നതിൻറെയും ഉപഭോഗത്തിൻറെയും യുക്തിയിൽ, ഇനി അവനവനുവേണ്ടി ജീവിക്കാത്തവരും (റോമാക്കാർക്കുള്ള ലേഖനം 14:7 കാണുക),  എന്നാൽ സ്വന്തം ജീവിതം മറ്റുള്ളവർക്ക് ദാനമാക്കാൻ അറിയാവുന്നവരുമായ ആളുകൾ ആയിത്തീരാൻ. അങ്ങനെ, വിശുദ്ധകുർബ്ബാനവഴി, നാം ഒരു നവ ലോകത്തിൻറെ പ്രവാചകന്മാരും ശില്പികളുമായിത്തീരുന്നു: നാം സ്വാർത്ഥതയെ മറികടന്ന് സ്നേഹത്തിലേക്ക് സ്വയം തുറക്കുമ്പോൾ, സാഹോദര്യ ബന്ധം വളർത്തിയെടുക്കുമ്പോൾ, നമ്മുടെ സഹോദരങ്ങളുടെ കഷ്ടപ്പാടുകളിൽ പങ്കുചേരുകയും ആവശ്യത്തിലിരിക്കുന്നവരുമായി അപ്പവും വിഭവങ്ങളും പങ്കിടുകയും ചെയ്യുമ്പോൾ, നമ്മുടെ കഴിവുകൾ എല്ലാവർക്കുമായി ലഭ്യമാക്കുമ്പോൾ, അപ്പോൾ, നമ്മൾ യേശുവിനെപ്പോലെ നമ്മുടെ ജീവിതത്തിൻറെ അപ്പം മുറിക്കുകയാണ്.

ആത്മശോധന

സഹോദരീസഹോദരന്മാരേ, അപ്പോൾ നമുക്ക് സ്വയം ചോദിക്കാം: ഞാൻ എൻറെ ജീവൻ എനിക്കുവേണ്ടി മാത്രം സൂക്ഷിക്കുകയാണോ അതോ യേശുവിനെപ്പോലെ ഞാൻ അത് ദാനം ചെയ്യുകയാണോ? ഞാൻ മറ്റുള്ളവർക്കായി സ്വയം ഉഴിഞ്ഞുവയ്ക്കുകയാണോ അതോ എൻറെ കൊച്ചു സ്വത്വത്തിൽ ഞാൻ അടഞ്ഞിരിക്കുകയാണോ? ദൈനംദിന സാഹചര്യങ്ങളിൽ, എങ്ങനെ പങ്കുചേരണമെന്ന് എനിക്കറിയാമോ അതോ, ഞാൻ എപ്പോഴും എൻറെ താൽപ്പര്യമാണോ നോക്കുന്നത്?

പരിശുദ്ധ അമ്മ

സ്വർഗ്ഗത്തിൽനിന്നിറങ്ങിയ അപ്പമായ യേശുവിനെ സ്വാഗതം ചെയ്യുകയും അവിടത്തോടൊപ്പം തന്നെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കുകയും ചെയ്ത കന്യകാമറിയം, ദിവ്യകാരുണ്യയേശുവിനോട് ഐക്യപ്പെട്ട് സ്നേഹദാനമായി മാറാൻ നമ്മെയും സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവാദനാനന്തരം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - യുദ്ധ വേദികൾക്കായുള്ള പ്രാർത്ഥന

സമാധാന പരിഹാരം കണാനാകാതെ ഒരു വർഷത്തിലേറെയായി യുദ്ധം തുടരുന്ന സുഡാനുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ആയുധങ്ങൾ നിശ്ശബ്ദമാക്കപ്പെടുകയും അന്നാട്ടിലെ ജനങ്ങൾക്കും കുടിയിറക്കപ്പെട്ടവർക്കും സഹായം എത്തിക്കാൻ പ്രാദേശിക അധികാരികളും അന്താരാഷ്ട്ര സമൂഹവും പരിശ്രമിക്കുകയും  ചെയ്യണമെന്ന് പാപ്പാ പറഞ്ഞു. അഭയാർത്ഥികളായിത്തീർന്നിട്ടുള്ള സുഡാൻകാർക്ക് അയൽ രാജ്യങ്ങളിൽ സ്വാഗതവും സംരക്ഷണവും ലഭിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. യുദ്ധവേദികളായ ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ മ്യൻമാർ എന്നീ നാടുകളെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. അക്രമം അവസാനിപ്പിച്ച് സംഭാഷണത്തിലേക്കും കൂടിയാലോചനകളിലേക്കും തിരിയാൻ ഭരണാധികാരികളുടെ വിവേകബുദ്ധിയോട് താൻ അഭ്യർത്ഥിക്കുകയാണെന്ന് പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യം

ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2024, 10:33

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >