തിരയുക

ലോകത്തിലെ അമ്മമാരിലൂടെ ദൈവ നാമം വാഴ്ത്തപ്പെടട്ടെ, പാപ്പാ!

ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനയ്ക്ക് ഒരുക്കമായി നടത്തിയ വിചിന്തനം: മാതൃത്വത്തിൻറെ മഹത്വവും സൗഷ്ഠവവും ജീവൻ എന്ന ദൈവിക ദാനവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ തണുപ്പ് കൂടിവരുന്ന ദിനങ്ങളാണ്. തനിക്ക് ജലദോഷത്തിൻറെ ലക്ഷണങ്ങൾ പ്രകടമാകയാൽ ഡിസംബർ 22-ന് ഞായറാഴ്ച (22/12/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചത്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനഭിമുഖമായി നില്ക്കുമ്പോൾ പേപ്പൽ ഭവനത്തിൻറെ,   വലത്തുവശത്തുള്ള ഭാഗത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കൽ നിന്നായിരുന്നില്ല പ്രത്യതുത, ഒരു മുൻകരുതൽ എന്ന നിലയിൽ, തണുപ്പേൽക്കാതിരിക്കുന്നതിന്, തൻറെ വാസയിടമായ വിശുദ്ധ മാർത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലെ കപ്പേളയിൽ ഇരുന്നുകൊണ്ടായിരുന്നു.   ഈ  പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, മഴയും തണുപ്പും മൂലം കാലാവസ്ഥ മോശമായിരുന്നെങ്കിലും, വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ, സന്നിഹിതരായിരുന്നു. വത്തിക്കാൻ ചത്വരത്തിൽ സ്ഥാപിച്ചിട്ടുള്ള വലിയ ടെലെവിഷൻ സ്ക്രീനുകൾ വഴി അവർക്ക് ഈ പ്രാർത്ഥനയിൽ സംബന്ധിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു. പാപ്പായുടെ വദനം സ്ക്രീനിൽ തെളിഞ്ഞപ്പോൾ  ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു.

റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ആഗമനകാലത്തിലെ അവസാനത്തെതായ ഈ ഞായാറാഴ്ച (22/12/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായം, 39-45 വരെയുള്ള വാക്യങ്ങൾ (ലൂക്കാ 1,39-45) അതായത്, മംഗളവാർത്ത ശ്രവിച്ചതിനു ശേഷം മറിയം തൻറെ ഗർഭിണിയായ ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കുന്നതിനു പോകുന്നതും മറിയത്തിൻറെ അഭിവാദനം ശ്രവിച്ച എലിസബത്തിൻറെ ഉദരത്തിൽ ശിശു കുതിച്ചു ചാടുന്നതും എലിസബത്താകട്ടെ നീ സ്തീകളിൽ അനുഗ്രഹീതയാണ്, നിൻറെ ഉദരഫലവും അനുഗ്രഹീതം എന്ന് പ്രത്യഭിവാദ്യം ചെയ്യുന്നതുമായ സംഭവവിവരണഭാഗംആയിരുന്നു. ചത്വരത്തിൽ വിശ്വാസികളോടൊപ്പമായിരിക്കാൻ തനിക്കു കഴിയാത്തതിലുള്ള തൻറെ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് പാപ്പാ തൻറെ വിചിന്തനം ആരംഭിച്ചത്.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരികയാണെന്നും മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമാണെന്നും  പറഞ്ഞുകൊണ്ട് പാപ്പാ ഇപ്രകാരം തുടർന്നു:

മറിയം എലിസബത്തിനെ സന്ദർശിക്കുന്നു

ഗർഭിണിയും പ്രായംചെന്നവളുമായ ബന്ധുവായ എലിസബത്തിനെ,  ദൈവദൂതൻറെ അറിയിപ്പിന് ശേഷം, സന്ദർശിക്കുന്ന മറിയത്തെയാണ് (ലൂക്കാ 1:39-45 കാണുക) ഇന്ന് സുവിശേഷം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. അതിനാൽ, മാതൃത്വത്തിൻറെ അസാധാരണമായ ദാനത്താൽ സന്തോഷവതികളായ രണ്ട് സ്ത്രീകളുടെ സമാഗമമാണ് അവരുടേത്: മറിയം ലോകരക്ഷകനായ യേശുവിനെ ഗർഭം ധരിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളൂ (ലൂക്കോസ് 1,31-35 കാണുക), എലിസബത്താകട്ടെ, വാർദ്ധക്യത്തിൽ, യോഹന്നാനെ ഗർഭം ധരിച്ചിരിക്കുന്നു.  അവൻ ഭാവിയിൽ മിശിഹായ്ക്ക് വഴി ഒരുക്കും (ലൂക്കാ 1:13-17 കാണുക).

കുഞ്ഞുങ്ങൾ ജീവൻറെ ദാനം

ഇരുവർക്കും സന്തോഷിക്കാൻ ധാരാളം വകയുണ്ട്, ഒരുപക്ഷേ, നമ്മുടെ അനുഭവത്തിൽ സാധാരണ സംഭവിക്കാത്ത അത്തരം മഹാ അത്ഭുതങ്ങളുടെ നായികകളായി അവർ അകലെയാണെന്ന പ്രതീതി നമുക്കുണ്ടാകാം. എന്നാൽ, തിരുപ്പിറവിക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സുവിശേഷകൻ നമുക്ക് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം വിഭിന്നമാണ്. വാസ്‌തവത്തിൽ, ദൈവത്തിൻറെ രക്ഷാകരപ്രവർത്തനത്തിൻറെ മഹത്തായ അടയാളങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത് ഒരിക്കലും അവനിൽ നിന്ന് അകലെയാണെന്ന തോന്നലുണ്ടാക്കരുത്, മറിച്ച് അവൻറെ സാന്നിദ്ധ്യവും അവനോടുള്ള സ്‌നേഹവും നമ്മുടെ ചാരെയാണെന്ന് തിരിച്ചറിയാൻ നമ്മെ സഹായിക്കണം, ഉദാഹരണത്തിന്, ഓരോ ജീവൻറെയും  ഓരോ ശിശുവിൻറെയും അവൻറെ അമ്മയുടെയും ദാനത്തിൽ. ജീവൻറെ ദാനം. "അവൻറെ രൂപത്തിൽ"- “ആ സുവ ഇമ്മാജിനെ” (A sua immagine) എന്ന പരിപാടിയിൽ, മനോഹരമായ ഒരു വാക്യം ഞാൻ വായിച്ചു: ഒരു കുഞ്ഞും ഒരു തെറ്റല്ല. ജീവൻറെ ദാനമാണ്.

മാതൃത്വത്തിൻറെ മഹനീയത

ഇവിടെ, ചത്വരത്തിൽ, ഇന്ന് തങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാരുണ്ടാകും, ഒരു പക്ഷേ,  ഗർഭിണികളായ ചിലരും. ദയവായി, അവരുടെ സാന്നിധ്യത്തിൽ നമ്മൾ നിസ്സംഗരായി നിലകൊള്ളരുത്, എലിസബത്തും മറിയവും  ചെയ്തതുപോലെ, അവരുടെ ഈ സൗഷ്ഠവത്തിൽ, പ്രതീക്ഷയിൽ കഴിയുന്ന സ്ത്രീകളുടെ ആ മനോഹാരിതയിൽ, വിസ്മയംകൊള്ളാൻ നമുക്ക് പഠിക്കാം. നമുക്ക് അമ്മമാരെ അനുഗ്രഹിക്കാം, ജീവൻറെ അത്ഭുതത്തിന് ദൈവത്തെ സ്തുതിക്കാം! ഞാൻ രൂപതയിലേക്ക് ബസ്സിൽ പോകുമായിരുന്നപ്പോൾ, ഒരു ഗർഭിണി ബസ്സിൽ കയറുകയാണെങ്കിൽ, അവൾക്ക് ഞാൻ ഉടൻ ഇരിപ്പിടം നൽകുമായിരുന്നു: അത് ഒരു പ്രതീക്ഷയുടെയും ആദരവിൻറെയും അടയാളമാണ്! എനിക്കത് ഇഷ്ടമാണ് - എനിക്ക് ഇഷ്ടമായിരുന്നു എന്നു പറയാം, കാരണം, ഇപ്പോൾ എനിക്ക് അത് ചെയ്യാൻ കഴിയില്ലല്ലോ.

അമ്മമാരിലൂടെ ദൈനാമം സ്തുതിക്കപ്പെടട്ടെ

സഹോദരീ സഹോദരന്മാരേ, ഈ ദിവസങ്ങളിൽ ദീപങ്ങൾ, അലങ്കാരങ്ങൾ, തിരുപ്പിറവിഗീതങ്ങൾ എന്നിവയാൽ ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിക്കാൻ നാം ഇഷ്ടപ്പെടുന്നു. എന്നാൽ, കുഞ്ഞിനെ കരങ്ങളിലോ ഉദരത്തിലോ വഹിക്കുന്ന ഒരു അമ്മയെ കണ്ടുമുട്ടുമ്പോഴെല്ലാം സന്തോഷത്തിൻറെ വികാരങ്ങൾ പ്രകടിപ്പിക്കണമെന്നത് നമുക്ക് ഓർത്തിരിക്കാം. നമുക്കതു സംഭവിക്കുമ്പോൾ, ഹൃദയത്തിൽ പ്രാർത്ഥിക്കാം, എലിസബത്തിനെപ്പോലെ നമുക്കും പറയാം: " നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്, നിൻറെ ഉദരഫലവും അനുഗ്രഹീതം!" (ലൂക്കാ 1,42); നമുക്ക് മറിയത്തെപ്പോലെ ആലപിക്കാം: "എൻറെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു" (ലൂക്കോസ് 1.46), അങ്ങനെ എല്ലാ മാതൃത്വവും അനുഗ്രഹിക്കപ്പെടട്ടെ, കുഞ്ഞുങ്ങൾക്ക് ജീവനേകുന്നതിനുള്ള അധികാരം സ്ത്രീപുരഷന്മാർക്കേകിയ ദൈവത്തിൻറെ നാമത്തിന് ലോകത്തിലെ എല്ലാ അമ്മമാരിലൂടെയും നന്ദിയർപ്പിക്കപ്പെടുകയും ദൈവനാമം വാഴ്ത്തപ്പെടുകയും ചെയ്യട്ടെ.

ജീവൻറെ പവിത്രമൂല്യം ആദരിക്കുക

നിങ്ങൾ കൊണ്ടുവന്നിട്ടുള്ള "ഉണ്ണിയേശുവിൻറെ രൂപങ്ങൾ" നമ്മൾ ഉടനെ തന്നെ ആശീർവദിക്കും - ഞാൻ എൻറേത് കൊണ്ടുവന്നിട്ടുണ്ട്: ഇത് എനിക്ക് നൽകിയത് സാന്താ ഫേയിലെ ആർച്ച്ബിഷപ്പാണ്, എക്വദോർക്കാരായ ആദിവാസികൾ നിർമ്മിച്ചതാണത്. ഇപ്പോൾ നമുക്ക് സ്വയം ചോദിക്കാം: നമ്മുടെ അസ്തിത്വത്തിൽ, പാപം ഒഴികെയുള്ള എല്ലാറ്റിലും പങ്കുചേരുന്നതിനായി, നമ്മെപ്പോലെ മനുഷ്യനായിത്തീർന്നതിന് ഞാൻ കർത്താവിന് നന്ദി പറയുന്നുണ്ടോ? ജനിക്കുന്ന ഓരോ കുഞ്ഞിനും വേണ്ടി ഞാൻ കർത്താവിനെ സ്തുതിക്കുകയും അവനെ വാഴ്ത്തുകയും ചെയ്യുന്നുണ്ടോ? ഗർഭിണിയായ ഒരു അമ്മയുമായി കണ്ടുമുട്ടുമ്പോൾ ഞാൻ കാരുണ്യത്തോടെ പെരുമാറുന്നുണ്ടോ? അമ്മയുടെ ഉദരത്തിൽ ഗർഭം ധരിക്കപ്പെടുന്ന നിമിഷം മുതൽ പിഞ്ചുകുഞ്ഞുങ്ങളുടെ  ജീവൻറെ പവിത്ര മൂല്യത്തെ ഞാൻ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടോ?  സ്ത്രീകളിലേറ്റം അനുഗ്രഹീതയായ മറിയം, നമ്മെ, പിറവിയെടുക്കുന്ന ജീവൻറെ രഹസ്യത്തിനു മുന്നിൽ അത്ഭുതവും നന്ദിയും അനുഭവിക്കാൻ പ്രാപ്തരാക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

റോമക്കാരും ഇറ്റലിയുടെ ഇതരഭാഗങ്ങളിലും മറ്റ് രാജ്യങ്ങളിലും നിന്ന് എത്തിയിരുന്നവരുമുൾപ്പടെയുള്ള തീർത്ഥാടകരെ പാപ്പാ ആശീർവ്വാദാനന്തരം  അഭിവാദ്യം ചെയ്തു.

മൊസാംബിക്കിൽ സംഭാഷണം പ്രബലപ്പെടട്ടെ!

കലാപകലുഷിതമായ മൊസാംബിക്കിനെ പാപ്പാ ആശീർവ്വാദത്തിനു ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്യവെ അനുസ്മരിച്ചു.  മൊസാംബിക്കിൽ നിന്ന് വരുന്ന വാർത്തകൾ താൻ ശ്രദ്ധയോടും ആശങ്കയോടും കൂടി പിന്തുടരുന്നുണ്ടെന്നു പറഞ്ഞ പാപ്പാ ആ ജനതയ്ക്ക് പ്രത്യാശയും സമാധാനവും അനുരഞ്ജനവും ഉണ്ടാകട്ടെയെന്ന തൻറെ ആശംസ നവീകരിച്ചു. പരസ്പര വിശ്വാസമില്ലായ്മയുടെയും ഭിന്നിപ്പിൻറെയും സ്ഥാനത്ത് വിശ്വാസത്തിൻറെയും സന്മനസ്സിൻറെയും പിന്തുണയോടുകൂടിയ, സംഭാഷണവും പൊതുനന്മയ്ക്കായുള്ള  തീവ്രാഭിലാഷവും പ്രബലപ്പെടട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

തിരുപ്പിറവിത്തിരുന്നാൾക്കാലത്ത് വെടിനിറുത്തൽ ഉണ്ടാകട്ടെ!

പീഢിത ഉക്രൈയിനു നേർക്കുള്ള ആക്രമണങ്ങൾ തുടരുന്നതും ചിലപ്പോഴൊക്കെ, വിദ്യാലയങ്ങളും ആശുപത്രികളും ദേവാലയങ്ങളും ആക്രമിക്കപ്പെടുന്നതും  അനുസ്മരിച്ച പാപ്പാ ആയുധങ്ങൾ നിശബ്ദമാകുകയും, തിരുപ്പിറവിത്തിരുന്നാൾ കരോൾഗീതങ്ങൾ മുഴങ്ങുകയും ചെയ്യട്ടെയെന്ന് ആശംസിച്ചു.  ഉക്രൈനിലും വിശുദ്ധനാട്ടിലും, മദ്ധ്യപൂർവ്വദേശത്താകമാനവും ലോകമെമ്പാടും എല്ലാ യുദ്ധമുഖങ്ങളിലും തിരുപ്പിറവിത്തിരുന്നാൾക്കാലത്ത് വെടിനിർത്തൽ ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. അങ്ങേയറ്റം ക്രൂരത അരങ്ങേറുന്ന ഗാസയെ പാപ്പാ വേദനയോടെ ഓർത്തു. കുട്ടികളെ യന്ത്രത്തോക്കുകൾക്കിരകളാക്കുന്നതും  വിദ്യാലയങ്ങൾക്കും ആശുപത്രികൾക്കും നേരെ ബോംബാക്രമണം നടത്തുന്നതും എന്തൊരു ക്രൂരതയാണെന്ന് പാപ്പാ വേദനയോടെ പറഞ്ഞു.

പാപ്പാ വത്തിക്കാനിൽ കുട്ടികളുമൊത്ത്

വത്തിക്കാനിൽ വിൻസെൻഷ്യൻ സിസ്റ്റേഴ്‌സ് നടത്തുന്ന സാന്താ മാർത്ത ചികിത്സാകേന്ദ്രത്തിൻറെ സേവനം ലഭിക്കുന്ന കുട്ടികളും അവരു മാതാപിതാക്കളുമൊത്ത് ഞായറാഴ്ച രാവിലെ അല്പസമയം ചിലവഴിക്കാൻ തനിക്കു കഴിഞ്ഞത് പാപ്പാ സസന്തോഷം അനുസ്മരിച്ചു. ഈ കുഞ്ഞുങ്ങൾ തൻറെ ഹൃദയത്തെ ആനന്ദഭരിതമാക്കി എന്നു പാപ്പാ പറഞ്ഞു. ഒരു ശിശുവും ഒരു തെറ്റല്ല എന്നത് പാപ്പാ ആവർത്തിക്കുകയും ചെയ്തു.

ഉണ്ണിയേശുവിൻറെ രൂപങ്ങളുടെ ആശീർവ്വാദകർമ്മം

അനുവർഷം പതിവുള്ളതുപോലെ, പാപ്പായെക്കൊണ്ട് ആശീർവദിപ്പിക്കുന്നതിനായി  കുട്ടികൾ കൊണ്ടുവന്ന, അവരുടെ ഭവനങ്ങളിലെ പുൽക്കൂടുകളിൽ വയ്ക്കുന്നതിനുള്ള ഉണ്ണിയേശുവിൻറെ രൂപങ്ങൾ പാപ്പാ ആശീർവ്വദിച്ചു. പുൽക്കൂടു നിർമ്മിച്ച് അതിൽ ഉണ്ണിയേശുവിനെ വയ്ക്കുന്നത് ലളിതവും എന്നാൽ വളരെ പ്രാധാന്യമുള്ളതുമായ ഒരു പ്രവർത്തിയാണെന്ന് പാപ്പാ തദ്ദവസരത്തിൽ പറഞ്ഞു. കുട്ടികളും മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരുമുൾപ്പെടെ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും പാപ്പാ അനുഗ്രഹിച്ചു. മുത്തശ്ശീമുത്തശ്ശന്മാരോടും കരുതലുള്ളവരായിരിക്കേണ്ടതിൻറെ പ്രാധാന്യം എടുത്തുകാട്ടിയ പാപ്പാ ഈ ദിനങ്ങളിൽ ആരും ഏകാന്തതയിലേക്കു തള്ളപ്പെടരുതെന്ന് പറഞ്ഞു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും  നല്ലൊരു ഞായറാശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട്   പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 December 2024, 11:37

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >