തിരയുക

എൻറെ പ്രത്യാശ അധികാരാധിപത്യങ്ങളിലോ ദൈവത്തിൻറെ അനന്തകാരുണ്യത്തിലോ?

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യഹ്നപ്രാർത്ഥനാ പ്രഭാഷണം, അമലോത്ഭവത്തിരുന്നാൾ ദിനത്തിൽ. മംഗളവാർത്താവേളയിൽ പരിശുദ്ധ കന്യക അരുളുന്ന സമ്മതവും നരകുലത്തിൻറെ പ്രത്യാശയും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മഴയും തണുപ്പും പ്രതികൂലാവസ്ഥ സൃഷ്ടിച്ച ഒരു ദിനമായിരുന്നു പരിശുദ്ധ കന്യകാമറിയത്തിൻറെ അമലോത്ഭവത്തിരുന്നാൾ ആചരിക്കപ്പെട്ട ഡിസംബർ 8 ഞായറാഴ്ച (08/12/24) റോമിൽ. അന്നു രാവിലെ ഫ്രാൻസീസ് പാപ്പാ, തലേ ദിവസം, അതായത് ഏഴാം തീയതി ശനിയാഴ്ച താൻ വിളിച്ചുകൂട്ടിയ സാധാരണ പൊതുകൺസിസ്റ്ററിയിൽ വച്ച് കർദ്ദിനാളന്മാരാക്കിയ ജോർജ് കൂവക്കാടുൾപ്പടെയുള്ള 21 നവകർദ്ദിനാളന്മാരും കർദ്ദിനാൾ സംഘത്തിലെ ഇതര അംഗങ്ങളുമൊത്ത് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സഘോഷമായ സമൂഹദിവ്യബലി അർപ്പിച്ചു. അതിനു ശേഷമാണ്, പാപ്പാ, ഞായാറാഴ്ചകളിലെ പതിവനുസരിച്ച് വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചത്. ഈ  പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, കാലാവസ്ഥ മോശമായിരുന്നെങ്കിലും, നവകർദ്ദിനാളന്മാരുടെ ബന്ധുമിത്രാദികളുൾപ്പടെ, വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ, മനോഹരമായ പുൽക്കുടിനെയും ക്രിസ്തുമസ്സ് മരത്തെയും വലയം ചെയ്ത്, സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു.

റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ആഗമനകാലത്തിലെ രണ്ടാത്തെതായ ഈ ഞായാറാഴ്ച (07/12/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായം, 26-38- വരെയുള്ള വാക്യങ്ങൾ (ലൂക്കാ 1,26-38) അതായത്, നസ്രത്തിലെ കന്യകയെ ദൈവസൂനുവിൻറെ അമ്മയാകാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വിവരം, മംഗളവാർത്ത, ദൈവദൂതൻ  ആ കന്യകയായ മറിയത്തെ അറിയക്കുന്ന സംഭവവിവരണം ആയിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:

കന്യകാമറിയത്തിൻറെ "സമ്മതം"

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായറും തിരുന്നാൾ മംഗളങ്ങളും!

ഇന്ന്, അമലോത്ഭവത്തിരുന്നാളിൽ, സുവിശേഷം നമ്മോടു വിവരിക്കുന്നത് മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടവയും മനോഹരങ്ങളുമായ നിമിഷങ്ങളിലൊന്നാണ്: മുഖ്യ ദൂതനായ ഗബ്രിയേലിനോട് മറിയം  "സമ്മതം" എന്ന് പറഞ്ഞതോടെ ദൈവപുത്രനായ യേശുവിൻറെ മാംസധാരണം സാധ്യമാക്കിയ മംഗളവാർത്ത (ലൂക്കാ 1,26-38 കാണുക). ഏറ്റവും വലിയ അത്ഭുതവും വികാരവും ഉണർത്തുന്ന ഒരു രംഗമാണിത്, കാരണം അത്യുന്നതനും സർവ്വശക്തനുമായ ദൈവം ദൂതൻ വഴി നസ്രത്തിലെ ഒരു യുവതിയുമായി സംഭാഷണം നടത്തുന്നു, തൻറെ പരിത്രാണപദ്ധതിക്കായി അവളുടെ സഹകരണം ആവശ്യപ്പെടുന്നു. ഇന്ന് നിങ്ങൾക്ക് കുറച്ച് സമയം കിട്ടുകയാണെങ്കിൽ, വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ഈ രംഗം വായിക്കുക. ഇത് നിങ്ങൾക്ക് ഗുണകരമാകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു!

ദൈവ മനുഷ്യ സമാഗമം

സിസ്റ്റൈൻ കപ്പേളയിൽ മൈക്കിളാഞ്ചലോ വരച്ചിരിക്കുന്ന ആദാമിൻറെ സൃഷ്ടിയുടെ രംഗത്തിൽ സ്വർഗ്ഗീയ പിതാവിൻറെ വിരൽ മനുഷ്യൻറെ വിരലിനെ സ്പർശിക്കുന്നതുപോലെ ഇവിടെയും, നമ്മുടെ വിണ്ടെടുപ്പിനു മുമ്പ് മനുഷ്യപ്രകൃതിയും ദൈവികപ്രകൃതിയും കണ്ടുമുട്ടുന്നു, കന്യാമറിയം "അതെ" എന്ന് ഉച്ചരിക്കുന്ന അനുഗ്രഹീത നിമിഷത്തിൽ, വിസ്മയകരമായ ലാളിത്യത്തോടെ ഈ കൂടിക്കാഴ്ച നടക്കുന്നു. ഒരു ചെറിയ പ്രാന്തപ്രദേശത്തു നിന്നുള്ളവളായ അവൾ ചരിത്രത്തിൻറെ കേന്ദ്രത്തിലേക്ക് എന്നെന്നേക്കുമായി വിളിക്കപ്പെടുന്നു: മാനവരാശിയുടെ ഭാഗധേയം അവളുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കുന്നു, അങ്ങനെ അതിനു പുഞ്ചിരിക്കാനും വീണ്ടും പ്രതീക്ഷിക്കാനും കഴിയും, കാരണം അതിൻറെ ഭാഗധേയം നല്ല കരങ്ങളിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു. അവളായിരിക്കും, പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച്, രക്ഷകനെ കൊണ്ടുവരുക.

മറിയം പ്രസാദവര പൂരിത

അതിനാൽ, മറിയം, മുഖ്യദൂതനായ ഗബ്രിയേൽ അഭിവാദ്യം ചെയ്യുന്നതുപോലെ, "കൃപ നിറഞ്ഞവളാണ്" (ലൂക്കാ 1.28), അമലോത്ഭവയാണ്, പൂർണ്ണമായും ദൈവവചനത്തിൻറെ സേവനത്തിലാണ്, അവൾ സദാ കർത്താവിനോടു കൂടെയാണ് അവൾ തന്നെത്തന്നെ കർത്താവിന് പൂർണ്ണമായി സമർപ്പിച്ചിരിക്കുന്നു. കർത്താവിൻറെ ഹിതത്തിനു വിരുദ്ധമായ യാതൊന്നും അവളിലില്ല, സത്യത്തിനും ഉപവിക്കും എതിരായി ഒന്നുമില്ല. ഇതാ എല്ലാ തലമുറകളും പാടുന്ന അവളുടെ കൃപ. നമുക്കും സന്തോഷിക്കാം, കാരണം അമലോത്ഭവയായ അവൾ നമ്മുടെ രക്ഷയായ യേശുവിനെ നമുക്ക് പ്രദാനംചെയ്തിരിക്കുന്നു!

എവിടെയാണ് നമ്മുടെ പ്രത്യാശ?

സഹോദരീ സഹോദരന്മാരേ, ഈ രഹസ്യത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ നമുക്ക് നമ്മോടുതന്നെ ചോദിക്കാം: യുദ്ധങ്ങളാൽ പ്രക്ഷുബ്ധവും കൈവശമാക്കാനും ആധിപത്യം സ്ഥാപിക്കാനുമുള്ള ശ്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ നമ്മുടെ ഈ കാലഘട്ടത്തിൽ, ഞാൻ എവിടെ പ്രതീക്ഷയർപ്പിക്കും? ശക്തിയിൽ, പണത്തിൽ, ശക്തരായ സുഹൃത്തുക്കളിൽ? ഞാൻ അവിടെയാണോ പ്രത്യാശ വയ്ക്കുക? അതോ ദൈവത്തിൻറെ അനന്തമായ കാരുണ്യത്തിലോ? മാദ്ധ്യമങ്ങളിലും ഇൻറർനെറ്റിലും പ്രചരിക്കുന്ന നിരവധിയായ മിന്നുന്ന വ്യാജ മാതൃകകൾക്കു മുന്നിൽ എൻറെ സന്തോഷം ഞാൻ എവിടെയാണ് തേടേണ്ടത്? എൻറെ ഹൃദയത്തിൻറെ നിധി എവിടെയാണ്? ദൈവം എന്നെ സൗജന്യമായി സ്നേഹിക്കുന്നു എന്ന വസ്തുതയിലാണോ, അവൻറെ സ്നേഹം എപ്പോഴും എനിക്ക് മുമ്പേ പോകുന്നു, ഞാൻ അവനിലേക്ക് അനുതപിച്ച് മടങ്ങുമ്പോൾ അവൻ എന്നോട് ക്ഷമിക്കാൻ തയ്യാറാണ് എന്നതിലാണോ? ദൈവസ്നേഹത്തിലുള്ള ആ പുത്രസന്നിഭ പ്രത്യശയിലാണോ? അതോ എന്തുവിലകൊടുത്തും എൻറെ അഹവും എൻറെ ഇഷ്ടവും ഉറപ്പിക്കാൻ ശ്രമിക്കാമെന്ന വ്യാമോഹത്തിലാണോ?

ഹൃദയമനസ്സുകളുടെ വാതിൽ തുറന്നിടാം

സഹോദരീ സഹോദരന്മാരേ, ജൂബിലിയുടെ വിശുദ്ധ വാതിൽ തുറക്കൽ ആസന്നമായിക്കൊണ്ടിരിക്കുന്ന വേളയിൽ, നമുക്ക് നമ്മുടെ ഹൃദയത്തിൻറെയും മനസ്സിൻറെയും വാതിലുകൾ കർത്താവിനായി തുറക്കാം. അവൻ അമലോത്ഭവ മറിയത്തിൽ നിന്നാണ് ജനിച്ചത്: മറിയത്തിൻരെ  മാദ്ധ്യസ്ഥ്യം നമുക്കു തേടാം. ഞാൻ നിങ്ങൾക്ക് ഒരു ഉപദേശം തരാം. നല്ല കുമ്പസാരം നടത്തുന്നതിന് തീരുമാനിക്കാനുള്ള നല്ല ദിവസമാണ് ഇന്ന്. നിങ്ങൾക്ക് ഇന്ന് പോകാൻ പറ്റിയില്ലെങ്കിൽ, ഈ ആഴ്ച, അടുത്ത ഞായറാഴ്ചയ്ക്കുള്ളിൽ. നിങ്ങളുടെ ഹൃദയം തുറക്കുക, കർത്താവ് എല്ലാം, സകലതും ക്ഷമിക്കും. അങ്ങനെ മറിയത്തിൻറെ കരങ്ങളിൽ നമ്മൾ കൂടുതൽ സന്തുഷ്ടരായിരിക്കും.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

റോമക്കാരും ഇറ്റലിയുടെ ഇതരഭാഗങ്ങളിലും മറ്റ് രാജ്യങ്ങളിലും നിന്ന് എത്തിയിരുന്നവരുമുൾപ്പടെയുള്ള തീർത്ഥാടകരെ പാപ്പാ ആശീർവ്വാദാനന്തരം  അഭിവാദ്യം ചെയ്തു.

നിക്കാരാഗ്വയിലെ സഭയുടെ ചാരെ

മറിയത്തിൻറെ അമലോത്ഭവത്തിരുന്നാൾ ആഘോഷവേളയിൽ താൻ നിക്കരാഗ്വയിലെ സഭയുടെ ചാരെ സവിശേഷമാംവിധം സന്നിഹിതനാണെന്ന് പാപ്പാ പറഞ്ഞു. അന്നാട്ടിലെ സഭയ്ക്കും ജനങ്ങൾക്കും വേണ്ടിയുള്ള തൻറെ പ്രാർത്ഥനയിൽ പങ്കുചേരാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. നിക്കരാഗ്വയിലെ ജനങ്ങൾ ഏറ്റം പരിശുദ്ധയായ അമലോത്ഭവ മറിയത്തെ അമ്മയും സ്വർഗ്ഗീയസംരക്ഷകയുമായി വണങ്ങുകയും വിശ്വാസത്തിൻറെയും പ്രത്യാശയുടെയും നിലവിളി അവളുടെ സന്നിധിയിലേക്കുയർത്തുകയും ചെയ്യുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.  കഷ്ടപ്പാടുകളിലും അനിശ്ചിതത്വങ്ങളിലും സ്വർഗ്ഗീയമാതാവ് അവർക്ക് സാന്ത്വനമേകുകയും എല്ലാവരുടെയും ഹൃദയങ്ങൾ തുറക്കുകയും ചെയ്യട്ടെയെന്നും അങ്ങനെ രാജ്യത്ത് സമാധാനവും സാഹോദര്യവും സൗഹാർദ്ദവും പരിപോഷിപ്പിക്കുന്നതിന് മാന്യവും ക്രിയാത്മകവുമായ സംഭാഷണത്തിൻറെ പാത എപ്പോഴും തേടാൻ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

യുദ്ധവേദികളിൽ സമാധാനം ഉണ്ടാകുന്നതിനായി അനവരതം പ്രാർത്ഥിക്കുക

യുദ്ധദുരന്ത വേദികളായ ഉക്രൈയിനിലും മദ്ധ്യപൂർവ്വദേശത്തും, അതായത്  പലസ്തീൻ, ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിലും ഇപ്പോൾ സിറിയയിലും അതുപോലെതന്നെ മ്യാൻമർ, സുഡാൻ തുടങ്ങി എല്ലായിടങ്ങളിലും സമാധാനം സംജാതമാകുന്നുതിനു വേണ്ടിയുള്ള പ്രാർത്ഥന തുടരാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ഈ പ്രദേശങ്ങളെല്ലാം യുദ്ധവും അക്രമവും മൂലം വലയുകയാണെന്ന വസ്തുത അനുസ്മരിച്ച പാപ്പാ ഈ തിരുപ്പിറവിത്തിരുന്നാൾ വേളയിൽ എല്ലാ യുദ്ധമുഖങ്ങളിലും വെടിനിറുത്തലുണ്ടാകുന്നതിനായി യത്നിക്കാൻ സർക്കാരുകളോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യർത്ഥിച്ചു.

അമേരിക്കൻ ഐക്യനാടുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്കായി പ്രാർത്ഥന അഭ്യർത്ഥിച്ച് പാപ്പാ

അമേരിക്കൻ ഐക്യനാടുകളിൽ മരണത്തിൻറെ ഇടനാഴിയിൽ കഴിയുന്ന തടവുകാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരോടും അഭ്യർത്ഥിച്ചു. വധശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നവരുടെ ആ ശിക്ഷ ഇളവു ചെയ്യപ്പെടുകയോ മാറ്റപ്പെടുകയയോ ചെയ്യുന്നതിനായും അവരെ മരണത്തിൽ നിന്നു രക്ഷിക്കുന്നതിനായും കർത്താവിനോടു പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

തൊഴിലവകാശം ഔന്നത്യാവകാശം, പാപ്പാ!

തൊഴിലവകാശ സംരക്ഷണത്തിനായി പോരാടുന്ന ഇറ്റലിയിലെ സീയെനാ, ഫബ്രിയാനൊ, ആസ്കൊളി പിചേനൊ എന്നിവിടങ്ങളിലെ തൊഴിലാളികളോടുള്ള തൻറെ ഐക്യദാർഢ്യം പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ പ്രകടിപ്പിച്ചു. തൊഴിലവകാശം ഔന്നത്യാവകാശമാണെന്നും സാമ്പത്തികമോ ധനപരമോ ആയ കാരണങ്ങളാൽ അവരുടെ ജോലി എടുത്തുകളയാനാവില്ലെന്നും പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും  നല്ലൊരു ഞായറും അമലോത്ഭവത്തിരുന്നാളും ആശംസിക്കുകയും ഞായറാഴ്ച ഉച്ചതിരിഞ്ഞ് സ്പാനിഷ് ചത്വരത്തിൽ കാണാമെന്നു പറയുകയും ചെയ്ത പാപ്പാ തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ചു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 December 2024, 12:18

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >