തിരയുക

ഭയലേശമന്യേ, അനശ്വരമായവയെക്കുറിച്ചുള്ള ആനന്ദത്തോടെ, ജീവിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം: പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ അവയെ സകലത്തിൻറെയും അന്ത്യമായി കാണാതെ, "കടന്നുപോകാത്തവയെ" ക്കുറിച്ചുള്ള ചിന്തയിൽ സന്തോഷത്തോടെ ജീവിതം നയിക്കുക. ദൈവം നമുക്കുവേണ്ടി ജീവൻറെയും സന്തോഷത്തിൻറെയും ഭാവി ഒരുക്കുന്നു എന്ന കാര്യം നാം മറക്കരുത്. ഭൗമികവസ്തുക്കളിൽ നമ്മെത്തന്നെ നാം ബന്ധിച്ചിടരുത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലത്തീൻ റീത്തിൻറെ ആരാധനക്രമമനുസരിച്ച് സാധാരണ കാലത്തിലെ മുപ്പത്തിമൂന്നാമത്തെ ഞായറാഴ്ച കത്തോലിക്കാസഭ പാവപ്പെട്ടവർക്കായുള്ള ലോക ദിനം ആചരിക്കുന്നു. ഇക്കൊല്ലം ഇത് നവമ്പർ 17-ന് (17/11/24)  ഞായറാഴ്ച ആയിരുന്നു. ഈ ദിനത്തിൽ രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ ദിവ്യബലി അർപ്പിക്കപ്പെട്ടു. ഈ വിശുദ്ധ കുർബ്ബാനയ്ക്കു ശേഷമാണ് പാപ്പാ ഞായറാഴ്ചകളിലെ പതിവനുസരിച്ചുള്ള പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചത്. അതിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആരവങ്ങളും ചത്വരത്തിൽ ഉയർന്നു.  

റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (17/11/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം പതിമൂന്നാം അദ്ധ്യായം, 24-32 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 13:24-32) അതായത്, മനുഷ്യപുത്രൻറെ ആഗമനത്തെയും അതിനു മുന്നോടിയായി പ്രകൃതിയിലുണ്ടാകുന്ന അസ്വസ്ഥജനക സംഭവങ്ങളെയുംകുറിച്ച് യേശു പറയുന്ന ഭാഗം ആയിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രകൃതിയിലെ സംഭ്രമജനക സംഭവങ്ങൾ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷത്തിൽ, യേശു വലിയൊരു അനർത്ഥത്തെക്കുറിച്ച് വിവരിക്കുന്നു, "സൂര്യൻ ഇരുണ്ടുപോകും, ​​ചന്ദ്രൻ ഇനിമേൽ പ്രകാശം നൽകില്ല" (മർക്കോസ് 13:24). ഈ ക്ലേശത്തിനു മുന്നിൽ  പലരും ലോകാന്ത്യത്തെക്കുറിച്ച് ചിന്തിച്ചേക്കാം, എന്നാൽ കർത്താവ് നമുക്ക് മറ്റൊരു വ്യാഖ്യാനം നൽകാൻ ആ അവസരം ഉപയോഗിക്കുന്നു, അവിടന്നു പറയുന്നു: "ആകാശവും ഭൂമിയും കടന്നുപോകും, എന്നാൽ എൻറെ വാക്കുകൾ കടന്നുപോകുകയില്ല" (മർക്കോസ് 13, 31).

കടന്നുപോകുന്നവയും നിലന്ല്ക്കുന്നവയും

കടന്നുപോകുന്നതും, അവശേഷിക്കുന്നതും – നമുക്ക് ഈ പ്രയോഗത്തെക്കുറിച്ച് ചിന്തിക്കാം.

കടന്നുപോകുന്നതാകട്ടെ ആദ്യം. നമ്മുടെ ജീവിതത്തിലെ ചില സാഹചര്യങ്ങളിൽ, ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ അല്ലെങ്കിൽ ചില പരാജയങ്ങൾ നേരിടുമ്പോൾ, അതുപോലെ തന്നെ, നമുക്ക് ചുറ്റുമുള്ള യുദ്ധങ്ങൾ, അക്രമങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലമുണ്ടാകുന്ന വേദന കാണുമ്പോൾ, എല്ലാം അന്ത്യത്തിലേക്കാണ് പോകുന്നതെന്ന തോന്നൽ നമുക്കുണ്ടാകുന്നു, എറ്റവും മനോഹരങ്ങളായ കാര്യങ്ങൾ പോലും കടന്നുപോകുന്നതായി നമുക്ക് പ്രതീതമാകുന്നു. പ്രതിസന്ധികളും പരാജയങ്ങളും, വേദനാജനകമാണെന്നിരിക്കിലും, സുപ്രധാനങ്ങളാണ്, കാരണം ഓരോന്നിനും ശരിയായ പ്രാധാന്യം കല്പിക്കാനും ലോകയാഥാർത്ഥ്യങ്ങളുമായി നമ്മുടെ ഹൃദയത്തെ ബന്ധിച്ചു നിറുത്താതിരിക്കാനും അവ നമ്മെ പഠിപ്പിക്കുന്നു, കാരണം അവ കടന്നുപോകും: അവ ഇല്ലാതാകാൻ വിധിക്കപ്പെട്ടവയാണ്.

നിലനില്ക്കുന്നവ

അതേ സമയം യേശു അവശേഷിക്കുന്നവയെക്കുറിച്ചും പറയുന്നു. എല്ലാം കടന്നുപോകും, എന്നാൽ അവൻറെ വചനങ്ങൾ കടന്നുപോകില്ല: യേശുവിൻറെ വാക്കുകൾ എന്നേക്കും നിലനിൽക്കുന്നു. രക്ഷയുടെയും നിത്യതയുടെയും വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്ന സുവിശേഷത്തിൽ വിശ്വസിക്കാനും മൃത്യുവിനെക്കുറിച്ചുള്ള കഠോരവേദനയുടെ പിടിയിൽ മേലിൽ ജീവിക്കാതിരിക്കാനും അവൻ നമ്മെ ക്ഷണിക്കുന്നു. വാസ്തവത്തിൽ, എല്ലാം കടന്നുപോകുമ്പോൾ, ക്രിസ്തു അവശേഷിക്കുന്നു. കടന്നുപോയവരും ഭൗമിതാസ്തിത്വത്തിൽ നമ്മെ തുണച്ചവരുമായ ആളുകളെയും വസ്തുക്കളെയും ഒരു ദിവസം നാം അവനിൽ, ക്രിസ്തുവിൽ വീണ്ടും കണ്ടെത്തും. ഈ പുനരുത്ഥാന വാഗ്ദാനത്തിൻറെ വെളിച്ചത്തിൽ, ഓരോ യാഥാർത്ഥ്യവും ഒരു പുതിയ അർത്ഥം ആർജ്ജിക്കുന്നു: എല്ലാം നശിക്കും, നമ്മളും ഒരു ദിവസം മരിക്കും, എന്നാൽ നമ്മൾ കെട്ടിപ്പടുത്തതും സ്നേഹിച്ചതുമായ ഒന്നും നഷ്ടപ്പെടില്ല, കാരണം മരണം ഒരു പുതിയ ജീവിതത്തിൻറെ തുടക്കമായിരിക്കും.

ഭയമരുത്

സഹോദരീ സഹോദരന്മാരേ, കഷ്ടതകളിൽ, പ്രതിസന്ധികളിൽ, പരാജയങ്ങളിൽപ്പോലും, നശ്വരമായവ നഷ്ടപ്പെടുമെന്ന ഭയമില്ലാതെ, എന്നാൽ അവശേഷിക്കുന്നവയെക്കുറിച്ചുള്ള ആനന്ദത്തോടെ ജീവിതത്തിലേക്കും ചരിത്രത്തിലേക്കും നോക്കാൻ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. ദൈവം നമുക്കുവേണ്ടി ജീവൻറെയും സന്തോഷത്തിൻറെയും ഭാവി ഒരുക്കുന്നു എന്ന കാര്യം നാം മറക്കരുത്.

ആത്മശോധന

അതുകൊണ്ട് നമുക്ക് നമ്മോടുതന്നെ ചോദിക്കാം: കടന്നുപോകുന്നവ - വേഗത്തിൽ കടന്നുപോകുന്നവയുമായിട്ടാണോ അതോ നിലനിൽക്കുന്നതും നമ്മെ നിത്യതയിലേക്ക് നയിക്കുന്നതുമായ കർത്താവിൻറെ വചനങ്ങളുമായിട്ടാണോ നാം പറ്റിച്ചേർന്നിരിക്കുന്നത്? ഈ ചോദ്യം നമുക്ക് സ്വയം ചോദിക്കാം, അത് നമ്മെ സഹായിക്കും. ദൈവവചനത്തിന് തന്നെത്തന്നെ പൂർണ്ണമായി ഭരമേൽപ്പിച്ച പരിശുദ്ധ കന്യക നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നതിനായി നമുക്ക് അവളോടു പ്രാർത്ഥിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

റോമക്കാരും ഇറ്റലിയുടെ ഇതരഭാഗങ്ങളിലും മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയിരുന്നവരുമുൾപ്പടെയുള്ള തീർത്ഥാടകരെ ആശീർവ്വാദാനന്തരം പാപ്പാ  അഭിവാദ്യം ചെയ്തു.

നവവാഴ്ത്തപ്പെട്ടവർ  : രക്തസാക്ഷികളായ ലൂയിജി പാലിക്ക്, ജോൺ ഗസൂലി, മാക്സ് യോസെഫ് മെറ്റ്സ്ഗെർ

രക്തസാക്ഷികളായ ലൂയിജി പാലിക്ക്, ജോൺ ഗസൂലി എന്നീ വൈദികർ ശനിയാഴ്ച (16/11/24) അൽബേനിയയിലെ സ്കൂത്തരിയിൽ, അഥവാ, ഷ്കോദറിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു. നവവാഴ്ത്തപ്പെട്ടവരിൽ ലൂയിജി പാലിക്ക്, ഓ എഫ് എം ഫ്രാൻസീസ്ക്കൻ സമൂഹാംഗവും ജോൺ ഗസൂലി ഇടവക വൈദികനും ആയിരുന്നുവെന്നും ഇരുവരും ഇരുപതാം നൂറ്റാണ്ടിലെ മതപീഢനത്തിൻറെ ഇരകളാണെന്നും പാപ്പാ പറഞ്ഞു.

ക്രിസ്തുരാജൻറെ നാമത്തിലുള്ള സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിൻറെ സ്ഥാപകനായ നിണസാക്ഷി മാക്സ് യോസെഫ് മെറ്റ്സ്ഗെർ ജർമ്മനിയിലെ ഫ്രൈബുർഗ് ഇം ബ്രൈസഗൗൽ, പതിനേഴാം തീയതി (17/11/24) ഞായറാഴ്ച വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു. നവവാഴ്ത്തപ്പെട്ട മെറ്റ്സ്ഗെർ സമാധാനത്തിനു വേണ്ടി നടത്തിയ മതപരമായ പ്രവർത്തനങ്ങൾ മൂലം നാസികൾ അദ്ദേഹത്തെ ശത്രുസ്ഥാനത്താക്കുകയായിരുന്നുവെന്ന വസ്തുത പാപ്പാ എടുത്തുകാട്ടി.  ഈ രക്തസാക്ഷികളുടെ മാതൃക നമ്മുടെ കാലത്ത് വിശ്വാസത്തിൻറെ പേരിൽ വിവേചനം നേരിടുന്ന അനേകം ക്രിസ്ത്യാനികൾക്ക് ആശ്വാസം പകരട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

പാവപ്പെട്ടവർക്കായുള്ള ദിനാചരണം

"ദരിദ്രൻറെ പ്രാർത്ഥന ദൈവത്തിലേക്ക് ഉയരുന്നു" (പ്രഭാഷകൻ 21, 5) എന്ന പ്രമേയത്തോടുകൂടി നവംബർ 17-ന് ഞായറാഴ്ച ദരിദ്രർക്കായുള്ള ലോക ദിനം ആചരിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു. ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവർക്കു വേണ്ടി രൂപതകളിലും ഇടവകകളിലും ഐക്യദാർഢ്യ സംരംഭങ്ങൾ പരിപോഷിപ്പിച്ച എല്ലാവർക്കും  പാപ്പാ നന്ദി പറഞ്ഞു. റോഡപകടങ്ങളിൽപ്പെട്ടവരെയും പാപ്പാ അനുസ്മരിക്കുകയും അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാനും അപകടങ്ങൾ തടയാൻ പ്രതിജ്ഞാബദ്ധരാകാനും  എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ഞാൻ, ദരിദ്രർക്ക് എന്തെങ്കിലും നല്കാനായി എന്തെങ്കിലും ത്യജിക്കുന്നുണ്ടോ, ദാനം ചെയ്യുന്നുണ്ടോ, ദരിദ്രനെ സ്പർശിക്കുന്നുണ്ടോ, അവൻറെ കണ്ണിൽ നോക്കുന്നുണ്ടോ ഇത്യാദി ചോദ്യങ്ങൾ സ്വയം ചോദിക്കാൻ പാപ്പാ പ്രചോദനം പകരുകയും ദരിദ്രർക്ക് കാത്തിരിക്കാൻ സമയമില്ലെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

പീഡിപ്പിക്കപ്പെട്ടവർക്കും അതിജീവിതർക്കുമുള്ള ദിനം

പീഢനത്തിന് ഇരകളായവർക്കും അതിനെ അതിജീവിച്ചവർക്കും വേണ്ടിയുള്ള പ്രാർത്ഥനാ ദിനം ഇറ്റലിയിലെ സഭ പതിനെട്ടാം തീയതി  തിങ്കളാഴ്ച (18/11/24) ആചരിക്കുന്നത് അനുസമരിച്ച പാപ്പാ താനും അതിൽ പങ്കുചേരുന്നുവെന്നു പറഞ്ഞു. എല്ലാ ദുരുപയോഗവും വിശ്വാസ വഞ്ചനയാണ്, ജീവനോടുള്ള വഞ്ചനയാണ് എന്നും "വിശ്വാസം വീണ്ടെടുക്കാൻ" പ്രാർത്ഥന അനിവാര്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ലോക മത്സ്യബന്ധന ദിനം

നവമ്പർ 21-ന്, വ്യാഴാഴ്ച ലോക മത്സ്യബന്ധന ദിനം ആചരിക്കപ്പെടുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു. എല്ലാ മത്സ്യത്തൊഴിലാളികളെയും പ്രത്യേകം അനുസ്മരിച്ച പാപ്പാ സമുദ്രതാരമായ പരിശുദ്ധ കന്യകാ മറിയം, മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കട്ടെയെന്ന് പ്രാർത്ഥിച്ചു.

യുദ്ധവേദികളെ അനുസ്മരിച്ചും സമാധാനത്തിനായി പ്രാർത്ഥിച്ചും

സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ച പാപ്പാ യുദ്ധം പിച്ചിച്ചീന്തുന്ന ഉക്രൈയിനെയും  പലസ്തീൻ, ഇസ്രായേൽ, ലെബനോൺ, മ്യാൻമാർ, സുഡാൻ എന്നീ നാടുകളെയും അനുസ്മരിച്ചു. യുദ്ധം മനുഷ്യത്വം ഇല്ലാതാക്കുകയും അസ്വീകാര്യമായ കുറ്റകൃത്യങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നതിലേക്കു നയിക്കുകയും ചെയ്യന്നുവെന്നു പറഞ്ഞ പാപ്പാ സമാധാനം ആവശ്യപ്പെടുന്ന ജനങ്ങളുടെ നിലവിളി കേൾക്കാൻ സർക്കാരുകളെ ആഹ്വാനം ചെയ്തു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2024, 11:40

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >