തിരയുക

വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ദിനത്തിൽ വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയിൽ സംബന്ധിക്കാനെത്തിയ വിശ്വാസികൾ, 29/06/24 വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ദിനത്തിൽ വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയിൽ സംബന്ധിക്കാനെത്തിയ വിശ്വാസികൾ, 29/06/24   (ANSA)

പത്രോസിൻറെ താക്കോലുകൾ ദ്യോതിപ്പിക്കുന്നത് ആകമാനസഭയെ സേവിക്കാനുള്ള ശുശ്രൂഷാധികാരത്തെ, പാപ്പാ!

വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുകയും സന്ദേശം നല്കുകയും ചെയ്തു. യേശു ദൈവരാജ്യത്തിൻറെ താക്കോലുകൾ പത്രോസിനു നല്കുമെന്നു പറഞ്ഞ സംഭവത്തെ അവലംബമാക്കി ദൈവരാജ്യത്തെക്കുറിച്ചും താക്കോലിൻറെ പ്രതീകാത്മകതയെക്കുറിച്ചും പാപ്പാ വിശകലനം ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിന് യന്ത്രസംവിധാനങ്ങളൊ സുരക്ഷാപൂട്ടുകളൊ പ്രവർത്തിപ്പിക്കേണ്ട ആവശ്യമില്ല, പ്രത്യുത, ക്ഷമ, പരിഗണന, സ്ഥൈര്യം, എളിമ എന്നീ പുണ്യങ്ങൾ വളർത്തിയെടുക്കുകയാണ് വേണ്ടതെന്ന് മാർപ്പാപ്പാ.

റോം നഗരത്തിൻറെ സ്വർഗ്ഗീയസംരക്ഷകരായ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ദിനത്തിൽ, ജൂൺ 29-ന് ശനിയാഴ്‌ച, വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കു മുമ്പു നടത്തിയ വിചിന്തനത്തിലാണ് ഫ്രാൻസീസ് പാപ്പാ, താക്കോലുകളേന്തിയ പത്രോസിൻറെ രൂപത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

സ്വർഗ്ഗരാജ്യത്തിൻറെ താക്കോലുകൾ നല്കുമെന്ന് യേശു പത്രോസിനോടു പറഞ്ഞതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഈ തോക്കോലുകൾ, ആകമാനസഭയുടെ സേവനത്തനായി യേശു പ്രദാനം ചെയ്ത ശുശ്രൂഷാധികാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

സുരക്ഷാപെട്ടിയൊ അതിസുരക്ഷാസംവിധാനമുള്ള മുറിയൊ പോലുള്ള ഒന്നല്ല യേശു പരാമർശിച്ച സ്വർഗ്ഗരാജ്യമെന്നും, മറിച്ച്, അത്, ചെറിയ വിത്തിനോടും അമൂല്യമായ പവിഴത്തോടും, മറഞ്ഞുകിടക്കുന്ന നിധിയോടും പുളിമാവിനോടും സദൃശമാണെന്നും പാപ്പാ പറഞ്ഞു. അത് അനർഘവും ചെറുതും സമ്പന്നവും അതേസമയം ബഹ്യമോടികളില്ലാത്തുമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

യേശു പത്രോസിനെ ഭരമേല്പിച്ച ദൗത്യം കുറച്ചുപേർക്കു മാത്രം പ്രവേശനം അനുവദിച്ചുകൊണ്ട് ഭവനത്തിൻറെ വാതിൽ അടച്ചുപുട്ടുകയല്ല പ്രത്യുത, യേശുവിൻറെ സുവിശേഷത്തോടുള്ള വിശ്വസ്തതയിൽ അതിൽ പ്രവേശിക്കുന്നതിനുള്ള വഴി കണ്ടെത്താൻ സകലരെയും സഹായിക്കുകയാണ് എന്നും നിണസാക്ഷിത്വം വരെ ജീവിതം മുഴവൻ പത്രോസ് അത് വിശ്വസ്തതയോടെ നിറവേറ്റിയെന്നും പാപ്പാ പറഞ്ഞു.  പത്രോസിന് താക്കോൽ ലഭിച്ചത് അദ്ദേഹം പരിപൂർണ്ണനായതുകൊണ്ടല്ല പ്രത്യുത, വിനയമുള്ളവനും സത്യസന്ധനും ആയിരുന്നതുകൊണ്ടാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 June 2024, 17:19

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >