പാപ്പാ: നാം സഹോദരങ്ങളെ ചേർത്തു നിറുത്തുന്നോ, അതോ, മുദ്രകുത്തി അകറ്റുന്നോ?
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യൂറോപ്പിൽ വേനൽക്കാലാവധിയുടെ വേളയാകയാൽ ഫ്രാൻസീസ് പാപ്പാ ജൂലൈ മാസത്തിൽ പൊതുകൂടിക്കാഴ്ചയുൾപ്പടെയുള്ള പരിപാടികൾ ഒഴിവാക്കിയിരിക്കയാണെങ്കിലും, വത്തിക്കാനിൽ, ഞാറാഴ്ചകളിൽ താൻ നയിക്കുന്ന പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥയ്ക്ക് ഈ ഞായറാഴ്ച (30/06/24) മുടക്കം വരുത്തിയില്ല. ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കായി പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കരഘോഷത്താലും ആരവങ്ങളാലും തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (30/06/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം അഞ്ചാം അദ്ധ്യായം, 21-43 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 5:21-43) അതായത്, രക്തസ്രാവക്കാരി യേശുവിൻറെ വസ്ത്രത്തിൽ സ്പർശിച്ചപ്പോൾ സുഖം പ്രാപിച്ചതും സിനഗോഗധികാരികളിൽ ഒരുവനായ ജായിരൂസിൻറെ മരിച്ച കൊച്ചുമകളെ പുനരുജ്ജീവിപ്പിക്കുന്നുതമായ സംഭവം വിവരിക്കുന്ന ഭാഗം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:
രക്തസ്രാവക്കാരി സ്ത്രീയും ജായിരൂസിൻറെ കൊച്ചു മകളും
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭഞായർ!
പരസ്പരം ഇഴചേർന്നുകിടക്കുന്നതായി തോന്നുന്ന രണ്ട് അത്ഭുതങ്ങളെക്കുറിച്ചാണ് ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷം നമ്മോട് പറയുന്നത്. സിനഗോഗധികാരികളിൽ ഒരാളായ ജായിരൂസിൻറെ കൊച്ചുമകൾ ഗുരുതര രോഗബാധിതയായിരുന്നതിനാൽ അദ്ദേഹത്തിൻറെ വീട്ടിലേക്ക് യേശു പോകുമ്പോൾ, വഴിയിൽ വച്ച് രക്തസ്രാവമുള്ള ഒരു സ്ത്രീ അവിടത്തെ വസ്ത്രത്തിൽ സ്പർശിച്ചു. അപ്പോൾ യേശു അവളെ സുഖപ്പെടുത്താൻ നില്ക്കുന്നു. അതിനിടയിൽ, ജായിരൂസിൻറെ മകൾ മരിച്ചുവെന്ന അറിയിപ്പെത്തുന്നു, പക്ഷേ യേശു യാത്ര നിറുത്തുന്നില്ല, വീട്ടിലെത്തിയ അവിടന്ന്, ബാലികയുടെ മുറിയിലേക്ക് പോയി, അവളെ കൈപിടിച്ച് എഴുന്നേല്പിച്ച്, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നു (മർക്കോസ് 5,21-43). രണ്ട് അത്ഭുതങ്ങൾ, ഒന്ന് രോഗശാന്തിയും മറ്റൊന്ന് പുനരുത്ഥാനവും.
തൊട്ടു സുഖമാക്കും നാഥൻ - അശുദ്ധിയുടെ ഉറവിടം ദുഷിച്ച ഹൃദയം
ഈ രണ്ട് സൗഖ്യപ്പെടുത്തലുകളും ഒറ്റ രംഗത്തിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. രണ്ടും ശാരീരിക സമ്പർക്കത്തിലൂടെയാണ് സംഭവിക്കുന്നത്. വാസ്‌തവത്തിൽ, സ്‌ത്രീ യേശുവിൻറെ മേലങ്കിയിൽ തൊടുന്നു, യേശു ആ പെൺകുട്ടിയുടെ കൈയ്യിൽ പിടിക്കുന്നു. എന്തുകൊണ്ടാണ് ഈ "സ്പർശനം" പ്രധാനമാകുന്നത്? കാരണം, ഈ രണ്ട് സ്ത്രീകളും - ഒരാൾ രക്തസ്രാവം ഉള്ളതിനാലും മറ്റെയാൾ മരിച്ചതിനാലും – അശുദ്ധരായി കണക്കാക്കപ്പെടുന്നു, അതിനാൽ അവരുമായി ശാരീരികമായ ബന്ധം പാടില്ല. എന്നാൽ യേശുവാകട്ടെ തന്നെ തൊടാൻ അനുവദിക്കുന്നു, അവിടന്ന് സ്പർശിക്കാൻ ഭയക്കുന്നില്ല. ശാരീരിക രോഗശാന്തിക്ക് മുമ്പുതന്നെ, അവിടന്ന്, ദൈവം ശുദ്ധിയുള്ളവരെയും അശുദ്ധരെയും വേർതിരിച്ചു നിറുത്തുന്നു എന്ന മതപരമായ തെറ്റായ ഒരു ധാരണയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. നേരെമറിച്ച്, ദൈവം ഈ വേർതിരിക്കൽ നടത്തുന്നില്ല, കാരണം നാമെല്ലാവരും അവിടത്തെ മക്കളാണ്, അശുദ്ധിയുണ്ടാകുന്നത് ഭക്ഷണത്തിൽ നിന്നോ രോഗങ്ങളിൽ നിന്നോ മരണത്തിൽ നിന്നു പോലുമോ അല്ല, പ്രത്യുത അശുദ്ധമായ ഹൃദയത്തിൽ നിന്നാണ് അശുദ്ധിയുണ്ടാകുന്നത്.
ഏതൊരവസ്ഥയിലും ദൈവം നമ്മെ ചേർത്തു നിറുത്തുന്നു
ശരീരത്തിൻറെയും ആത്മാവിൻറെയും കഷ്ടപ്പാടുകൾ, ആത്മാവിൻറെ മുറിവുകൾ, നമ്മെ ഞെരുക്കുന്ന സാഹചര്യങ്ങൾ എന്നിവയ്ക്കു മുന്നിലും പാപത്തിൻറെ മുന്നിൽ പോലും, ദൈവം നമ്മെ അകറ്റി നിർത്തുന്നില്ല, ദൈവം നമ്മെക്കുറിച്ച് ലജ്ജിക്കുന്നില്ല, ദൈവം നമ്മെ വിധിക്കുന്നില്ല; നേരെമറിച്ച്, തന്നെ തൊടാൻ സാധിക്കുന്നതിനു വേണ്ടിയും നമ്മെ സ്പർശിക്കുന്നതിനുവേണ്ടിയും അവിടന്ന് സമീപസ്ഥനാകുന്നു, എപ്പോഴും നമ്മെ മരണത്തിൽ നിന്ന് ഉയർത്തുന്നു. മകളേ, മകനേ, എഴുന്നേൽക്കൂ! (മർക്കോസ് 5,41 കാണുക) എന്ന് നമ്മോടു പറയുന്നതിനായി അവിടന്ന് എപ്പോഴും നമ്മെ കൈപിടിച്ചു നടത്തുന്നു. നടക്കുക, മുന്നോട്ട് പോകുക! "കർത്താവേ, ഞാൻ ഒരു പാപിയാണ്" - "മുന്നോട്ട് പോകൂ, നിന്നെ രക്ഷിക്കാൻ ഞാൻ നിൻറെ പാപം ഏറ്റെടുത്തു" - "എന്നാൽ, കർത്താവേ, നീ ഒരു പാപിയല്ല" - "അല്ല, എന്നാൽ നിന്നെ രക്ഷിക്കാൻ ഞാൻ പാപത്തിൻറെ എല്ലാ അനന്തരഫലങ്ങളും അനുഭവിച്ചു". ഇത് മനോഹരമാണ് അല്ലേ!
കൈപിടിച്ചുയർത്തുന്നവൻ
യേശു തരുന്ന ഈ ചിത്രം നമുക്ക് ഹൃദയത്തിൽ ഉറപ്പിക്കാം: നിന്നെ കൈപിടിച്ച് ഉയർത്തുന്നവനാണ്, നിൻറെ വേദനയാൽ തന്നെ സ്പർശിക്കാൻ അനുവദിക്കുകയും നിന്നെ സുഖപ്പെടുത്താനും നിനക്ക് ജീവൻ തിരികെ നൽകാനും നിന്നെ സ്പർശിക്കുകയും ചെയ്യുന്നവനാണ്, ദൈവം. എല്ലാവരേയും സ്നേഹിക്കുന്നതിനാൽ അവിടന്ന് ആരോടും വിവേചനം കാണിക്കുന്നില്ല.
ആരെയും അകറ്റരുത്, മുദ്രയടിക്കരുത്
ആകയാൽ നമുക്ക് സ്വയം ചോദിക്കാം: ദൈവം ഇങ്ങനെയാണെന്ന് നാം വിശ്വസിക്കുന്നുണ്ടോ? കർത്താവിനാൽ, അവിടത്തെ വചനത്താൽ, അവിടത്തെ സ്നേഹത്താൽ സ്പർശിക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കുന്നുണ്ടോ? വീണ്ടും എഴുന്നേൽക്കുന്നതിന് കൈകൊടുത്തുകൊണ്ട് നമ്മുടെ സഹോദരങ്ങളുമായി നാം ബന്ധം സ്ഥാപിക്കുന്നുണ്ടോ, അതോ, നമ്മൾ അകലം പാലിക്കുകയും നമ്മുടെ അഭിരുചികളും മുൻഗണനകളും അടിസ്ഥാനമാക്കി ആളുകളെ മുദ്രകുത്തുകയാണോ? നമ്മൾ ആളുകളെ മുദ്രയടിക്കുന്നു. ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുകയാണ്: ദൈവം, കർത്താവായ യേശു, ആളുകളെ മുദ്രകുത്തുന്നുണ്ടോ? ഓരോരുത്തരും ഉത്തരം പറയുക. ദൈവം ആളുകളെ മുദ്രകുത്തുമോ? ഞാൻ, ആളുകളെ നിരന്തരം മുദ്രയടിച്ചുകൊണ്ടാണോ ജീവിക്കുന്നത്?
ദൈവത്തിൻറെ ഹൃദയത്തിലേക്കു നോക്കുക, പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുക
സഭയും സമൂഹവും ആരെയും ഒഴിവാക്കാതിരിക്കുന്നതിനും ആരെയും "അശുദ്ധി"ഉള്ളവരായി ആയി കണക്കാക്കാതിരിക്കുന്നതിനും ഓരോരുത്തരും സ്വന്തം ചരിത്രത്തോടെയും മുദ്രയടിക്കപ്പെടാതെയും മുൻവിധികളില്ലാതെയും നാമവിശേഷണങ്ങളില്ലാതെയും സ്വാഗതം ചെയ്യപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതിനും വേണ്ടി, സഹോദരീ സഹോദരന്മാരേ, നമുക്ക് ദൈവത്തിൻറെ ഹൃദയത്തിലേക്ക് നോക്കാം. പരിശുദ്ധ കന്യകയോട് നമുക്ക് പ്രാർത്ഥിക്കാം: ആർദ്രതയുടെ മാതാവായ അവൾ, നമുക്കും ലോകം മുഴുവനും വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കട്ടെ.
ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ
ആശീർവാദനാനന്തരം പാപ്പാ ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച സകലരെയും അഭിവാദ്യം ചെയ്തു. റോമിൽ മതപീഢന കാലത്ത് ക്രൈസ്തവ വിശ്വാസത്തെപ്രതി വധിക്കപ്പെട്ട റോമിലെ ആദ്യ നിണസാക്ഷികളെ ഈ ഞായറാഴ്ച (30/06/24) തിരുസഭ അനുസ്മരിച്ചതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ നമ്മളും ജീവിക്കുന്നത് രക്തസാക്ഷിത്വത്തിൻറെ ഒരു കാലഘട്ടത്തിലാണെന്നും ആദ്യ നൂറ്റാണ്ടുകളിലെന്നതിനെക്കാൾ കൂടുതലായി ഇക്കാലത്ത് ഈ രക്തസാക്ഷിത്വം ഉണ്ടെന്നും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നമ്മുടെ അനേകം സഹോദരീസഹോദരന്മാർ വിശ്വാസത്തിൻറെ പേരിൽ വിവേചനവും പീഡനവും അനുഭവിക്കുന്നുണ്ടെന്നും പറഞ്ഞു. അങ്ങനെ സഭ ഉപരി ഫലപുഷ്ടിയുള്ളതായിത്തീരുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ക്രിസ്തുവിനോടുള്ള സ്നേഹത്തിന് അവരേകിയ സാക്ഷ്യത്താൽ സകലരും പ്രചോദിതരാകുന്നതിനായി പാപ്പാ പ്രാർത്ഥിച്ചു.
യുദ്ധവേദികളിൽ സമാധാനമുണ്ടാകുന്നതിനായി തിരുഹൃദയത്തോട് പ്രാർത്ഥിക്കുക
യുദ്ധം ആഗ്രഹിക്കുന്നവർ സംഭാ ഷണത്തിൻറയും സമാധാനത്തിൻറെയും പദ്ധതികളിലേക്കു തരിയുന്നതിന് അവരുടെ ഹൃദയങ്ങളെ സ്പർശിക്കുന്നതിനായി ജൂൺ മാസത്തിൻറെ അന്ത്യദിനത്തിൽ യേശുവിൻറെ തിരുഹൃദയത്തോടു പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. പീഢിത ഉക്രൈയിനിനെയും പലസ്തീനെയും ഇസ്രായേലിനെയും മ്യന്മാറിനെയും യുദ്ധം മൂലം എറെ ക്ലേശിക്കുന്ന ഇതര നാടുകളെയും മറക്കരുതെന്ന് പാപ്പാ പറഞ്ഞു.
സമാപനാഭിവാദ്യം
ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: