യേശു, തൻറെ സാന്നിധ്യത്താൽ സാന്ത്വനിപ്പിക്കുകയും ധൈര്യമേകുകയും ചെയ്യുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, ഈ ഞായറാഴ്ച (23/06/24) നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കരഘോഷത്താലും ആരവങ്ങളാലും തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു.
റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (23/06/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം നാലാം അദ്ധ്യായം, 35-41 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 4:35-41) അതായത്, യേശു കാറ്റിനെയും കടലിനെയും ശാന്തമാക്കുന്ന സംഭവം വിവരിക്കുന്ന ഭാഗം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:
ആശങ്കയകറ്റുന്ന യേശു
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭഞായർ!
ഇന്ന് സുവിശേഷം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് തിബേരിയൂസ് തടാകത്തിൽ ഒരു വള്ളത്തിൽ ശിഷ്യന്മാരോടുകൂടെയിരിക്കുന്ന യേശുവിനെയാണ്. വഞ്ചി മുങ്ങിപ്പോകത്തക്കവിധമുള്ള ശക്തമായ ഒരു കൊടുങ്കാറ്റ് പെട്ടെന്നുണ്ടായി. ഉറങ്ങുകയായിരുന്ന യേശു, ഉണർന്ന്, കാറ്റിനെ ശാസിക്കുന്നു, എല്ലാം ശാന്തമാകുന്നു (മർക്കോസ് 4,35-41 കാണുക).
യേശുവിൻറെ ആശ്വാസദായക സാന്നിധ്യം
എന്നാൽ അവിടന്ന് യഥാർത്ഥത്തിൽ സ്വയം ഉണരുകയായിരുന്നില്ല, മറിച്ച്, അവർ അവിടത്തെ ഉണർത്തുകയായിരുന്നു! അത്യധികം ഭയപ്പെട്ട ശിഷ്യന്മാരാണ് യേശുവിനെ ഉണർത്തുന്നത്. ശിഷ്യന്മാരോട് വള്ളത്തിൽ കയറി തടാകം കടക്കാൻ തലേദിവസം വൈകുന്നേരം പറഞ്ഞത് യേശുതന്നെയാണ്. അവർ വിദഗ്ദ്ധരായിരുന്നു, അവർ മത്സ്യത്തൊഴിലാളികളായിരുന്നു, അതായിരുന്നു അവരുടെ ജീവിത ചുറ്റുപാട്; എന്നാൽ ഒരു കൊടുങ്കാറ്റിന് അവരെ ബുദ്ധിമുട്ടിലാക്കാൻ സാധിക്കുമായിരുന്നു. യേശു അവരെ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന പ്രതീതിയുളവാകുന്നു. എന്നിരുന്നാലും, അവിടന്ന് അവരെ തനിച്ചല്ല വിടുന്നത് അവിടന്ന് അവരോടൊപ്പം വഞ്ചിയിലുണ്ട്, അവിടന്ന് ശാന്തനാണ്, വാസ്തവത്തിൽ, അവിടന്ന് ഉറങ്ങുകയാണ്. കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെടുമ്പോൾ, അവിടന്ന് തൻറെ സാന്നിധ്യത്താൽ അവരെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും കൂടുതൽ വിശ്വാസമുള്ളവരാകാൻ അവരെ പ്രേരിപ്പിക്കുകയും അപകടത്തെ മറികടക്കാൻ അവരെ തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ നമുക്ക് ഈ ചോദ്യം ഉന്നയിക്കാനാകും: എന്തുകൊണ്ടാണ് യേശു ഇങ്ങനെ പെരുമാറുന്നത്?
വിശ്വാസം ശക്തിപ്പെടുത്തുകയും ധൈര്യമേകുകയും ചെയ്യുന്ന യേശു
ശിഷ്യന്മാരുടെ വിശ്വാസം ശക്തിപ്പെടുത്താനും അവരെ കൂടുതൽ ധൈര്യശാലികളാക്കാനും. വാസ്തവത്തിൽ, ഈ അനുഭവത്തിൽ നിന്ന് അവർ പുറത്തുവരുന്നത്, യേശുവിൻറെ ശക്തിയെക്കുറിച്ചും തങ്ങൾക്കു മദ്ധ്യേയുള്ള അവിടത്തെ സാന്നിധ്യത്തെക്കുറിച്ചും കൂടുതൽ അവബോധമുള്ളവരായിട്ടാണ്, അതിനാൽ, സുവിശേഷം പ്രഖ്യാപിക്കാൻ പുറപ്പെടുന്നതിന് ഭയം ഉൾപ്പെടെയുള്ള തടസ്സങ്ങളെയും ബുദ്ധിമുട്ടുകളെയും നേരിടാൻ ശക്തരും കൂടുതൽ സന്നദ്ധരുമാണ്. അവിടത്തോടൊപ്പമായിരുന്നുകൊണ്ട് ഈ പരീക്ഷണത്തെ അതിജീവിച്ചാൽ, അവർക്ക്, സകലജനതകൾക്കും സുവിശേഷം എത്തിച്ചുകൊടുക്കുന്നതിന് കുരിശും രക്തസാക്ഷിത്വവും വരെയുള്ള മറ്റു പലതും നേരിടാൻ സാധിക്കും.
ഇന്നും തൻറെ സാന്ത്വനദായക സാന്നിധ്യം തുടരുന്ന യേശു
യേശു നമ്മോടും ഇതുതന്നെ ചെയ്യുന്നു, പ്രത്യേകിച്ച് കുർബ്ബാനയിൽ: അവിടന്നു നമ്മെ തനിക്കുചുറ്റും കൂട്ടുന്നു, തൻറെ വചനം അവിടന്നു നൽകുന്നു, തൻറെ മാംസനിണങ്ങളാൽ നമ്മെ പോഷിപ്പിക്കുന്നു, തുടർന്ന്, ദൈനംദിന ജീവിതത്തിൽ, പ്രയാസമാണെങ്കിൽപ്പോലും, നാം കേട്ടതെല്ലാം പകർന്നു നല്കാനും നമുക്ക് ലഭിച്ചതെല്ലാം എല്ലാവരുമായി പങ്കുവയ്ക്കാനും നമ്മെക്ഷണിക്കുന്നു. യേശു നമ്മെ പ്രതികൂലാവസ്ഥകളിൽ നിന്ന് ഒഴിവാക്കുന്നില്ല, എന്നാൽ, നമ്മെ ഒരിക്കലും കൈവിടാതെ, അവയെ നേരിടാൻ നമ്മെ സഹായിക്കുന്നു. നമ്മെ ധൈര്യശാലികളാക്കുന്നു. അങ്ങനെ, നമ്മളും, അവിടത്തെ സഹായത്തോടെ അവയെ മറികടന്ന്, അവിടത്തോടു കൂടുതൽ കൂടുതൽ ചേർന്നുനിൽക്കാനും, നമ്മുടെ കഴിവുകളെ ഉല്ലംഘിക്കുന്ന അവിടത്തെ ശക്തിയിൽ വിശ്വസിക്കാനും, അനിശ്ചിതത്വങ്ങളെയും സന്ദേഹങ്ങളെയും, അടച്ചുപൂട്ടലുകളെയും മുൻധാരണകളെയും ധീരതയോടും ഹൃദയവിശാലതയോടും കൂടി മറികടക്കാനും എന്നും കൂടുതലായി പഠിക്കുന്നു. അത്, സ്വർഗ്ഗരാജ്യം സന്നിഹിതമാണ്, യേശു നമ്മുടെ പക്ഷത്തുണ്ടെങ്കിൽ എല്ലാ തടസ്സങ്ങൾക്കുമപ്പുറത്തേക്ക് അതിനെ ഒരുമിച്ച് വളർത്താൻ നമുക്ക് കഴിയും എന്ന് സകലരോടും പറയുന്നതിനു വേണ്ടിയാണ്.
ആത്മശോധന
ആകയാൽ നമുക്ക് സ്വയം ചോദിക്കാം: എൻറെ ജീവിതത്തിൽ, പരീക്ഷണവേളകളിൽ, കർത്താവിൻറെ സാന്നിധ്യവും സഹായവും ഞാൻ അനുഭവിച്ച ഘട്ടങ്ങൾ ഓർക്കാൻ എനിക്കറിയാമോ? നമുക്ക് ചിന്തിക്കാം: ഏതെങ്കിലും കൊടുങ്കാറ്റുണ്ടാകുമ്പോൾ - ആന്തരിക കൊടുങ്കാറ്റുകൾ നിരവധിയാണ് - ഞാൻ സംഭ്രാന്തനാകുകയോണോ, അതോ, പ്രാർത്ഥനയിലും നിശബ്ദതയിലും വചന ശ്രവണത്തിലും ആരാധനയിലും വിശ്വാസത്തിൻറെ സാഹോദര്യപരമായ പങ്കുവെക്കലിലും പ്രശാന്തതയും സമാധാനവും കണ്ടെത്താൻ വേണ്ടി അവിടത്തോട് പറ്റിച്ചേർന്നു നിൽക്കുകയാണോ?
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം
ദൈവഹിതം വിനയത്തോടും ധൈര്യത്തോടും കൂടി സ്വീകരിച്ച കന്യാമറിയം, ക്ലേശകരമായ നിമിഷങ്ങളിൽ, അവിടത്തേയ്ക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കുന്നതിൻറെ പ്രശാന്തത നമുക്ക് പ്രദാനം ചെയ്യട്ടെ.
ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ
ആശീർവാദനാനന്തരം പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തു. ഇറ്റലിയിൽ ശനിയാഴ്‌ച (22/06/24) സംഘടിപ്പിക്കപ്പെട്ട, "ജീവൻ തിരഞ്ഞെടുക്കുക" എന്ന ദേശീയ പ്രകടന പരിപാടിയിൽ പങ്കെടുത്തവരെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.
യുദ്ധവേദികളിൽ സമാധാനം പുനസ്ഥാപിതമാകുന്നതിനായി പ്രാർത്ഥിക്കുക
ഉക്രൈയിനിലും പലസ്തീനിലും ഇസ്രായേലിലും സമാധാനം ഉണ്ടാകുന്നതിനായുള്ള പ്രാർത്ഥന തുടരണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പലസ്തീനിൽ, ഗാസയിൽ, ഉത്തര കോംഗൊയിൽ സമാധാനം ഉണ്ടാകുന്നതിനായി പ്രാർത്ഥിണമെന്നു പറഞ്ഞ പാപ്പാ ഏറെ സഹനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈയിനിൽ സമാധാനം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കാൻ പ്രത്യേകം ക്ഷണിച്ചു. സംഘർഷത്തിന് ആക്കം കൂട്ടുന്ന പ്രവൃത്തിയും വാക്കുകളും ഒഴിവാക്കുകയും പകരം സംഘർഷങ്ങളുടെ സമാധാനപരമായ പരിഹാരം നിശ്ചയദാർഢ്യത്തോടെ ലക്ഷ്യമിടുകയും ചെയ്യുന്നതിന് ഭരണാധികാരികളുടെ മനസ്സിനെ പരിശുദ്ധാത്മാവ് പ്രബുദ്ധമാക്കുകയും അവരിൽ ജ്ഞാനവും ഉത്തരവാദിത്വബോധവും വളർത്തുകയും ചെയ്യട്ടെയെന്ന് പാപ്പാ പ്രാർത്ഥിച്ചു. സമാധാനപരമായ പരിഹാരം കാണുന്നതിന് ചർച്ചകൾ ആവശ്യമാണ് എന്നതും പാപ്പാ വ്യക്തമാക്കി.
സമാപനാഭിവാദ്യം
ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: