ആധിപത്യമല്ല, ദുർബ്ബലനെ പരിപാലിക്കലാണ് യഥാർത്ഥ ശക്തി, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഞായറാഴ്ചകളിലെ പതിവനുസരിച്ച്, ഈ ഞായറാഴ്ച (22/09/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദം കരഘോഷങ്ങളാലും ആരവങ്ങളാലും ആവിഷ്കൃതമായി. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (22/09/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം ഒമ്പതാം അദ്ധ്യായം 30-37 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 9:30-37 അതായത്, തൻറെ പീഡാസഹനമരണോത്ഥാനങ്ങളെക്കുറിച്ച് യേശു, ശിഷ്യന്മാരോടു രണ്ടാമതും പറയുന്നതും വലിയവനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനാകണമെന്ന് പഠിപ്പിക്കുന്നതുമായ സുവിശേഷ ഭാഗം ആയിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:
യേശുവിൻറെ പീഢാസഹന മരണോത്ഥാനങ്ങൾ- രണ്ടാം പ്രവചനം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
തൻറെ ജീവിതത്തിൻറെ പാരമ്യത്തിൽ എന്ത് സംഭവിക്കുമെന്ന് പ്രഖ്യാപിക്കുന്ന യേശുവിനെക്കുറിച്ചാണ് ഇന്ന്, ആരാധനാക്രമത്തിൽ, സുവിശേഷം (മർക്കോസ് 9,30-37) നമ്മോട് പറയുന്നത്:.യേശു അരുളിച്ചെയ്യുന്നു - "മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടുകയും അവർ അവനെ വധിക്കുകയും ചെയ്യും, എന്നാൽ മൂന്നു ദിവസത്തിനുശേഷം അവൻ ഉയിർത്തെഴുന്നേൽക്കും" (മർക്കോസ് 9,31). എന്നിരുന്നാലും, ഗുരുവിനെ പിന്തുടരുന്ന ശിഷ്യന്മാരുടെ തലയിലും അധരത്തിലും മറ്റെന്തൊക്കെയോ ആണുള്ളത്. അവർ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് യേശു ചോദിച്ചപ്പോൾ അവർ ഉത്തരമേകുന്നില്ല.
ശിഷ്യന്മാരുടെ മൗനം
നമുക്ക് ഈ നിശബ്ദത ശ്രദ്ധിക്കാം: ആരാണ് വലിയവൻ എന്നതിനെപ്പറ്റി തർക്കിക്കുകയായിരുന്നതിനാലാണ് ആ ശിഷ്യന്മാർ മൗനം പാലിച്ചത് (മർക്കോസ് 9, 34 കാണുക). നാണക്കേട് കൊണ്ട് അവർ നിശബ്ദരായി നിന്നു. കർത്താവിൻറെ വാക്കുകളുമായി എന്തൊരു വൈരുദ്ധ്യം! തൻറെ ജീവിതത്തിൻറെ അർത്ഥം എന്തെന്ന് യേശു അവരോട് പറയുമ്പോൾ അവർ സംസാരിച്ചിരുന്നത് അധികാരത്തെക്കുറിച്ചാണ്. മുമ്പ്, അഹങ്കാരം അവരുടെ ഹൃദയങ്ങളെ അടച്ചിരുന്നതുപോലെ, ഇപ്പോൾ ലജ്ജ അവരുടെ വായ അടയ്ക്കുന്നു. എന്നിട്ടും യേശു, അവർ വഴിയിലുടനീളം നടത്തിയ അടക്കിപ്പറച്ചിലുകളോട് തുറന്ന് പ്രതികരിക്കുന്നു: "ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനായിരിക്കണം " (മർക്കോസ് 9,35 കാണുക). നീ വലിയവനാകാൻ ആഗ്രഹിക്കുന്നുവോ? നീ സ്വയം ചെറുതാക്കുക, എല്ലാവരുടെയും ശുശ്രൂഷകനാകുക.
നമ്മുടെ ജീവിതത്തിന് നൂതന വീക്ഷണമേകുന്ന യേശു
വളരെ ലളിതവും അതുപോലെതന്നെ നിർണ്ണായകവുമായ ഒരു വാക്ക് ഉപയോഗിച്ച്, യേശു നമ്മുടെ ജീവിതരീതിയെ നവീകരിക്കുന്നു. യഥാർത്ഥ ശക്തി ഏറ്റവും ശക്തരുടെ ആധിപത്യത്തിലല്ല, മറിച്ച് ദുർബ്ബലരുടെ പരിപാലനത്തിലാണ് എന്ന് അവിടന്ന് നമ്മെ പഠിപ്പിക്കുന്നു. ഏറ്റവും ദുർബ്ബലരെ പരിപാലിക്കലാണ് യഥാർത്ഥ ശക്തി, ഇത് നിന്നെ മഹാനുഭാവനാക്കുന്നു! അതുകൊണ്ടാണ് ഗുരു ഒരു കുട്ടിയെ വിളിച്ച് ശിഷ്യന്മാരുടെ ഇടയിൽ നിർത്തി ആ ശിശുവിനെ ആലിംഗനം ചെയ്തുകൊണ്ട് പറയുന്നത്: "ഇതുപോലുള്ള ശിശുക്കളിൽ ഒരാളെ എൻറെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു" (മർക്കോസ് 9, 37). കുഞ്ഞിന് ശക്തിയില്ല: കുട്ടിക്ക് ആവശ്യങ്ങളുണ്ട്. നാം മനുഷ്യനെ പരിപാലിക്കുമ്പോൾ, മനുഷ്യന് എപ്പോഴും ജീവൻ ആവശ്യമാണെന്ന് നാം അംഗീകരിക്കുകയാണ്.
സ്വീകരിക്കപ്പെട്ടതിനാൽ ജീവിത പാതയിൽ ചരിക്കുന്നവർ
നാമെല്ലാവരും, ജീവിക്കുന്നത് നമ്മൾ സ്വീകരിക്കപ്പെട്ടതിനാലാണ്, എന്നാൽ അധികാരം മൂലം ഈ സത്യം നാം മറക്കുന്നു. നീ ജീവിച്ചിരിക്കുന്നത് നീ സ്വാഗതം ചെയ്യപ്പെട്ടതിനാലാണ്! അപ്പോൾ നാം, സേവകരല്ല, അധിപന്മാരാകുമ്പോൾ അതിൻറെ തിക്തഫലം ആദ്യം അനുഭവിക്കുന്നത് അവസാനത്തവരാണ്: ചെറിയവരും ദുർബ്ബലരും ദരിദ്രരും.
അധികാരത്തിനുള്ള പോരാട്ടം
സഹോദരീ സഹോദരന്മാരേ, എത്രയെത്ര ആളുകളാണ് അധികാരത്തിനായുള്ള പോരാട്ടം മൂലം യാതനകളനുഭവിക്കുകയും മരിക്കുകയും ചെയ്യുന്നത്! യേശുവിനെ തള്ളിക്കളഞ്ഞതുപോലെ, ലോകം തിരസ്കരിച്ച ജീവിതങ്ങളാണവ. തരസ്കൃതരും ജീവൻ നഷ്ടപ്പെട്ടവരും. മനുഷ്യരുടെ കരങ്ങളിൽ ഏല്പിക്കപ്പെട്ടപ്പോൾ അവിടന്ന് കണ്ടത് ആലിംഗനമല്ല, കുരിശാണ്. എന്നിരുന്നാലും, സുവിശേഷം ജീവനുള്ളതും പ്രത്യാശാഭരിതവുമായ വചനമായി തുടരുന്നു: തിരസ്കൃതനായവൻ ഉയിർത്തെഴുന്നേറ്റു, അവൻ കർത്താവാണ്!
ആത്മശോധനയും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യവും
ഇപ്പോൾ, ഈ മനോഹരമായ ഞായറാഴ്ച, നമുക്ക് സ്വയം ചോദിക്കാം: ചെറിയവരിൽ യേശുവിൻറെ മുഖം തിരിച്ചറിയാൻ എനിക്കറിയാമോ? ഉദാരതയോടെ സേവിച്ചുകൊണ്ട് ഞാൻ മറ്റുള്ളവരെ പരിപാലിക്കുന്നുണ്ടോ? എന്നെ പരിപാലിക്കുന്നവരോട് ഞാൻ നന്ദി പറയുന്നുണ്ടോ? മറിയത്തെപ്പോലെ ആയിരിക്കുന്നതിന്, നാം വ്യർത്ഥാഭിമാനത്തിൽ നിന്നു മുക്തരും സേവനസന്നദ്ധരുമായിത്തീരാൻ നമുക്ക് അവളോട് ഏകയോഗമായി പ്രാർത്ഥിക്കാം.
ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - അക്രമപ്രവർത്തനങ്ങളെ അപലപിച്ച് പാപ്പാ
മദ്ധ്യഅമേരിക്കൻ നാടായ ഹൊണ്ടൂരാസിൽ അന്നാട്ടിലെ സമഗ്ര പരിസ്ഥിതി വിജ്ഞാനീയ അജപാലനത്തിൻറെ സ്ഥാപകാംഗവും ത്രുഹീല്യൊ രൂപതയുടെ സാമൂഹ്യഅജപാലനത്തിൻറെ ഏകോപകനുമായിരുന്ന ഹുവാൻ അന്തോണിയൊ ലോപെസ് വധിക്കപ്പെട്ട സംഭവത്തിൽ പാപ്പാ ആശീർവ്വാദാനന്തരം തൻറെ ഖേദം രേഖപ്പെടുത്തുകയും എല്ലാത്തരം അക്രമപ്രവർത്തനങ്ങളെയും അപലപിക്കുകയും ചെയ്തു. തങ്ങളുടെ പ്രാഥമികമായ അവകാശങ്ങൾ പോലും ചവിട്ടിമെതിക്കപ്പെടുന്നവരുടെയും പാവപ്പെട്ടവരുടെയും ഭൂമിയുടെയും രോദനത്തോടുള്ള പ്രതികരണമായി പൊതുനന്മയ്ക്കായി യത്നിക്കുന്നവരുടെയും ചാരെ താനുണ്ടെന്ന് പാപ്പാ ഉറപ്പുനല്കി.
തടവുകാർക്ക് മാന്യമായ ജീവിതാവസ്ഥ ഉറപ്പുവരുത്തുക
കാരാഗൃഹവാസികളുടെ അവസ്ഥകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ജാഥയിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്ത പാപ്പാ തടവുകാർക്ക് അന്തസ്സോടെ കഴിയുന്നതിനുള്ള അവസ്ഥകൾ സംജാതമാക്കുന്നതിനായി പരിശ്രമിക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടി. തെറ്റ് ആർക്കും സംഭവിക്കാമെന്നും തടവിലാക്കപ്പെടുന്നത് പിന്നീട് സത്യസന്ധമായ ജീവിതം പുനരാരംഭിക്കാൻ കഴിയുന്നതിനാണെന്നും പാപ്പാ പറഞ്ഞു. നാഢീവ്യൂഹസംവിധാനത്തിനുണ്ടാകുന്ന തകരാറുമൂലം പേശികളുടെ പ്രവർത്തനങ്ങൾ താറുമാറാകുന്ന അറ്റാക്സിയ രോഗബാധിതർക്കായുള്ള ദിനത്തോടനുബന്ധിച്ച് എത്തിയിരുന്നുവരുമുൾപ്പടെയുള്ള വിവിധ വിഭാഗങ്ങളെ പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ അഭിവാദ്യം ചെയ്തു.
സമാധാനത്തിനായി പ്രാർത്ഥിക്കുക
യുദ്ധമുഖങ്ങളിൽ പിരിമുറുക്കം വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കാനുള്ള തൻറെ ക്ഷണം നവീകരിച്ചു. സമാധാനം ആവശ്യപ്പെടുന്ന ജനങ്ങളുടെ സ്വരം ശ്രവിക്കപ്പെടണമെന്ന് പറഞ്ഞ പാപ്പാ യുദ്ധവേദികളായ ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, മ്യാൻമർ എന്നീ നാടുകളെയും മറ്റു രാജ്യങ്ങളെയും നാം മറക്കരുതെന്ന് പറഞ്ഞു
സമാപനാഭിവാദ്യം
ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: