തിരയുക

മയക്കുമരുന്നു കടത്തുകാർ മരണത്തിൻറെ വ്യാപാരികൾ, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചാ പ്രഭാഷണം: ജൂൺ 26 മയക്കുമരുന്നു ദുരുപയോഗത്തിനും മയക്കുമരുന്നു കടത്തിനും എതിരായ ലോകദിനമായി ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ മയക്കുമരുന്നെന്ന വിപത്തിനെക്കുറിച്ചുള്ള വിചിന്തനം. മയക്കുമരുന്നുപയോഗം സമൂഹത്തെ നശിപ്പിക്കുന്നു. ആദരണീയ മൂല്യങ്ങളെ ദുർബ്ബലപ്പെടുത്തുന്നു. ജീവിക്കാനും മെച്ചപ്പെട്ട ഒരു സമൂഹത്തിനായി സംഭാവന നൽകാനുമുള്ള ആഗ്രഹത്തെ നശിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി    

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (26/06/24)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. പ്രതിവാര പൊതുകൂടിക്കാഴചാവേദി, കഴിഞ്ഞവാരങ്ങളിലെന്ന പോലെതന്നെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു. മലയാളികളുൾപ്പടെ വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷമോടെയും ആന്ദാരവങ്ങളോടെയും സ്വീകരിച്ചു. തന്നോടൊപ്പം, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, അംഗരക്ഷകർ തൻറെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന കുഞ്ഞുങ്ങളെ ആശീർവദിക്കുന്നതും വാത്സല്യം പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു. പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് പാപ്പാ തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാൽ, എല്ലാം പ്രയോജനകരമല്ല; എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാൽ, ഒന്നും എന്നെ അടിമപ്പെടുത്താൻ ഞാൻ സമ്മതിക്കുകയില്ല. ആഹാരം ഉദരത്തിനും ഉദരം ആഹാരത്തിനും വേണ്ടിയുള്ളതാണ്- ദൈവം ഇവ രണ്ടിനെയും നശിപ്പിക്കും. ശരീരം ദുർവൃത്തിക്കുവേണ്ടിയുള്ളതല്ല; പ്രത്യുത, ശരീരം കർത്താവിനും കർത്താവ് ശരീരത്തിനും വേണ്ടിയുള്ളതാണ്. ദൈവം കർത്താവിനെ ഉയിർപ്പിച്ചു; അവിടത്തെ ശക്തിയാൽ അവിടന്നു നമ്മെയും ഉയിർപ്പിക്കും.” പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 6,12-14 വാക്യങ്ങൾ. (1 കോറിന്തോസ് 6,12-14)

ഈ വായനയ്ക്കു ശേഷം പാപ്പാ പൊതുദർശന പ്രഭാഷണം നടത്തി. അനുവർഷം ജൂൺ 26 മയക്കുമരുന്നു ദുരുപയോഗത്തിനും മയക്കുമരുന്നു കടത്തിനും എതിരായ ലോകദിനമായി ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അതിനെ അവലംബമാക്കിയുള്ളതായിരുന്നു പാപ്പായുടെ വിചിന്തനം. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു: 

മയക്കുമരുന്നു ദുരുപയോഗ വിരുദ്ധദിനം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത മയക്കുമരുന്നുകടത്തിനും എതിരായ ലോക ദിനം ഇന്ന് നാം ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 1987-ൽ ആണ് ഇത് ഏർപ്പെടുത്തിയത്. ഈ ആചരണത്തിൻറെ ഇക്കൊല്ലത്തെ പ്രമേയം ഇതാണ്: “തെളിവുകൾ സുവ്യക്തമാണ്: പ്രതിരോധത്തിനായി മുതൽമുടക്കണം”.

സമൂഹത്തെ തകർക്കുന്ന മയക്കുമരുന്നുപയോഗം 

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: "മയക്കുമരുന്ന് ദുരുപയോഗം അത് നിലവിലുള്ള ഓരോ സമൂഹത്തെയും ക്ഷയിപ്പിക്കുന്നു. ഇത് മാനവ ശക്തിയും ധാർമ്മികതയും കുറയ്ക്കുന്നു. ആദരണീയ മൂല്യങ്ങളെ ദുർബ്ബലപ്പെടുത്തുന്നു. ജീവിക്കാനും മെച്ചപ്പെട്ട ഒരു സമൂഹത്തിനായി സംഭാവന നൽകാനുമുള്ള ആഗ്രഹത്തെ നശിപ്പിക്കുന്നു”. ഇതാണ് മയക്കുമരുന്നു ദുരുപയോഗം, മയക്കുമരുന്നുപയോഗം ചെയ്യുന്നത്. എന്നിരുന്നാലും, അതേ സമയം, നാം ഓർക്കണം,  മയക്കുമരുന്നിന് അടിമയായ ഓരോ വ്യക്തിയും "വ്യത്യസ്തമായ ഒരു വ്യക്തിഗത ചരിത്രം പേറുന്നു, അത് ശ്രവിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും കഴിയുന്നിടത്തോളം, അതിനെ സൗഖ്യമാക്കുകയും ശുദ്ധീകരിക്കുകയും വേണം. [...] അവർ ദൈവമക്കളായ വ്യക്തികൾ എന്ന നിലയിൽ അവർക്ക് എന്നത്തേക്കാളുപരിയായി, ഔന്നത്യമുള്ളവരായി തുടരാൻ കഴിയണം." എല്ലാവർക്കും അന്തസ്സുണ്ട്.

മാനവാന്തസ്സിനെ ചവിട്ടിമെതിക്കുന്ന മയക്കുമരുന്ന് 

എന്നിരുന്നാലും, മയക്കുമരുന്ന് വ്യാപാരികളുടെയും കടത്തുകാരുടെയും ദുരുദ്ദേശ്യങ്ങളും ദുഷ്ചെയ്തികളും നമുക്ക് അവഗണിക്കാനാവില്ല. അവർ ഘാതകരാണ്. മയക്കുമരുന്നിനടിമകളായവരെ അതിൽനിന്നു വിമുക്തരാക്കുന്നതിനുള്ള ഒരു ചികിത്സാകേന്ദ്രം സന്ദർശിച്ച വേളയിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കടുത്ത വാക്കുകൾ ഉപയോഗിക്കുകയുണ്ടായി. പാപ്പാ ഇപ്രകാരമാണ് പറഞ്ഞത്: “ഞാൻ മയക്കുമരുന്നുകടത്തുകരോടു പറയുന്നു, നിങ്ങൾ "സമൂഹത്തിൻറെ എല്ലാ തട്ടുകളിലുമുള്ള യുവജനങ്ങളും മുതിർന്നവരുമുൾപ്പെടുന്ന ജനസഞ്ചയത്തോട് ചെയ്യുന്ന ദ്രോഹത്തെക്കുറിച്ച് ചിന്തിക്കുക. അവർ ചെയ്തവയെക്കുറിച്ചുള്ള കണക്ക് ദൈവം അവരോടു  ചോദിക്കും. മാനവാന്തസ്സ് ഇങ്ങനെ ചവിട്ടിമെതിക്കപ്പെടാൻ പാടില്ല." മയക്കുമരുന്നു മാനവ ഔന്നത്യത്തെ ചവിട്ടിമെതിക്കുന്നു.

മരണത്തിൻറെ കടത്തുകാർ

ചില രാജ്യങ്ങളിൽ നിർദ്ദേശിക്കപ്പെടുകയോ അല്ലെങ്കിൽ ഇതിനകം നടപ്പിലാക്കപ്പെടുകയോ ചെയ്തിട്ടുള്ളതു പോലെ മയക്കുമരുന്നിൻറെ ഉപഭോഗം ഉദാരമാക്കുന്നതിലൂടെ മയക്കുമരുന്നാശ്രിതത്വം കുറയ്ക്കാൻ കഴിയില്ല. ഇതൊരു വ്യാമോഹമാണ്. ഉദാരമാക്കപ്പെടുമ്പോൾ ഒരുവൻ അത് കൂടുതൽ ഉപയോഗിക്കുന്നു. മയക്കുമരുന്നിന് അടിമകളായവരുടെയും അവരുടെ കുടുംബങ്ങളുടെയും നിരവധി ദുരന്തകഥകൾ അറിയാവുന്നതിനാൽ, അപകടകരമായ ഈ വസ്തുക്കളുടെ ഉൽപാദനവും കടത്തും അവസാനിപ്പിക്കേണ്ടത് ധാർമ്മികമായ ഒരു കടമയാണെന്ന ബോധ്യം എനിക്കുണ്ട്. എന്ത് വിലകൊടുത്തും അധികാരത്തിൻറെയും പണത്തിൻറെയും യുക്തിയാൽ നയിക്കപ്പെടുന്ന എത്രയെത്ര മരണക്കടത്തുകാരുണ്ട്! മയക്കുമരുന്നു കടത്തുകാർ മരണത്തിൻറെ കടത്തുകാരാണ്. അക്രമം ഉണ്ടാക്കുകയും കഷ്ടപ്പാടും മരണവും വിതയ്ക്കുകയും ചെയ്യുന്ന ഈ മഹാമാരിക്ക് നമ്മുടെ ആകമാനസമൂഹത്തിൻറെ ധീരമായ ഒരു പ്രവർത്തി ആവശ്യമാണ്.

പൊതുഭവനത്തിന് പ്രഹരമേല്പിക്കുന്ന മയക്കുമരുന്ന്

മയക്കുമരുന്നുല്പാദനവും കടത്തും നമ്മുടെ പൊതുഭവനത്തിന്മേലും വിനാശകരമായ ആഘാതം ഏൽപ്പിക്കുന്നു. ഉദാഹരണത്തിന്, ആമസോൺ തടപ്രദേശത്ത് ഇത് എന്നും കൂടുതൽ പ്രകടമാണ്. 

പ്രതിരോധത്തിൻറെ ആവശ്യകത

മയക്കുമരുന്ന് ദുരുപയോഗവും കടത്തും ചെറുക്കുന്നതിനുള്ള മറ്റൊരു മുൻഗണനാപരമായ മാർഗ്ഗം പ്രതിരോധമാണ്, ഇത് ചെയ്യേണ്ടത്, കൂടുതൽ നീതി പ്രോത്സാഹിപ്പിക്കുകയും വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ കെട്ടിപ്പടുക്കുന്ന മൂല്യങ്ങളെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുകയും ബുദ്ധിമുട്ടനുഭവിക്കുന്നവരെ തുണയ്ക്കുകയും അനുഗമിക്കുകയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നൽകുകയും ചെയ്തുകൊണ്ടാണ്. 

മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സഭയുടെ പങ്ക്

സുവിശേഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വിവിധ വീണ്ടെടുക്കൽ സമൂഹങ്ങൾ സന്ദർശിക്കാൻ വിവിധ രൂപതകളിലേക്കും നാടുകളിലേക്കുമുള്ള എൻറെ യാത്രകളിൽ,  എനിക്ക് കഴിഞ്ഞു. നല്ല സമറിയാക്കാരൻറെ ഉപമ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതിനുള്ള വൈദികരുടെയും സമർപ്പിതരുടെയും അല്മായരുടെയും പ്രതിബദ്ധതയുടെ ശക്തവും പ്രത്യാശാഭരിതവുമായ സാക്ഷ്യമാണ് പ്രസ്തുത സമൂഹങ്ങൾ. അതുപോലെ, മയക്കുമരുന്ന് ഉപയോഗത്തിന് അടിമകളായ ആളുകളുടെ ചികിത്സയും ഈ വിപത്തിന് അറുതിവരുത്തുന്നതിനുള്ള പ്രതിരോധവും സംബന്ധിച്ച ന്യായമായ നിയമനിർമ്മാണങ്ങളും നയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ മെത്രാൻസംഘങ്ങൾ നടത്തുന്ന ശ്രമങ്ങൾ എനിക്ക് ആശ്വസമേകുന്നു.

ഒരു ഉദാഹരണമായി, ല പസ്തൊറാൽ ലത്തീനമേരിക്കാന ദെ അക്കൊമ്പാഞ്ഞമിയെന്തൊ യി പ്രെവെൻസിയോൺ ദെ അതിത്സിയോനെസ് (La Pastoral Latinoamericano de Acompañamiento y Prevención de Adicciones -PLAPA) ശൃംഖല ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ശൃംഖലയുടെ ഭരണഘടന "മദ്യം, മനസ്സിനെ ബാധിക്കുന്ന പദാർത്ഥങ്ങൾ, ലഹരിവസ്തുക്കൾ, മറ്റ് തരത്തിലുള്ള ആസക്തികൾ (അശ്ലീലസാഹിത്യങ്ങൾ, നൂതന സാങ്കേതികവിദ്യകൾ മുതലായവ) എന്നിവയിലുള്ള അടിമത്തം  ഭൂമിശാസ്ത്ര- സാമൂഹിക-സാംസ്കാരിക-മത-പ്രായ വ്യത്യാസങ്ങൾക്കപ്പുറം നമ്മെ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണെന്ന് തിരിച്ചറിയുന്നു. വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഒരു സമൂഹമായി നില്ക്കണം: അനുഭവങ്ങളും  ആവേശവും ബുദ്ധിമുട്ടുളും പങ്കുവയ്ക്കണം."

2023 നവംബറിൽ തെക്കെ ആഫ്രിക്കയിലെ മെത്രാന്മാർ "യുവാക്കളെ സമാധാനത്തിൻറെയും പ്രത്യാശയുടെയും വക്താക്കളായി ശാക്തീകരിക്കുക" എന്ന പ്രമേയം സ്വീകരിച്ചിരുന്ന ഒരു സമ്മേളനം വിളിച്ചുകൂട്ടിയതിനെക്കുറിച്ചും ഞാൻ സുചിപ്പിക്കുകയാണ്. ആ യോഗത്തിൽ പങ്കെടുത്ത യുവജന പ്രതിനിധികൾ ആ യോഗത്തെ "ആ പ്രദേശമഖിലമുള്ള ആരോഗ്യകരവും സജീവവുമായ ഒരു യുവതയിലേക്കുള്ള സുപ്രധാന നാഴികക്കല്ലായി" അംഗീകരിച്ചു. അതിനുപുറമെ അവർ ഇങ്ങനെ വാഗ്ദാനം ചെയ്യുകയും ചെയ്തു: "മയക്കുമരുന്ന് ഉപയോഗത്തിനെതിരായ പോരാട്ടത്തിൻറെ ദൂതന്മാരുടെയും അതിനെ പിന്തുണയ്ക്കുന്നവടെയും പങ്ക് ഞങ്ങൾ അംഗീകരിക്കുന്നു. എപ്പോഴും പരസ്പരം സഹാനുഭൂതിയുള്ളവരായിരിക്കാൻ എല്ലാ യുവജനങ്ങളോടും ഞങ്ങൾ ആവശ്യപ്പെടുന്നു.

നിസ്സംഗത പാലിക്കാനാകില്ല

ലോകമെമ്പാടും മയക്കുമരുന്നിനടിമകളായ ദശലക്ഷക്കണക്കിന് ആളുകളുടെ ദാരുണമായ സാഹചര്യത്തിനു മുന്നിൽ, അതൊരു ദുരന്ത അവസ്ഥയല്ലേ? ഈ മയക്കുമരുന്നുകളുടെ ഉൽപാദനത്തിൻറെയും അനധികൃത കടത്തലിൻറെയുമായ ഉതപ്പിനു മുന്നിൽ, "നമുക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ല. കർത്താവായ യേശു നില്ക്കുകയും അടുത്തുവരുകയും മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്തു. ബലഹീനതയുടെയും വേദനയുടെയും സാഹചര്യങ്ങൾക്ക് മുന്നിൽ അവിടത്തെ സാമീപ്യത്തിൻറെ ശൈലിയിൽ പ്രവർത്തിക്കാനും നിൽക്കാനും  ഏകാന്തതയുടെയും കഠോരവേദനയുടെയും നിലവിളി എങ്ങനെ കേൾക്കണമെന്ന് അറിയാനും മയക്കുമരുന്നിൻറെ അടിമത്തത്വത്തിൽ വീണുപോകുന്നവരെ  കുനിഞ്ഞ് ഉയർത്താനും പുതിയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും നമ്മളും വിളിക്കപ്പെട്ടിരിക്കുന്നു”. കൂടാതെ, യുവജനത്തിന് മയക്കുമരുന്ന് നൽകുകയും അതിനായി മുതൽമുടക്കുകയും ചെയ്യുന്ന ഈ കുറ്റവാളികൾക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം: അവർ കുറ്റവാളികളാണ്, കൊലപാതകികളാണ്. അവരുടെ മാനസാന്തരത്തിനായി നമുക്കു പ്രാർത്ഥിക്കാം.

ഈ ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ, ക്രിസ്ത്യാനികളും സഭാ സമൂഹങ്ങളും എന്ന നിലയിൽ, നമുക്ക് മയക്കുമരുന്നിനെതിരായ പ്രാർത്ഥനയ്ക്കും പ്രവർത്തനത്തിനുമുള്ള നമ്മുടെ പ്രതിബദ്ധത നവീകരിക്കാം. നന്ദി!

സമാപനാഭിവാദ്യങ്ങൾ

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ജൂൺ 29-ന് ശനിയാഴ്ച റോമിൻറെ സ്വർഗ്ഗീയസംരക്ഷകരായ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു. അവരുടെ മാതൃക പിൻചെല്ലാനും സുവിശേഷത്തിൻറെ മനോഹാരിതയ്ക്ക് സകലയിടത്തും സാക്ഷ്യമേകിക്കൊണ്ട് പ്രേഷിത ശിഷ്യരായി മാറാനും പാപ്പാ ആഹ്വാനം ചെയ്തു.

യുദ്ധവേദികളിൽ സമാധാനം സംജാതമാകട്ടെ!

യുദ്ധത്തിൻറെ യാതനകൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ, വിശിഷ്യ, ഉക്രൈയിനെയും പലസ്തീനിനെയും ഇസ്രായേലിനെയും മ്യന്മാറിനെയും എത്രയും വേഗം സമാധാനം കണ്ടെത്തുന്നതിനു വേണ്ടി ഈ വിശുദ്ധരുടെ മാദ്ധ്യസ്ഥ്യത്തിനു പാപ്പാ ഭരമേല്പിച്ചു.  തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2024, 12:05

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >