തിരയുക

പേരും പെരുമയും തേടാത്ത യേശുവിൻറെ സ്വാതന്ത്ര്യവും സൗജന്യതയും!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണം:ആനന്ദത്തിനോ അധികാരത്തിനോ പണത്തിനോ അംഗീകാരത്തിനോ വേണ്ടിയുള്ള അന്വേഷണത്താൽ സ്വാധീനിക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കരുത്. നമ്മുടെ ഹൃദയത്തെ നിറയ്ക്കാനും വലുതാക്കാനും ദൈവത്തിൻറെ സൗജന്യ സ്നേഹത്തെ അനുവദിക്കുകയാണെങ്കിൽ, നമ്മൾ, സ്വാതന്ത്ര്യത്തിൽ വളരും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, ഈ ഞായറാഴ്ച (09/06/24) നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ കരഘോഷവും ആനന്ദാരവങ്ങളും ജനസഞ്ചയത്തിൻറെ ആഹ്ലാദാവിഷ്ക്കാരമായി. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (09/06/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം മൂന്നാ അദ്ധ്യായം, 20-35വരെയുള്ള വാക്യങ്ങൾ (മർക്കോസ് 3:20-35) അതായത്, യേശുവിൻറെ വചനപ്രവർത്തികളെ അവിടത്തെ സ്വന്തക്കാരും നിയമജ്ഞരും തെറ്റിദ്ധരിക്കുന്നതും ദൈവഹിതം നിറവേറ്റുന്നവരാണ് തൻറെ സഹോദരീസഹോദരന്മാരും അമ്മയും എന്നു അവിടന്ന് പ്രഖ്യാപിക്കുന്നതുമായ ഭാഗം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ പങ്കുവച്ച ചിന്തകൾ :

യേശു അഭിമുഖീകരിക്കുന്ന ദ്വിവിധ പ്രതികരണങ്ങൾ 

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭഞായർ!

തൻറെ പരസ്യ ശുശ്രൂഷ ആരംഭിച്ചതിന് ശേഷം യേശു ദ്വിവിധ പ്രതികരണങ്ങളെ നേരിടേണ്ടിവരുന്നതായി ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷം (മർക്കോസ് 3,20-35 കാണുക) നമ്മോട് പറയുന്നു: അതായത്, ആശങ്കാകുലരും യേശുവിന് സുബോധം നഷ്ടപ്പെട്ടിരിക്കുന്നവെന്ന് ഭയപ്പെട്ടവരുമായ ബന്ധുക്കളുടെ പ്രതികരണത്തിനും ഒരു ദുരാത്മാവിനാൽ പ്രേരിതനായിട്ടാണ് യേശു വർത്തിക്കുന്നതെന്ന് ആരോപിച്ചിരുന്ന മതാധികാരികളുടെ പ്രതികരണത്തിനും മുന്നിലാണ് അവിടന്ന്. വാസ്തവത്തിൽ, യേശു പ്രസംഗിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തിരുന്നത് പരിശുദ്ധാത്മാവിൻറെ ശക്തിയാലാണ്. ഈ അരൂപിയാണ് അവിടത്തെ ദൈവികമായി സ്വതന്ത്രനാക്കിയത്, അതായത് അളവില്ലാതെയും നിരുപാധികമായും സ്നേഹിക്കാനും സേവിക്കാനും പ്രാപ്തനാക്കിയത്. യേശു സ്വതന്ത്രനാണ്. യേശുവിൻറെ ഈ സ്വാതന്ത്ര്യത്തെക്കുറിച്ച് നമുക്ക് അൽപ്പനേരം ചിന്തിക്കാം.

യേശുവിൻറെ സ്വാതന്ത്ര്യം - സമ്പത്തിനു മുന്നിൽ

സമ്പന്നതകൾക്കു മുന്നിൽ യേശു സ്വതന്ത്രനായിരുന്നു: അതിനാൽ, പകരമായി ഒന്നും ചോദിക്കാതെ (മത്തായി 10,8 കാണുക) രോഗികളെ സൗജന്യമായി ചികിത്സിക്കുകയും സഹായാഭ്യർത്ഥനയുമായി തൻറെ പക്കലെത്തിയവരെ സേവിക്കുകയും ചെയ്തുകൊണ്ട് യേശു, അനിശ്ചിതത്വങ്ങൾ നിറഞ്ഞതും ദരിദ്രവുമായ ഒരു ജീവിതം സ്വീകരിക്കാൻ, നസ്രത്തിലെ തൻറെ ഗ്രാമത്തിൻറെ സുരക്ഷിതത്വം വെടിഞ്ഞു (മത്തായി 6:25-34 കാണുക). ഇതാണ് യേശുവിൻറെ ശുശ്രൂഷയുടെ സൗജന്യത. ഇതു തന്നെയാണ് ഓരോ ശുശ്രൂഷയുടെയും സൗജന്യത.

അധികരാത്തിനു മുന്നിൽ

അധികാരത്തിന് മുന്നിൽ അവിടന്ന് സ്വതന്ത്രനായിരുന്നു: വാസ്തവത്തിൽ, തന്നെ അനുഗമിക്കാൻ അവിടന്ന് പലരെയും വിളിച്ചെങ്കിലും, ആരെയും അതു  ചെയ്യാൻ നിർബന്ധിച്ചില്ല, അവിടന്ന് ശക്തരുടെ പിന്തുണ തേടിയില്ല, എന്നാൽ അവിടന്ന് എപ്പോഴും ഏറ്റവും എളിയവരുടെ പക്ഷം ചേർന്നു നിന്നു. താൻ ചെയ്തതുപോലെ ചെയ്യാൻ ശിഷ്യന്മാരെ അവിടന്ന് പഠിപ്പിക്കുകയും ചെയ്തു (ലൂക്കാ 22:25-27 കാണുക).

പ്രശസ്തിക്കു മുന്നിൽ

അവസാനമായി, പ്രശസ്തിക്കും അംഗീകാരത്തിനും വേണ്ടിയുള്ള തിരച്ചിലിനു മുന്നിലും യേശു സ്വതന്ത്രനായിരുന്നു, ഇക്കാരണത്താൽ അവിടന്ന്, ഒരിക്കലും സത്യം പറയുന്നതിൽ നിന്ന് പിന്മാറിയില്ല. അതിന് തെറ്റിദ്ധരിക്കപ്പെടലും ജനത്തിൻറെ അപ്രീതിയും കുരിശുമരണം പോലും  (Mk 3:21 കാണുക), വിലയായി നൽകേണ്ടിവന്നു. യാതൊന്നിനാലും ആരാലും ഭയപ്പെടുത്തപ്പെടാനോ, വിൽക്കപ്പെടാനോ ദുഷിപ്പിക്കപ്പെടാനോ അവിടന്ന് സ്വയം അനുവദിക്കുന്നില്ല (മത്തൻ 10:28 കാണുക).

സ്വതന്ത്രമനുഷ്യൻ 

യേശു ഒരു സ്വതന്ത്ര മനുഷ്യനായിരുന്നു. സമ്പന്നതകൾക്കു മുന്നിൽ സ്വതന്ത്രൻ, അധികാരത്തിന് മുന്നിൽ സ്വതന്ത്രൻ, പ്രശസ്തിക്കായുള്ള ഓട്ടത്തിനുമുന്നിൽ സ്വതന്ത്രൻ. ഇത് നമ്മെ സംബന്ധിച്ചും സുപ്രധാനമാണ്. വാസ്‌തവത്തിൽ, ആനന്ദത്തിനോ അധികാരത്തിനോ പണത്തിനോ അംഗീകാരത്തിനോ വേണ്ടിയുള്ള അന്വേഷണത്താൽ സ്വാധീനിക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കുകയാണെങ്കിൽ, നാം ഇവയുടെ അടിമകളാകും. നേരെമറിച്ച്, നമ്മുടെ ഹൃദയത്തെ നിറയ്ക്കാനും വലുതാക്കാനും ദൈവത്തിൻറെ സൗജന്യ സ്നേഹത്തെ അനുവദിക്കുകയാണെങ്കിൽ, ഭയമോ കണക്കുകൂട്ടലുകളോ ഉപാധികളോ ഇല്ലാതെ മറ്റുള്ളവർക്ക് നമ്മെ മുഴുവനോടുംകൂടി പകർന്നുനൽകിക്കൊണ്ട് സ്വയമേവ കവിഞ്ഞൊഴുകാൻ ആ സ്നേഹത്തെ നാം അനുവദിക്കുകയാണെങ്കിൽ, നമ്മൾ സ്വാതന്ത്ര്യത്തിൽ വളരുകയും അതിൻറെ സുഗന്ധം നമുക്ക് ചുറ്റും പരത്തുകയും ചെയ്യും.

ആത്മശോധന

ആകയാൽ, നമുക്ക് സ്വയം ചോദിക്കാം: ഞാൻ ഒരു സ്വതന്ത്ര വ്യക്തിയാണോ? അതോ എൻറെയും മറ്റുള്ളവരുടെയും സ്വച്ഛതയും സമാധാനവും  ധനത്തിനും അധികാരത്തിനും നേട്ടത്തിനും കുരുതികൊടുത്തുകൊണ്ട് അവയുടെ മിഥ്യാധാരണകളാൽ തടവിലാക്കപ്പെടാൻ ഞാൻ എന്നെത്തന്നെ അനുവദിക്കുകയാണോ? ഞാൻ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ചുറ്റുപാടുകളിൽ സ്വാതന്ത്ര്യത്തിൻറെയും ആത്മാർത്ഥതയുടെയും സ്വാഭാവികതയുടെയും ശുദ്ധവായു ഞാൻ പരത്തുന്നുണ്ടോ? യേശു പഠിപ്പിച്ചതുപോലെ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിൽ (റോമാക്കാർക്കുള്ള ലേഖനം 8,15.20-23 കാണുക) ജീവിക്കാനും സ്നേഹിക്കാനും കന്യാമറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

ജോർദ്ദാൻ സമാധാന ചർച്ച 

ഗാസയിലെ മാനവികാവസ്ഥയെ അധികരിച്ച് ഒരു അന്താരാഷ്ട്ര സമ്മേളനം ഈ പതിനൊന്നാം തീയതി ചൊവ്വാഴ്‌ച ജോർദ്ദാനിൽ നടക്കാൻ പോകുന്നതിനെക്കുറിച്ച് പാപ്പാ പരാമർശിച്ചു.  ജോർദ്ദാൻ രാജാവും ഈജിപ്തിൻറെ പ്രസിഡൻറും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലും ചേർന്നാണ് ഇത് സംഘടിപ്പിപ്പിക്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു. ഈ സുപ്രധാന സംരംഭത്തിന് താൻ അവർക്ക് നന്ദി പറയുന്നു എന്നു വെളിപ്പെടുത്തിയ പാപ്പാ, ഗാസയിലെ യുദ്ധം തളർത്തിയിരിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് ഏത് വിധേനയും അടിയന്തിരമായി പരിശ്രമിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് പ്രചോദനം പകർന്നു. സഹായം ആവശ്യമുള്ളവർക്ക് അത് എത്തിച്ചുകൊടുക്കാൻ കഴിയണമെന്നും ആരും അത് തടയരുതെന്നും പാപ്പാ പറഞ്ഞു.

വിശുദ്ധ നാടിനു വേണ്ടിയുള്ള സമാധാന പ്രാർത്ഥനയുടെ പത്താം വാർഷികം 

ഇസ്രായേലിൻറെ പ്രസിഡൻറായിരുന്ന, മരണമടഞ്ഞ, ഷിമോൺ പെരെസ്, പലസ്തീൻറെ പ്രസിഡൻറ് അബു മസ്സെൻ എന്നിവരുമൊത്ത് താൻ വത്തിക്കാനിൽ സമാധാനപ്രാർത്ഥന നടത്തിയതിൻറെ പത്താം വാർഷികം ജൂൺ 8-ന് ശനിയാഴ്ച (08/06/24) ആയിരുന്നത് പാപ്പാ അനുസ്മരിച്ചു. ഹസ്തദാനം സാധ്യമാണെന്നും യുദ്ധം ചെയ്യുന്നതിനേക്കാൾ കൂടുതൽ ധൈര്യം സമാധാനം സ്ഥാപിക്കാൻ ആവശ്യമാണെന്നും ആ കൂടിക്കാഴ്ച സാക്ഷ്യപ്പെടുത്തിയെന്നും പാപ്പാ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ എളുപ്പമല്ലെങ്കിലും അവയെ താൻ പ്രോത്സാഹിപ്പിക്കുന്നുവെന്നു വെളിപ്പെടുത്തിയ പാപ്പാ, വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള സമാധാന നിർദ്ദേശങ്ങൾ പലസ്തീനിലെയും ഇസ്രായേലിലെയും ജനങ്ങളുടെ നന്മയ്ക്കായി ഉടനടി അംഗീകരിക്കപ്പെടുമെന്ന തൻറെ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഉക്രൈയിനും മ്യാന്മാറിനും വേണ്ടി പ്രാർത്ഥിക്കുക

ഏറ്റവും കൂടുതൽ യാതനകളനുഭവിക്കുകയും സമാധാനത്തിനായി ഏറ്റവും കൂടുതൽ ദാഹിക്കുകയും ചെയ്യുന്ന പീഡിത ഉക്രേനിയൻ ജനതയെ മറക്കരുതെന്നു പാപ്പാ പറഞ്ഞു. എല്ലാവരും ആ ജനതയുടെ ചാരത്തുണ്ടെന്ന് പാപ്പാ ഉറപ്പു നല്കി. അന്താരാഷ്ട്രസമൂഹത്തിൻറെ സഹായത്തോടെ ഈ സമാധാനാഭിവാഞ്ഛ എത്രയും വേഗം സാക്ഷാത്ക്കരിക്കപ്പെടട്ടെയെന്ന് പാപ്പാ ആശംസിച്ചു. സംഘർഷവേദിയായ മ്യാന്മാറിനെയും പാപ്പാ അനുസ്മരിച്ചു.

സമാപനാഭിവാദ്യം

ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 June 2024, 10:58

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >