വിശ്രമവും അനുകമ്പയും, പൊരുത്തമുള്ള രണ്ടു യാഥാർത്ഥ്യങ്ങൾ, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലപ്രാർത്ഥനാ പ്രഭാഷണം: ദൗത്യ നിർവ്വഹണം കഴിഞ്ഞ് തിരച്ചെത്തിയ തൻറ ശിഷ്യർക്ക് വിശ്രമം നിർദ്ദേശിക്കുകയും ഒപ്പം തനിക്കു ചുറ്റും കൂടിയിരിക്കുന്ന ജനതതിയെ അനുകമ്പയോടെ നോക്കുകയും ചെയ്യുന്ന യേശു. ദൈനംദിന ജീവിതത്തിൽ നാം കർമ്മത്തിൻറെ തിരക്കുകളിൽപ്പെട്ടുപോകാതെ സൂക്ഷിക്കണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ, ഞാറാഴ്ചകളിൽ ഫ്രാൻസീസ് പാപ്പാ നയിക്കുന്ന   പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു ഈ ഞായറാഴ്ചയും. മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും അവരുടെ ആനന്ദം പ്രകടിപ്പിച്ചു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (21/07/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം ആറാം അദ്ധ്യായം, 30-34 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 6:30-34) അതായത്, തങ്ങൾ ചെയ്തതും പഠിപ്പിച്ചതുമായ കാര്യങ്ങളെക്കുറിച്ച് തന്നെ ധരിപ്പിക്കുന്ന ശിഷ്യന്മാരെ വിശ്രമിക്കുന്നതിനായി ഒരു വിജനസ്ഥലത്തേക്കു യേശു കൂട്ടിക്കൊണ്ടുപോകുന്ന സംഭവം ആയിരുന്നു. പാപ്പായുടെ പരിചിന്തനം:

വിശ്രമത്തിനായെത്തുന്ന യേശുവിനെയും ശിഷ്യരെയും കാത്ത് ജനതതി 

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭഞായർ!

ദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ അപ്പോസ്തലന്മാർ യേശുവിന് ചുറ്റും സമ്മേളിക്കുകയും തങ്ങൾ ചെയ്ത കാര്യങ്ങൾ അവനോട് പറയുകയും ചെയ്യുന്നതാണ് ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷാഖ്യാനം (മർക്കോസ് 6,30-34); അപ്പോൾ അവൻ അവരോട് പറയുന്നു: "നിങ്ങൾ ഒരു വിജന സ്ഥലത്തേക്ക് വരുവിൻ, അൽപ്പനേരം വിശ്രമിക്കാം" (മർക്കോസ് 6,31). എന്നിരുന്നാലും, അവരുടെ നീക്കം ആളുകൾ മനസ്സിലാക്കുന്നു, അവർ വള്ളത്തിൽ നിന്ന് ഇറങ്ങുമ്പോൾ, യേശു കാണുന്നത് തന്നെ കാത്തുനിൽക്കുന്ന ജനക്കൂട്ടത്തെയാണ്, അവന് അവരോട് അനുകമ്പ തോന്നുകയും അവരെ പഠിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു (മർക്കോസ് 6,34 കാണുക).

പര്സര ബന്ധമുള്ള വിശ്രമവും അനുകമ്പയും 

അതിനാൽ, ഒരു വശത്ത് വിശ്രമിക്കാനുള്ള ക്ഷണവും, മറുവശത്ത്, യേശുവിന് ജനക്കൂട്ടത്തോടുള്ള അനുകമ്പയും - യേശുവിൻറെ അനുകമ്പയെക്കുറിച്ച് ധ്യാനിക്കുക വളരെ മനോഹരമാണ്. അവ, വിശ്രമത്തിനുള്ള ക്ഷണവും അനുകമ്പയും, പൊരുത്തപ്പെടുത്താത്ത രണ്ടു കാര്യങ്ങളാണെന്ന പ്രതീതിയുളവാകുന്നു, എന്നാൽ അവ ചേർന്നു പോകുന്നു: വിശ്രമവും അനുകമ്പയും. നമുക്കു നോക്കാം.

കർമ്മനിരതത്വത്താൽ പരിക്ഷീണിതരായ ശിഷ്യന്മാർ-അമിതമായ ആകുലതകൾ

ശിഷ്യന്മാരുടെ തളർച്ചയിൽ യേശു ആകുലപ്പെടുന്നു. ഒരുപക്ഷേ നമ്മുടെ ജീവിതത്തെയും നമ്മുടെ പ്രേഷിതപ്രവർത്തനത്തെയും ബാധിക്കുന്ന ഒരു അപകടം അവിടന്ന് മനസ്സിലാക്കുന്നതായിരിക്കും, ഉദാഹരണത്തിന്, ദൗത്യം അല്ലെങ്കിൽ ജോലി നിർവ്വഹിക്കുന്നതിലുള്ള ആവേശവും, അതുപോലെ തന്നെ നമുക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന പങ്കും കർത്തവ്യങ്ങളും നമ്മെ അമിതാവേശത്തോടുകൂടിയ പ്രവർത്തനപരതയ്ക്ക് ഇരകളാക്കുന്നതും. ഇത് മോശമായ ഒരു കാര്യമാണ്: ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അമിതമായ ഉത്ക്കണ്ഠ, പ്രവർത്തന ഫലങ്ങളെക്കുറിച്ചുള്ള അതിയായ ആകുലത. തുടർന്ന് നമ്മൾ അസ്വസ്ഥരാകുകയും സത്താപരമായവ കാണാതെ പോകുകയും, നമ്മുടെ ഊർജ്ജം ക്ഷയിക്കുകയും ശരീരവും ആത്മാവും തളർന്നുപോകുകയും ചെയ്യുന്ന അപകടത്തിൽ വീഴുകയും ചെയ്യുന്നു. ഇത് നമ്മുടെ ജീവിതത്തിന്, പലപ്പോഴും തിടുക്കത്തിൻറെ തടവിലായ നമ്മുടെ സമൂഹത്തിന്, മാത്രമല്ല സഭയ്ക്കും അജപാലന സേവനത്തിനും ഒരു സുപ്രധാന മുന്നറിയിപ്പാണ്: സഹോദരീ സഹോദരന്മാരേ, കർമ്മത്തിൻറെ സ്വേച്ഛാധിപത്യത്തിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം! കുടുംബങ്ങളിൽ ഇത് അനിവാര്യമായും സംഭവിക്കാം, ഉദാഹരണത്തിന്, ഉപജീവനത്തിനായി ജോലിക്ക് ഹാജരാകാൻ നിർബന്ധിതനാകുമ്പോൾ, കുടുംബനാഥന് കുടുംബത്തിനായി നീക്കിവയ്ക്കാനുള്ള സമയം ത്യജിക്കേണ്ടിവരുന്നു. പലപ്പോഴും അവർ കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോൾ അതിരാവിലെ പുറപ്പെടുന്നു, അവർ തിരിച്ചെത്തുന്നത് കുഞ്ഞുങ്ങൾ കിടന്നുറങ്ങിക്കഴിയുമ്പോഴാണ്, വൈകുന്നേരം നേരം വൈകി. ഇതൊരു സാമൂഹിക അനീതിയാണ്. കുടുംബങ്ങളിൽ, അപ്പനും അമ്മയ്ക്കും അവരുടെ കുഞ്ഞുങ്ങളുമായി പങ്കിടാൻ സമയം ഉണ്ടാകണം, ഈ കുടുംബ സ്നേഹം വളർത്തണം, കർമ്മത്തിൻറെ സ്വേച്ഛാധിപത്യത്തിൽ വീഴരുത്. ഇങ്ങനെ ജീവിക്കാൻ നിർബന്ധിതരായ ആളുകളെ സഹായിക്കാൻ നമുക്ക് എന്തുചെയ്യാനാകുമെന്ന് ചിന്തിക്കാം.

വിശ്രമം ഒളിച്ചോട്ടമല്ല

അതേ സമയം, യേശു നിർദ്ദേശിച്ച വിശ്രമം ലോകത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ല, വ്യക്തിപരമായ ക്ഷേമത്തിലേക്കുള്ള ഒരു പിൻവാങ്ങലല്ല; പ്രത്യുത, നഷ്ടപ്പെട്ട ആളുകളോട് അവന് അനുകമ്പ തോന്നുന്നു. അതിനാൽ, ഈ രണ്ട് യാഥാർത്ഥ്യങ്ങൾ - വിശ്രമവും അനുകമ്പയും - ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സുവിശേഷത്തിൽ നിന്ന് നാം മനസ്സിലാക്കുന്നു: വിശ്രമിക്കാൻ പഠിച്ചാൽ മാത്രമേ നമുക്ക് അനുകമ്പ ഉണ്ടാകൂ. വാസ്‌തവത്തിൽ, നമ്മുടെ ഹൃദയം പ്രവർത്തിയുടെ  ആകുലതയാൽ ദഹിപ്പിക്കപ്പെടുന്നില്ലെങ്കിൽ, നിശ്ചലനായി ആരാധനയുടെ നിശബ്ദതയിൽ, ദൈവകൃപ  സ്വീകരിക്കാൻ അറിയാമെങ്കിൽ മാത്രമേ, മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന കാരുണ്യവദനം നമുക്കുണ്ടാകൂ.

തിരക്കിൽ നിന്നൊഴിഞ്ഞ് അല്പ സമയം ?

ആകയാൽ പ്രിയ സഹോദരീ സഹോദരന്മാരേ, നമുക്ക് സ്വയം ചോദിക്കാം: എൻറെ ദിനങ്ങളിൽ നിശ്ചലനാകാൻ എനിക്കറിയാമോ? എനിക്ക് എന്നോടുകൂടെയും കർത്താവിനോടൊപ്പവും ആയിരിക്കാൻ ഒരു നിമിഷം എങ്ങനെ എടുക്കണമെന്ന് അറിയാമോ, അതോ ഞാൻ എപ്പോഴും തിരക്കിലാണോ, കാര്യങ്ങൾ ചെയ്യുന്നതിലുള്ള തിരക്കിൽ? ഓരോ ദിവസത്തെയും ബഹളങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഇടയിൽ അൽപം ആന്തരിക "മരുഭൂമി" കണ്ടെത്താൻ നമുക്കറിയാമോ?

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

നമ്മുടെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളുടെ ഇടയിലും "ആത്മാവിൽ വിശ്രമിക്കുന്നതിനും" മറ്റുള്ളവർക്ക്  ലഭ്യരും അപരരോട് അനുകമ്പയുള്ളവരുമായിരിക്കാൻ പരിശുദ്ധ കന്യക നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ -പാരീസ് ഒളിമ്പിക് മാമാങ്കം, സമാധാനത്തിനായി പ്രാർത്ഥിക്കുക

ഈയാഴ്ച, ഫ്രാൻസീലെ പാരീസ് പട്ടണത്തിൽ ഒളിമ്പിക് കായികമത്സരങ്ങൾക്ക് തുടക്കംകുറിക്കപ്പെടുന്നതും അതിനെ തുടർന്ന് പാരാലിമ്പിക്‌സ് നടക്കാൻ പോകുന്നതും പാപ്പാ ത്രികാലപ്രാർത്ഥനാവേളയിൽ, ആശീർവ്വാദാനന്തരം, അനുസ്മരിച്ചു. ഭിന്ന സംസ്‌കാരങ്ങളിലുള്ളവരെ സമാധാനപരമായി ഒന്നിപ്പിക്കാനുള്ള വലിയൊരു സാമൂഹിക ശക്തി കളികൾക്കുണ്ടെന്ന് പാപ്പാ പറഞ്ഞു. പാരീസ് ഒളിമ്പിക് കായികമേള, നമ്മൾ പടുത്തുയർത്താൻ ആഗ്രഹിക്കുന്ന സാകല്യലോകത്തിൻറെ അടയാളമായിരിക്കട്ടെയെന്നും ഇതിൽ പങ്കെടുക്കുന്ന കായികതാരങ്ങൾ അവരുടെ കായിക സാക്ഷ്യത്തിലൂടെ, സാമാധാന ദൂതരും യുവതയ്ക്ക് പ്രബല മാതൃകകളും ആയി ഭവിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. ഒളിമ്പിക് കായികമത്സര വേളകൾ, പുരാതന പാരമ്പര്യമനുസരിച്ച്, ആത്മാർത്ഥമായ സമാധാനാഭിവാഞ്ഛ പ്രകടിപ്പിച്ചുകൊണ്ട്, യുദ്ധങ്ങൾ താല്ക്കാലികമായി നിറുത്തിവയ്ക്കുന്നതിനുള്ള അവസരമാണെന്നതും പാപ്പാ അനുസ്മരിച്ചു. പീഡിത ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, മ്യാൻമർ എന്നീ നാടുകളെയും യുദ്ധവേദികളായ മറ്റു രാജ്യങ്ങളെയും മറക്കരുതെന്ന് പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 July 2024, 10:47

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >