നമ്മുടെ ജീവിതം കർത്താവുമായുള്ള നിയതമായ കൂടിക്കാഴ്ചയ്ക്കുള്ള യാത്ര, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മുടെ ജീവിതം കർത്താവുമായുള്ള നിയതമായ കൂടിക്കാഴ്ചയുടെ ചക്രവാളം ലക്ഷ്യം വച്ചുള്ള യാത്രയാണെന്ന് മാർപ്പാപ്പാ.
പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനത്തിൽ, ആഗസ്റ്റ് 15-ന് വ്യാഴാഴ്‌ച (15/08/24) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു മുമ്പ് നടത്തിയ വിചിന്തനത്തിലാണ് ഫ്രാൻസീസ് പാപ്പാ, ദൈവദൂതൻറെ വാക്കുകൾ സ്വീകരിച്ച നസ്രത്തിലെ കന്യക ആ സന്തോഷം പങ്കുവയ്ക്കുന്നതിനും സഹായിക്കുന്നതിനുമായി തൻറെ ചാർച്ചക്കാരിയായ ഗർഭിണിയായ എലിസബത്തിൻറെ പക്കലേക്കു ഉടൻ പുറപ്പെടുന്ന സുവിശേഷ സംഭവത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.
നമ്മുടെ ജീവിതം ലക്ഷ്യമില്ലാത്തതും അർത്ഥശൂന്യവുമായ ഒരു യാത്രയല്ലയെന്ന് പരിശുദ്ധ മറിയത്തിൻറെ ജീവിതം ദൃഷ്ടാന്തമാക്കി പാപ്പാ വിശദീകരിച്ചു. മംഗളവാർത്ത സ്വീകരിച്ചതിനുശേഷം തൻറെ ചാർച്ചക്കാരിയെ സന്ദർശിക്കാൻ പുറപ്പെടുന്ന ആ നമിഷം മുതൽ എപ്പോഴും മറിയം യേശുവിനെ അനുഗമിക്കുന്ന യാത്രയിലാകുകയാണെന്നും അവളുടെ ഭൗമികതീർത്ഥാടനത്തിന് സമാപനം കുറിക്കപ്പെടുന്നത് അവൾ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതോടെയാണെന്നും പാപ്പാ പറഞ്ഞു.
കർത്താവിൻറെ പിന്നാലെ നടക്കുകയും സഹോദരങ്ങളുമായി കണ്ടുമുട്ടുകയും സ്വർഗ്ഗീയ മഹത്വത്തിൽ യാത്രയ്ക്ക് അന്ത്യംകുറിക്കുകയും ചെയ്ത മറിയത്തെ ഒരു നിശ്ചല മെഴുകു പ്രതിമയായിട്ടല്ല പ്രത്യുത പാദരക്ഷകൾ തേഞ്ഞ് പരിക്ഷീണിതയായ ഒരു സഹോദരിയായി കാണാൻ നമുക്ക് കഴിയണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
നമ്മുടെ ജീവിതം, കർത്താവുമായുള്ള അന്തിമ ഐക്യോന്മുഖമായുള്ള നിരന്തര യാത്രയാണെന്ന് പരിശുദ്ധ മറിയം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.കർത്താവ് നമുക്കായി ഒരുക്കിയിരിക്കുന്ന നിത്യാനന്ദത്തെയുമം കർത്താവുമായുള്ള കൂടിക്കാഴ്ചയെയും കുറിച്ചുള്ള ഈ പ്രത്യാശ നമ്മുടെ ജീവിതയാത്രയ്ക്ക്, വിശിഷ്യ, അത് ദുഷ്ക്കരമാകുമ്പോൾ, ഊർജ്ജം പകരണമെന്ന് പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: