തിരയുക

ഉപവി: ജീവിത നിറവിൻറെ പാത; ഉള്ളത് പങ്കുവയ്ക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണം: ഭൗതിക കാര്യങ്ങൾ ജീവിതത്തെ നിറയ്ക്കുന്നില്ല, അവ നമ്മെ മുന്നോട്ടുപോകാൻ അനുവദിക്കുന്നു, അവ പ്രധാനപ്പെട്ടവയാണ്, എന്നാൽ ജീവിതത്തെ നിറവുള്ളതാക്കാൻ സ്നേഹത്തിന് മാത്രമേ കഴിയൂ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പതിവുപോലെ ഈ ഞായറാഴ്ചയും ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ഉഷ്ണം അതിശക്തമായിരുന്നെങ്കിലും ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. സൂര്യാംശുക്കളിൽ നിന്ന് രക്ഷനേടുന്നതിന് പലരും കുടകൾ ചൂടുകയും തൊപ്പിയണിയുകയും ചെയ്തിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും പാപ്പായ്ക്ക് അഭിവാദ്യമർപ്പിച്ചു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (04/08/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം ആറാം അദ്ധ്യായം, 24-35 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 6:24-35) അതായത്, നിത്യജീവൻറെ അനശ്വരമായ അപ്പത്തിനായി അദ്ധ്വാനിക്കാൻ ജനസഞ്ചയത്തെ യേശു ആഹ്വാനം ചെയ്യുന്ന സുവിശേഷസംഭവം ആയിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:

അടയാളങ്ങളുടെ പൊരുൾ തേടുക

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

അപ്പവും മീനും വർദ്ധിപ്പിച്ച അത്ഭുതത്തിന് ശേഷം, തന്നെ അന്വേഷിക്കുന്ന ജനക്കൂട്ടത്തെ, സംഭവിച്ചതിൻറെ പൊരുളെന്തെന്നു മനസ്സിലാക്കുന്നതിന് അതിനെക്കുറിച്ച് ചിന്തിക്കാൻ ക്ഷണിക്കുന്ന യേശുവിനെ കുറിച്ച് ഇന്ന് സുവിശേഷം നമ്മോട് പറയുന്നു (യോഹന്നാൻ 6:24-35 കാണുക).

പങ്കുവയ്ക്കാനുള്ള സന്നദ്ധത 

വിതരണം ചെയ്യപ്പെട്ട ഭക്ഷണം അവർ കഴിക്കുകയും, തൻറെ കൈവശം അല്പം മാത്രം ഉണ്ടായിരുന്ന വിഭവങ്ങൾ മറ്റുള്ളവർക്കായി നല്കാൻ ഒരു ബാലൻ കാണിച്ച ഔദാര്യത്തിൻറെയും ധൈര്യത്തിൻറെയും ഫലമായി എല്ലാവരും എങ്ങനെ ഭക്ഷിച്ചു തൃപ്തരായി എന്നു കാണുകയും ചെയ്തു (യോഹന്നാൻ 6:1-13 കാണുക). അടയാളം സുവ്യക്തമായിരുന്നു: കൈവശമുള്ളത് ഓരോ വ്യക്തിയും മറ്റുള്ളവർക്കായി നൽകിയാൽ, അല്പമായതു കൊണ്ടും, ദൈവസഹായത്താൽ, എല്ലാവർക്കും എന്തെങ്കിലും നേടാനാകും. ഇത് മറക്കരുത്: ഒരാൾ തനിക്കുള്ളത് മറ്റുള്ളവർക്കായി  നൽകിയാൽ, അല്പമാണെങ്കിലും, ദൈവത്തിൻറെ സഹായത്താൽ, എല്ലാവർക്കും എന്തെങ്കിലും നേടാനാകും. അവർക്കാകട്ടെ ഒന്നും  മനസ്സിലായില്ല: അവർ യേശുവിനെ ഒരുതരം മാന്ത്രികനായി തെറ്റിദ്ധരിച്ചു, അവർ അവനെ തേടി തിരിച്ചെത്തി, അവൻ ഒരു മായാജാലം എന്നപോലെ അത്ഭുതം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചു (യോഹന്നാൻ 6, 26 കാണുക).

സാരമെന്തെന്നറിയാതെ ജനം

തങ്ങളുടെ യാത്രാനുഭവത്തിൻറെ നായകരായിരുന്നു അവർ, പക്ഷേ അതിൻറെ പ്രാധാന്യം എത്രമാത്രമാണെന്ന് അവർ മനസ്സിലാക്കിയില്ല: അവരുടെ ശ്രദ്ധ അപ്പത്തിലും മത്സ്യത്തിലും മാത്രം കേന്ദ്രീകൃതമായിരുന്നു, ഉടനടി തീർന്നു പോകുന്ന ഭൗതിക ആഹാരത്തിൽ ആയിരുന്നു.  അവരുടെ വിശപ്പ് ശമിപ്പിക്കുന്നതിനിടയിൽ പിതാവ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം അവർക്ക് വെളിപ്പെടുത്താൻ ഉപയോഗിച്ച ഒരു ഉപകരണം മാത്രമാണ് അതെന്ന് അവർ തിരിച്ചറിഞ്ഞില്ല. പിതാവ് വെളിപ്പെടുത്തിയത് എന്തായിരുന്നു? എന്നേക്കും നിലനിൽക്കുന്ന ജീവിത പാതയും എല്ലാ പരിമാണങ്ങൾക്കും അതീതമായി  തൃപ്തിയേകുന്ന അപ്പത്തിൻറെ സ്വാദും. ചുരുക്കത്തിൽ, യഥാർത്ഥ അപ്പം, പിതാവിൻറെ മനുഷ്യാവതാരം ചെയ്ത പ്രിയ പുത്രനായ യേശുവായിരുന്നു,  (യോഹന്നാൻ 6, 35 കാണുക), അവിടന്ന് ആഗതനായത് നമ്മുടെ ദാരിദ്ര്യത്തിൽ പങ്കുചേരാനും അതുവഴി, ദൈവവുമായും നമ്മുടെ സഹോദരങ്ങളുമായും സമ്പൂർണ്ണ കൂട്ടായ്മയുടെ സന്തോഷത്തിലേക്ക് നമ്മെ നയിക്കാനുമാണ് (യോഹന്നാൻ 3:16 കാണുക).

ജീവിതത്തിന് പൂർണ്ണത പകരാനാകാത്ത ഭൗതിക വസ്തുക്കൾ

ഭൗതിക കാര്യങ്ങൾ ജീവിതത്തെ നിറയ്ക്കുന്നില്ല, അവ നമ്മെ മുന്നോട്ടുപോകാൻ അനുവദിക്കുന്നു, അവ പ്രധാനപ്പെട്ടവയാണ്, എന്നാൽ ജീവിതത്തെ നിറയ്ക്കുന്നില്ല: സ്നേഹത്തിന് മാത്രമേ അത് ചെയ്യാൻ കഴിയൂ (യോഹന്നാൻ 6:35 കാണുക). ഇത് സംഭവിക്കണമെങ്കിൽ സ്വീകരിക്കേണ്ട പാത, അവനവനായി ഒന്നും സൂക്ഷിക്കാതെ, എല്ലാം പങ്കിടുന്ന ഉപവിയാണ്. ഉപവി എല്ലാം പങ്കുവയ്ക്കുന്നു.

സ്നേഹിക്കാൻ പഠിപ്പിക്കുന്ന മാതാപിതാക്കൾ 

നമ്മുടെ കുടുംബങ്ങളിലും ഇതു സംഭവിക്കുന്നില്ലേ? അതു നാം കാണുന്നുണ്ട്. മക്കളെ നല്ല നിലയിൽ വളർത്താനും അവരുടെ ഭാവിക്കായി എന്തെങ്കിലും കരുതിവയ്ക്കാനും ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്ന മാതാപിതാക്കളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ഈ സന്ദേശം മനസ്സിലാക്കുകയും കുട്ടികൾ നന്ദിയുള്ളവരായിരിക്കുകയും സഹോദരങ്ങളെപ്പോലെ പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്നത് എത്ര മനോഹരമാണ്! അതു ശരിയാണ്. എന്നാൽ, അവർ പാരമ്പര്യസ്വത്തിനായി തർക്കത്തിലാകുകയും വർഷങ്ങളോളം പരസ്പരം മിണ്ടാതിരിക്കുകയും ചെയ്യുന്നത് എത്ര സങ്കടകരമാണ്! നിരവധി സംഭവങ്ങൾ എനിക്കറിയാം. ദുഃഖകരമാണ്, പരസ്പരം പോരാടുന്നവർ, അവർ പണത്തിൻറെ പേരിൽ പരസ്പരം മിണ്ടുന്നില്ല.അപ്പൻറെയും അമ്മയുടെയും സന്ദേശം, അവരുടെ ഏറ്റവും വിലയേറിയ പൈതൃകം പണമല്ല, മറിച്ച് ദൈവം നമ്മോട് ചെയ്യുന്നതുപോലെ അവർ തങ്ങളുടെ മക്കൾക്ക് ഉള്ളതെല്ലാം നൽകുന്ന സ്നേഹമാണ്, അങ്ങനെ അവർ നമ്മെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു.

ഭൗതികവസ്തുക്കളുമായുള്ള നമ്മുടെ ബന്ധം ?

ആകയാൽ നമുക്ക് സ്വയം ചോദിക്കാം: ഭൗതിക വസ്തുക്കളുമായി എനിക്കുള്ള ബന്ധം എപ്രകാരമാണ്? ഞാൻ അവയ്ക്ക് അടിമയാണോ, അതോ സ്നേഹം നൽകാനും സ്വീകരിക്കാനുമുള്ള ഉപകരണങ്ങളായി ഞാൻ അവയെ സ്വതന്ത്രമായി ഉപയോഗിക്കുന്നുണ്ടോ? ലഭിച്ച ദാനങ്ങൾക്ക് ദൈവത്തോടും എൻറെ സഹോദരങ്ങളോടും "നന്ദി" പറയാനും അവ മറ്റുള്ളവരുമായി പങ്കിടാനും എനിക്കറിയാമോ? തൻറെ ജീവിതം മുഴുവൻ യേശുവിനു സമർപ്പിച്ച മറിയം, സകലത്തേയും സ്നേഹത്തിൻറെ ഉപകരണമാക്കാൻ നമ്മെ പഠിപ്പിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - നവവാഴ്ത്തപ്പെട്ട സ്റ്റീഫൻ ദുവയ്ഹി

ലെബനനിലെ അമ്പത്തിയേഴാം അന്ത്യോക്യൻ മാറൊണീത്ത പാത്രിയാർക്കീസായിരുന്ന ധന്യനായ ഇസ്തിഫാൻ അൽ ദുവയ്ഹി (Istifan al-Duwayhi) ഇക്കഴിഞ്ഞ രണ്ടാം തീയതി വെള്ളിയാഴ്ച (02/08/24) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ ആശീർവ്വാദാനന്തരം അനുസ്മരിച്ചു. പീഢനങ്ങളാലും മുദ്രിതമായ ക്ലേശപൂർണ്ണമായിരുന്ന ഒരു കാലഘട്ടത്തിൽ, 1670-1704 വരെ മാറോണീത്താ സഭയെ വിവേകത്തോടെ നയിച്ച നവവാഴ്ത്തപ്പെട്ടവൻ  വിശ്വാസത്തിൻറെ ഗുരുവും കരുതലുള്ള ഇടയനും എപ്പോഴും ജനങ്ങളുടെ ചാരെയായിരുന്ന പ്രത്യാശയുടെ സാക്ഷിയുമായിരുന്നുവെന്ന് പാപ്പാ പറഞ്ഞു.  ഇന്നും ലെബനൻ ജനത ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്നു പറഞ്ഞ പാപ്പാ, ബെയ്റൂട്ട് തുറമുഖ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രത്യേകം അനുസ്മരിച്ചു. നീതിയും സത്യവും ഉടൻ നടപ്പാക്കപ്പെടുമെന്ന തൻറെ പ്രത്യാശ പാപ്പാ വെളിപ്പെടുത്തുകയും ചെയ്തു. നവവാഴ്ത്തപ്പെട്ടവൻ ലെബനനിലെ സഭയുടെ വിശ്വാസത്തെയും പ്രത്യാശയെയും പിന്തുണയ്ക്കുകയും പ്രിയപ്പെട്ട ആരാജ്യത്തിനായി മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

മദ്ധ്യപൂർവ്വ ദേശത്തെ സംഘർഷങ്ങൾ

മദ്ധ്യപൂർവ്വദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിലുള്ള തൻറെ ആശങ്ക പാപ്പാ വെളിപ്പെടുത്തി. ഇതിനകം തന്നെ ഭീകരതയാർജ്ജിച്ചിരിക്കുന്ന രക്തരൂഷിതവും അക്രമാസക്തവുമായ സംഘർഷം കൂടുതൽ വ്യാപിക്കില്ലെന്ന തൻറെ പ്രതീക്ഷ പാപ്പാ വെളിപ്പെടുത്തുകയും ചെയ്തു. സംഘർഷങ്ങളുടെ എല്ലാ ഇരകൾക്കും വേണ്ടി, പ്രത്യേകിച്ച് നിരപരാധികളായ കുട്ടികൾക്കു വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്ന് അറിയിച്ച പാപ്പാ, വിശുദ്ധ നാട്ടിലെ ഡ്രൂസ് സമൂഹത്തോടും പലസ്തീൻ, ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിലെ ജനങ്ങളോടുമുള്ള തൻറെ സാമീപ്യം പ്രകടിപ്പിക്കുകയും ചെയ്തു. സംഘർഷവേദിയായ മ്യാൻമറിനെക്കുറിച്ചും പരാമർശിച്ച പാപ്പാ അന്നാടിനെ മറക്കരുതെന്നു പറഞ്ഞു. സംഭാഷണം പുനരാരംഭിക്കാൻ ധൈര്യമുണ്ടാകട്ടെയെന്ന് ആശംസിച്ച പാപ്പാ, അങ്ങനെ ഗാസയിലും എല്ലായിടങ്ങളിലും വെടിനിറുത്തൽ സംജാതമാകുകയും ബന്ദികൾ മോചിതരാകുകയും ജനങ്ങൾക്ക് മാനവിക സഹായം എത്തുകയും ചെയ്യുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. ആക്രമണങ്ങളും കൊലപാതകങ്ങളും  ഒരിക്കലും ഒരു പരിഹാരമാകില്ലയെന്നും നീതിയുടെ, സമാധാനത്തിൻറെ, പാതയിലൂടെ സഞ്ചരിക്കാൻ അവ സഹായകമല്ലയെന്നും, നേരെമറിച്ച് കൂടുതൽ വെറുപ്പും പ്രതികാരവും അവ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നുമുള്ള തൻറെ ബോധ്യം പാപ്പാ ആവർത്തിച്ചു പ്രകടിപ്പിച്ചു. സഹോദരീ സഹോദരന്മാരേ മതിയാക്കുക! സമാധാനത്തിൻറെ ദൈവത്തിൻറെ വചനത്തെ ശ്വാസം മുട്ടിക്കരുത്, നേരെമറിച്ച് അത് വിശുദ്ധ നാടിൻറെയും മദ്ധ്യപൂർവ്വദേശത്തിൻറെയും മുഴുവൻ ലോകത്തിൻറെയും ഫലമാകട്ടെ! യുദ്ധം ഒരു പരാജയമാണ്! പാപ്പാ പറഞ്ഞു.

വെനെസ്വേലയിലെ ആശങ്കാജനകമായ അവസ്ഥ

പ്രതികൂല സാഹചര്യത്തിലൂടെ കടന്നുപോകുന്ന വെനെസ്വേലയുടെ കാര്യത്തിലും പാപ്പാ ആശങ്ക പ്രകടിപ്പിച്ചു. സത്യം അന്വേഷിക്കാനും സംമയമനം പാലിക്കാനും എല്ലാത്തര അക്രമങ്ങളും ഒഴിവാക്കാനും ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാനും കക്ഷിതാൽപ്പര്യങ്ങളല്ല, മറിച്ച്, ജനങ്ങളുടെ യഥാർത്ഥ നന്മ ഹൃദയത്തിൽ സൂക്ഷിക്കാനും പാപ്പാ എല്ലാ കക്ഷികളോടും ഹൃദയംഗമമായി അഭ്യർത്ഥിച്ചു. വെനെസ്വേലക്കാർ വളരെയധികം സ്നേഹിക്കുകയും വണങ്ങുകയും ചെയ്യുന്ന കൊറോമോട്ടോ നാഥയുടെ മധ്യസ്ഥതയ്ക്കും വാഴ്ത്തപ്പെട്ട ഹൊസേ ഗ്രിഗോറിയോ ഹെർണാണ്ടസിൻറെ പ്രാർത്ഥനയ്ക്കും പാപ്പാ അന്നാടിനെ ഭരമേൽപ്പിച്ചു.

കേരളത്തിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ പാപ്പായുടെ ആശങ്കയും പ്രാർത്ഥനയും

പേമാരിയും ഉരുൾപൊട്ടലും മൂലം യാതനകളനുഭവിക്കുന്ന ഇന്ത്യയിലെ, വിശിഷ്യ, കേരളത്തിലെ ജനങ്ങളുടെ ചാരെ താനുണ്ടെന്ന് പാപ്പാ ഉറപ്പു നല്കി. ഈ ദുരന്തങ്ങളിൽ മരണമടഞ്ഞവരെയും പാർപ്പിടരഹിതരായിത്തീർന്നവരെയും അനുസ്മരിച്ച പാപ്പാ ദുരന്തം ജീവൻ പൊലിഞ്ഞവർക്കും യാതനകളനുഭവിക്കുന്നവർക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ തന്നോട് ഒന്നു ചേരുന്നതിനായി എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

വിശുദ്ധ ജോൺ മരിയ വിയാന്നി

ഇടവക വൈദികരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാന്നിയുടെ തിരുന്നാൾ ആഗസ്റ്റ് 4-ന് ആചരിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ ചില നാടുകളിൽ ഈ ദിനം ഇടവക വികാരിയുടെ തിരുന്നാളായി ആചരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചു.

ചിലപ്പോഴൊക്കെ വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചും തീക്ഷ്ണതയോടും ഔദാര്യത്തോടും കൂടി ദൈവത്തിനും ജനങ്ങൾക്കുമായി തങ്ങളെത്തന്നെ സമർപ്പിക്കുന്ന എല്ലാ ഇടവക വൈദികരോടും പാപ്പാ തൻറെ സാമീപ്യവും നന്ദിയും അറിയിച്ചു.

ഒന്നാം പോർച്ചുഗീസ് യുവജനോത്സവം

ഫാത്തിമയിൽ നടന്നുവരുന്ന ഒന്നാം പോർച്ചുഗീസ് യുവജനോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് പാപ്പാ ത്രികാലപ്രാർത്ഥനാ പരിപാടിയുടെ സമാപന വേളയിൽ ആശംസകൾ നേരുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ ലിസ്ബണിലെ ആവേശകരമായ അനുഭവം ഫലം പുറപ്പെടുവിക്കുന്നതു തുടർന്നുകൊണ്ടിരിക്കുന്നതായി താൻ കാണുന്നുവെന്ന് പാപ്പാ  കൃതജ്ഞതാപൂർവ്വം വെളിപ്പെടുത്തുകയും എല്ലാവർക്കും തൻറെ പ്രാർത്ഥന ഉറപ്പേകുകയും ചെയ്തു

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 August 2024, 11:00

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >