തിരയുക

യേശുവിൻറെ വചനപ്രവർത്തികൾ മനസ്സിലാക്കുക നമുക്കും ആയസകരം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം: എന്നെ സ്പർശിക്കാനും എന്നിൽ ചലനം സൃഷ്ടിക്കാനും യേശുവചനങ്ങളെ ഞാൻ അനുവദിക്കുന്നുണ്ടോ?

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഗസ്റ്റ് മാസം അവസാനിക്കാറായെങ്കിലും ഉഷ്ണതരംഗം റോമിൽ തുടരുന്നു. എന്നിരുന്നാലും ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഈ ഞായറാഴ്ചയും (25/08/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു.

റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (25/08/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം ആറാം അദ്ധ്യായം, 60-69 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 6:60-69) അതായത്, യേശുവിൻറെ വാക്കുകൾ മനസ്സിലാക്കാൻ കഴിയാതെ ശിഷ്യന്മാരിൽ ചിലർ പിറുപിറുക്കുന്നതും എന്നാൽ “നിത്യജീവൻറെ വചനങ്ങൾ നിൻറെ പക്കലുണ്ട്. നീയാണ് ദൈവത്തിൻറെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് ശിമയോൻ പത്രോസ് പ്രഖ്യാപിക്കുന്നതുമായ സുവിശേഷഭാഗം ആയിരുന്നു.  പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:

കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും?

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

"കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും? നിത്യജീവൻറെ വചനങ്ങൾ നിൻറെ പക്കലുണ്ട്" (യോഹന്നാൻ 6:68) എന്നു യേശുവിനോടു പറയുന്ന വിശുദ്ധ പത്രോസിൻറെ വിഖ്യാതമായ ഈ പ്രതികരണം ഇന്ന് ആരാധനാക്രമത്തിൽ സുവിശേഷം (യോഹന്നാൻ 6.60-69) നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. മനോഹരമായ ഒരു ഉത്തരം! പത്രോസിനെ മറ്റ് ശിഷ്യന്മാരോടൊപ്പം ക്രിസ്തുവിനോട് ബന്ധിപ്പിക്കുന്ന സൗഹൃദത്തിനും വിശ്വാസത്തിനും സാക്ഷ്യം വഹിക്കുന്ന അതിമനോഹരമായ ഒരു പദപ്രയോഗമാണിത്. "കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും? നിത്യജീവൻറെ വചനങ്ങൾ നിൻറെ പക്കലുണ്ട്"  മനോഹരം!

യേശുവിനെ വിട്ടുപോകുന്നവർ

ഒരു നിർണ്ണായക നിമിഷത്തിലാണ് പത്രോസ് അത് ഉച്ചരിക്കുന്നത്, കാരണം, താൻ "സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന അപ്പം" ആണ് (യോഹന്നാൻ 6:41 കാണുക) എന്ന് യേശു സ്വയം പ്രഖ്യാപിക്കുന്ന  ഒരു പ്രസംഗം അവിടന്ന് പൂർത്തിയാക്കിയതെയുള്ളൂ. ഇത് ആളുകൾക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു ശൈലിയാണ്, കൂടാതെ പലരും, അവനെ അനുഗമിച്ച ശിഷ്യന്മാർ പോലും, ദുർഗ്രാഹ്യമായിരുന്നതിനാൽ അവനെ വിട്ടുപോയി. എന്നാൽ, പന്ത്രണ്ടു ശിഷ്യന്മാർ അങ്ങനെ ചെയ്തില്ല: അവർ അവനോടൊപ്പം തുടർന്നു, കാരണം അവർ അവനിൽ "നിത്യജീവൻറെ വചസ്സുകൾ" കണ്ടെത്തി. അവൻ പ്രസംഗിക്കുന്നത് അവർ കേട്ടു, അവൻ ചെയ്ത അത്ഭുതങ്ങൾ കണ്ടു, ദൈനംദിന ജീവിതത്തിലെ പൊതുവായ വേളകളിലും സ്വകാര്യ വേളകളിലും അവർ അവനോടൊപ്പം ഉണ്ടായിരുന്നു (മർക്കോസ് 3,7-19 കാണുക).

സാധാരണ രീതികളെയും ചട്ടക്കൂടുകളെയും ഉല്ലംഘിക്കുന്ന യേശു വചനങ്ങളും ചെയ്തികളും 

ഗുരു പറയുന്നതും ചെയ്യുന്നതും എല്ലായ്പോഴും ശിഷ്യന്മാർക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല; അവൻറെ സ്നേഹത്തിൻറെ വൈരുദ്ധ്യം (മത്തായി 5,38-48 കാണുക), അവൻറെ കരുണയുടെ അങ്ങേയറ്റത്തെ ആവശ്യങ്ങൾ (മത്തായി 18,21-22 കാണുക), എല്ലാവർക്കുമായി സ്വയം ദാനമാകുന്ന രീതിയുടെ മൗലികഭാവം എന്നിവ അംഗീകരിക്കാൻ ചിലപ്പോൾ അവർ നന്നേ പാടുപെടുന്നു. അവ മനസ്സിലാക്കുക അവർക്ക് എളുപ്പമായിരുന്നില്ല, പക്ഷേ അവർ വിശ്വസ്തരായി നിലകൊണ്ടു. യേശുവിൻറെ തിരഞ്ഞെടുപ്പുകൾ പലപ്പോഴും പൊതു മനോഭാവങ്ങൾക്കപ്പുറവും, വ്യവസ്ഥാപിത മതത്തിൻറെയും പാരമ്പര്യങ്ങളുടെയും ചട്ടങ്ങൾക്കപ്പുറത്തേക്കും പ്രകോപനപരവും സംഭ്രമജനകവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിലേക്കും പോകുന്നു (മത്തായി 15:12 കാണുക). അവനെ അനുഗമിക്കുക എളുപ്പമല്ല.

യേശുവിനോടൊപ്പം

എന്നിട്ടും, പത്രോസും മറ്റു ശ്ലീഹാന്മാരും ജീവനുവേണ്ടിയുള്ള ദാഹത്തിനും സന്തോഷത്തിനായുള്ള ദാഹത്തിനും സ്നേഹത്തിനുവേണ്ടിയുള്ള ദാഹത്തിനുമുള്ള ഉത്തരം കണ്ടെത്തിയത് അക്കാലത്തുണ്ടായിരുന്ന അനേകം ഗുരുക്കന്മാരിൽ, അവനിൽ മാത്രമാണ്; പാപത്തിൻറെയും മരണത്തിൻറെയും അതിർവരമ്പുകൾക്കപ്പുറം അവർ തേടുന്ന ജീവിതത്തിൻറെ പൂർണ്ണത അവർ അനുഭവിച്ചറിഞ്ഞത് അവനിലൂടെ മാത്രമാണ്. അതുകൊണ്ട് അവർ അവനെ വിട്ടുപോകുന്നില്ല: തീർച്ചയായും അവരിൽ ഒരാളൊഴികെ, നിരവധിയായ പതനങ്ങളുടെയും പശ്ചാത്താപങ്ങളുടെയും മദ്ധ്യേ, അവസാനം വരെ അവനോടൊപ്പം നിലകൊള്ളും (യോഹന്നാൻ 17:12 കാണുക).

ക്രിസ്ത്വാനുഗമനം ആയാസകരം

സഹോദരീ സഹോദരന്മാരേ, ഇത് നമ്മെയും സംബന്ധിച്ചതാണ്: നമുക്കും, വാസ്തവത്തിൽ, കർത്താവിനെ അനുഗമിക്കുക, അവൻറെ പ്രവർത്തനരീതി മനസ്സിലാക്കുക, അവൻറെ മാനദണ്ഡങ്ങളും മാതൃകകളും നമ്മുടേതാക്കുക എന്നിവ എളുപ്പമല്ല. നമുക്കും ഇത് അനായാസകരമല്ല. എന്നിരുന്നാലും, നാം അവനോട് എത്രത്തോളം അടുത്തുനിൽക്കുന്നുവോ, നാം അവൻറെ സുവിശേഷത്തോട് ചേർന്നുനിൽക്കുന്നുവോ, കൂദാശകളിലുടെ അവൻറെ കൃപ നാം സ്വീകരിക്കുന്നുവോ, പ്രാർത്ഥനയിലൂടെ അവൻറെ കൂട്ടായ്മയിൽ നാം തുടരുന്നുവോ, വിനയത്തിലും ഉപവിയിലും നാം അവനെ അനുകരിക്കുന്നുവോ, അത്രയധികം നാം അവൻ സുഹൃത്തായിരിക്കുകയെന്ന മനോഹാരിത അനുഭവിച്ചറിയുകയും "നിത്യജീവൻറെ വാക്കുകൾ"  അവൻറെ പക്കൽ മാത്രമാണ് ഉള്ളതെന്ന് മനസ്സിലാക്കുകയും ചെയ്യും.

ആത്മശോധന

അതുകൊണ്ട് നമുക്ക് സ്വയം ചോദിക്കാം: എൻറെ ജീവിതത്തിൽ യേശു എത്രമാത്രം ഉണ്ട്? അവൻറെ വാക്കുകൾ എന്നെ സ്പർശിക്കാനും എന്നിൽ ചലനം സൃഷ്ടിക്കാനും ഞാൻ എത്രമാത്രം അനുവദിക്കുന്നുണ്ട്? അവ എനിക്കും "നിത്യജീവൻറെ വാക്കുകൾ" ആണെന്ന് പറയാൻ എനിക്കാകുമോ? സഹോദരാ, സഹോദരീ, നിന്നോട് ഞാൻ ചോദിക്കുകയാണ്: യേശുവിൻറെ വാക്കുകൾ നിനക്കും - എനിക്കും - നിത്യജീവൻറെ വാക്കുകളാണോ? ദൈവവചനമായ യേശുവിനെ തൻറെ മാംസത്തിൽ സ്വീകരിച്ച മറിയം അവനെ ശ്രവിക്കാനും അവനെ ഒരിക്കലും കൈവിടാതിരിക്കാനും നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - കുരങ്ങുപനി ബാധ

ലോകത്ത്  കുരങ്ങുപനി, അഥവാ, “മങ്കിപോക്സ്” ബാധിതരായവരെ പാപ്പാ ആശീർവ്വാദാനന്തരം അനുസ്മരിക്കുകയും അവരോടുള്ള തൻറെ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. ആഗോള ആരോഗ്യമേഖലയിൽ ഒരു അടിയന്തിരപ്രശ്നമായി മാറിയിരിക്കയാണ് ഈ രോഗം എന്ന വസ്തുത എടുത്തുകാട്ടിയ പാപ്പാ ഈ രോഗബാധിതർക്കായി, വിശിഷ്യ, കോംഗൊ റിപ്പബ്ലിക്കിൽ ഈ രോഗം പിടിപെട്ടിരിക്കുന്നവർക്കായി, പ്രാർത്ഥിച്ചു. ഈ രോഗം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള രാജ്യങ്ങളിലെ പ്രാദേശിക സഭകളോടുള്ള തൻറെ സാമീപ്യം പാപ്പാ അറിയിക്കുകയും മതിയായ വൈദ്യസഹായം ലഭിക്കാത്ത ഒരവസ്ഥ ആർക്കും ഉണ്ടാകാതിരിക്കേണ്ടതിന്, ലഭ്യമായ സാങ്കേതിക വിദ്യകളും ചികിത്സാരീതികളും  പങ്കുവയ്ക്കാൻ സർക്കാരുകൾക്കും സ്വകാര്യ വ്യവസായസംരഭകർക്കും പ്രചോദനം പകരുകയും ചെയ്തു.

നിക്കരാഗ്വയിലെ ജനങ്ങളോട് ഐക്യദാർഢ്യം

യേശുവിലുള്ള പ്രത്യാശ നവീകരിക്കാൻ പാപ്പാ നിക്കരാഗ്വയിലെ ജനങ്ങൾക്ക് പ്രചോദനം പകരുകയും  പരീക്ഷണവേളകളിൽ അമലോത്ഭവ കന്യകാനഥയുടെ സംരക്ഷണം അവർക്കുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

യുദ്ധവേദികളിൽ സമാധാനത്തിനായി പ്രാർത്ഥന-ഉക്രൈയിനിലെ സഭാസംബന്ധിയായ നിയമം

ഉക്രൈയിനിലും റഷ്യൻ ഫെഡറേഷനിലും നടക്കുന്ന പോരാട്ടങ്ങൾ താൻ വേദനയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്ന് പാപ്പാ പറഞ്ഞു.  ഉക്രൈയിനിൽ അടുത്തയിടെ അംഗീകരിക്കപ്പെട്ട നിയമത്തെക്കുറിച്ച്, അതായത്, റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കേറ്റുമായി ബന്ധം പുലർത്തുന്ന സഭകൾ അത് വിച്ഛേദിക്കണമെന്ന് വ്യവസ്ഥചെയ്യുന്ന നിയമത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട്  പാപ്പാ, അത് പ്രാർത്ഥിക്കുന്നവൻറെ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ആശങ്ക തന്നിലുളവാക്കുന്നുവെന്നു വെളിപ്പെടുത്തി. യഥാർത്ഥത്തിൽ ഒരാൾ പ്രാർത്ഥിക്കുമ്പോൾ, അയാൾ എല്ലാവർക്കും വേണ്ടിയാണ് പ്രാർത്ഥിക്കുന്നതെന്നും പ്രാർത്ഥിക്കുന്നവൻ തെറ്റുചെയ്യുകയല്ല ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു. ആരെങ്കിലും സ്വന്തം ജനത്തിനെതിരെ തിന്മ ചെയ്താൽ, അവൻ കുറ്റക്കാരനായിരിക്കും, എന്നാൽ പ്രാർത്ഥിച്ചതുകൊണ്ട് ഒരുവൻ തെറ്റുകാരനാകില്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു. ആകയാൽ തൻറെ സഭയായി കരുതുന്നിടത്ത് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നയാളെ അതിന് അനുവദിക്കണമെന്നും ഒരു ക്രിസ്തീയ സഭയെയും നേരിട്ടോ അല്ലാതെയോ ഇല്ലാതാക്കരുതെന്നും  സഭകളെ തൊടരുതെന്നും പാപ്പാ പറഞ്ഞു. പലസ്തീനിലെയും ഇസ്രായേലിലെയും മ്യാൻമറിലെയും മറ്റെല്ലാ പ്രദേശങ്ങളിലെയും യുദ്ധങ്ങൾ അവസാനിക്കാനുള്ള പ്രാർത്ഥന തുടരാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 August 2024, 10:43

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >