തിരയുക

വിശ്വാസാനുഷ്ഠാനങ്ങൾ ദൈവസ്വനം ശ്രവിക്കുന്നതിനാകണം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലപ്രാർത്ഥനാ പ്രഭാഷണം: നാം നമ്മുടെ വിശ്വാസ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ, മതപരമായ നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ നമ്മുടെതായചിന്തകളുടെയും നമ്മുടെ ധാരണകളുടെയും സ്ഥിരീകരണം തേടലാകരുത്, പ്രത്യുത ദൈവേഷ്ടം അന്വേഷിക്കലാകണം, ദൈവസ്വരം ശ്രവിക്കുന്നതിനുള്ള ഉപാധികളാകണം. നാം സ്വയം അടച്ചുപൂട്ടാതെ തുറവുള്ളവരാകുന്നതിന് അവ സഹായകമാകണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വേനൽക്കാലം അതിൻറെ മൂർദ്ധന്യാവസ്ഥയിൽ എത്തിനില്ക്കുന്ന ദിനങ്ങളിലൂടെ കടന്നു പോകുകയാണ് റോമാ നഗരം. എങ്കിലും ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഈ ഞായറാഴ്ചയും ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, കടുത്ത സൂര്യതാപത്തെ അവഗണിച്ചും, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. കുടകളും തൊപ്പികളും ആദിത്യകിരണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കവചങ്ങളാക്കപ്പെട്ടു. മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും പാപ്പായ്ക്ക് അഭിവാദ്യമർപ്പിച്ചു.

റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (11/08/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം ആറാം അദ്ധ്യായം, 41-51വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 6:41-51) അതായത്, “സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന അപ്പം ഞാനാണ്” എന്ന യേശുവിൻറെ പ്രഖ്യാപനത്തിനെതിരെ യഹൂദർ പിറുപിറുക്കുന്നതും തൻറെ ശരീരമാകുന്ന അപ്പം ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കുമെന്ന് അവിടന്ന് പ്രഖ്യാപിക്കുന്നുതുമായ  സുവിശേഷസംഭവം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിൽ പ്രഭാഷണം:

യഹൂദരുടെ പിറുപിറുപ്പ്

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

“സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന അപ്പം ഞാനാണ്” (യോഹ. 6.38) എന്ന യേശുവിൻറെ പ്രസ്താവനയോടുള്ള യഹൂദരുടെ പ്രതികരണത്തെക്കുറിച്ചാണ് ഇന്നത്തെ ആരാധനാക്രമത്തിൽ സുവിശേഷം പറയുന്നത്. അത് അവർക്ക് ഉതപ്പിനു കാരണമാകുന്നു.

അവർ പിറുപിറുക്കുന്നു: “ഇവൻ ജോസഫിൻറെ മകനായ യേശുവല്ലേ? ഇവൻറെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ? പിന്നെ എങ്ങനെയാണ് "ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നു" എന്ന് അവന് പറയാൻ കഴിയുന്നത്? (യോഹന്നാൽ 6.42). അങ്ങനെ അവർ പിറുപിറുക്കുന്നു. അവർ പറയുന്നകാര്യത്തെക്കുറിച്ച് നാം കരുതലുള്ളവരായിരിക്കണം. യേശുവിന് സ്വർഗ്ഗത്തിൽ നിന്ന് ആഗതനാകാൻ കഴിയില്ലെന്ന ബോധ്യത്തിലാണവർ, അതിനു കാരണം അവൻ ഒരു മരപ്പണിക്കാരൻറെ മകനാണ്, അവൻറെ അമ്മയും ബന്ധുക്കളുമൊക്കെ സാധാരണക്കാരാണ്, മറ്റു പലരെയും പോലെ എല്ലാവരും അറിയുന്ന സാധാരണക്കാരാണ്. “ദൈവത്തിന് എങ്ങനെയാണ് ഇത്ര സാധാരണമായ രീതിയിൽ സ്വയം വെളിപ്പെടുത്താനാകുക?”, എന്ന് അവർ ചോദിക്കുന്നു. അവരുടെ വിശ്വാസത്തിൽ, അവൻറെ എളിയ ഉത്ഭവത്തെക്കുറിച്ചുള്ള മുൻ ധാരണയിൽ അവർ കുടുങ്ങിക്കിടക്കുന്നു, ആകയാൽ അവനിൽ നിന്ന് പഠിക്കാൻ ഒന്നുമില്ല എന്ന അനുമാനത്താലും അവർ തടയപ്പെട്ടിരിക്കുന്നു. മുൻധാരണകളും അനുമാനങ്ങളും നമുക്ക് എത്രമാത്രം ദോഷം ചെയ്യുന്നു! അവ ആത്മാർത്ഥമായ സംഭാഷണത്തിന്, സഹോദരങ്ങൾ തമ്മിലുള്ള അടുപ്പത്തിന് വിഘാതം സൃഷ്ടിക്കുന്നു: മുൻധാരണകളെയും അനുമാനങ്ങളെയും സൂക്ഷിക്കുക! അവയ്ക്ക് അവയുടെതായ   ചട്ടക്കൂടുകൾ ഉണ്ട്, അതിനു  ചേരാത്തവയ്ക്ക്, പട്ടികയിലാക്കാനും തങ്ങളുടെ സുരക്ഷിതത്വത്തിൻറെ പൊടിപിടിച്ച അലമാരയിൽ കെട്ടാക്കിവയ്ക്കാനും സാധിക്കാത്തവയ്ക്ക് അവരുടെ ഹൃദയത്തിൽ ഇടമില്ല. ഇത് ശരിയാണ്: പലപ്പോഴും നമ്മുടെ സുരക്ഷിതത്വങ്ങൾ പഴയ പുസ്തകങ്ങൾ പോലെ, പൂട്ടിവയ്ക്കപ്പെട്ടിരിക്കുന്നു, പൊടിപിടിച്ചിരിക്കുന്നു.

ഉപരിപ്ലവ വിശ്വാസ ജീവിതം

എന്നിട്ടും അവർ നിയമം പാലിക്കുന്നവരും ദാനധർമ്മങ്ങൾ ചെയ്യുന്നവരും ഉപവാസമനുഷ്ഠിക്കുന്നവരും പ്രാർത്ഥനാ സമയം പാലിക്കുന്നവരുമാണ്. തീർച്ചയായും, ക്രിസ്തു ഇതിനകം വിവിധ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് (യോഹന്നാൻ 2.1-11; 4.43-54; 5.1-9; 6.1-25 കാണുക). എന്നാൽ എന്തുകൊണ്ടാണ് അവനിൽ മിശിഹായെ തിരിച്ചറിയാൻ ഇതെല്ലാം അവരെ സഹായിക്കാത്താത്? എന്തുകൊണ്ടാണ് അവർക്ക് അവ സഹായകമാകാത്തത്? കാരണം, അവർ തങ്ങളുടെ മതപരമായ ആചാരങ്ങൾ നടത്തുന്നത് കർത്താവിനെ ശ്രവിക്കാനല്ല, മറിച്ച് അവയിൽ അവരുടെ ചിന്തകളുടെ സ്ഥിരീകരണം കണ്ടെത്താനാണ്. അവർ കർത്താവിൻറെ വചനത്തിന് സ്വയം അടച്ചിടുകയും അവരുടെ ചിന്തകൾക്ക് സ്ഥിരീകരണം തേടുകയും ചെയ്യുന്നു. യേശുവിനോട് വിശദീകരണം ചോദിക്കാൻ പോലും അവർ മെനക്കെടുന്നില്ല എന്ന വസ്തുത ഇതിന് തെളിവാണ്: തങ്ങൾക്ക് ബോധ്യപ്പെട്ട കാര്യങ്ങളെക്കുറിച്ച് പരസ്പരം ഉറപ്പുനൽകുക എന്ന മട്ടിൽ, അവർ അവനെതിരെ പരസ്പരം പിറുപിറുക്കുന്നതിൽ ഒതുങ്ങുന്നു (യോഹന്നാൻ 6:41 കാണുക),  അവർ സ്വയം അടച്ചുപൂട്ടുന്നു, അവർ അഭേദ്യമായ ഒരു കോട്ടയിൽ സ്വയം പൂട്ടിയിടുന്നു. അതിനാൽ അവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഹൃദയത്തിൻറെ അടച്ചിടൽ: അത് എത്രമാത്രം ദോഷകരമാണ്!

നാം കർത്താവിനെ ശ്രവിക്കാൻ ശ്രമിക്കാറുണ്ടോ?

നമുക്ക് ഇതെല്ലാം ശ്രദ്ധിക്കാം, കാരണം നമ്മുടെ ജീവിതത്തിലും പ്രാർത്ഥനയിലും ചിലപ്പോൾ നമുക്കും ഇതുതന്നെ സംഭവിക്കാം: അത് നമുക്ക് സംഭവിക്കാം, അതായത്, കർത്താവിന് നമ്മോടു പറയാനുള്ളത് യഥാർത്ഥത്തിൽ കേൾക്കാൻ ശ്രമിക്കുന്നതിനുപകരം നമ്മൾ, നമ്മുടെ ചിന്തകൾക്ക് അവനിലും മറ്റുള്ളവരിലും നിന്ന് സ്ഥിരീകരണം, നമ്മുടെ ബോധ്യങ്ങളുടെ സ്ഥിരീകരണം, മുൻവിധികളായ നമ്മുടെ വിധിന്യായങ്ങളുടെ സ്ഥിരീകരണം മാത്രം തേടാനാണ് നോക്കുന്നത്.  എന്നാൽ ദൈവത്തെ അഭിസംബോധന ചെയ്യുന്ന ഈ രീതി ദൈവവുമായി കൂടിക്കാഴ്ച നടത്തുന്നതിനും, അവനെ യഥാർത്ഥത്തിൽ കണ്ടുമുട്ടുന്നതിനും നന്മയിൽ വളരാനും ദൈവവേഷ്ടം നിറവേറ്റാനും അടച്ചുപൂട്ടലുകളെ തരണം ചെയ്യാനും അവൻറെ പ്രകാശത്തിൻറെയും കൃപയുടെയും ദാനത്തിലേക്ക് സ്വയം തുറക്കുന്നതിനും നമ്മെ സഹായിക്കില്ല. സഹോദരീ സഹോദരന്മാരേ, യഥാർത്ഥ വിശ്വാസവും പ്രാർത്ഥനയും മനസ്സിനെയും ഹൃദയത്തെയും തുറക്കുകയാണ് ചെയ്യുക, അല്ലാതെ അവയെ അടച്ചിടില്ല. മനസ്സിലും പ്രാർത്ഥനയിലും അടഞ്ഞുകിടിക്കുന്ന ഒരാളെ കാണുകയാണെങ്കിൽ, ആ പ്രാർത്ഥനയും, ആ വിശ്വാസവും യഥാർത്ഥമല്ല. 

ആത്മശോധന ചെയ്യുക- പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടുക

ആകയാൽ, നമുക്ക് സ്വയം ചോദിക്കാം: എൻറെ വിശ്വാസജീവിതത്തിൽ, എൻറെ ഉള്ളിൽ യഥാർത്ഥമായി നിശബ്ദത പാലിക്കാനും ദൈവത്തെ ശ്രവിക്കാനും എനിക്കു കഴിയുമോ? എൻറെ ചട്ടക്കൂടുകൾക്കതീതമായി ദൈവസ്വരം സ്വാഗതം ചെയ്യാനും അവൻറെ സഹായത്തോടെ എൻറെ ഭീതികളെ മറികടക്കാനും ഞാൻ തയ്യാറാണോ? കർത്താവിൻറെ സ്വരം വിശ്വാസത്തോടെ കേൾക്കാനും അവൻറെ ഹിതം ധൈര്യത്തോടെ നിറവേറ്റാനും മറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ: ഹിരോഷിമ-നാഗസാക്കി അണുബോംബു വർഷണ വാർഷികം-സമാധാന പ്രാർത്ഥന

ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ അണുബോംബ് വർഷിക്കപ്പെട്ടതിൻറെ വാർഷികം കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നത് പാപ്പാ ആശീർവാദനാനന്തരം  ജനങ്ങളെ അഭിവാദ്യം ചെയ്യവെ അനുസ്മരിച്ചു. ആ അണുബോംബു ദുരന്തത്തിൻറെയും എല്ലാ യുദ്ധങ്ങളുടെയും ഇരകളെ പാപ്പാ കർത്താവിനു സമർപ്പിക്കുകയും സമാധാനത്തിനായുള്ള തീവ്രമായ പ്രാർത്ഥന തുടരാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.  പീഡിത ഉക്രൈയിൻ, മദ്ധ്യപൂർവ്വദേശം, പലസ്തീൻ, ഇസ്രായേൽ, സുഡാൻ, മ്യാൻമർ എന്നീ സംഘർഷവേദികളെയും പാപ്പാ അനുസ്മരിച്ചു.

ബ്രസീലിൽ വിമാനദുരന്തത്തിനിരകളായവർക്കായി പ്രാർത്ഥന

ബ്രസീലിൽ സാംപാവൊളോയ്ക്കടുത്ത് വിൻഹെദൊ പട്ടണത്തിലെ ജനവാസമേഖലയിൽ  വിമാനം തകർന്നുവീഴുകയും 57 യാത്രക്കാരും 4 ജീവനക്കാരുമുൾപ്പടെ എല്ലാവരും മരണമടയുകയും ചെയ്ത ദുരന്തത്തിന് ഇരകളായ എല്ലാവർക്കും വേണ്ടി പാപ്പാ പ്രാർത്ഥിച്ചു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2024, 10:28

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >