തിരയുക

ഫ്രാൻസിസ് പാപ്പാ കോക്കൽബർഗ് തിരുഹൃദയബസലിക്കയിൽ ഫ്രാൻസിസ് പാപ്പാ കോക്കൽബർഗ് തിരുഹൃദയബസലിക്കയിൽ   (VATICAN MEDIA Divisione Foto)

ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാം അപ്പസ്തോലിക യാത്ര: ലുവൈൻ സർവ്വകലാശാലയും, കത്തോലിക്കാസഭാസമൂഹവും

ലക്സംബർഗ്, ബെൽജിയം എന്നീ രാജ്യങ്ങളിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രയുടെ രണ്ടും മൂന്നും ദിവസങ്ങളിലെ പരിപാടികളുടെ തുടർവിവരണം.
ശബ്ദരേഖ - ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാം അപ്പസ്തോലിക യാത്ര: ലുവൈൻ സർവ്വകലാശാലയും, കത്തോലിക്കാസഭാസമൂഹവും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2024 സെപ്റ്റംബർ 27 വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്റെ നാൽപ്പത്തിയാറാം അപ്പസ്തോലികയാത്രയുടെ രണ്ടാം പാദമായ ബെൽജിയത്തിലെത്തിയ ഫ്രാൻസിസ് പാപ്പാ, വെള്ളിയാഴ്ച രാവിലെ, രാജ്യത്തെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതൃത്വങ്ങൾ ഉൾക്കൊള്ളുന്ന മുന്നൂറോളം ആളുകൾ വരുന്ന ഒരു സമൂഹവുമായി ലേക്കെൻ കൊട്ടാരത്തിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് നൂൺഷിയേച്ചറിൽ സ്വകാര്യ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം, വൈകുന്നേരം നാലരയ്ക്ക് ലുവൈനിലുള്ള കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ അധ്യാപകരുമൊത്തുള്ള കൂടിക്കാഴ്ചയായിരുന്നു വെള്ളിയാഴ്ച വൈകുന്നേരത്തെ ഫ്രാൻസിസ് പാപ്പായുടെ പരിപാടികളിൽ പ്രധാനപ്പെട്ടത്.

ലുവൈൻ കത്തോലിക്കാ യൂണിവേഴ്സിറ്റി

ബ്രസ്സൽസിൽനിന് ഏകദേശം ഇരുപത്തിയാറ് കിലോമീറ്ററുകൾ അകലെയാണ് ഫിയാന്ദ്ര് പ്രദേശത്തുള്ള ലുവൈൻ കത്തോലിക്കാ യൂണിവേഴ്സിറ്റി. നോർമൻ അധിനിവേശകാലവുമായി ബന്ധപ്പെട്ട് ക്രിസ്തുവർഷം 884-ൽ ലുവൈനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഏതാണ്ട് പതിനൊന്നാം നൂറ്റാണ്ടോടെ ബ്രബാന്തെ പ്രാദേശികഭരണത്തിനു കീഴിലുള്ള പ്രധാനപ്പെട്ട വ്യാവസായികയിടമായി ലുവൈൻ മാറുന്നുണ്ട്. ലോകത്തിലെതന്നെ പ്രഥമ കത്തോലിക്കാ യൂണിവേഴ്സിറ്റിയായി അറിയപ്പെടുന്ന ലുവൈൻ യൂണിവേഴ്സിറ്റിയുടെ പേരിലാണ് ലുവൈൻ കൂടുതലായി അറിയപ്പെടുന്നത്. മാർട്ടിൻ അഞ്ചാമൻ പാപ്പാ 1425 ഡിസംബർ ഒൻപതിന് "സപിയെന്തെ ഇമ്മർചെസ്സിബിലിസ്" (Sapientie immarcessibilis) എന്ന ബൂളയിലൂടെ നൽകിയ അനുമതിയോടെ ഫ്രഞ്ച് രാജകുമാരൻ ബൊർഗോഞ്ഞയിലെ ജോൺ ആണ്, ലുവൈനിലെ ജനറൽ പഠനകേന്ദ്രം എന്ന പേരിൽ, ഈ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ഇന്ന് നഗരത്തിനുള്ളിലും പുറത്തുമായി വിവിധ കാമ്പസുകളിലായി അറുപതിനായിരത്തോളം വിദ്യാർത്ഥികളാണ് ഈ യൂണിവേഴ്സിറ്റിയിലൂടെ ഉന്നതവിദ്യാഭ്യാസം നേടുന്നത്. 2024-2025 പഠനവർഷത്തിൽ യൂണിവേഴ്സിറ്റി അതിന്റെ അറുന്നൂറാം സ്ഥാപനവാർഷികം ആഘോഷിക്കുകയാണ്.

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ ഈ നഗരത്തിൽ ഏറെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. 1914-ൽ ജർമൻ കടന്നുകയറ്റം ഉണ്ടായതിന്റെ ഭാഗമായി, യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയും, വസ്ത്രനിർമ്മാണഹാളും കത്തി നശിച്ചു. എന്നാൽ ഇന്നും മധ്യകാലഘട്ടത്തിന്റെ പ്രത്യേകതകൾ കാത്തുസൂക്ഷിക്കുന്ന ഒരു നഗരമാണിത്. വിവിധ ദേവാലയങ്ങളും, ആശ്രമങ്ങളും, കലാസൃഷ്ടികളും ഈ നഗരത്തിലുണ്ട്.

ബ്രസ്സൽസിലുള്ള അപ്പസ്തോലിക നൂൺഷിയേച്ചറിൽനിന്ന് വൈകുന്നേരം നാലുമണിയോടെ, ഇന്ത്യയിലെ സമയം വൈകിട്ട് ഏഴരയോടെ ലുവൈൻ യൂണിവേഴ്സിറ്റിയിലേക്ക് പുറപ്പെട്ട പാപ്പാ ഇരുപത്തിയേഴ് കിലോമീറ്ററുകൾ സഞ്ചരിച്ച് വൈകുന്നേരം നാലരയോടെ യൂണിവേഴ്സിറ്റിയിലെത്തി. യൂണിവേഴ്സിറ്റി കവാടത്തിലെത്തിയ കത്തോലിക്കാസഭാദ്ധ്യക്ഷനെ യൂണിവേഴ്സിറ്റി റെക്ടറും, മലീനസ്-ബ്രസൽസ് അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ല്യുക് തെർലിണ്ടനും, ഫിയാന്ദ്ര് പ്രദേശത്തിന്റെ പ്രസിഡന്റും, പ്രാദേശിക പ്രവിശ്യാ ഗവർണറും, ലുവൈൻ മേയറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് യൂണിവേഴ്സിറ്റി അധ്യാപകരുമായുള്ള സമ്മേളനത്തിനായി, ഒന്നാം നിലയിലുള്ള പ്രൊമോഷൻ ഹാളിലേക്ക് പാപ്പാ ആനയിക്കപ്പെട്ടു.

പ്രധാന അതിഥികൾ ഒപ്പിടുന്ന ബുക്കിൽ പാപ്പാ ഒപ്പിട്ടതിനെത്തുടർന്ന് ഒരു ഗാനം ആലപിക്കപ്പെട്ടു. തുടർന്ന് യൂണിവേഴ്സിറ്റി റെക്ടർ പാപ്പായെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കവേ, യൂണിവേഴ്സിറ്റിയുടെ അറുന്നൂറാം സ്ഥാപനവാർഷികവുമായി ബന്ധപ്പെട്ട ചരിത്രവിവരങ്ങൾ, അഭയാർത്ഥികൾ, ലുവൈൻ യൂണിവേഴ്സിറ്റിയുടെ ലക്ഷ്യങ്ങൾ, യൂണിവേഴ്സിറ്റിയുടെയും കത്തോലിക്കാസഭയുടെയും ധാർമ്മികാധികാരം, മതിലുകൾക്ക് പകരം മനുഷ്യബന്ധത്തിന്റെ പാലങ്ങൾ പണിയേണ്ടതിന്റെ ആവശ്യം തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു. തുടർന്ന് ഏതാനും അഭയാർത്ഥികളുടെ സാക്ഷ്യവും ഒരു ഗാനവും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് പാപ്പായുടെ പ്രഭാഷണമായിരുന്നു. തുടർന്ന് പാപ്പാ ഏവർക്കും ആശീർവാദം നൽകുകയും ചെയ്‌തു. പാപ്പായുടെ പ്രഭാഷണശേഷം യൂണിവേഴ്സിറ്റി അധികാരികൾ പാപ്പായ്ക്ക് സമ്മാനം നൽകി. തുടർന്ന് പാപ്പാ യൂണിവേഴ്സിറ്റിയുടെ ചില മുറികളിൽ കാത്തുനിന്ന യുവഅഭയാർത്ഥികളെ അഭിവാദ്യം ചെയ്‌തു.

യൂണിവേഴ്സിറ്റി കാമ്പസിൽനിന്ന് തുറന്ന വാഹനത്തിൽ പുറത്തിറങ്ങിയ പാപ്പാ അവിടെയുള്ള പ്രധാന ചത്വരമായ "ഗ്രോട് മാർക്ടിൽ" (വലിയ അങ്ങാടി) പാപ്പായെ കാത്തുനിന്ന ഇരുപതിനായിരത്തോളം വരുന്ന ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. ആയിരത്തിനാനൂറുകളിലെ കെട്ടിടങ്ങൾ ഉള്ള ബൃഹത്തായ ഈ ചത്വരത്തിൽ യുനെസ്കോ മാനവികപൈതൃകസ്മാരകമായി കണക്കാക്കുന്ന ഒരു ദേവാലയവുമുണ്ട്.

വൈകുന്നേരം ആറേകാലോടെ അപ്പസ്തോലിക നൂൺഷിയേച്ചറിലേക്ക് തിരികെപ്പോയ ഫ്രാൻസിസ് പാപ്പാ, ഇരുപത്തിയേഴ് കിലോമീറ്ററുകൾ സഞ്ചരിച്ച് അവിടെയെത്തുകയും അത്താഴം കഴിച്ച ശേഷം വിശ്രമിക്കുകയും ചെയ്‌തു.

അപ്പസ്തോലിക യാത്രയുടെ മൂന്നാം ദിനം - സെപ്റ്റംബർ 28 ശനി

ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാം അപ്പസ്തോലിക യാത്രയുടെ മൂന്നാം ദിവസമായ സെപ്റ്റംബർ 28 ശനിയാഴ്‌ച രാവിലെ ഏഴുമണിക്ക് അപ്പസ്തോലിക നൂൺഷിയേച്ചറിൽ വിശുദ്ധബലിയർപ്പിച്ച ഫ്രാൻസിസ് പാപ്പായെ രാവിലെ എട്ടരയോടെ യൂറോപ്യൻ യൂണിയന്റെ ചില പ്രതിനിധികൾ കണ്ടുസംസാരിക്കുകയും മോതിരം മുത്തുകയും ചെയ്‌തു.

കോക്കൽബർഗ് തിരുഹൃദയബസലിക്കയിലെ സമ്മേളനം

രാവിലെ ഒൻപത് നാല്പതോടെ പാപ്പാ ബെൽജിയത്തിലെ മെത്രാന്മാരും പുരോഹിതരും, സമർപ്പിതരും, വൈദികവിദ്യാർത്ഥികളും, അല്മയപ്രേഷിതരും ഉൾപ്പെടുന്ന സമൂഹത്തിനൊപ്പമുള്ള സമ്മേളനത്തിനായി നൂൺഷിയേച്ചറിൽനിന്ന് പത്തു കിലോമീറ്ററുകൾ അകലെയുള്ള കോക്കൽബർഗ് തിരുഹൃദയബസലിക്കയിലേക്ക് യാത്രയായി.

ലോകത്തിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ അഞ്ചാമത്തേതാണ് കോക്കൽബർഗ് തിരുഹൃദയബസലിക്ക. ബെൽജിയത്തിന്റെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്ഷികസ്മരണയിൽ ലിയോപോൾഡ് രണ്ടാമൻ രാജാവിന്റെ ആഗ്രഹപ്രകാരം പണികഴിക്കപ്പെട്ട ഈ ദേവാലയത്തിന്റെ നിർമിതി 1905-ൽ ആരംഭിച്ചുവെങ്കിലും, രണ്ടു ലോകമഹായുദ്ധങ്ങൾ മൂലം 1971-ൽ മാത്രമാണ് ഇതിന്റെ പണികൾ അവസാനിച്ചത്. 89 മീറ്റർ ഉയരവും, 167 മീറ്റർ നീളവുമുള്ള ഈ ദേവാലയത്തിന് 65 മീറ്റർ ഉയരമുള്ള രണ്ടു ഗോപുരങ്ങളും 100 മീറ്റർ ഉയരമുള്ള താഴികക്കുടവുമുണ്ട്.

ബസലിക്കയുടെ പ്രവേശനകവാടത്തിലെത്തിയ പാപ്പായെ മലീനസ്-ബ്രസൽസ് അതിരൂപതാദ്ധ്യക്ഷനും, ബസലിക്കാ റെക്ടറും, നൂറുകണക്കിന് ജനങ്ങളും കാത്തുനിന്നിരുന്നു. രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ നൽകി. ബസലിക്കയ്ക്കുള്ളിലേക്ക് പാപ്പാ പ്രവേശിച്ചപ്പോൾ ഒരു ഗാനം ആലപിക്കപ്പെട്ടു. ദേവാലയത്തിലുണ്ടായിരുന്ന അംഗപരിമിതികൾ ഉള്ള ആളുകളെയും, തുടർന്ന് പ്രാദേശിക നേതൃത്വത്തെയും കുറച്ചു വൈദികരെയും പാപ്പാ അഭിവാദ്യം ചെയ്‌തു. തുടർന്ന് ബെൽജിയം മെത്രാൻസമിതി പ്രസിഡന്റ് കൂടിയായ അഭിവന്ദ്യ ആർച്ച്ബിഷപ് ല്യുക് തെർലിണ്ടൻ പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചു. മലീനസ്-ബ്രസൽസ് അതിരൂപതയും, അതിനു കീഴിലുള്ള മറ്റ് ഏഴ് രൂപതകളും മിലിട്ടറി രൂപതയും ചേരുന്നതാണ് ബെൽജിയത്തിലെ മെത്രാൻസമിതി. തുടർന്ന് ഒരു പുരോഹിതൻ, അത്മായപ്രേഷിത, ദൈവശാസ്ത്രജ്ഞൻ, പീഡനങ്ങൾക്കിരകളായവർക്ക് അഭയം നൽകുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി, ഒരു സന്യസ്ത, ജയിലിൽ ചാപ്ലയിൻ ആയി സേവനമനുഷ്ഠിക്കകുന്ന ഒരു പുരോഹിതൻ എന്നിവരുടെ സാക്ഷ്യങ്ങളുണ്ടായിരുന്നു. തുടർന്ന് പാപ്പായുടെ പ്രഭാഷണമായിരുന്നു. പാപ്പായുടെ പ്രഭാഷണത്തിന് ശേഷം "സാൽവെ റെജീന" എന്ന മരിയൻ ഭക്തിഗാനം ആലപിക്കപ്പെടുകയും, പാപ്പാ ഏവർക്കും ആശീർവാദം നൽകുകയും ചെയ്‌തു.

സമ്മേളനം അവസാനിച്ചതിനെത്തുടർന്ന് പതിനൊന്ന് മണിയോടെ പത്ത് കിലോമീറ്ററുകൾ അകലെയുള്ള അപ്പസ്തോലിക നൂൺഷിയേച്ചറിലേക്ക് പാപ്പാ യാത്രയായി. അവിടെയെത്തിയ പാപ്പാ ഉച്ചഭക്ഷണം കഴിച്ചശേഷം വിശ്രമിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2024, 12:25