തിരയുക

രാഷ്ട്രീയ, സാമൂഹ്യനേതൃനിരയുമൊത്തുള്ള സമ്മേളനത്തിൽ പാപ്പാ സംസാരിക്കുന്നു രാഷ്ട്രീയ, സാമൂഹ്യനേതൃനിരയുമൊത്തുള്ള സമ്മേളനത്തിൽ പാപ്പാ സംസാരിക്കുന്നു  (ANSA)

സിംഗപ്പൂരിന്റെ വളർച്ച മറ്റു രാജ്യങ്ങൾക്കും മാതൃകാപരം: ഫ്രാൻസിസ് പാപ്പാ

സിംഗപ്പൂരിന്റെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക രംഗങ്ങളിലുള്ള വളർച്ചയിൽ അതിനുപിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചും ഫ്രാൻസിസ് പാപ്പാ. സിംഗപ്പൂരിൽ രാഷ്ട്രീയ, സാമൂഹ്യനേതൃത്വങ്ങളും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾക്കും ഒന്നിച്ചുള്ള സമ്മേളനത്തിൽ പ്രസംഗിക്കവെ, കത്തോലിക്കാസഭയുടെ സേവനവും, കുടുംബങ്ങളുടെ പ്രാധാന്യവും, സഹവർത്തിത്വമനോഭാവത്തോടെയുള്ള ജീവിതത്തിലൂടെയുള്ള വളർച്ചയും പാപ്പാ പരാമർശിച്ചു. പാപ്പായുടെ പ്രഭാഷണത്തിന്റെ പരിഭാഷാസംഗ്രഹം.
ശബ്ദരേഖ - സിംഗപ്പൂരിന്റെ വളർച്ച മറ്റു രാജ്യങ്ങൾക്കും മാതൃകാപരം: ഫ്രാൻസിസ് പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നാഷണൽ യൂണിവേഴ്സിറ്റി സാംസ്‌കാരിക കേന്ദ്രത്തിൽവച്ച് രാഷ്ട്രീയ, സാമൂഹിക നേതൃത്വവും, സിംഗപ്പൂരിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുമായുള്ള സമ്മേളനത്തിൽ, തനിക്ക് സിംഗപ്പൂർ പ്രെസിഡന്റ് നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞും, വത്തിക്കാനിൽ അടുത്തിടെ അദ്ദേഹം നടത്തിയ സന്ദർശനത്തെ പരാമർശിച്ചുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. നിരവധി ജനതകളുടെ  സംഗമവേദിയാണ് സിംഗപ്പൂരെന്ന നഗരങ്ങളുടെ രാജ്യമെന്ന് പാപ്പാ പറഞ്ഞു. രാജ്യത്തിൻറെ പുരോഗതിയും, വ്യാവസായിക വളർച്ചയും പാപ്പാ പ്രത്യേകം പരാമർശിച്ചു.

ലളിതമായ തുടക്കത്തിൽനിന്ന്,  വലിയൊരു പുരോഗതിയിലേക്ക് ഈ രാജ്യമെത്തിയത്, യാദൃശ്‌ഛികമായല്ലെന്നും, അത് ബുദ്ധിപൂർവമായ തീരുമാനങ്ങളുടെ ഫലമാണെന്നും പറഞ്ഞ പാപ്പാ, സിംഗപ്പൂർ റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലീ കുവാൻ യുവിന്റെ നൂറ്റിയൊന്നാം ജന്മദിനം അടുത്ത നാളുകളിലായിരുന്നുവെന്നത് പ്രത്യേകം അനുസ്മരിച്ചു. സിംഗപ്പൂരിന്റെ വളർച്ച, സാമ്പത്തികമേഖലയിൽ മാത്രമല്ലെന്നും, സാമൂഹ്യനീതിയും പൊതുനന്മയും ഉറപ്പാക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ അത് ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളും, പൊതുപാർപ്പിടസൗകര്യങ്ങളും ഉറപ്പാക്കാൻ ഇതുവരെ രാജ്യത്തിനായിട്ടുണ്ടെന്നും, സിംഗപ്പൂരിലെ എല്ലാവർക്കും ഇത്തരം തീരുമാനങ്ങളുടെയും വ്യവസ്ഥിതികളുടെയും ഫലം ലഭ്യമാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

എന്നാൽ ഈ രംഗത്ത്, പ്രായോഗികമായ സൗകര്യങ്ങളും, കഴിവുകളും നോക്കി ആളുകൾക്കിടയിൽ വേർതിരിവുകൾ ഉണ്ടാകാനും, ആരും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടുപോകാനും ഇടയാകാതിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

രാജ്യത്ത് ദുർബലരായവരെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന രാഷ്ട്രീയ, സാമൂഹിക നയങ്ങളെ അഭിനന്ദിച്ച പാപ്പാ, ഇന്നത്തെ സിംഗപ്പൂരിന് അടിസ്ഥാനമിടാനായി അദ്ധ്വാനിച്ച പാവപ്പെട്ടവർക്കും, വയോധികർക്കും കൂടുതൽ കരുതൽ ലഭിക്കട്ടെയെന്നും, സമൂഹത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന കുടിയേറ്റതൊഴിലാളികളുടെ അന്തസ്സ് കാത്തുസൂക്ഷിക്കപ്പെടട്ടെയെന്നും, അവർക്ക് തുല്യമായ വേതനം ഉറപ്പാകട്ടെയെന്നും ആശംസിച്ചു.

നിർമ്മിതബുദ്ധിയും, സാങ്കേതികവിദ്യയും വളർന്നുവരുന്ന ഇക്കാലത്ത്, യാഥാർത്ഥവും, മൂർത്തവുമായ മാനുഷികബന്ധങ്ങൾ ഉറപ്പാക്കാൻ നാം മറന്നുപോകരുതെന്നും, ശാസ്ത്രവികസനം മനുഷ്യരെ, സങ്കല്പികമായ യാഥാർഥ്യങ്ങളിൽ തളച്ചിടാതെ, അവരെ പരസ്പരം അടുപ്പിക്കാൻ സഹായിക്കട്ടെയെന്നും പാപ്പാ പറഞ്ഞു.

സിംഗപ്പൂർ വിവിധ വർണ്ണങ്ങളുള്ള ഒരു ചിത്രവേലപോലെയാണെന്ന് അഭിപ്രായപ്പെട്ട പാപ്പാ, ഇവിടെ വിവിധ വർഗ്ഗങ്ങളും, സംസ്കാരങ്ങളും, മതങ്ങളും ഉണ്ടെന്നും, എന്നാൽ അവയെല്ലാം ഐക്യത്തിലാണ് ജീവിക്കുന്നതെന്നും ഓർമ്മിപ്പിച്ചു. സാമൂഹ്യസമാധാനം തകർക്കുന്ന തീവ്രവാദ ചിന്തകളോ, അസഹിഷ്ണുതയോ വളർന്നുവരാൻ അനുവദിക്കാതെയും, ഏവർക്കും സമൂഹത്തിന്റെ പൊതുവായ വളർച്ചയിൽ പങ്കുവഹിക്കാൻ കഴിയുന്ന രീതിയിൽ, ഏവരെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹ്യസ്ഥിതി ഇവിടെ വളർന്നുവരികയും തുടർന്നുകൊണ്ടുപോവുകയും ചെയ്യാൻ സാധിക്കുന്നത്, ഇവിടെ ഏവരോടും ക്രിയാത്മകമായ സംവാദങ്ങൾ ഉറപ്പാക്കുന്ന, നിഷ്പക്ഷമായ അധികാരവ്യവസ്ഥിതി ഉള്ളതുകൊണ്ടാണെന്ന് പാപ്പാ പറഞ്ഞു. പരസ്പരബഹുമാനവും, സഹകരണവും, സംവാദങ്ങളും, തങ്ങളുടെ വിശ്വാസം പാലിക്കാനുള്ള സ്വാതന്ത്ര്യവും ഒക്കെയാണ് സംഘർഷങ്ങളും അരാജകത്വവും ഒഴിവാക്കി, തുല്യതയും സുസ്ഥിരതയുമുള്ള വികസനത്തിലേക്കെത്താൻ സിംഗപ്പൂരിനെ സഹായിക്കുന്നത്.

മിഷനറിമാരുടെയും, വിശ്വാസികളുടെയും ത്യാഗത്തിന്റെയും സമർപ്പിതമനോഭാവത്തിന്റെയും പിൻബലത്തോടെ, സിംഗപ്പൂരിലെ കത്തോലിക്കാസഭ അതിന്റെ ആദ്യ കാലം മുതലേ, ഈ രാജ്യത്തിന്റെ പുരോഗതിയ്ക്കായി തങ്ങളുടേതായ പങ്കുവഹിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ ഈ പരിശ്രമങ്ങൾ വ്യക്തമാണ്. യേശുക്രിസ്തുവിന്റെ സുവിശേഷത്താൽ പ്രേരിതരായി, കാരുണ്യപ്രവർത്തനമേഖലയിലും കത്തോലിക്കാസമൂഹം മുൻപന്തിയിലുണ്ട്. മാനവികസഹായമേകിയും, നിരവധി ആരോഗ്യപരിപാലനസ്ഥാപനങ്ങൾ നടത്തിയും, നമുക്കെല്ലാവർക്കുമറിയാവുന്ന കാരിത്താസ് പോലെയുള്ള മാനവികപ്രസ്ഥാനങ്ങൾ നയിച്ചുമാണ് സഭ ഈ രംഗത്ത് പ്രവർത്തിക്കുന്നത്.

മറ്റു മതങ്ങളുമായുള്ള കത്തോലിക്കാസഭയുടെ ബന്ധത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, നോസ്ത്ര എത്താത്തെ എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച്, പരസ്പരബഹുമാനത്തോടും, തുറന്ന മനോഭാവത്തോടുംകൂടെ സഭ മതാന്തരസംവാദങ്ങൾ പ്രോത്സാഹിപ്പിക്കുകയും, വിവിധ വിശ്വാസങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുകയും, ചെയ്യുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. ന്യായപൂർണ്ണവും സമാധാനപൂർണ്ണവുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമാണിതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

പരിശുദ്ധസിംഹാസനവും സിംഗപ്പൂരും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ നാൽപ്പത്തിമൂന്നാം വർഷത്തിലാണ് താൻ ഈ രാജ്യത്തെത്തിയതെന്ന് പാപ്പാ എടുത്തുപറഞ്ഞു. തന്റെ ഈ സന്ദർശനം, കത്തോലിക്കരെ അവരുടെ വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനും, സന്തോഷത്തോടെയും സമർപ്പണമനോഭാവത്തോടെയും, ആരോഗ്യപരവും ഒത്തൊരുമയുമുള്ള ഒരു പൊതുസമൂഹത്തിന്റെ സൃഷ്ടിക്കായി, നല്ല മനസ്സുള്ള ഏവരുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ തുടരാൻ ആഹ്വാനം ചെയ്യാനുമാണ്. പൊതുനന്മ ലക്‌ഷ്യം വച്ചും, തങ്ങളുടെ വിശ്വാസത്തിന്റെ വ്യക്തമായ സാക്ഷ്യമേകുന്നതിനുമാണ് ഇത്തരമൊരു ആഹ്വാനം.

സംഘർഷങ്ങളും രക്തരൂക്ഷിതയുദ്ധങ്ങളും അന്താരാഷ്ട്രവ്യവസ്ഥയ്ക്ക് ഭീഷണിയുയർത്തുന്ന ഇക്കാലത്ത്, നല്ല ഒരു അന്താരാഷ്ട്രക്രമം ഉറപ്പാക്കുന്നതിൽ സിംഗപ്പൂരിന് കൃത്യമായ ഒരു പങ്കുവഹിക്കാനുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ബഹുമുഖരാജ്യബന്ധങ്ങളും, ഏവരും അംഗീകരിക്കുന്ന നിയമങ്ങളിൽ അടിസ്ഥാനമിട്ട ഒരു വ്യവസ്ഥയും ഉറപ്പാക്കുന്നതിനായുള്ള സിംഗപ്പൂരിന്റെ ശ്രമങ്ങളെ ശ്ലാഖിച്ച പാപ്പാ, മാനവികതയുടെ ഐക്യത്തിനും, സഹോദര്യത്തിനുമായി പ്രവർത്തിക്കുന്നത് തുടരാൻ ഏവരോടും ആവശ്യപ്പെട്ടു. ആരെയും അവഗണിക്കാതെയും, രാജ്യതാല്പര്യങ്ങൾ മാത്രം നോക്കാതെയും, ഏവരുടെയും, എല്ലാ ജനതയുടെയും, രാജ്യങ്ങളുടെയും നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിനാണിത്.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആദ്യം പഠിക്കുന്ന, കുടുംബങ്ങളുടെ പ്രാധാന്യം പാപ്പാ പ്രത്യേകം പരാമർശിച്ചു. ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയിൽ കുടുംബത്തിന്റെ അടിസ്ഥാനങ്ങൾ ചർച്ച ചെയ്യപ്പെടുകയും ഭീഷണി നേരിടുകയും ദുർബലമാക്കപ്പെടുകയും ചെയ്യുന്ന ഒരു സമയത്തിലൂടെയാണ് മാനവികത കടന്നുപോകുന്നതെന്ന് പറഞ്ഞ പാപ്പാ, ജീവിതത്തിന് അർത്ഥവും രൂപവും നൽകുന്ന മൂല്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. ഉറച്ചതും ആരോഗ്യകരവുമായ ബന്ധങ്ങൾ യുവജനങ്ങൾക്കിടയിൽ വളർത്തുവാൻ ഏവരെയും ക്ഷണിച്ച പാപ്പാ, രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ വഴി, കുടുംബകൂട്ടായ്മ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതിനെ അഭിനന്ദിച്ചു.

പാരിസ്ഥിതികപ്രതിസന്ധിയിലേക്കും പാപ്പാ വിരൽചൂണ്ടി. സിംഗപ്പൂർ പോലെയുള്ള ഒരു ചെറിയ രാജ്യം പോലും അതിലുണ്ടാക്കുന്ന ആഘാതം വിലകുറച്ചുകാണരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെ പൊതുഭവനമായ ഭൂമിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി, സാങ്കേതികവിദ്യയും, കഴിവുകളും,  മൂലധനവും വിനിയോഗിക്കാൻ സാധിക്കുന്ന പ്രത്യേകമായ സൗകര്യവും നിലയുമാണ് സിംഗപ്പൂരിനുള്ളതെന്ന് പാപ്പാ പറഞ്ഞു.

സുസ്ഥിരമായ വികസനത്തിനും, പ്രകൃതിയുടെ സംരക്ഷണത്തിനുമായി സിംഗപ്പൂർ എടുക്കുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്ന് പറഞ്ഞ പാപ്പാ, ഇത് മറ്റു രാജ്യങ്ങളെയും, പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കാൻ ക്ഷണിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വത്തോടും, മറ്റുള്ളവരെ ഉൾക്കൊള്ളുന്നതും സഹോദര്യത്തിന്റേതുമായ മനോഭാവത്തോടെ, ഐക്യത്തിൽ, ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് മാനവികതയ്ക്ക് എന്തുമാത്രം നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നതിന്റെ നല്ല ഒരു ഉദാഹരണമാണ് സിംഗപ്പൂർ. ദൈവത്തിന്റെ വാഗ്ദാനത്തിലും, ഏവരോടുമുള്ള അവന്റെ പൈതൃകസ്നേഹത്തിലും ശരണപ്പെട്ട് സഞ്ചരിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. സിംഗപ്പൂർ ജനതയുടെ ആവശ്യങ്ങളും പ്രതീക്ഷകളും അനുസരിച്ച് പ്രവർത്തിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും, എളിമയോടെയും നന്ദി നിറഞ്ഞ മനോഭാവത്തോടെയും ജീവിക്കുന്നവർക്കൊപ്പം, ഏവരുടെയും നന്മയ്ക്കായി ദൈവത്തിന് വലിയ കാര്യങ്ങൾ ചെയ്യാനാകുമെന്നും പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 September 2024, 15:19