പരിശുദ്ധാരൂപി ദാനങ്ങളേകുന്നത് പൊതുനന്മയ്ക്കായി വിനിയോഗിക്കാൻ, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: പരിശുദ്ധാരൂപി നമുക്കോരോരുത്തർക്കും വിഭിന്നങ്ങളായ സിദ്ധികളേകുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പതിവുപോലെ ഈ ബുധനാഴ്ചയും (20/11/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. മഴ പെയ്യുമെന്ന കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നെങ്കിലും  കൂടിക്കാഴ്ചാവേദി ഒരുക്കിയിരുന്നത് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലായിരുന്നു. കൂടിക്കാഴ്ചാ പരിപാടിക്കു ശേഷമായിരുന്നു മഴ തുടങ്ങിയത്. പരിപാടിയിൽ പങ്കുകൊള്ളുന്നതിന് മലയാളികളുൾപ്പടെ വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ വത്തിക്കാനിൽ എത്തിയിരുന്നു.  എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ, കാർമേഘാവൃതമായ അന്തരീക്ഷത്തിൽ, ബസിലിക്കാങ്കണത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.

തന്നോടൊപ്പം, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നിരുന്ന പിഞ്ചു പൈതങ്ങളെ വണ്ടി നിറുത്തി തൊട്ടു തലോടുകയും ആശീർവ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വാഹനം എത്തിയപ്പോൾ പാപ്പാ തന്നോടൊപ്പം ഉണ്ടായിരുന്ന കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സഹോദരരേ, നിങ്ങൾ ആത്മാവിൻറെ ദാനങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു...  ദാനങ്ങളിൽ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളിൽ വൈവിധ്യം ഉണ്ടെങ്കിലും കർത്താവ് ഒന്നുതന്നെ. പ്രവൃത്തികളിൽ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവർക്കും എല്ലാറ്റിലും പ്രചോദനം നല്കുന്ന ദൈവം ഒന്നുതന്നെ. ഓരോരുത്തരിലും ആത്മാവ് വെളിപ്പെടുന്നത് പൊതുനന്മയുക്കു വേണ്ടിയാണ്. തൻറെ ഇച്ഛയ്ക്കൊത്ത് ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ദാനങ്ങൾ നല്കുന്ന ഒരേ ആത്മാവിൻറെ പ്രവർത്തിയാണ് ഇതെല്ലാം” പൗലോസപ്പോസ്തലൻ കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 12, 1-11 വരെയുള്ള വാക്യങ്ങളിൽ നിന്ന്.

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പരിശുദ്ധാരൂപിയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയം വിചിന്തനത്തിനായി സ്വീകരിച്ചിരിക്കുന്ന പാപ്പായുടെ പ്രഭാഷണം ഇത്തവണ പരിശുദ്ധാത്മാവിൻറെ ദാനങ്ങളെക്കുറിച്ചായിരുന്നു. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

പരിശുദ്ധാത്മാവ് ദാന പ്രദായകൻ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!       

കൂദാശകളിലൂടെയും പ്രാർത്ഥനയിലുടെയും ദൈവമാതാവിൻറെ മാതൃക പിന്തുടരുന്നതിലൂടെയും  സാക്ഷാത്ക്കരിക്കപ്പെടുന്ന പരിശുദ്ധാത്മാവിൻറെ പവിത്രീകരണ പ്രവർത്തനങ്ങളെപ്പറ്റിയാണ് കഴിഞ്ഞ മൂന്നു വാരങ്ങളിൽ നമ്മൾ പ്രതിപാദിച്ചത്. രണ്ടാം വത്തിക്കാൻ സൂനഹദോസ് എന്താണു പറയുന്നതെന്നു നമുക്കു നോക്കാം: "പരിശുദ്ധാത്മാവ് കൂദാശകളും ശുശ്രൂഷകളും വഴി മാത്രമല്ല, ഓരോരുത്തർക്കും തൻറെ ഇഷ്ടാനുസരണം വരങ്ങൾ നല്കിക്കൊണ്ടുമാണ് ദൈവജനത്തെ വിശുദ്ധീകരിക്കുകയും നയിക്കുകയും സുകൃതസമ്പന്നരാക്കുകയും ചെയ്യുന്നത്" (cf. 1 Cor 12:11) (ലൂമെൻ ജെസിയും, 12). അതേ ആത്മാവ് നമുക്കോരോരുത്തർക്കും പ്രദാനം ചെയ്യുന്ന നമ്മുടെതായ വൈക്തിക ദാനങ്ങളുണ്ട്.

സവിശേഷമായി നല്കപ്പെടുന്ന സിദ്ധി

അതിനാൽ, പരിശുദ്ധാത്മാവിൻറെ ഈ രണ്ടാമത്തെ പ്രവർത്തനരീതിയെക്കുറിച്ച് സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അത് കരിസ്മാറ്റിക് പ്രവർത്തനമാണ്, വിശദീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള ഒരു പദമാണിത്, ഞാനത് വിശദീകരിക്കാം. സിദ്ധി എന്താണെന്ന് നിർവ്വചിക്കാൻ രണ്ട് ഘടകങ്ങൾ സഹായകങ്ങളാണ്. ഒന്നാമതായി, സിദ്ധി എന്നത് "പൊതുനന്മയ്ക്കുവേണ്ടി" നൽകുന്ന ദാനമാണ് (1 കോറി 12.7). ഇത് മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രാഥമികമായും സാധാരണമായും വ്യക്തിയുടെ വിശുദ്ധീകരണത്തിനുവേണ്ടിയല്ല, മറിച്ച് സമൂഹത്തിൻറെ "സേവനത്തിന്" വേണ്ടിയുള്ളതാണ് (1 പത്രോസ് 4.10). രണ്ടാമതായി, സിദ്ധി എന്നത് "ഒരാൾക്ക്" അല്ലെങ്കിൽ "ചിലർക്ക്" പ്രത്യേകമായി നൽകപ്പെടുന്ന ദാനമാണ്, എല്ലാവർക്കും ഒരുപോലെയല്ല, ഇതാണ് അതിനെ എല്ലാവർക്കും ഒരുപോലെയുള്ളതും പൊതുവായതുമായ പവിത്രീകരണ വരപ്രസാദത്തിൽ നിന്നും ദൈവിക പുണ്യങ്ങളിൽ നിന്നും കൂദാശകളിൽ നിന്നും വ്യതിരിക്തമാക്കുന്നത്. സിദ്ധി ഒരു വ്യക്തിക്കോ പ്രത്യേക സമൂഹത്തിനോ നല്കപ്പെടുന്നതാണ്. അത് ദൈവം നിനക്കേകുന്ന ദാനമാണ്.

രണ്ടാം വത്തിക്കാൻ സൂനഹദോസ് ഇതും നമ്മോട് വിശദീകരിക്കുന്നുണ്ട്. "ഓരോരുത്തർക്കും തൻറെ ഇഷ്ടാനുസാരം വരങ്ങൾ നൽകിക്കൊണ്ടും എല്ലാ നിലകളിലുമുള്ള വിശ്വാസികളുടെ ഇടയിൽ പ്രത്യേക പ്രസാദവരങ്ങൾ വിതരണം ചെയ്തുകൊണ്ടും പരിശുദ്ധാത്മാവ് അവരെ ജോലികളും കർത്തവ്യങ്ങളും ഏറ്റെടുക്കുന്നതിനും സഭയുടെ ഉപരി വിപുലീകരണത്തിനും അനുയോജ്യരാക്കുകയും തയ്യാറാക്കുകയും ചെയ്യുന്നു. അത് ഈ വാക്കുകൾ അനുസരിച്ചാണ്: ഓരോരുത്തർക്കും. ആത്മാവിൻറെ ആവിഷ്ക്കാരം പൊതുവായ നേട്ടത്തിനു വേണ്ടിയാണ് നല്കപ്പെടുന്നത് " (1 കോറി 12,7).

സിദ്ധി: ദൈവാത്മാവേകുന്ന ആഭരണം

ക്രിസ്തുവിൻറെ മണവാട്ടിയെ സുന്ദരിയാക്കാൻ പരിശുദ്ധാത്മാവ് വിതരണം ചെയ്യുന്ന "രത്നാഭരണങ്ങൾ" അഥവാ, ആഭരണങ്ങൾ ആണ് സിദ്ധികൾ. ആകയാൽ രണ്ടാം വത്തിക്കാൻ സൂനഹദോസിൻറെ വാക്കുകൾ ഇനിപ്പറയുന്ന ഉദ്ബോധനത്തോടെ അവസാനിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്കു മനസ്സിലാകും. " അസാധാരണങ്ങളും ലളിതങ്ങളും അനാർഭാടങ്ങളുമാണെങ്കിലും ഈ സിദ്ധികൾ, സർവ്വോപരി, സഭയുടെ ആവശ്യങ്ങൾക്ക് അനുയോജ്യവും ഉപയോഗപ്രദവുമായതിനാൽ, കൃതജ്ഞതയോടും ആത്മീയവിശ്വാസത്തോടും സ്വീകരിക്കപ്പെടേണ്ടതാണ്" (ലൂമെൻ ജെൻസിയും LG, 12).

2012-ലെ പെസഹാ വ്യാഴാഴ്‌ച, വിശുദ്ധതൈലാശീർവ്വാദ കുർബ്ബാന മദ്ധ്യേ നടത്തിയ പ്രഭാഷണത്തിൽ, ബെനഡിക്‌ട് പതിനാറാമൻ പാപ്പാ ഇങ്ങനെ പ്രസ്‌താവിച്ചു: “കാലഘട്ട ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും യഥാർത്ഥ നവീകരണത്തിൻറെ ചലനാത്മകത തിരിച്ചറിയാൻ കഴിയും, അത് സജീവ ചലനങ്ങളാൽ പലപ്പോഴും അപ്രതീക്ഷിത രൂപങ്ങൾ കൈവരിച്ചു. അത് തിരുസഭയുടെ അക്ഷയമായ ഓജസ്സിനെയും ഏതാണ്ട് സ്പർശവേദ്യമാക്കി."

സഭയുടെ ദൗത്യത്തിൽ സംഭാവനയേകാൻ സിദ്ധികൾ

സിദ്ധികൾ നാം വീണ്ടും കണ്ടെത്തണം.  അൽമായരുടെ വിശിഷ്യ, മഹിളകളുടെ ഉന്നമനം വ്യവസ്ഥാപിതവും സാമൂഹികവുമായ ഒരു വസ്തുതയായി മാത്രമല്ല, അതിൻറെ ബൈബിൾ സംബന്ധിയും ആത്മീയവുമായ തലത്തിലും അതു മനസ്സിലാക്കപ്പെടുന്നുവെന്ന് ഈ കണ്ടെത്തൽ ഉറപ്പാക്കുന്നു. വാസ്‌തവത്തിൽ, അൽമായർ ഒരുതരം ബാഹ്യ സഹകാരികളോ വൈദികരുടെ സഹായസേനകളോ അല്ല, മറിച്ച് അവർക്ക് സഭയുടെ ദൗത്യത്തിന് സംഭാവന നൽകുന്നതിന് അവരുടേതായ സിദ്ധികളും ദാനങ്ങളും ഉണ്ട്.

സിദ്ധികൾ സാധാരണ ദാനങ്ങൾ

നമുക്ക് മറ്റൊരു കാര്യം കൂടി ചേർക്കാം: സിദ്ധികളെക്കുറിച്ച് പറയുമ്പോൾ, നമ്മൾ ഒരു തെറ്റിദ്ധാരണ ഉടൻ ദൂരീകരിക്കേണ്ടിയിരിക്കുന്നു: അതായത് അതിശയകരവും അസാധാരണവുമായ ദാനങ്ങളോടും കഴിവുകളോടും അവയെ താദാത്മ്യപ്പെടുത്തുന്നത്; നേരെമറിച്ച് അവ സാധാരണ ദാനങ്ങളാണ് - നമുക്കോരോരുത്തർക്കും നമ്മുടെതായ സിദ്ധിയുണ്ട് - പരിശുദ്ധാത്മാവിനാൽ പ്രചോദിതമാവുകയും ജീവിതസാഹചര്യങ്ങളിൽ സ്നേഹത്തോടെ മൂർത്തരൂപമെടുക്കുകയും ചെയ്താൽ അവ അസാധാരണ മൂല്യം ആർജ്ജിക്കുന്നു. സിദ്ധിയുടെ അത്തരമൊരു വ്യാഖ്യാനം സുപ്രധാനമാണ്, കാരണം നിരവധി ക്രൈസ്തവർ സിദ്ധികളെക്കുറിച്ച് കേൾക്കുമ്പോൾ, വിഷമിക്കുകയോ നിരാശരാകുകയോ ചെയ്യുന്നു. കാരണം തങ്ങൾക്ക് അതില്ലയെന്ന ബോധ്യത്താൽ തങ്ങൾ ഒഴിവാക്കപ്പെട്ടവരായും രണ്ടാംതരം ക്രിസ്ത്യാനികൾ ആയും സ്വയം കരുതുന്നു. ഇല്ല രണ്ടാംതരം ക്രിസ്ത്യാനികൾ, ഇല്ല, എല്ലാവർക്കും അവരുടേതായ വ്യക്തിപരവും സാമൂഹികവുമായ സിദ്ധിയുണ്ട്. രണ്ടാംതരം ക്രിസ്ത്യാനികൾ എന്നു കരുതുന്നവരോട് വിശുദ്ധ അഗസ്റ്റിൻ അദ്ദേഹത്തിൻറെ കാലത്ത് വളരെ വാചാലമായ ഒരു സാദൃശ്യത്തോടെ പ്രതികരിച്ചു: അദ്ദേഹം തൻറെ ജനത്തോടു പറഞ്ഞു - "നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ കൈവശമുള്ളത് നിസ്സാരമല്ല. വാസ്‌തവത്തിൽ, നിങ്ങൾ ഐക്യത്തെ സ്‌നേഹിക്കുന്നുവെങ്കിൽ, അതിൽ ഒരാളുടെ കൈവശമുള്ളതെല്ലാം, നിങ്ങൾക്കും സ്വന്തമാകും! ശരീരത്തിൽ കണ്ണിന് മാത്രമേ കാണാൻ കഴിവുള്ളൂ; പക്ഷേ കണ്ണ് കാണുന്നത് അതിനുവേണ്ടി മാത്രമാണോ? അല്ല, കണ്ണ് കരത്തിനായും പാദത്തിനായും എല്ലാ അവയവങ്ങൾക്കായും കാണുന്നു."

സിദ്ധി സകലരുടെയും നന്മയ്ക്കായി

ഉപവിയെ "എല്ലാറ്റിലും നല്ല മാർഗ്ഗം" (1 കോറി 12, 31) എന്ന് അപ്പോസ്തലൻ നിർവ്വചിച്ചതിൻറെ രഹസ്യം ഇവിടെ വെളിപ്പെടുന്നു: ഇത് എന്നെ സഭയെ സ്നേഹിക്കാൻ പ്രാപ്തനാക്കുന്നു അല്ലെങ്കിൽ ഞാൻ ജീവിക്കുന്ന സമൂഹത്തെയും ഐക്യത്തിൽ സ്നേഹിക്കാൻ എന്നെ പ്രാപ്തനാക്കുന്നു, ചിലത് മാത്രമല്ല, എല്ലാ സിദ്ധികളും "എൻറേതെന്ന പോലെ" അവ എത്ര ചെറുതാണെന്നു തോന്നിയാലും എല്ലാവരുടെയുമാണ്, എല്ലാവരുടെയും നന്മയ്ക്കുവേണ്ടിയുള്ളതാണ്. ഉപവി സിദ്ധിയെ വർദ്ധമാനമാക്കുന്നു; അത് ഒരാളുടെ, ഒരു വ്യക്തിയുടെ സിദ്ധിയെ എല്ലാവരുടെയും സിദ്ധിയാക്കിത്തീർക്കുന്നു. നന്ദി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ  

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം ഇറ്റലിക്കാരെ  പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.

കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ലോക സമാഗമം വത്തിക്കാനിൽ 2025 ഫെബ്രുവരി 3-ന്

നവമ്പർ 20-ന് കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നത് അനുസ്മരിച്ചുകൊണ്ട് പാപ്പാ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ലോക കൂടിക്കാഴ്ച 2025 ഫെബ്രുവരി 3-ന് വത്തിക്കാനിൽ സംഘടിപ്പിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചു. “അവരെ സ്നേഹിക്കാം സംരക്ഷിക്കാം” എന്നതാണ് ഈ ലോകസമാഗമത്തിൻറെ പ്രമേയം എന്നും വിവിധ നാടുകളിൽ നിന്നുള്ള വിദഗ്ധരും വിശിഷ്ടവ്യക്തികളും ഇതിൽ പങ്കെടുക്കുമെന്നും പാപ്പാ വെളിപ്പെടുത്തി. അവകാശങ്ങൾ നിഷേധിക്കപ്പെട്ട് സന്ദിഗ്ദ്ധാവസ്ഥകളിൽ ജീവിക്കുകയും ചൂഷണം ചെയ്യപ്പെടുകയും ദുരുപയോഗിക്കപ്പെടുകയും യുദ്ധത്തിൻറെ നാടകീയമായ ദുരന്തഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് കുട്ടികളെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള പുതിയ വഴികൾ ആരായാനുള്ള അവസരമാണിതെന്ന് പാപ്പാ പറഞ്ഞു. ഈ ദിനത്തിനായി ഒരുക്കങ്ങൾ നടത്തുന്ന ഒരു കൂട്ടം കുട്ടികൾ ഉണ്ടെന്ന് അനുസ്മരിച്ച പാപ്പാ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ഏതാനും കുട്ടികൾ പാപ്പായുടെ അടുത്തു ചെല്ലുകയും പാപ്പാ അവരോടു കുശലംപറയുകയും ചെയ്തു.

വാഴ്ത്തപ്പെട്ടവരായ കാർലോ അക്കൂത്തിസിൻറെയും പീയെർ ജോർജൊ ഫ്രസ്സാത്തിയുടെയും  വിശുദ്ധപദ പ്രഖ്യാപനം 2025-ൽ

2025-ൽ കൗമാരക്കാരുടെ ദിനത്തിൽ വാഴ്ത്തപ്പെട്ടവനായ കാർലോ അക്കൂത്തിസിനെയും യുവജന ദിനത്തിൽ വാഴത്ത്പ്പെട്ടവനായ പീയെർ ജോർജൊ ഫ്രസ്സാത്തിയെയും താൻ വിശുദ്ധരായി പ്രഖ്യാപിക്കുമെന്ന് പാപ്പാ വെളിപ്പെടുത്തി.

ഉക്രൈയിനിൽ റഷ്യയുടെ അധിനിവേശം ആയിരം ദിനങ്ങൾ പിന്നിട്ടു

ഉക്രൈയിനിൽ റഷ്യയുടെ അധിനിവേശം നവമ്പർ 19-ന് ആയിരം ദിവസം കടന്നത് പാപ്പാ അനുസ്മരിച്ചു. അനേകരെ ഇരകളാക്കുകയും നാശങ്ങൾ വിതയ്ക്കുകയും ചെയ്ത ദുരന്തത്തിൻറെ ഓർമ്മയും ഒപ്പം മാനവരാശി മുഴുവൻറെയും ലജ്ജാകര ദുരന്തവുമാണ് അതെന്ന് പാപ്പാ പറഞ്ഞു. പീഡിപ്പിക്കപ്പെടുന്ന ഉക്രേനിയൻ ജനതയുടെ ചാരത്തായിരിക്കുന്നതിലും സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിലും ആയുധങ്ങൾ സംഭാഷണത്തിനും സംഘർഷങ്ങൾ സമാഗത്തിനും വഴി മാറുന്നതിനായി പരിശ്രമിക്കുന്നതിലും നിന്നു നാം പിന്നോട്ടു പോകരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. തങ്ങളുടെ സഹനത്തെക്കുറിച്ചു സംസാരിക്കുക മാത്രമല്ല തങ്ങളുടെ വിശ്വാസത്തിന് സാക്ഷ്യമേകണമെന്നും അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരു കത്ത് ഉക്രൈയിൻകാരനായ ഒരു സർവ്വകലാശാലാ വിദ്യാർത്ഥിയിൽ നിന്ന് തനിക്ക് ലഭിച്ചതും പാപ്പാ അനുസ്മരിച്ചു.

സമാപനാഭിവാദ്യവും ആശീർവ്വാദവും

അവസാനം പാപ്പാ വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. വരുന്ന ഞായറാഴ്ച ക്രിസ്തുരാജൻറെ തിരുന്നാൾ ആചരിക്കപ്പെടുന്നതിനെക്കുറിച്ച് തദ്ദവസരത്തിൽ സൂചിപ്പിച്ച പാപ്പാ കർത്താവിൻറെ സാന്നിധ്യം സ്വന്തം ജീവിതത്തിൽ തിരിച്ചറിയാനും അങ്ങനെ സ്നേഹത്തിൻറെയും സമാധാനത്തിൻറെയുമായ അവിടത്തെ രാജ്യത്തിൻറെ നിർമ്മിതിയിൽ പങ്കാളികളാകാനും അവർക്ക് പ്രചോദനം പകർന്നു. മറിയത്തിൻറെ സമർപ്പണത്തിരുന്നാളായ നവമ്പർ 21-ന് വ്യാഴാഴ്ച ആവൃതിക്കുള്ളിൽ ധ്യാനാത്മകജീവിതം നയിക്കുന്നവർക്കായുള്ള പ്രാർത്ഥനാദിനം ആണെന്നതും പാപ്പാ അനുസ്മരിച്ചു. അവരുടെ ചാരെ ആയിരിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 November 2024, 12:45

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >