നോമ്പ്, ശുദ്ധീകരണത്തിൻറെയും ആത്മീയ നവീകരണത്തിൻറെയും സമയമാകട്ടെ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നാലു ഞായറാഴ്ചകൾ തുടർച്ചയായി പാപ്പായ്ക്ക് ഞായറാഴ്ചകളിൽ പതിവുള്ള മദ്ധ്യാഹ്നപ്രാർത്ഥന നയിക്കാൻ കഴിഞ്ഞില്ല. ഫെബ്രുവരി 14-ന്, വെള്ളിയാഴ്ച ശ്വാസനാള വീക്കത്തെത്തുടർന്ന് റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസീസ് പാപ്പാ, ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിതനാണെന്ന് കൂടുതലായി നടത്തിയ പരിശോധനകളിൽ കണ്ടെത്തയതിനാൽ അവിടെ ചികിത്സയിൽ തുടരുന്നതാണ് ഇതിനു കാരണം. പാപ്പായ്ക്ക് മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം നടത്താനോ ത്രികാലജപം നയിക്കാനോ കഴിയുന്നില്ലെങ്കിലും പാപ്പായുടെ ത്രികാലജപസന്ദേശം കഴിഞ്ഞ വാരത്തിലെന്നപോലെ ഈ ഞായറാഴ്ചയും (09/03/25) പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തിയിരുന്നു. ഈ വരമൊഴി സന്ദേശത്തിൽ പാപ്പായുടെ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഇക്കഴിഞ്ഞ ബുധനാഴ്ചയും(05/03/25) അതായത്, വിഭൂതിത്തിരുന്നാൾ ആചരണത്തോടെയും, സീറോ മലബാർ-മലങ്കരകത്തോലിക്കാ സഭകളിൽ അതിനു മുമ്പ് തിങ്കളാഴ്ചയും ആരംഭിച്ച നോമ്പുകാലവും 8,9 തീയതികളിൽ സന്നദ്ധസേവകരുടെ ജൂബിലിയാചരണമായിരുന്ന പശ്ചാത്തലത്തിൽ, സന്നദ്ധപ്രവർത്തനവും ആയിരുന്നു. പാപ്പാ പങ്കുവയ്ക്കുന്ന ചിന്തകൾ :
നോമ്പുകാലം
പ്രിയ സഹോദരീ സഹോദരന്മാരേ,
കഴിഞ്ഞ ബുധനാഴ്ച, ചാരംപൂശൽ കർമ്മത്തോടെ, നാം നോമ്പുകാലം ആരംഭിച്ചു, ഹൃദയ പരിവർത്തനത്തിന് നമ്മെ ക്ഷണിക്കുകയും ഉത്ഥാനനാനന്ദത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്ന നാല്പത് ദിവസത്തെ അനുതാപ യാത്രയാണിത്. ഈ കാലത്തെ ശുദ്ധീകരണത്തിൻറെയും ആത്മീയ നവീകരണത്തിൻറെയും സമയമാക്കി മാറ്റാൻ, വിശ്വാസത്തിലും പ്രത്യാശയിലും ഉപവിയിലുമുള്ള വളർച്ചയുടെ ഒരു യാത്രയാക്കുന്നതിന് നമുക്ക് പരിശ്രമിക്കാം.
സന്നദ്ധ സേവകരുടെ ജൂബിലി
ഞായറാഴ്ച് രാവിലെ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സന്നദ്ധസേവകരുടെ ജൂബിലിയാചരണത്തോടനുബന്ധിച്ച് വിശുദ്ധകുർബ്ബാന അർപ്പിക്കപ്പെട്ടത് അനുസ്മരിച്ചുകൊണ്ട് പാപ്പാ തൻറെ സന്ദേശം ഇപ്രകാരം തുടരുന്നു:
കമ്പോളയുക്തിക്ക് അത്യധികം അടിമപ്പെട്ടിരിക്കുന്ന നമ്മുടെ സമൂഹങ്ങളിൽ, സകലവും സ്വർത്ഥ താൽപ്പര്യത്തിൻറെയും ലാഭത്തിൻറെയും മാനദണ്ഡത്തിന് വിധേയമാകുന്ന അപകടസാധ്യതയുണ്ട്. ആകയാൽ, സന്നദ്ധസേവനം ഒരു പ്രവചനവും പ്രത്യാശയുടെ അടയാളവുമാണ്, കാരണം അത് ഏറ്റവും ആവശ്യത്തിലിരിക്കുവർക്കായുള്ള സൗജന്യതയുടെയും ഐക്യദാർഢ്യത്തിൻറെയും സേവനത്തിൻറെയും പ്രാഥമ്യത്തിനു സാക്ഷ്യം വഹിക്കുന്നു. ഈ മേഖലയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന എല്ലാവരോടുമുള്ള എൻറെ കൃതജ്ഞത ഞാൻ രേഖപ്പെടുത്തുന്നു: നിങ്ങളുടെ സമയവും കഴിവുകളും നിങ്ങൾ ഈ മേഖലയിൽ സമർപ്പിച്ചതിന് നന്ദി; മറ്റുള്ളവരിൽ പ്രത്യാശ ഉണർത്തിക്കൊണ്ട് സാമീപ്യത്തോടും ആർദ്രയോടുംകൂടി നിങ്ങൾ അവരെ പരിചരിക്കുന്നതിന് നന്ദി!
പാപ്പായുടെ ആശുപത്രി വാസം
ഈ വാക്കുകളെ തുടർന്ന് പാപ്പാ തൻറെ ആശുപത്രിവാസത്തെക്കുറിച്ച് സന്ദേശത്തിൽ പരാമർശിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: സഹോദരീ സഹോദരന്മാരേ, എൻറെ നീണ്ട ആശുപത്രി വാസത്തിനിടയിൽ, സേവനൗത്സുക്യവും പരിചരണത്തിലുള്ള ആർദ്രതയും ഞാൻ അനുഭവിച്ചറിയുന്നു, പ്രത്യേകിച്ച് ഭിഷഗ്വരന്മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ഭാഗത്തുനിന്ന്, അവർക്ക് എൻറെ ഹൃദയംഗമമായ നന്ദി. ഇവിടെ ആയിരിക്കുന്ന ഈ വേളയിൽ ഞാൻ, വ്യത്യസ്ത രീതികളിൽ രോഗികളുടെ ചാരത്തായിരിക്കുന്നവരെക്കുറിച്ച് ചിന്തിക്കുന്നു. ഈ രോഗികൾക്ക് അവർ കർത്താവിൻറെ സാന്നിധ്യത്തിൻറെ അടയാളമാണ്. നമുക്ക് വേണ്ടത് ഇതാണ്, പരീക്ഷണങ്ങളിൽ ആയിരിക്കുന്നവർക്ക്, വേദനയുടെ അന്ധകാരത്തിൽ അല്പം വെളിച്ചം കൊണ്ടുവരുന്ന "ആർദ്രതയുടെ അത്ഭുതം".
നന്ദിയർപ്പിച്ച്
പ്രാർത്ഥനയിലൂടെ എന്നോട് സാമീപ്യം പ്രകടിപ്പിക്കുന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു: എല്ലാവർക്കും ഹൃദയംഗമമായ നന്ദി! ഞാനും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഈ ദിവസങ്ങളിൽ റോമൻ കൂരിയയുടെ ആത്മീയ ധ്യാനത്തിൽ പങ്കെടുക്കുന്നവരോട് ഞാൻ ആത്മീയമായി ഒന്നുചേരുന്നു.
സമാധാന പ്രാർത്ഥന
ഈ വാക്കുകളെ തുടർന്ന് പാപ്പാ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാനുള്ള തൻറെ ക്ഷണം നവീകരിച്ചു. സമാധാനമെന്ന ദാനത്തിനായുള്ള പ്രാർത്ഥന തുടരാമെന്നു പറഞ്ഞ പാപ്പാ, പ്രത്യേകിച്ച്, പീഢിത ഉക്രൈയിനിലും, പലസ്തീനിലും, ഇസ്രായേലിലും, ലെബനനിലും, മ്യാൻമറിലും, സുഡാനിലും, കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലും സമാധാനദാനം ലഭിക്കുന്നതിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു. സിറിയയുടെ ചില ഭാഗങ്ങളിൽ അക്രമം പുനരാരംഭിച്ചിരിക്കുന്നതിൽ തനിക്കുള്ള ആശങ്ക പാപ്പാ പ്രകടിപ്പിക്കുകയും സമൂഹത്തിലെ വംശീയവും മതപരവുമായ എല്ലാ ഘടകങ്ങളോടും, പ്രത്യേകിച്ച്, പൗരന്മാരോട്, ഉള്ള പൂർണ്ണ ആദരവിൽ, സംഘർഷത്തിന് ശാശ്വതമായ ഒരു അന്ത്യമുണ്ടാകുമെന്ന തൻറെ പ്രതീക്ഷയും പാപ്പാ വെളിപ്പെടുത്തി. എല്ലാവരെയും കന്യകാമറിയത്തിൻറെ മാതൃസന്നിഭ മാദ്ധ്യസ്ഥ്യത്തിന് ഭരമേൽപ്പിക്കുകയും എല്ലാവർക്കും ശുഭഞായർ ആശംസിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ തൻറെ ത്രികാലജപ സന്ദേശം ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: