തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
[ Quattro mottetti mariani ] Ave, Regina coelorum
കാര്യക്രമം പോഡ്കാസ്റ്റ്
തന്നെ കാത്ത് റോമിലെ ജെമേല്ലി ആശുപത്രിയുടെ മുന്നിൽ എത്തിയിരുന്ന ജനങ്ങളെ ആശുപത്രിയുടെ മുറിയുടെ നിലമുറ്റത്ത് (ബാൽക്കണിയിൽ) ചക്രക്കസേരയിലിരുന്ന് അഭിവാദ്യം ചെയ്യുന്ന പാപ്പാ, 23/03/2025 തന്നെ കാത്ത് റോമിലെ ജെമേല്ലി ആശുപത്രിയുടെ മുന്നിൽ എത്തിയിരുന്ന ജനങ്ങളെ ആശുപത്രിയുടെ മുറിയുടെ നിലമുറ്റത്ത് (ബാൽക്കണിയിൽ) ചക്രക്കസേരയിലിരുന്ന് അഭിവാദ്യം ചെയ്യുന്ന പാപ്പാ, 23/03/2025  (ANSA)

പാപ്പാ: "എനിക്ക് ദൈവത്തിൻറെ ക്ഷമ അനുഭവിച്ചറിയാൻ അവസരമുണ്ടായി"

ഫ്രാൻസീസ് പാപ്പാ ജെമേല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിൽ മടങ്ങിയെത്തിയ മാർച്ച് 23-ന്, ഞായറാഴ്ച, പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തിയ പാപ്പായുടെ അന്നത്തെ ലിഖിത മദ്ധ്യാഹ്നപ്രാർത്ഥനാ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ശ്വാസനാളവീക്കം മൂലം ഫെബ്രുവരി 14-ന് റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസീസ് പാപ്പാ മുപ്പത്തിയെട്ടാം ദിവസം വത്തിക്കാനിൽ തൻറെ വാസയിടമായ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ തിരിച്ചെത്തിയിരിക്കുന്നു. ശ്വാസനാളവീക്കം ആയിരുന്നു ആശുപത്രിപ്രവേശനത്തിനു കാരണമെങ്കിലും പാപ്പാ ന്യുമോണിയബാധിതനാണെന്ന് പിന്നീടുള്ള പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. പാപ്പായുടെ ആരോഗ്യാവസ്ഥ സങ്കീർണ്ണമായിരുന്നു. എന്നാൽ 88 വയസ്സു പ്രായമുള്ള ഫ്രാൻസീസ് പാപ്പാ എല്ലാം തരണം ചെയ്തിരിക്കുന്നു, ഇരുശ്വാസകോശങ്ങളിലും ബാധിച്ച ന്യുമോണിയയെ ജയിച്ചിരിക്കുന്നു. രോഗശമനാന്തരം പടിപടിയായുള്ള ആരോഗ്യപുനപ്രാപ്തിയ്ക്ക് ഭിഷഗ്വരന്മാർ പാപ്പായ്ക്ക് രണ്ടുമാസത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. പാപ്പായെ മാർച്ച് 23-ന് ഞായറാഴ്ചയാണ് ആശുപത്രിയിൽ നിന്നു വിട്ടത്.  ആശുപത്രി വിടുന്നതിനു മുമ്പ് പാപ്പാ, റോമിലെ സമയം ഉച്ചയ്ക്ക് 12 മണി കഴിഞ്ഞപ്പോൾ, ജെമേല്ലി ആശുപത്രിയുടെ അഞ്ചാം നിലയിലെ ഒരു മുറിയുടെ നിലമുറ്റത്ത്, അഥവാ, ബാൽക്കണിയിൽ, പ്രത്യക്ഷനായി. ചക്രക്കസേരയിൽ അവിടേക്ക് ആനീതനായ പാപ്പായെ  ആശുപത്രിയങ്കണത്തിൽ നിന്നിരുന്ന മൂവായിരത്തോളം പേർ കരഘോഷത്തോടെയും പാപ്പായുടെ പേരു ഉച്ചത്തിൽ വിളിച്ചും വരവേറ്റു. സംസാരിക്കാനും ചലിക്കാനുമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടമാണെങ്കിലും പാപ്പാ കരങ്ങൾ സാവധാനം അല്പമൊന്നുയർത്തി തൻറെ സന്തോഷം പ്രകടിപ്പിക്കുകയും എല്ലാവർക്കും ഇറ്റാലിയൻ ഭാഷയിൽ നന്ദി പറയുകയും അവർക്കിടയിൽ മഞ്ഞ പൂച്ചെണ്ടുമായി നിന്നിരുന്ന എഴുപത്തിയെട്ടുകാരിയായ കർമേല എന്ന  സ്ത്രീയെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.

മാർച്ച 23 ഉൾപ്പടെ, ആറു ഞായറാഴ്ചകൾ തുടർച്ചയായി പാപ്പായ്ക്ക് ഞായറാഴ്ചകളിൽ പതിവുള്ള പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കാൻ കഴിഞ്ഞിട്ടില്ല. പാപ്പായ്ക്ക് മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം നടത്താനോ ത്രികാലജപം നയിക്കാനോ കഴിയുന്നില്ലെങ്കിലും പാപ്പായുടെ ത്രികാലജപസന്ദേശം, പരിശുദ്ധസിംഹാസനം, മുന്നാഴ്ചകളിലെപ്പോലെ, ഈ ഞായറാഴ്ചയും  പരസ്യപ്പെടുത്തിയിരുന്നു. ഈ വരമൊഴി സന്ദേശത്തിൽ പാപ്പായുടെ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (23/03/25) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗത്തിൽ, ലൂക്കായുടെ സുവിശേഷം 13:1-9 വരെയുള്ള വാക്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഫലം തരാത്ത അത്തിവൃക്ഷത്തിൻറെ ഉപമ ആയിരുന്നു. പാപ്പാ തൻറെ ഹ്രസ്വ വിചിന്തനത്തിൽ ഇപ്രകാരം പറയുന്നു:

ദൈവത്തിൻറെ ക്ഷമ           

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്ന ഉപമ, നമ്മുടെ ജീവിതത്തെ മാനസാന്തരത്തിൻറെ സമയമാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതായ,  ദൈവത്തിൻറെ ക്ഷമയെക്കുറിച്ച് നമ്മോട് സംസാരിക്കുന്നു. പ്രതീക്ഷിച്ച ഫലം കായ്ക്കാത്ത ഊഷരമായ അത്തിമരത്തിൻറെ ചിത്രമാണ് യേശു ഉപയോഗിക്കുന്നത്, എന്നിരുന്നാലും കർഷകൻ ആ അത്തിമരം വെട്ടിക്കളയാൻ ആഗ്രഹിക്കുന്നില്ല: "ഭാവിയിൽ അത് ഫലം കായ്ക്കുമോ" എന്നറിയാൻ അയാൾ അതിൽ കൂടുതൽ വളപ്രയോഗം നടത്താൻ ആഗ്രഹിക്കുന്നു (ലൂക്കാ 13:9). ഈ ക്ഷമയുള്ള കർഷകൻ കർത്താവാണ്, അവൻ നമ്മുടെ ജീവിതമാകുന്ന മണ്ണിൽ ശ്രദ്ധാപൂർവ്വം പണിയെടുക്കുകയും നാം അവനിൽ തിരിച്ചെത്തുന്നതിനായി ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയും ചെയ്യുന്നു.

താൻ അനുഭവിച്ചറിഞ്ഞ കർത്താവിൻറെ ക്ഷമ

ഈ നീണ്ട ആശുപത്രിവാസത്തിനിടയിൽ, കർത്താവിൻറെ ക്ഷമ അനുഭവിക്കാൻ എനിക്ക് അവസരം ലഭിച്ചു, അത്, ഭിഷഗ്വരന്മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും അക്ഷീണ പരിചരണത്തിലും അതുപോലെ തന്നെ രോഗികളുടെ ബന്ധുക്കളുടെ കരുതലിലും പ്രതീക്ഷകളിലും പ്രതിഫലിക്കുന്നതായി ഞാൻ കാണുന്നു. ദൈവത്തിൻറെ അചഞ്ചലമായ സ്നേഹത്തിൽ നങ്കൂരമിട്ടിരിക്കുന്ന വിശ്വാസത്തോടുകൂടിയ ഈ ക്ഷമ, നമ്മുടെ ജീവിതത്തിൽ, സർവ്വോപരി, ഏറ്റവും പ്രയാസകരവും വേദനാജനകവുമായ സാഹചര്യങ്ങളെ നേരിടുന്നതിന്, ശരിക്കും ആവശ്യമാണ്.

ദൈവത്തിൻറെ ക്ഷമയെക്കുറിച്ചുള്ള ഈ ചെറുചിന്തകളെ തുടർന്ന് പാപ്പാ ഗാസയിൽ നടക്കുന്ന ബോംബാക്രമണങ്ങളിൽ തനിക്കുള്ള വേദന വെളിപ്പെടുത്തിക്കൊണ്ട് ഇങ്ങനെ കുറിക്കുന്നു:

ഗാസയിൽ യുദ്ധത്തിന് ഉടൻ അറുതിവരുത്തുക

ഗാസ മുനമ്പിൽ ഇസ്രായേൽ കനത്ത ബോംബാക്രമണങ്ങൾ പുനരാരംഭിച്ചതിൽ എനിക്ക് ദുഃഖമുണ്ട്, ഈ ബോബാക്രമണങ്ങളിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവർ നിരവധിയാണ്. ആയുധങ്ങളെ ഉടൻ നിശബ്ദമാക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്; എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനും ഒരു അന്തിമ വെടിനിർത്തൽ കൈവരിക്കുന്നതിനും വേണ്ടി സംഭാഷണം പുനരാരംഭിക്കാൻ നമുക്ക് ധൈര്യമുണ്ടാകണം. ഗാസ മുനമ്പിലെ മാനവികാവസ്ഥ വീണ്ടും വളരെ ഗുരുതരമായിരിക്കുന്നു, പോരാടുന്ന കക്ഷികളുടെയും അന്താരാഷ്ട്ര സമൂഹത്തിൻറെയും അടിയന്തര നടപടി ആവശ്യമായിരിക്കുന്നു.

അർമേനിയ-അസ്സെർബൈജാൻ സമാധാന ഉടമ്പടി

ഗാസയിൽ നടക്കുന്ന ബോംബാക്രമണങ്ങളിലുള്ള തൻറെ ആശങ്ക രേഖപ്പെടുത്തിയതിനു ശേഷം പാപ്പാ, അർമേനിയയും അസ്സെർബൈജാനും തമ്മിലുള്ള സമാധാന കരാറിൻറെ അന്തിമരൂപത്തിൽ ഇരുവിഭാഗവും ഒരു യോജിപ്പിലെത്തിയതിലുള്ള സന്തോഷം പ്രകടപ്പിക്കുന്നു. എത്രയും വേഗം ഇത് ഒപ്പുവെയ്ക്കപ്പെടുമെന്നും അങ്ങനെ ദക്ഷിണ കൗക്കാസസിൽ ശാശ്വത സമാധാനം സംസ്ഥാപിക്കുന്നതിന് സംഭാവന നൽകാനകട്ടെയെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു.

നന്ദി നിറഞ്ഞ ഹൃദയത്തോടെ...

തദ്ദനന്തരം പാപ്പാ തനിക്കുവേണ്ടി എല്ലാവരും എറെ ക്ഷമയോടും സ്ഥൈര്യത്തോടും കൂടി പ്രാർത്ഥന തുടരുന്നത് അനുസ്മരിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും തൻറെ പ്രാർത്ഥന എല്ലാവർക്കും ഉറപ്പുനല്കുകയും ചെയ്യുന്നു.

സമാധാനത്തിനായി പ്രാർത്ഥിക്കുക, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യംതേടുക

യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും സമാധാനമുണ്ടാകുന്നതിനും, പ്രത്യേകിച്ച് പീഡിത ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാൻമർ, സുഡാൻ, കോംഗോ പ്രജാധിപത്യ റിപ്പബ്ലിക് എന്നിവിടങ്ങളിൽ, സമാധനം ഉണ്ടാകുന്നതിനായി, ഒത്തൊരുമിച്ചു പ്രാർത്ഥിക്കാൻ  പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. കന്യകാമറിയം നമ്മെ സംരക്ഷിക്കുകയും പെസഹായിലേക്കുള്ള യാത്രയിൽ നമ്മോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യട്ടെയെന്ന പ്രാർത്ഥനയോടെയാണ് പാപ്പാ തൻറെ ത്രികാലജപ സന്ദേശം ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 മാർച്ച് 2025, 09:34

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >
Prev
March 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
3031     
Next
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930