പലസ്തീൻ അഭയാർത്ഥികൾക്കായുള്ള സാമ്പത്തിക സഹായം പരിശുദ്ധസിംഹാസനം ഉറപ്പുനല്കി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പലസ്തീൻ അഭയാർത്ഥികളെ സഹായിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിലുള്ള ദുരിതാശ്വാസ പ്രവർത്തന സംഘടനായ യു എൻ ആർ ഡബ്ലു എ (United Nations Relief and Works Agency for Palestine Refugees in the Near East - UNRWA)-യ്ക്കുള്ള സാമ്പത്തിക സഹായം പരിശുദ്ധസിംഹാസനം സ്ഥിരീകരിച്ചു.
ഇപ്പോഴത്തെ സാഹചരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് പരിശുദ്ധസിംഹാസനം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരംനിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിൽ വെള്ളിയാഴ്ച (12/07/24) യു എൻ ആർ ഡബ്ലു എയുടെ സമ്മേളനത്തിലാണ് ഈ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.
ഈ സംഘടന അതിൻറെ പ്രവർത്തനത്തിൽ നിഷ്പക്ഷത കാത്തുസൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെതന്നെ ഇസ്രായേലിലും ഗാസയിലും പോരാട്ടത്തിലേർപ്പെട്ടിരിക്കുന്നവർ ഉടൻ വെടിനിറുത്തണമെന്ന പരിശുദ്ധസിംഹാസനത്തിൻറെ ആവശ്യം ആർച്ചുബിഷപ്പ് ആവർത്തിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: