സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ റോമിൽ 2022-ൽ നടന്ന പ്രകടനത്തിൽ മുടി മുറിച്ച് പ്രതിഷേധിക്കുന്ന സ്ത്രീ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ റോമിൽ 2022-ൽ നടന്ന പ്രകടനത്തിൽ മുടി മുറിച്ച് പ്രതിഷേധിക്കുന്ന സ്ത്രീ  (ANSA)

ആദരിക്കപ്പെടേണ്ട സ്ത്രീത്വം

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്രദിനം നവംബർ 25-ന് ആചരിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ, സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളുമായി ബന്ധപ്പെട്ട വിചിന്തനങ്ങൾ.
ആദരിക്കപ്പെടേണ്ട സ്ത്രീത്വം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച പ്രമേയപ്രകാരം (54/134) ലോകത്തെമ്പാടും എല്ലാ വർഷവും നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്രദിനമായി ആചരിക്കാറുണ്ട്. 2000 ഫെബ്രുവരി ഏഴാം തീയതിയാണ് ഈയൊരു പ്രമേയം ഐക്യരാഷ്ട്രസഭ സ്വീകരിച്ചത്.

മിറാബാൽ സഹോദരിമാർ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്രദിനം ആചരിക്കപ്പെടുന്നതിന്റെ പശ്ചാത്തലം ഏറെപ്പേർക്ക് അറിവുണ്ടാകണമെന്നില്ല. ഡൊമിനിക്കൻ റിപ്പബ്ലിക് എന്ന രാജ്യത്ത് സ്വേശ്ചാധിപതിയായിരുന്ന റാഫായേൽ ത്രൂഹിയ്യോ എന്നയാൾ മിറാബാൽ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന പാത്രിയ, മിനേർവ, മരിയ തെരേസ, ദീദി എന്നീ നാലുപേരിൽ ആദ്യത്തെ മൂന്ന് പേരെ വധിച്ചതുമായി ബന്ധപ്പെട്ട് കരീബിയൻ പ്രദേശത്തുള്ള ഈ രാജ്യത്താണ് ഇത്തരമൊരു ദിനം ആചരിച്ചുതുടങ്ങിയത്. റാഫായേൽ ത്രൂഹിയ്യോയുടെ ഏകാധിപത്യഭരണത്തെ രാഷ്ട്രീയപരമായി ഒളിഞ്ഞും തെളിഞ്ഞും എതിർത്തതിന്റെ പേരിലാണ്  1960 നവംബർ 25-ന് മിറാബാൽ സഹോദരിമാർ കൊല്ലപ്പെട്ടത്. ഈ മൂന്ന് പേരുടെ പ്രവർത്തനങ്ങൾ അക്രമങ്ങൾക്കെതിരെയുള്ള സ്ത്രീകളുടെ ചെറുത്തുനിൽപ്പിന്റെ ഉദാഹരണമായി വിശേഷിപ്പിക്കപ്പെടാറുണ്ട്.

തെക്കേ അമേരിക്കയിലെയും കരീബിയൻ പ്രദേശങ്ങളിലെയും വിവിധ രാജ്യങ്ങളിലെ സ്ത്രീവിമോചനവാദികളായ സംഘടനകൾ മിറാബാൽ സഹോദരിമാരുടെ മരണവാർഷികദിനം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പോരാടുന്നതിനും, അതിനെക്കുറിച്ച് അവബോധം വളർത്തുന്നതിനുമുളള ദിവസമായി ആചരിക്കാൻ തുടങ്ങി. 1981 നവംബർ 25-നാണ് ഇത്തരമൊരു ആചരണം ആരംഭിച്ചത്. ഇതേത്തുടർന്നാണ് 2000 ഫെബ്രുവരി ഏഴിന് മിറാബാൽ സഹോദരിമാരുടെ മരണവാർഷികദിനം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്രദിനമായി  ആചരിക്കുന്നത് സംബന്ധിച്ച പ്രമേയം സ്വീകരിച്ചത്. ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നവംബർ 25-ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെയും, സ്ത്രീ സ്വാതന്ത്ര്യം വളർത്തേണ്ടതിന്റെയും ആവശ്യത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും, സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുവാനുമായി നിരവധി സമ്മേളനങ്ങളും, റാലികളുമൊക്കെ നടത്താറുണ്ട്. എല്ലാ വർഷവും ഡിസംബർ 10-ന് ആചരിക്കപ്പെടുന്ന മനുഷ്യാവകാശദിനത്തിന് മുന്നോടിയായുള്ള പതിനാറുദിന കർമ്മപരിപാടികളുടെ ആരംഭം കുറിക്കുന്ന ദിനം കൂടിയാണ് നവംബർ 25.

ജനനം മുതൽ അനുഭവിക്കുന്ന പ്രതിസന്ധികൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ നിരവധിയായ അതിക്രമങ്ങളും അനീതികളും അനുഭവിച്ചും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നതെന്നതിനെക്കുറിച്ച് ആർക്കും സംശയമുണ്ടാകില്ല. മുപ്പതോ നാൽപ്പതോ വർഷങ്ങൾ പിന്നോട്ട് പോയാൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, എന്തിന് സ്ത്രീത്വത്തെ ഏറെ ബഹുമാനിക്കുന്നുവെന്ന് അഭിമാനിക്കുന്ന നമ്മുടെ ഭാരതത്തിൽപ്പോലും, പെൺശിശുവിനെ ആഗ്രഹിക്കാത്ത നിരവധി കുടുംബങ്ങളുണ്ടായിരുന്നു. പെൺകുട്ടിയാണ് ഉള്ളിലുള്ളതെന്ന് അറിഞ്ഞുകഴിഞ്ഞാൽ ഏതു വിധേനയും ആ ഭ്രൂണത്തെ ഇല്ലാതാക്കുന്ന ക്രൂരത, അമ്മമാരുടേതടക്കം എത്രയോ ജീവനുകളാണ് ഇല്ലാതാക്കിയത്! ശാസ്ത്ര, സാംസ്‌കാരിക രംഗങ്ങളിൽ ഏറെ മുന്നേറ്റം അവകാശപ്പെടുന്ന ഇന്നത്തെ ലോകത്തും പലയിടങ്ങളിലും പെൺകുട്ടികൾ ഒരു ഭാരമായി കണക്കാക്കപ്പെടുന്നുണ്ട് എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്.

വിദ്യാഭ്യാസരംഗം

വിദ്യാഭ്യാസരംഗത്ത് സ്ത്രീകൾ നേരിടുന്ന അവഗണനകളും ഒരുതരത്തിൽ സ്ത്രീത്വത്തിനെതിരെയുള്ള അതിക്രമമാണ്. ഇന്ന് ലോകത്ത് പലയിടങ്ങളിലും പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കൊപ്പം വിദ്യാഭ്യാസരംഗത്ത് തുല്യസ്ഥാനം ലഭിക്കുന്നുണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാൻ സാധിക്കും. എന്നാൽ ഈ ആധുനികയുഗത്തിലും പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനോട് യോജിക്കാത്ത സമൂഹങ്ങളും രാജ്യങ്ങളുമുണ്ടെന്നത് മാനവരാശിക്കുതന്നെ അപമാനമാണെന്നതിൽ സംശയമില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മുടക്കുന്ന ധനം പാഴായിപ്പോകുന്ന ഒന്നാണെന്ന് കരുതുന്ന മാതാപിതാക്കൾ, പുരുഷന്മാർക്ക് തുല്യം സ്ത്രീകൾക്കും വിദ്യാഭ്യാസം ലഭിച്ചാൽ സമൂഹത്തിൽ തങ്ങളുടെ സ്ഥാനവും, അധികാരങ്ങളും, മേൽക്കോയ്മയും ഇല്ലാതായിപ്പോകുമെന്ന് കരുതുന്ന പുരുഷമേധാവിത്വമനഃസ്ഥിതിയും, അതിന് കൂട്ടുപിടിക്കുന്ന, സ്ത്രീയെ രണ്ടാം തരം വ്യക്തികളായി കണക്കാക്കുന്ന സാംസ്‌കാരിക, മത ചിന്തകളും ഇന്നും പലയിടങ്ങളിലും നിലനിൽക്കുന്നു.

മത, സാമൂഹിക, സാംസ്‌കാരിക ഇടങ്ങൾ

സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന ആരാധനായിടങ്ങൾ മത, സാംസ്‌കാരിക വ്യവസ്ഥകൾ, സ്ത്രീകൾ വാഹനമോടിച്ചാൽ തകർന്നുപോകുന്ന സാമൂഹ്യമനസ്ഥിതി, അങ്ങനെ സ്ത്രീസമൂഹത്തിന് നിഷേധിക്കപ്പെടുന്ന ഓരോ അവസരങ്ങളും സ്ത്രീത്വത്തിതിരെയുള്ള അതിക്രമം തന്നെയാണ്. ഇന്ന് ഒരുപക്ഷെ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, തൊഴിൽ, രാഷ്ട്രീയ, മതവേദികളിലും പൊതുസമൂഹത്തിലുമൊക്കെ സ്ത്രീകൾക്ക് തുല്യ പരിഗണന ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി എന്താകുമെന്ന് നമുക്കൊക്കെ ഏറെക്കുറെ വ്യക്തമാണ്. സാധാരണ എല്ലാ മതഗ്രന്ഥങ്ങളും തന്നെ സ്ത്രീയെ ബഹുമാനിക്കുന്നതിനാണ് പഠിപ്പിക്കുന്നത്. എന്നാൽ ചിലയിടങ്ങളിലെങ്കിലും, സ്ത്രീയെ സംരക്ഷിക്കാനെന്ന പേരിൽ പൊതു ഇടങ്ങളിൽനിന്ന് മാറ്റി നിറുത്തുന്ന ഉദ്ബോധനങ്ങളുണ്ട്. ക്രൈസ്തവസഭയിൽ, അതിന്റെ ആരംഭകാലം മുതലേ സ്ത്രീകൾ ആധ്യാത്മിക, ഭൗതിക തലങ്ങളിൽ മാനിക്കപ്പെട്ടിരുന്നുവെന്ന് നമുക്ക് കാണാൻ സാധിക്കും. ഒരു സ്ത്രീയുടെ ഉദരത്തിൽ ജന്മമെടുത്ത് ഭൂമിയിൽ മനുഷ്യപുത്രനായി അവതരിച്ച യേശു ക്രിസ്തു സ്ത്രീത്വത്തിന് എത്ര ഉന്നതമായ മൂല്യമാണ് നൽകുന്നതെന്ന് നമുക്കറിയാം.

സ്ത്രീ വസ്തുവല്ല, വ്യക്തിയാണ്

സ്ത്രീകളെ തങ്ങളുടെ ഇഷ്ടപ്രകാരം കൈവശം വയ്ക്കാനും, ഉപയോഗിക്കാനുമുള്ള ഒരു വസ്തു എന്ന നിലയിൽ കണക്കാക്കുന്ന ഒരു മനഃസ്ഥിതി ചിലയിടങ്ങളിലെങ്കിലും ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ പുരുഷന്റെ സ്വാർത്ഥതാല്പര്യങ്ങൾക്കോ, ദാസ്യവേലക്കോ വേണ്ടി സൃഷ്ടിക്കപ്പെട്ട, അവകാശങ്ങളില്ലാത്ത ഒരു ജന്മമായി സ്ത്രീയെ മാറ്റുന്നതിനെ ആധുനികസമൂഹങ്ങൾക്ക് അംഗീകരിക്കാനാകില്ല. എന്നാൽ ഈ ലോകത്ത് വികസിത, വികസ്വര രാജ്യങ്ങൾ എന്ന ഭേദമില്ലാതെ, ഇന്നും ശാരീരികവും മാനസികവുമായ പലവിധ പീഡനങ്ങൾ നേരിടുന്ന ഒരുപാട് സ്ത്രീജന്മങ്ങളുണ്ട് എന്നത് ഒരു വിരോധാഭാസമാണ്. കുടുംബത്തിന്റെ അന്തസ്സ് നിലനിറുത്താനായി ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിതരാകുന്ന പെൺകുട്ടികൾ ഇന്നുമുണ്ട്. ഭർതൃകുടുംബത്തിൽ അവഗണന നേരിടുന്ന, സാമ്പത്തികസ്രോതസ്സായി കണക്കാക്കപ്പെടുന്ന, അതിനുവേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്ന ഭാര്യമാരുണ്ട്. സ്വന്തം മാതാപിതാക്കളോടും സഹോദരങ്ങളോടും പോലുമുള്ള സംസാരസ്വതന്ത്ര്യം നിഷേധിക്കപ്പെട്ട ഭാര്യമാർ ഇന്നിന്റെ ലോകത്ത് എത്രയോ ഭവനങ്ങളിൽ നിശബ്ദതയുടെ തടവറകളിൽ ജീവിതം കഴിച്ചുകൂട്ടുന്നുണ്ട്! സ്വന്തം ഇഷ്ടങ്ങൾ പറയാൻ, ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ അനുവാദമില്ലാത്തവർ. സ്വന്തം അന്തസ്സ് ഇല്ലാതാക്കപ്പെടുന്നത് കാണുമ്പോഴും സഹനജീവിതം തുടരേണ്ടിവരുന്ന എത്രയോ അമ്മമാർ. അടിമകളെപ്പോലെ പണിയെടുത്ത് അവർ കൊണ്ടുവരുന്ന ധനമുപയോഗിച്ച് സുഖജീവിതം കഴിക്കുന്ന കുടുംബനാഥന്മാർ ഇന്നുമുള്ള ഒരു ലോകം. അഭിമാനക്കൊലപാതകങ്ങൾ, ചൂഷണങ്ങൾ അങ്ങനെ എത്രയെത്ര തിന്മകളാണ് സ്ത്രീസമൂഹം ഏറ്റുവാങ്ങേണ്ടിവരുന്നത്! സ്ത്രീധനത്തിന്റെ പേരിൽ ഇന്നും കൊലപാതകങ്ങൾ അരങ്ങേറുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി പലയിടങ്ങളിലുമുണ്ട്. കുടുംബത്തിന്റെ മാനവും അടിത്തറയും തകരാതിരിക്കാനെന്ന ഓമനപ്പേരിൽ, സ്വന്തം മകളും, സഹോദരിയുമൊക്കെ നേരിടുന്ന സഹനങ്ങൾക്ക് മുൻപിലും നിശ്ശബ്ദരാകേണ്ടിവരുന്ന മാതാപിതാക്കളും സഹോദരങ്ങളും. സ്വന്തം ഭാര്യയെ, പെങ്ങളെ, മകളെ, എന്തിന് ജന്മം നൽകിയ അമ്മയെപ്പോലും ഭയപ്പെടുത്തുന്നതിലും, ശാരീരികോപദ്രവമേല്പിക്കുന്നതിലും ലജ്ജ തോന്നാത്ത പുരുഷന്മാരുള്ള ഒരു ദുഷിച്ച സമൂഹം. ഇങ്ങനെ ലോകത്ത് സ്ത്രീകൾക്ക് നേരെയുള്ള ഓരോ പീഡനങ്ങളും, അവർ നേരിടേണ്ടിവരുന്ന ചൂഷണങ്ങളും, അവഗണനകളും സമൂഹത്തിൽനിന്ന് തുടച്ചുനീക്കപ്പെടേണ്ടവയാണ്.

ഫ്രാൻസിസ് പാപ്പായും സ്ത്രീകളോടുള്ള കരുതലും

സ്ത്രീകൾ ബഹുമാനിക്കപ്പെടണമെന്ന് ഉദ്ബോധിപ്പിക്കുന്നതിൽ കത്തോലിക്കാസഭാനേതൃത്വം മുൻപന്തിയിലുണ്ട്. സഭ അമ്മയാണെന്ന് അവളുടെ മക്കളായ ഓരോ വിശ്വാസികളെയും സഭാനേതൃത്വം ഓർമ്മിപ്പിക്കുമ്പോഴും, യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തെ വണങ്ങുകയും അവളുടെ മാധ്യസ്ഥ്യം തേടാൻ പഠിപ്പിക്കുമ്പോഴും, സ്ത്രീത്വത്തിന്റെ മൂല്യത്തെ എടുത്തുകാട്ടുന്ന ഒരു മനോഭാവമുണ്ട്. സഭയെ ഇപ്പോൾ നയിക്കുന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായും സ്ത്രീത്വത്തെ ഏറെ ആദരിക്കുകയും, സ്ത്രീക്ക് സഭയിലും സമൂഹത്തിലും ലഭിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് സഭാതനായരെ ഓർമ്മിപ്പിക്കുകയും ചെയ്യാറുണ്ട്. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ഇറ്റലിയിലെ റായ് ഉനോ എന്ന റേഡിയോയും കാദ്മി എന്ന സംഘടനയും ചേർന്ന് ഒരുക്കിയ പ്രചാരണ സംരംഭത്തിന് 2023 ഒക്ടോബർ 27-ന് നൽകിയ ഒരു സന്ദേശത്തിലും ഇതുതന്നെയാണ് പാപ്പാ മുന്നോട്ടുവയ്ക്കുന്ന ചിന്ത. സ്ത്രീയെ ഒരു വസ്തുവായി കാണുകയും, അവളെ സ്വന്തം ഇഷ്ടപ്രകാരം കൈവശാവകാശമായി കൊണ്ടുനടക്കുകയും ചെയ്യുന്ന തിന്മയ്‌ക്കെതിരെ പാപ്പാ ശക്തമായി പ്രതികരിക്കുന്നുണ്ട്. ഇന്നും പുരുഷവർഗ്ഗത്തിന്റെ തെറ്റായ മനോഭാവത്തിന്റെയും, ദുഷിച്ച സാമൂഹിക വ്യവസ്ഥകളുടെയും ഫലമായി സ്ത്രീകളുടെ അന്തസ്സ് മാനിക്കപ്പെടാതെ പോകുന്നുണ്ട്. സ്ത്രീയുടെ ശരീരവും ജീവിതവും തങ്ങളുടെ ഇഷ്ടപ്രകാരം ഉപയോഗിക്കാമെന്ന ചിലരുടെയെങ്കിലും ചിന്ത അടിമത്തത്തിലേക്കാണ് അവളെ കൊണ്ടുപോകുന്നത് എന്നാണ് പാപ്പാ എഴുതുന്നത്.

മാധ്യമലോകവും സ്ത്രീകളും

ഇന്നത്തെ സമൂഹത്തിൽ നിരവധിയായ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ മാധ്യമങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് സംശയമുണ്ടാകില്ല. സ്ത്രീകളുടെ ഉന്നമനത്തിനും സുസ്ഥിതിക്കും  വേണ്ടി മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. എന്നാൽ അതേസമയം സ്ത്രീകൾ അനുഭവിക്കുന്ന അതിക്രങ്ങൾ സംബന്ധിച്ച് മാധ്യമങ്ങൾ എടുക്കുന്ന നിലപാടിൽ പലപ്പോഴും അവ്യക്തത തുടരുന്നുണ്ട് എന്ന് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ പറയുന്നുണ്ട്. ഒരു ഭാഗത്ത് സ്ത്രീകൾ ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടവരാണെന്ന് വിളിച്ചുപറയുകയും, സ്ത്രീപുരോഗതിക്കായി വാദിക്കുകയും ചെയ്യുമ്പോൾ തന്നെ, മറുവശത്ത്, സുഖഭോഗചിന്തയും, ഉപഭോക്തൃമനോഭാവത്തോടെയുള്ള ജീവിതവുമാണ് മാധ്യമങ്ങൾ സമൂഹത്തിന് മുന്നിൽ വയ്ക്കുന്നത്. മറ്റുള്ളവരെ ആകർഷിക്കാനും, അവരുടേമേൽ ആധിപത്യം സ്ഥാപിക്കാനുമുള്ള ശക്തിയും മാത്സര്യബോധവുമൊക്കെ ജീവിതവിജയത്തിന്റെ മാനദണ്ഡങ്ങളായാണ് മാധ്യമങ്ങൾ അനുദിനം കാട്ടിത്തരുന്നത് എന്ന് പറയുന്ന പാപ്പാ, ഇത്തരം അധിപത്യമനോഭാവം ഉള്ളയിടത്ത് ദുരുപയോഗങ്ങൾ ഉണ്ടാകുമെന്നും, മറ്റുള്ളവരുടെമേൽ ആധിപത്യം പുലർത്താനോ, അവരെ തടവുകാരാക്കി വയ്ക്കനോ ഉള്ള പ്രവണതകളെ സ്നേഹമായി തെറ്റിദ്ധരിക്കരുതെന്നും ഓർമ്മിപ്പിക്കുന്നുണ്ട്.

സമത്വവും തെറ്റിദ്ധാരണകളും ദുരുപയോഗങ്ങളും

ആധുനികസമൂഹത്തിൽ സ്ത്രീകൾക്ക്, പുരുഷന്മാരെപ്പോലെതന്നെ സ്വാതന്ത്ര്യവും സമത്വവും അന്തസ്സുമൊക്കെ ഉണ്ടാകണമെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. എന്നാൽ തുല്യമായ അവസരങ്ങൾ, സമത്വം, സ്വാതന്ത്ര്യം എന്ന ചിന്തകളെല്ലാം മനുഷ്യരുടെ ശാരീരിക, മാനസിക പ്രത്യേകതകൾ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പരിഗണിച്ചുകൊണ്ടുവേണം മനസ്സിലാക്കാൻ. സമത്വം എന്നാൽ, സ്ത്രീക്ക് പുരുഷനെപ്പോലെ പെരുമാറാനോ വസ്ത്രധാരണം നടത്താനോ, അധ്വാനിക്കാനോ ഉള്ള അവകാശമായി വ്യാഖ്യാനിക്കുന്നവരുണ്ട്. പുരുഷൻ ചെയ്യുന്നതെന്തും ചെയ്യാനുള്ള അവകാശമാണ് സ്ത്രീകൾക്കും ആവശ്യമെന്ന് കരുതുന്ന ആളുകളുണ്ട്. എന്നാൽ തങ്ങളുടെ വ്യക്തിത്വപൂർണതയിലേക്ക് വളരാനുള്ള സ്വാതന്ത്ര്യവും സമത്വവുമാണ് ഇന്ന് സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും വേണ്ടത്.

സ്ത്രീകൾ നേരിടേണ്ടിവരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ഒരു ചിന്ത മുന്നോട്ട് വയ്ക്കുമ്പോൾത്തന്നെ, ഇരവാദം മുന്നോട്ട് വച്ച്, നിയമങ്ങളെയും വ്യവസ്ഥകളെയും ദുരുപയോഗം ചെയ്യുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും മനസ്സിലാക്കാനും, അവയെ ശരിയായ രീതിയിൽ വിലയിരുത്താനും തിരുത്താനും സമൂഹത്തിനും അധികാരം വിനിയോഗിക്കുന്നവർക്കും കഴിവുണ്ടാകണം. സ്ത്രീജീവിതത്തിന് ഒരു അനുഗ്രഹമായി മാറേണ്ട നിയമങ്ങളെ വളച്ചൊടിച്ച്, സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടിയും, ധനസമ്പാദനത്തിന് വേണ്ടിയുമൊക്കെ മാറ്റുമ്പോൾ ഇല്ലാതാകുന്നത് സമൂഹത്തിലെ നന്‍മയാണ്, പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും അനീതിയുടെയും യഥാർത്ഥ ഇരകളാകേണ്ടിവരുന്നവർക്ക് നിയമത്തിന് മുന്നിലുണ്ടാകേണ്ട വിശ്വാസ്യതയാണ്. സ്ത്രീസൗഹൃദനിയമങ്ങളും, നിയമത്തിന്റെ ആനുകൂല്യങ്ങളുമൊക്ക, ഒരു വ്യക്തിക്ക് തനിക്കിഷ്ടമില്ലാത്തവരെ സാമൂഹികമായി ഇല്ലാതാക്കാനുള്ള ഒരു അവസരമാകരുത്. ഇന്നത്തെ സമൂഹത്തിൽ നാം കാണുന്ന കപട പീഡനപരാതികളും, വ്യാജകഥകളും, ചില ആത്മഹത്യാഭീഷണികളുമൊക്കെ ഉണ്ടാക്കുന്ന തിക്തഫലങ്ങളുടെ ഇരകളാകുന്നത് പലപ്പോഴും സാധാരണ മനുഷ്യരാണ് എന്ന കാര്യം മറന്നുപോകരുത്. സ്വാതന്ത്ര്യം എന്നത്, എന്തും ചെയ്യാനുള്ള അനുമതിയല്ല.

സ്ത്രീത്വം ആദരിക്കപ്പെടട്ടെ

പുരുഷനെപ്പോലെ അന്തസ്സും, അഭിമാനവും, അവകാശങ്ങളും, സ്വാതന്ത്ര്യവും, ആത്മസാക്ഷാത്കാരാവസരങ്ങളും ലഭ്യമാക്കേണ്ട ഒരു ജീവിതമാണ് സ്ത്രീയുടേതുമെന്ന് മനസ്സിലാക്കിത്തുടങ്ങുന്നിടത്ത്, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കും അവഗണനകൾക്കും ഒരു അവസാനമുണ്ടായേക്കാം. ആരും ആരുടെയും അടിമകളല്ലെന്ന ബോധ്യം തലമുറകളിലേക്ക് പകരാൻ മാതാപിതാക്കൾക്കും സമൂഹത്തിനും സാധിക്കുമെങ്കിൽ, മറ്റുള്ളവയുടെമേൽ ആധിപത്യം സ്ഥാപിക്കാനും, അവരെ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാനുമുള്ള പ്രവണത കുറഞ്ഞേക്കാം. അമ്മയാകട്ടെ, ഭാര്യയാകട്ടെ, പെങ്ങളാകട്ടെ, മകളാകട്ടെ, പുരുഷന്റെ സ്നേഹവും സംരക്ഷണവും പിന്തുണയുമാണ് അവൾക്ക് ലഭിക്കേണ്ടത്. അതുപോലെ തന്നെ സ്ത്രീസമൂഹങ്ങൾക്കിടയിലും പരസ്പരം താങ്ങായിത്തീരുന്ന ഒരു മനോഭാവം വളർത്തിയെടുക്കേണ്ടതുണ്ട്. ക്രൈസ്തവവിശ്വാസത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ, ദൈവത്താൽ സൃഷ്ടിക്കപ്പെട്ട തുല്യരായ സൃഷ്ടികൾ എന്ന നിലയിലും, ദൈവമക്കൾ എന്ന നിലയിലും പരസ്പരം കരുതലോടെയും സ്നേഹത്തോടെയുമാണ് നാം ജീവിക്കേണ്ടത്. സമൂഹങ്ങളിലും സംസ്കാരങ്ങളിലും നല്ല മാറ്റങ്ങളുണ്ടാകട്ടെ. മറ്റുള്ളവരെ, പ്രത്യേകിച്ച് സ്ത്രീകളെ ബഹുമാനിക്കുന്ന, കൈപിടിച്ചുയർത്തുന്ന സാമൂഹികബോധ്യങ്ങൾ വളർന്നുവരട്ടെ. അത് നമ്മിലെ മനുഷ്യത്വത്തിന്റെ പ്രതിഫലനമാകട്ടെ. സധൈര്യരായ, വിദ്യാഭ്യാസത്തിലും വിജ്ഞാനത്തിലും മുന്നിട്ടുനിൽക്കുന്ന, നേതൃത്വപാടവമുള്ള, ഉത്തരവാദിത്വബോധത്തോടെ സമൂഹത്തിൽ നന്മ വളർത്താൻ സഹായിക്കുന്ന കഴിവുറ്റ സ്ത്രീകൾ നമ്മുടെ സമൂഹങ്ങൾക്ക് അനുഗ്രഹമായി ഉണ്ടാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 November 2023, 22:55