തിരയുക

സങ്കീർത്തനചിന്തകൾ - 47 സങ്കീർത്തനചിന്തകൾ - 47 

സകല ജനതകളും വണങ്ങേണ്ട രാജാവും സംരക്ഷനുമായ ദൈവം

വചനവീഥി: നാൽപ്പത്തിയേഴാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നാൽപ്പത്തിയേഴാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗായകസംഘനേതാവിന് കോറഹിന്റെ പുത്രന്മാരുടെ ഒരു സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള നാൽപ്പത്തിയേഴാം സങ്കീർത്തനം ഇസ്രയേലിന്റെ ദൈവമായ കർത്താവിന്റെ സാർവത്രികമായ അധികാരത്തെയും ഭരണത്തെയും അംഗീകരിക്കാൻ സകല ജനതകളെയും ആഹ്വാനം ചെയ്യുന്ന ഒരു ഗീതമാണ്. തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ ജനത്തിന് വാഗ്ദത്തനാട് അവകാശമായി ദൈവം നൽകുന്നത്, അവൻ പ്രപഞ്ചം മുഴുവന്റെയും അധികാരിയായതിനാലാണ്. ഇസ്രായേൽ ജനത്തിന്റെ സംരക്ഷകനാണ് കർത്താവെന്ന് ഉദ്‌ഘോഷിക്കുന്ന നാൽപ്പത്തിയാറാം സങ്കീർത്തനത്തിന്റെ തുടർച്ചയായി, ഈ ദൈവം സകല ജനതയുടെയും മേൽ അധികാരമുള്ളവനാണ് എന്ന ഒരു ആശയമാണ് നാൽപ്പത്തിയേഴാം സങ്കീർത്തനം മുന്നോട്ടുവയ്ക്കുന്നത്. തന്റെ സൃഷ്ടിയായ മനുഷ്യവർഗ്ഗത്തോട് ചരിത്രത്തിലുടനീളം ദൈവം കാണിക്കുന്ന കാരുണ്യത്തിന്റെയും കരുതലിന്റെയും പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് കർത്താവിന്റെ സർവ്വത്രികസ്വഭാവത്തിലേക്കും പരമാധികാരത്തിലേക്കും സങ്കീർത്തകൻ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്. ഇസ്രായേൽ ജനത്തെ തന്റെ സ്വന്തം ജനമായി ദൈവം തിരഞ്ഞെടുക്കുന്നത്, ലോകം മുഴുവനുമുള്ള ജനതകളെ തന്റെ സ്വന്തമായി തിരഞ്ഞെടുക്കുന്നതിന്റെ മുന്നോടിയാണെന്നുകൂടി സങ്കീർത്തനവരികൾ ദ്യോതിപ്പിക്കുന്നുണ്ട്..

ദൈവത്തിന്റെ സർവ്വത്രികഭരണവും ജനതകളും

ഭൂമി മുഴുവന്റെയും രാജാവായ ദൈവത്തെ കരഘോഷത്തോടെയും ആഹ്ളാദാരവങ്ങളോടെയും പുകഴ്ത്തുവാനുള്ള ക്ഷണമാണ് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ നാല് വരെയുള്ള വാക്യങ്ങൾ. "ജനതകളേ, കരഘോഷം മുഴക്കുവിൻ, ദൈവത്തിന്റെ മുൻപിൽ ആഹ്ളാദാരവം മുഴക്കുവിൻ" (സങ്കീ. 47, 1) എന്ന ഒന്നാം വാക്യം തന്നെ, ഈ സങ്കീർത്തനത്തിന്റെ ഉദ്ദേശം വ്യക്തമാക്കുന്നുണ്ട്. ഇത് ഇസ്രായേൽ ജനത്തിനോ, ദൈവവിശ്വാസികളായ മനുഷ്യർക്കോ മാത്രമായുള്ള ഒരു ആഹ്വാനമല്ല, ഭൂമിയിലെ സകലജനതകൾക്കുമാണ് ലേവ്യഗണത്തിൽനിന്നുള്ള കോറഹിന്റെ പുത്രന്മാരുടെ ഈ ക്ഷണം. കരഘോഷം ഉള്ളിലുള്ള സന്തോഷത്തിന്റെ ബാഹ്യമായ പ്രകടനം മാത്രമല്ല, ഭാഷകൾക്കതീതമായ ഒരു സാർവത്രികഭാഷകൂടിയാണ്. ദൈവത്തിന് മുൻപിൽ ആഹ്ളാദാരവം മുഴക്കുവാനുള്ള സങ്കീർത്തനത്തിലെ ക്ഷണവും, ഇസ്രയേലിന്റെ ദൈവമായ കർത്താവിലുള്ള പരസ്യമായ വിശ്വാസപ്രഖ്യാപനത്തിലേക്കാണ് ഏവരെയും ക്ഷണിക്കുന്നത്.

എന്തുകൊണ്ട് ദൈവത്തെ സ്‌തുതിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സങ്കീർത്തനത്തിന്റെ രണ്ടാം വാക്യം: "അത്യുന്നതനായ കർത്താവ് ഭീതിദനാണ്; അവിടുന്ന് ഭൂമി മുഴുവന്റെയും രാജാവാണ്" (സങ്കീ. 47, 2). ഇസ്രയേലിന്റെ ദൈവമായ കർത്താവ് ഭൂമി മുഴുവന്റെയും രാജാവാകയാൽ അവിടുത്തെ എല്ലാ ജനതകളും ഭയഭക്തിബഹുമാനങ്ങളോടെ വേണം കാണുവാൻ എന്ന് സങ്കീർത്തനം ഓർമ്മിപ്പിക്കുന്നു. അക്കാലത്ത് നിലനിന്നിരുന്ന ദൈവസങ്കൽപ്പങ്ങൾ ചില പ്രദേശങ്ങളുമായും ചില ജനതകളുമായും മാത്രം ബന്ധപ്പെട്ടതായിരുന്നു. എന്നാൽ ഇസ്രയേലിന്റെ ദൈവം സർവ്വപ്രപഞ്ചത്തിന്റെയും സൃഷ്ടാവും ഭൂമി മുഴുവന്റെയും രാജാവുമാണെന്ന സത്യം, എന്തുകൊണ്ട് ലോകം അവനെ വണങ്ങണം എന്ന് വ്യക്തമാക്കുന്നു. പുറപ്പാട് പുസ്തകം പതിനഞ്ചാം അധ്യായത്തിന്റെ ആദ്യഭാഗത്ത് മോശയും ഇസ്രായേൽക്കാരും കർത്താവിനെ സ്തുതിച്ചുകൊണ്ട് പാടുന്ന ഗാനത്തിലും (പുറ. 15, 1-18) ദൈവത്തിന്റെ സർവ്വത്രികതയും ലോകം മുഴുവൻ കീഴടക്കുകയും എന്നന്നേക്കും നിലനിൽക്കുകയും ചെയ്യുന്ന അവിടുത്തെ രാജത്വവും നമുക്ക് കാണാനാകും. "കർത്താവ് ഉന്നതനായ ദൈവമാണ്; എല്ലാ ദേവന്മാർക്കും അധിപനായ രാജാവാണ്" എന്ന് തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം മൂന്നാം വാക്യത്തിലും നാം വായിക്കുന്നുണ്ട്.

ലോകത്തിന്റെ മുഴുവനും അധിപനായിരിക്കുമ്പോഴും ഇസ്രയേലിനോട് കർത്താവിനുള്ള പ്രത്യേകമായ സ്നേഹവും കരുതലുമാണ് സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങളിൽ നാം കാണുക: "അവിടുന്ന് രാജ്യങ്ങളുടെമേൽ നമുക്ക് വിജയം നേടിത്തന്നു; ജനതകളെ നമ്മുടെ കാൽക്കീഴിലാക്കി. അവിടുന്ന് നമ്മുടെ അവകാശം തിരഞ്ഞടുത്തു തന്നു; താൻ സ്നേഹിക്കുന്ന യാക്കോബിന്റെ അഭിമാനം തന്നെ." (സങ്കീ. 47, 3-4). ഇസ്രയേലിനെ തന്റെ ജനമായി തിരഞ്ഞെടുത്തതും, അവർക്ക് മറ്റുള്ളവരുടെമേൽ വിജയം നൽകുന്നതും കർത്താവാണ്. തന്നോട് ചേർന്ന് നിൽക്കുന്നതിനാലാണ് അവൻ ജനതകളെ അവരുടെ കീഴിലാക്കിയത്. യാക്കോബിന്, ഇസ്രയേലെന്ന തന്റെ ജനത്തിന് അവകാശമായി വാഗ്ദത്തഭൂമി തിരഞ്ഞെടുത്തതും ദൈവമാണ്. അവന്റെ തിരഞ്ഞെടുപ്പുകൾ ഏറ്റവും മെച്ചപ്പെട്ടവയും, ജനത്തിന്റെ നന്മയ്ക്കായുള്ളവയുമാണ്.

ജനതകൾക്ക് രാജാവായ ഇസ്രയേലിന്റെ ദൈവം

സങ്കീർത്തനത്തിന്റെ അഞ്ചുമുതലുള്ള വാക്യങ്ങൾ ഇസ്രയേലിന്റെ മാത്രമല്ല, സകലജനതകളുടെയും രാജാവായി ആരോഹണം ചെയ്യുന്ന ദൈവത്തെക്കുറിച്ചും, അവനെ തങ്ങളുടെ രാജാവായി അംഗീകരിച്ച് സകല ജനതകളും വണങ്ങുന്നതിനെക്കുറിച്ചുമാണ് പറയുന്നത്. "ജയഘോഷത്തോടും കാഹളനാദത്തോടും കൂടെ ദൈവമായ കർത്താവ് ആരോഹണം ചെയ്‌തു" എന്ന അഞ്ചാം വാക്യത്തിന് പല അർത്ഥങ്ങൾ ആരോപിക്കപ്പെടുന്നുണ്ട്. തന്റെ ജനത്തിനിടയിലേക്ക് ഇറങ്ങിവന്ന്, അവർക്കായി ജനതകളെ കീഴടക്കി, അവരുടെ അവകാശം തിരഞ്ഞെടുത്ത് നൽകിയതിന് ശേഷം തന്റെ സിംഹാസനത്തിലേക്ക് തിരികെ കയറുന്ന രാജാവെന്ന ഒരു ചിത്രമാണ് ഇതിൽ ഒന്ന്. എന്നാൽ അതേസമയം സ്വർഗ്ഗത്തിൽനിന്നു ഭൂമിയിലേക്കിറങ്ങി, തന്റെ ജനത്തിന് അനുഗ്രഹമായി രക്ഷയേകി തിരികെപ്പോകുന്ന ഒരു ദൈവസങ്കൽപ്പവും ഇവിടെ കാണാനാകും. കാഹളനാദം വിജയത്തിന്റെ ഉദ്‌ഘോഷമാണ് വിളിച്ചറിയിച്ചിരുന്നത്. സ്‌തുതിയുടെയും ആനന്ദത്തിന്റെയും ജയഘോഷത്തോടും, വിജയത്തിന്റെ കാഹളനാദത്തോടുമൊപ്പമാണ് ദൈവത്തെ സങ്കീർത്തകൻ അവതരിപ്പിക്കുന്നത്.

തങ്ങൾക്ക് വിജയം കൊണ്ടുവന്ന, സകല ജനതകൾക്കും രാജാവായി തന്റെ സിഹാസനത്തിലേക്ക് ആരോഹണം ചെയ്യുന്ന ദൈവത്തെ സ്തുതിക്കുവാനാണ് ആറാം വാക്യത്തിൽ സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നത്: "ദൈവത്തെ പാടിപ്പുകഴ്ത്തുവിൻ; സ്തോത്രങ്ങളാലപിക്കുവിൻ; നമ്മുടെ രാജാവിന് സ്തുതികളുതിർക്കുവിൻ; കീത്തനങ്ങളാലപിക്കുവിൻ" (സങ്കീ. 47, 6). ദൈവത്തെ സ്തുതുക്കുവാനുള്ള സങ്കീർത്തകന്റെ ആഹ്വാനത്തിൽ ആധികാരികതയുടെ ഒരു സ്വരം നമുക്ക് ശ്രവിക്കാനാകും. ദൈവത്തിന് സ്തുതികളർപ്പിക്കുവാൻ  നാലു വട്ടമാണ് ഈ വാക്യത്തിൽ മാത്രം സങ്കീർത്തകൻ ആവശ്യപ്പെടുന്നത് എന്നതിൽനിന്ന് ഇത് വ്യക്തമാണ്.

രണ്ടാം വാക്യത്തിൽ കണ്ട ഭൂമി മുഴുവന്റെയും രാജാവ് എന്ന ആശയത്തിന്റെ ആവർത്തനത്തിൽ ആരംഭിച്ച്, ഇസ്രായേൽ ജനത്തിന്റെ മാതൃകയിൽ, സകലജനതകളും കർത്താവിനെ വണങ്ങുന്ന ദിനത്തിന്റെ ചിത്രം മുന്നിൽ കണ്ടുകൊണ്ടാണ് സങ്കീർത്തനം അവസാനിക്കുന്നത്: "ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്; സങ്കീർത്തനം കൊണ്ട് അവിടുത്തെ സ്തുതിക്കുവിൻ. ദൈവം ജനതകളുടെമേൽ വാഴുന്നു; അവിടുന്ന് തന്റെ പരിശുദ്ധ സിംഹാസനത്തിലിരിക്കുന്നു. അബ്രാഹത്തിന്റെ ദൈവത്തിന്റെ ജനത്തെപ്പോലെ ജനതകളുടെ പ്രഭുക്കന്മാർ ഒരുമിച്ചു കൂടുന്നു; ഭൂമിയുടെ രക്ഷാകവചങ്ങൾ ദൈവത്തിന് അധീനമാണ്; അവിടുന്ന് മഹോന്നതനാണ്" (സങ്കീ. 47, 7-9). ഇസ്രയേലിന്റെ ദൈവം സകലജനതകളുടെയും രാജാവാണ് എന്ന ഒരു പ്രസ്‌താവന മാത്രമല്ല, അവൻ അവരുടെമേൽ അധികാരത്തോടെ വാഴുന്നു എന്ന ബോധ്യം കൂടിയാണ് സങ്കീർത്തകൻ ഇവിടെ പങ്കുവയ്ക്കുന്നത്. ഭൂമി മുഴുവനുമുള്ള അധികാരത്തിന്റെ പരിശുദ്ധമായ സിംഹാസനം ഇസ്രയേലിന്റെ കർത്താവിന്റേതാണ്. ജനതകളുടെ പ്രഭുക്കന്മാർ, തങ്ങളുടെ കീഴിലുള്ള ഏവരെയും പ്രതിനിധാനം ചെയ്‌തുകൊണ്ടാണ് ഇസ്രയേലിന്റെ ദൈവത്തിന് മുന്നിൽ ദൈവജനത്തിനൊപ്പം അവിടുത്തെ അംഗീകരിക്കുവാനും സ്‌തുതിക്കുവാനുമെത്തുന്നത്. ദൈവമാണ് ഭൂമിക്കും അതിലെ നിവാസികൾക്കും സുരക്ഷയുടെ കവചമൊരുക്കി അവരെ കാത്തുപരിപാലിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

ഇസ്രായേലിന്റെ ദൈവമായ കർത്താവിനെ രാജാവും ദൈവവുമായി അംഗീകരിച്ച് സ്തുതിക്കുവാനുള്ള ആഹ്വാനമടങ്ങുന്ന നാല്പത്തിയേഴാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ഇത് നമുക്കേവർക്കും കൂടിയുള്ള ഒരു ക്ഷണമാണെന്ന് തിരിച്ചറിയാം. ദൈവത്തെ ഭയക്കാനും ബഹുമാനിക്കാനും ആരാധിക്കാനും അവന് സ്തുതിയുടെ ഗീതങ്ങൾ ആലപിക്കാനും ഇസ്രായേൽ ജനത്തിനൊപ്പം നമുക്കേവർക്കും കടമയുണ്ടെന്ന് നാല്പത്തിയേഴാം സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മെയും തന്റെ ജനമായി തിരഞ്ഞെടുത്ത്, സംരക്ഷണത്തിന്റെ കവചത്താൽ കാത്തുപരിപാലിക്കുന്ന ദൈവത്തിന് ഉച്ചസ്വരത്തിൽ, കാഹളനാദത്തിന്റെയും കരഘോഷത്തിന്റെയും അകമ്പടിയോടെ സ്തോത്രഗീതമാലപിക്കാം. നമ്മുടെ അവകാശം തിരഞ്ഞെടുക്കുന്നത്, ദേശം അവകാശമായി നൽകുന്നത്, നന്മയും സ്നേഹവുമായ ദൈവമാണ്. സർവ്വാധിപതിയും സർവ്വവ്യാപിയുമായി ജനതകളുടെ മേൽ വാഴുന്ന ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത്, കാത്തുപരിപാലിക്കുന്ന ജനമാണ് നാമെന്ന ബോധ്യത്തോടെ നന്ദിയുടെയും ആരാധനയുടെയും മനോഭാവം എന്നും കാത്തുസൂക്ഷിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2023, 14:10