തിരയുക

സങ്കീർത്തനചിന്തകൾ - 63 സങ്കീർത്തനചിന്തകൾ - 63 

ദൈവകാരുണ്യമെന്ന രക്ഷാസങ്കേതം

വചനവീഥി: അറുപത്തിമൂന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അറുപത്തിമൂന്നാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവ-മനുഷ്യബന്ധത്തിന്റെ ഭംഗി എടുത്തുകാട്ടുന്ന, ആഴം വർണ്ണിക്കുന്ന ഒരു മനോഹരമായ ഗീതമാണ് അറുപത്തിമൂന്നാം സങ്കീർത്തനം. യൂദാമരുഭൂമിയിൽ വച്ച് ദാവീദ് പാടിയ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള ഈ കീർത്തനം ഒരേ സമയം ഒരു വൈയക്തികകൃതജ്ഞതാഗാനവും, ദൈവകാരുണ്യത്തെക്കുറിച്ചുള്ള ജ്ഞാനപ്രബോധനവുമാണ്. "ഞാൻ", "അങ്ങ്" എന്നീ വാക്കുകളുടെ പ്രയോഗത്തിലൂടെ സങ്കീർത്തകൻ താനും ദൈവവുമായുള്ള അടുപ്പം എടുത്തുകാണിക്കുന്നുണ്ട്. മരുഭൂമിയനുഭവം ദൈവത്തിൽനിന്നുള്ള അകൽച്ചയുടെയും സഹനജീവിതത്തിന്റെയും സമയമാണ്. ദാവീദ് ഇസ്രായേലിന്റെ രാജാവാകുന്നതിന് മുൻപ്, 1 സാമുവേൽ ഇരുപത്തിനാലാം അദ്ധ്യായത്തിൽ വിവരിക്കപ്പെടുന്ന, സാവൂൾ ദാവീദിനെ തേടുന്നതുമായി ബന്ധപ്പെട്ട സമയമോ, അബ്‌സലോമിന്റെ വിപ്ലവകാലത്ത് ദാവീദ് മരുഭൂമിയിൽ വസിച്ചതുപോലെയുള്ള സമയമോ ആകാം ഇവിടെ വിവരിക്കപ്പെടുന്നതെന്ന് കരുതുന്നവരുണ്ട്. 2 സാമുവേൽ 15 മുതൽ 18 വരെയുള്ള അദ്ധ്യായങ്ങളിൽ ഈ സംഭവം വിവരിക്കപ്പെടുന്നുണ്ട്. ജെറുസലേമിൽനിന്ന്, ദൈവസാന്നിദ്ധ്യത്തിന്റെ ഇടത്തുനിന്ന് അകലെയുള്ള വാസം ദാവീദ് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ദൈവവുമായുള്ള ബന്ധത്തിന്റെ പുനഃസ്ഥാപനത്തിനായി സങ്കീർത്തകൻ ആഗ്രഹിക്കുന്നു. സ്വന്തം ജീവിതത്തേക്കാൾ ദൈവത്തിന്റെ കാരുണ്യത്തെ വിലമതിക്കുകയും കാംക്ഷിക്കുകയും ചെയ്യുന്ന, അതുവഴി, ദൈവകാരുണ്യം അനുഭവിക്കാത്ത ജീവിതത്തിന്റെ അർത്ഥശൂന്യതയെ എടുത്തുകാട്ടുന്ന സങ്കീർത്തകനെ ഈ ഗീതത്തിൽ നമുക്ക് കണ്ടുമുട്ടാം (സങ്കീ. 63, 3). സങ്കീർത്തനത്തിന്റെ നല്ലൊരു ഭാഗവും ദൈവത്തിനുള്ള നന്ദിപ്രകടനത്തിനായാണ് ദാവീദ് നീക്കിവച്ചിരിക്കുന്നത്. രാത്രിയുടെ യാമങ്ങളിൽപ്പോലും ദൈവചിന്തകളാൽ മനസ്സുനിറയ്ക്കുന്ന സങ്കീർത്തകൻ അതിൽ ആനന്ദമനുഭവിക്കുന്നുണ്ട്. ദൈവം തിരഞ്ഞെടുത്ത തന്റെ ജീവനെതിരെ പ്രവർത്തിക്കുന്നവർ ശിക്ഷയ്ക്കിരയാകുമെന്നും ദാവീദ് ഓർമ്മപ്പിക്കുന്നുണ്ട്.

ദൈവത്തെ തേടുന്ന വിശ്വാസി

സങ്കീർത്തനത്തിന്റെ ആദ്യ രണ്ടു വാക്യങ്ങളിൽ, ദൈവത്തിനായുള്ള തന്റെ ദാഹമാണ് ദാവീദ് എഴുതിവയ്ക്കുന്നത്: "ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്നപോലെ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു. അങ്ങയുടെ ശക്തിയും മഹത്വവും ദർശിക്കാൻ ഞാൻ വിശുദ്ധ മന്ദിരത്തിൽ വന്നു" (സങ്കീ. 63, 1-2). ദൈവാരാധകനും ദൈവവുമായയുള്ള ആഴമേറിയ ബന്ധം ഇവിടെ വ്യക്തമാണ്. മറ്റു ദൈവസങ്കൽപ്പങ്ങളുടെ മുന്നിൽ, ഇസ്രയേലിന്റെ നാഥനായ ദൈവത്തെ മാത്രം തന്റെ ദൈവമായി കാണാനുള്ള ദാവീദിന്റെ തീരുമാനവും ഇവിടെ നമുക്ക് കാണാം. അവൻ ദൈവമായതിനാലാണ് സങ്കീർത്തകൻ അവനെ തേടുന്നത്. സങ്കീർത്തകന്റെ മുഴുവൻ അസ്തിത്വവും, അവന്റെ ആത്മാവും ശരീരവും ദൈവത്തിനായി ദാഹിക്കുന്നുണ്ട്. ഉണങ്ങിവരണ്ട മരുഭൂമിയിലെ യാത്രികനെപ്പോലെയും, ജലത്തിനായി ആഗ്രഹിക്കുന്ന വരണ്ടുണങ്ങിയ മണ്ണ് പോലെയുമാണ് അവൻ ദൈവത്തിനായി ആഗ്രഹിക്കുന്നത്.

ദൈവാന്വേഷകനിൽനിന്ന് ദൈവാരാധകനിലേക്ക്

സങ്കീർത്തനത്തിന്റെ മൂന്ന് മുതൽ ആറുവരെയുള്ള വാക്യങ്ങളിൽ, ദൈവത്തിന് നിത്യം സ്‌തുതി പാടാനുള്ള തന്റെ തീരുമാനമാണ് സങ്കീർത്തകൻ എഴുതിവയ്ക്കുന്നത്: "അങ്ങയുടെ കാരുണ്യം ജീവനേക്കാൾ കാമ്യമാണ്; എന്റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും. എന്റെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങയെ പുകഴ്ത്തും. ഞാൻ കൈകളുയർത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും. കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുകയും രാത്രിയാമങ്ങളിൽ അങ്ങയെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുമ്പോൾ ഞാൻ മജ്ജയും മേദസും കൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു. എന്റെ അധരങ്ങൾ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും" (സങ്കീ. 63, 3-6). ധനവും, സമ്പാദ്യങ്ങളും, പ്രശസ്‌തിയും, അധികാരവും ആഗ്രഹിക്കുന്ന ഒരു ലൗകികമനഃസ്ഥിതിയുടെ മുന്നിൽ, അവയെല്ലാം നിസ്സാരമായി കരുതി, തങ്ങൾക്ക് സ്വന്തമായൊന്നുമില്ലെങ്കിലും, ഈ ലോകത്ത് ജീവനോടെയിരിക്കാൻ സാധിക്കുന്നതാണ് വലുതെന്ന് പഠിപ്പിക്കുന്ന മനുഷ്യരുണ്ട്. എന്നാൽ താരതമ്യേന മെച്ചപ്പെട്ടതെന്ന് തോന്നുന്ന ഈ ഒരു ചിന്തയെപ്പോലും അതിശയിപ്പിക്കുന്ന ബോധ്യങ്ങളോടെയാണ് ദാവീദ് ഈ സങ്കീർത്തനം എഴുതുന്നത്. ജീവനെ മറ്റെന്തിനേക്കാളും വലുതായി കണക്കാക്കുന്ന ഈ ഒരു ലോകത്തോട്, ദൈവകാരുണ്യമാണ് ജീവനേക്കാൾ വിലയേറിയതെന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. ദൈവവുമായുള്ള ബന്ധമാണ് ജീവിതത്തെ അർത്ഥവത്തും, മാധുര്യമുള്ളതുമാക്കി മാറ്റുന്നത്. ഈയൊരു ബന്ധം ആഗ്രഹിച്ചാണ് അവൻ ദേവാലയത്തിലേക്കെത്തുന്നത്. ദൈവസ്നേഹവും കാരുണ്യവും അനുഭവിച്ചറിയുന്നതുകൊണ്ടാണ് അവൻ ദിനരാത്രങ്ങളിൽ ദൈവനാമം വിളിക്കുന്നതും, അവനെ ധ്യാനിക്കുന്നതും. അനുഭവിച്ചറിയാത്ത സ്നേഹത്തെ ഏറ്റുപറയാനും, നന്ദിയും സ്ത്രോത്രവുമേകാനും സാധിക്കില്ലല്ലോ. കാരുണ്യത്തിന്റെ ദൈവമായ കർത്താവിന്റെ സ്നേഹമാധുര്യം അനുഭവിച്ചറിയുവാനും, അവന്റെ മഹത്വം പ്രഘോഷിക്കുവാനും, പകലിന്റെ യാമങ്ങൾ മാത്രം പോരെന്ന് സങ്കീർത്തകൻ തിരിച്ചറിയുന്നു.

എന്തുകൊണ്ടാണ് താൻ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നതെന്ന് സങ്കീർത്തനത്തിന്റെ ഏഴും എട്ടും വാക്യങ്ങളിൽ ദാവീദ് വിവരിക്കുന്നുണ്ട്: "അവിടുന്ന് എന്റെ സഹായമാണ്; അങ്ങയുടെ ചിറകിൻകീഴിൽ ഞാൻ ആനന്ദിക്കും. എന്റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേർന്നിരിക്കുന്നു; അങ്ങയുടെ വലത്തുകൈ എന്നെ താങ്ങിനിർത്തുന്നു" (സങ്കീ. 63, 7-8). താൻ ദൈവത്താൽ പരിപാലിക്കപ്പെടുന്നു എന്ന ബോധ്യത്താലാണ് അവൻ ദൈവത്തിന് ആനന്ദഗാനം ആലപിക്കുന്നത്. ദൈവവുമായുള്ള ദാവീദിന്റെ അടുത്ത ബന്ധം ഈ വാക്യങ്ങളിലും വ്യക്തമാകുന്നുണ്ട്. കർത്താവിന്റെ വലതുകരത്തിന് കീഴിൽ അഭയം തേടുന്നതിനെക്കുറിച്ച് പതിനേഴാം സങ്കീർത്തനത്തിലും (സങ്കീ. 17, 7), ദൈവത്തിന്റെ ചിറകുകളുടെ തണലിൽ അഭയം തേടുന്നതിനെക്കുറിച്ച് മുപ്പത്തിയാറാം സങ്കീർത്തനത്തിലും (സങ്കീ. 36, 7) നാം വായിക്കുന്നുണ്ട്. തന്നിൽ അഭയം തേടുന്നവരെ, ഒരമ്മക്കോഴി തന്റെ കുഞ്ഞുങ്ങളെയെന്നപോലെ പരിപാലിക്കുന്നവനാണ് ദൈവം. ആഴമേറിയ ഈയൊരു ബോധ്യത്തോടെയാണ് ദാവീദിലെ വിശ്വാസി ദൈവത്തോട് ഒട്ടിച്ചേർന്നിരിക്കുന്നത്.

ശത്രുക്കളുടെ പതനവും ദൈവത്തിന് സ്‌തുതിയും

സങ്കീർത്തനത്തിന്റെ അവസാനഭാഗത്തേക്ക് കടന്നുവരുമ്പോൾ രണ്ടു ചിന്തകളാണ് ദാവീദ് പങ്കുവയ്ക്കുന്നത്. ദൈവത്തിന് പ്രിയപ്പെട്ടവനായ തനിക്കെതിരെ വരുന്നവർ നശിപ്പിക്കപ്പെടുമെന്നും, ദൈവഭക്തർ അവിടുന്നിൽ ആനന്ദിക്കുമെന്നുമുള്ള ചിന്തകളാണിവ. ഒൻപത് മുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങൾ ഇവയാണ് പരാമർശിക്കുന്നത്. "എന്റെ ജീവൻ നശിപ്പിക്കാൻ നോക്കുന്നവർ ഭൂമിയുടെ അഗാധഗർത്തങ്ങളിൽ പതിക്കും. അവർ വാളിന് ഇരയാകും; അവർ കുറുനരികൾക്കു ഭക്ഷണമാകും. എന്നാൽ, രാജാവ് ദൈവത്തിൽ സന്തോഷിക്കും; അവിടുത്തെ നാമത്തിൽ സത്യം ചെയ്യുന്നവർ അഭിമാനം കൊള്ളും, നുണയരുടെ വായ് അടഞ്ഞുപോകും" (സങ്കീ. 63, 9-11). ദൈവവുമായുള്ള ബന്ധത്തിൽ തുടരുമ്പോഴും ദാവീദിനെതിരെ ശത്രുക്കളുടെ കരമുയരുന്നുണ്ട്. അവന്റെ ജീവനെടുക്കാൻ സാവൂളിനെപ്പോലെ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ ദാവീദ് ദൈവത്തിൽ അഭയം തേടുകയും, തന്റെ ജീവനെതിരെ തിരിയുന്ന ശത്രുക്കളുടെ വിധി ദൈവത്തിന് വിട്ടുകൊടുക്കുയും ചെയ്യുന്നു. ദൈവഭക്തന്റെ ശത്രുക്കൾ തങ്ങളുടെ പ്രവൃത്തികളുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. വാളിനിരയായി, യുദ്ധഭൂമിയിൽ കുറുനരികളാൽ ഭക്ഷണമാക്കപ്പെടുന്ന അവസ്ഥയാണ് അവരെ കാത്തിരിക്കുന്നത്. ദൈവത്തിൽ ആനന്ദിക്കുമെന്നും, അവിടുത്തെ നാമത്തിൽ സത്യം ചെയ്യുന്നതിൽ അഭിമാനിക്കുമെന്നും സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളിൽ ദാവീദ് എഴുതിവയ്ക്കുന്നത് തന്നെക്കുറിച്ച് തന്നെയാണ്.  ദൈവത്തിൽ ആശ്രയിക്കുകയും അഭയം തേടുകയും ചെയ്യുന്ന തനിക്ക് ദൈവികസംരക്ഷണം ലഭ്യമാകുമെന്നും, തനിക്കെതിരെ നുണ പറയുന്നവരുടെ വായ് ദൈവം അടയ്ക്കുമെന്നും ദാവീദ് വിശ്വസിക്കുന്നു.

സങ്കീർത്തനം ജീവിതത്തിൽ

ദൈവത്തെ തേടുകയും അവനിൽ അഭയം കണ്ടെത്തുകയും ചെയ്യുന്നവർ നിരാശരാകില്ലെന്ന ലളിതവും എന്നാൽ മഹത്തരവുമായ ഒരു സത്യമാണ് അറുപത്തിമൂന്നാം സങ്കീർത്തനത്തിലൂടെ ദാവീദ് പങ്കുവയ്ക്കുന്നത്. എന്നാൽ ഈയൊരു സംരക്ഷണത്തിന്റെ അനുഭവം ആവശ്യപ്പെടുന്ന പ്രഥമവും പ്രധാനവുമായ വ്യവസ്ഥ, ദൈവത്തിലുള്ള പൂർണ്ണമായ ശരണമാണ്. മരുഭൂമിയിൽ വെള്ളമില്ലാതെ അലഞ്ഞുതിരിയുന്ന ഒരുവൻ ദാഹജലത്തിനായി എത്രമാത്രം ആഗ്രഹിക്കുന്നുവോ അതുപോലെ ദൈവത്തിനായി നമ്മുടെ ആത്മാവ് ആഗ്രഹിക്കുന്നെങ്കിൽ, എല്ലാ അനുഗ്രഹങ്ങളെക്കാളും, ഈ ഭൂമിയിലെ ജീവിതത്തെക്കാളും ഏറെ ദൈവകാരുണ്യത്തെ സ്നേഹിക്കുന്നെങ്കിൽ, എന്നും അവന്റെ നാമം വിളിച്ചപേക്ഷിക്കുമെങ്കിൽ ദൈവം നമ്മുടെ പ്രാർത്ഥനയുടെ സ്വരം ശ്രവിക്കുകയും നമുക്ക് അഭയവും സംരക്ഷണവും ഒരുക്കുകയും ചെയ്യുമെന്ന ബോധ്യത്തിൽ നമുക്ക് വളരാം. ദൈവത്തോട് ഒട്ടിച്ചേർന്ന ഒരു ജീവിതമാണ് നാം നയിക്കുന്നതെങ്കിൽ ദൈവകരങ്ങൾ നമ്മെ കരുതലിന്റെ സുരക്ഷിതവലയമൊരുക്കി സംരക്ഷിക്കും. ദൈവം നമ്മോടൊപ്പമെങ്കിൽ എത്ര വലിയ ശത്രുവിനെയും, എത്ര മനഃസാക്ഷിയില്ലാത്ത നുണയരെയും നാം ഭയപ്പെടേണ്ട. നമ്മുടെ സംരക്ഷകനായ ദൈവത്തിൽ എന്നും ആനന്ദിക്കാനും, പകലിലും രാവിലും അവനെ ഉള്ളിൽ ആരാധിക്കാനും ദാവീദിനൊപ്പം നമുക്കും പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 March 2024, 16:00