തിരയുക

സങ്കീർത്തനചിന്തകൾ - 69 സങ്കീർത്തനചിന്തകൾ - 69 

പീഡനങ്ങളിലും അപഹാസങ്ങളിലും ദൈവത്തെ മുറുകെപ്പിടിക്കുക

വചനവീഥി: അറുപത്തിയൊൻപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അറുപത്തിയൊൻപതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

"ഗായകസംഘനേതാവിന്, സരസരാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം" എന്ന തലക്കെട്ടോടെയുള്ള സുദീർഘമായ അറുപത്തിയൊൻപതാം സങ്കീർത്തനം, നീതിമാന്മാരും വിശ്വാസികളും പലപ്പോഴും കടന്നുപോകേണ്ടിവരുന്ന സഹനത്തിന്റെ അനുഭവങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. വിവിധ രൂപകങ്ങളിലൂടെ, ശത്രുക്കൾ മൂലം കേൾക്കേണ്ടിവരുന്ന കുറ്റപ്പെടുത്തലുകളുടെയും പരിഹാസങ്ങളുടെയും അനുഭവങ്ങൾ ഒരു നിരപരാധിയായ വിശ്വാസിയെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് സങ്കീർത്തകൻ ഈ വാക്യങ്ങളിൽ എഴുതിവയ്ക്കുന്നുണ്ട്. ദൈവത്തിനുവേണ്ടിയുള്ള തീക്ഷ്‌ണത അവനെ മറ്റുള്ളവരിൽനിന്നും അകറ്റുന്നുണ്ട്. സഹനങ്ങളിലൂടെ കടന്നുപോകുമ്പോഴും, അനീതി അനുഭവിക്കേണ്ടിവരുമ്പോഴും, മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യനായി തീരുമ്പോഴും, സങ്കീർത്തകൻ ദൈവത്തിലുള്ള വിശ്വാസം കൈവെടിയുന്നില്ല. നീതിമാന്മാർക്കും വിശ്വാസികൾക്കുമെതിരെ പ്രവർത്തിക്കുന്ന ശത്രുക്കളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സങ്കീർത്തകൻ പ്രാർത്ഥിക്കുന്നതും, നീതിമാന്മാരുടെയും വിശ്വാസികളുടെയും ഉള്ളറിയുന്ന ദൈവത്തിലുള്ള ഉറച്ച വിശ്വാസം മൂലമാണ്. മരണാന്തരജീവിതത്തിൽ വിശ്വാസമില്ലാതിരുന്ന ഒരു കാലത്ത്, ഈ ജീവിതത്തിൽത്തന്നെ നന്മതിന്മകളാക്കുള്ള പ്രതിഫലം ലഭിക്കുമെന്ന ഒരു വിശ്വാസത്തോടെയാണ് സങ്കീർത്തകൻ പ്രാർത്ഥിക്കുന്നത്. പീഡിതർക്കും നീതിമാന്മാർക്കും ആശ്വാസവും ആനന്ദവും കൈവരുമെന്ന ഉറപ്പിലാണ് ദാവീദ് ദൈവത്തിന് സ്തുതികളർപ്പിക്കുന്നത്.

വിശ്വാസിയനുഭവിക്കുന്ന സഹനം

സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് താൻ കടന്നുപോകുന്ന സഹനപാതകളെ കർത്താവിന് മുൻപിൽ വിവരിക്കുന്ന ഒരു വിശ്വാസിയുടേതായ വാക്കുകളാണ് നാം കാണുന്നത്. കരഞ്ഞു തളർന്ന അവന്റെ തൊണ്ട വരണ്ടിരിക്കുന്നു, കണ്ണുകൾ മങ്ങിയിരിക്കുന്നു (സങ്കീ. 69, 3). കാരണം കൂടാതെയാണ് തന്നെ മറ്റുള്ളവർ എതിർക്കുന്നതെന്നും, തലമുടിയിഴകളേക്കാൾ കൂടുതലാണ് തന്നെ നശിപ്പിക്കാൻ ഒരുങ്ങുന്നവർ എന്നും സങ്കീർത്തകൻ വിലപിക്കുന്നു. ചെയ്യാത്ത തെറ്റിനാണ് മറ്റുള്ളവർ തന്നെ  കുറ്റപ്പെടുത്തുന്നതെന്ന് "ഞാൻ മോഷ്ടിക്കാത്തത് തിരിച്ചുകൊടുക്കാനാവുമോ?" (സങ്കീ. 69, 4b) എന്ന ദാവീദിന്റെ ചോദ്യം വ്യക്തമാക്കുന്നുണ്ട്. "എന്റെ സഹോദരർക്കു ഞാൻ അപരിചിതനും, എന്റെ അമ്മയുടെ മക്കൾക്ക് ഞാൻ അന്യനുമായിത്തീർന്നു" (സങ്കീ. 69, 8) എന്ന വാക്കുകൾ അവനനുഭവിക്കുന്ന ഒറ്റപ്പെടലിനെ മനസ്സിലാക്കിത്തരുന്നുണ്ട്.

അനിയന്ത്രിതമായ ജലം പലപ്പോഴും തിന്മയുടെയും സഹനത്തിന്റെയും പ്രതീകമായാണ് വിശുദ്ധഗ്രന്ഥത്തിൽ എഴുതപ്പെടുന്നത്. ഈയൊരു രൂപകം സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് രണ്ടുവട്ടം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കഴുത്തോളമെത്തിയ വെള്ളം, ആഴമുള്ള ചേറ്, തന്റെമേൽ കവിഞ്ഞൊഴുകുന്ന ജലം (സങ്കീ. 69, 1-2) തുടങ്ങിയ ചിത്രങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ്, "ദൈവമേ, എന്നെ രക്ഷിക്കണമേ" എന്ന് ദാവീദ് പ്രാർത്ഥിക്കുന്നത്. "ഞാൻ ചേറിൽ മുങ്ങിപ്പോകാതെ എന്നെ രക്ഷിക്കണമേ! ശത്രുക്കളിൽനിന്നും സമുദ്രത്തിന്റെ ആഴത്തിൽനിന്നും എന്നെ മോചിപ്പിക്കണമേ! ജലം എന്റെമേൽ കവിഞ്ഞൊഴുകാതിരിക്കട്ടെ! ആഴങ്ങൾ എന്നെ വിഴുങ്ങാതിരിക്കട്ടെ! പാതാളം എന്നെ മൂടിക്കളയാതിരിക്കട്ടെ" (സങ്കീ. 69, 14-15) എന്ന് ഇതേ സങ്കീർത്തനത്തിൽ രണ്ടാമതൊരുവട്ടം കൂടി സങ്കീർത്തകൻ പ്രാർത്ഥിക്കുന്നുണ്ട്.

തന്റെ തെറ്റുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും ബോദ്ധ്യവാനാണ് സങ്കീർത്തകൻ. അവ ദൈവത്തിൽനിന്ന് മറഞ്ഞിരിക്കുന്നില്ല എന്ന് അവനറിയുന്നുണ്ട് (സങ്കീ. 69, 5). അതുകൊണ്ടുതന്നെയായിരിക്കണം അവൻ ഉപവാസം കൊണ്ട് തന്നെത്തന്നെ വിനീതനാക്കാൻ ശ്രമിക്കുന്നതും (സങ്കീ. 69, 10), ചാക്കുടുക്കുന്നതും (സങ്കീ. 69, 11). എന്നാൽ സങ്കീർത്തകനിലെ വിശ്വാസിയുടെ എളിമയും പാപപരിഹാരശ്രമങ്ങളും ദേവാലയത്തെക്കുറിച്ചുള്ള അവന്റെ തീക്ഷണതയും അപഹാസ്യമായാണ് ശത്രുക്കൾ കരുതുന്നത്.

രക്ഷയ്ക്കും ശിക്ഷയ്ക്കുമായുള്ള പ്രാർത്ഥനകൾ

സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗത്ത് രണ്ടു പ്രാർത്ഥനകളാണ് നാം കാണുക. ഒന്നാമതായി, താൻ ആയിരിക്കുന്ന ദുരവസ്ഥയിൽനിന്ന് തന്നെ മോചിപ്പിച്ച് തനിക്ക് രക്ഷ പ്രദാനം ചെയ്യണമെയെന്ന് സങ്കീർത്തകൻ അപേക്ഷിക്കുന്നു (സങ്കീ. 69, 16-21). തന്റെ കഷ്ടതയിൽ തനിക്ക് സമീപസ്ഥനായി, തന്നെ രക്ഷിക്കണമേയെന്നും, ശത്രുക്കളിൽനിന്ന് തന്നെ സ്വാതന്ത്രനാക്കണമേയെന്നും അവൻ പ്രാർത്ഥിക്കുന്നു. "സഹതപിക്കുന്നവരുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു; ആരെയും കണ്ടില്ല. ആശ്വസിപ്പിക്കുന്നവരുണ്ടോ എന്ന് നോക്കി, അരുമുണ്ടായിരുന്നില്ല" (സങ്കീ. 69, 20) എന്ന വാക്കുകൾ അവന്റെ ഒറ്റപ്പെടലിനെ വ്യക്തമാക്കുന്നുണ്ട്. ഭക്ഷണമായി വിഷവും, ദാഹത്തിന് വിനാഗിരിയുമാണ് അവന് ശത്രുക്കൾ നൽകിയത്.

തിന്മ ചെയ്യുകയും, തനിക്കെതിരെ അന്യായം പ്രവർത്തിക്കുകയും ചെയ്യുന്ന ദുഷ്ടരെ ശിക്ഷിക്കണമേയെന്ന (സങ്കീ. 69, 22-28) സങ്കീർത്തകന്റെ പ്രാർത്ഥനയാണ് രണ്ടാം ഭാഗത്തെ പ്രധാനപ്പെട്ട ഒരു വിഷയം. ശത്രുക്കൾ തനിക്കായി തയ്യാറാക്കിയ മേശ അവർക്ക് കെണിയായിത്തീരട്ടെ, അവരുടെ ബലിയുത്സവങ്ങൾ കുരുക്കായിത്തീരട്ടെ, അവർ അന്ധരായിത്തീരട്ടെ, അവരുടെമേൽ ദൈവകോപം വർഷിക്കപ്പെടട്ടെ, അവരുടെ താവളം ശൂന്യമായിപ്പോകട്ടെ എന്നിങ്ങനെ ശക്തമായ ഭാഷയിലാണ് സങ്കീർത്തകൻ പ്രാർത്ഥിക്കുന്നത്. വിശ്വാസിയെ കർത്താവ് ശിക്ഷിച്ചത് ന്യായപൂർണ്ണമാണെന്ന് ദാവീദ് അംഗീകരിക്കുന്നുണ്ട്. എന്നാൽ ദുഷ്ടരായ മനുഷ്യർക്ക് അവനെ ശിക്ഷിക്കാൻ അവകാശമില്ല. അതുകൊണ്ടുതന്നെ കർത്താവിനാൽ ശിക്ഷിക്കപ്പെട്ടവനെ വീണ്ടും ശിക്ഷിക്കുന്ന ദുഷ്ടർക്ക്, ദൈവത്തിന്റെ ശിക്ഷയിൽനിന്ന് മോചനം ലഭിക്കാതിരിക്കട്ടെയെന്നും (സങ്കീ. 69, 26-27), ജീവിക്കുന്നവരുടെയും നീതിമാന്മാരുടെയും കൂടെ അവരുടെ പേരുണ്ടാകാതിരിക്കട്ടെയെന്നും സങ്കീർത്തകൻ പ്രാർത്ഥിക്കുന്നു (സങ്കീ. 69, 27-28).

ദുരിതങ്ങളിലും തകരാത്ത വിശ്വാസം

സങ്കീർത്തനത്തിന്റെ മൂന്നാം ഭാഗത്ത് (സങ്കീ. 69, 29-36), തന്റെ തീവ്രമായ സഹനങ്ങളുടെയും വേദനകളുടെയും ഇടയിലായിരിക്കുമ്പോഴും, ദൈവത്തിലുള്ള വിശ്വാസം കൈവെടിയാത്ത സങ്കീർത്തകനെയാണ് നാം കാണുന്നത്. ദൈവത്തിന്റെ രക്ഷ തന്നെ സമുദ്ധരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്ന ദാവീദ് (സങ്കീ. 69, 29), താൻ ദൈവനാമത്തെ പാടിസ്തുതിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ബലിമൃഗങ്ങളെ അർപ്പിക്കുന്നതിനേക്കാൾ, കർത്താവിന് സ്വീകാര്യമായത്, കൃതജ്ഞതാസ്തോത്രങ്ങളോടെ താൻ അവന്റെ നാമത്തെ മഹത്വപ്പെടുത്തുന്നതാണെന്ന ബോധ്യം ദാവീദിനുണ്ട് (സങ്കീ. 69, 30-31). ദുരിതങ്ങളുടെ മുന്നിലും വിശ്വാസി ദൈവത്തെ സ്തുതിക്കുന്നത് പീഡിതർക്കും, ദൈവത്തെ അന്വേഷിക്കുന്നവർക്കും ആനന്ദത്തിനു കാരണമാകുമെന്ന ഒരു സത്യം സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നുണ്ട് (സങ്കീ. 69, 32).

സങ്കീർത്തനത്തിന്റെ അവസാനഭാഗത്തേക്ക് കടന്നുവരുമ്പോൾ, ദൈവം തന്റെ ജനത്തെ കൈവെടിയില്ലെന്നും, അവൻ സീയോനെ രക്ഷിക്കുമെന്നും, യൂദായുടെ നഗരങ്ങൾ പുതുക്കിപ്പണിയുമെന്നും സങ്കീർത്തകൻ പ്രഘോഷിക്കുന്നത് നമുക്ക് കാണാം (സങ്കീ. 69, 33-35). എല്ലാ ദുരിതാവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും ദൈവനാമത്തെ സ്നേഹിക്കുന്ന, അവിടുത്തെ ദാസർക്കും, അവരുടെ സന്തതികൾക്കുമാണ്, കർത്താവ് പണിയുന്ന നഗരം സ്വന്തമാക്കാനും, അവിടെ വസിക്കാനും അവകാശം (സങ്കീ. 69, 35-36).

സങ്കീർത്തനം ജീവിതത്തിൽ

അറുപത്തിയൊൻപതാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ജീവിതത്തിലെ സഹനങ്ങളുടെയും, ശത്രുക്കളേൽപ്പിക്കുന്ന പീഡനങ്ങളുടെയും, ജനതകളുടെ പരിഹാസങ്ങളുടെയും മുന്നിലും, വിശ്വാസികളുടെ അഭയശിലയും ആശ്രയവുമായ കർത്താവിലുള്ള വിശ്വാസത്തിൽ അടിയുറച്ച് മുന്നോട്ടുപോകാൻ സങ്കീർത്തകൻ നമ്മെ ആഹ്വാനം ചെയ്യുന്നത് തിരിച്ചറിയാം. നിരപരാധികളുടെയും നീതിമാന്മാരുടെയും സഹനങ്ങളും വേദനകളും തിരിച്ചറിയുന്നവനാണ് ദൈവമെന്ന ബോധ്യം, കൂടുതൽ ശരണത്തോടെ അവനിലേക്ക് ചേർന്ന് എല്ലാ സാഹചര്യങ്ങളെയും അഭിമുഖീകരിക്കാൻ നമുക്ക് കരുത്തേകട്ടെ. ലോകത്തിന്റെ നീതിയെക്കാൾ ദൈവത്തിന്റെ ന്യായവിധിയിൽ നമുക്ക് കൂടുതലായി ശരണമർപ്പിക്കാം. തിന്മ പ്രവർത്തിക്കുന്നവർക്ക് ശിക്ഷ എന്നതിനേക്കാൾ, ദൈവത്തിന്റെ നീതി ഭൂമിയിൽ നിറവേറ്റപ്പെടാനായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം. സഹനത്തിന്റെ ആഴക്കടലിലും ദൈവത്തിനായുള്ള തീക്ഷണത നമ്മിൽ കുറഞ്ഞുപോകാതിരിക്കട്ടെ. പ്രിയപ്പെട്ടവരും, സഹോദരങ്ങളും അന്യായമായി ഒറ്റപ്പെടുത്തുമ്പോഴും, ചുറ്റും ആരുമില്ലാത്തപ്പോഴും, ദൈവത്തെ തേടാനും, അവനോടൊത്തായിരിക്കാനും നമുക്ക് സാധിക്കട്ടെ. അനുയോജ്യമായ സമയത്ത്, രക്ഷയുടെ കരങ്ങൾ നീട്ടി അവൻ നമ്മെ ചേർത്തുപിടിക്കുകയും, നമ്മുടെ ജീവിതങ്ങളെ പുതുക്കിപ്പണിയുകയും, നമ്മിൽ ദൈവികമായ ആനന്ദവും ആഹ്ളാദവും നിറയ്ക്കുകയും ചെയ്യും. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2024, 14:00