സഹനത്തിൽ ദൈവകരുണയ്ക്കായുള്ള പ്രാർത്ഥന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"ഗായകസംഘനേതാവിന്. ദാവീദിന്റെ കീർത്തനം. അനുസ്മരണബലിക്ക്." എന്ന തലക്കെട്ടോടെടെയുള്ള എഴുപതാം സങ്കീർത്തനം ഒരു വൈയക്തികവിലാപഗാനമാണ്. ദൈവമല്ലാതെ മറ്റൊരു അഭയമില്ലാത്ത, ദരിദ്രനും പീഡിതനുമായ ഒരു മനുഷ്യന്റെ വിലാപമാണ് ഈ സങ്കീർത്തനവരികളിൽ നാം കാണുന്നത്. ശത്രുവിൽനിന്ന് തന്നെ രക്ഷിക്കണമേയെന്നും, തനിക്കെതിരെ ദ്രോഹം ചെയ്യുന്നവരെ ശിക്ഷിക്കുകയും അതുവഴി, തന്നിൽ ആശ്രയിക്കുന്നവരെ സംരക്ഷിക്കുന്നവനാണ് ദൈവമെന്ന് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുകയും ചെയ്യണമേയെന്നുമാണ്, സഹനത്തിലൂടെ കടന്നുപോകുന്ന സങ്കീർത്തകന്റെ പ്രാർത്ഥന. തനിക്കെതിരെ തിന്മ ആലോചിക്കുന്നവരെ ദൈവം ശിക്ഷിക്കുമെങ്കിൽ അവർ ലോകത്തിന് മുൻപിൽ അപഹാസ്യരും ലജ്ജിതരുമാകുമെന്നും, അത് എല്ലാവർക്കും ഒരു പാഠമായി മാറുമെന്നും സങ്കീർത്തകൻ കരുതുന്നു. മാത്രവുമല്ല, തന്നിൽ അഭയം തേടുന്നവരെ സംരക്ഷിക്കുന്ന ദൈവത്തെ എല്ലാവരും പുകഴ്ത്തുകയും ചെയ്യും. നാൽപ്പതാം സങ്കീർത്തനത്തിന്റെ പതിമൂന്ന് മുതൽ പതിനേഴ് വരെയുള്ള അവസാനഭാഗത്തിന്റെ ഏതാണ്ട് ഒരു ആവർത്തനമാണ്, വെറും അഞ്ചു വാക്യങ്ങൾ മാത്രമുള്ള എഴുപതാം സങ്കീർത്തനം. മറ്റു പല സങ്കീർത്തനങ്ങളിലും ആവർത്തിക്കപ്പെടുന്ന മൂന്ന് പ്രാർത്ഥനകളാണ് എഴുപതാം സങ്കീർത്തനത്തിൽ നാം കാണുക.
വിമോചനത്തിനായുള്ള പ്രാർത്ഥന
സഹനം പാപത്തിന്റെ ശിക്ഷയാണ് എന്ന പഴയനിയമചിന്തയുടെ അടിസ്ഥാനത്തിലാണ് എഴുപതാം സങ്കീർത്തനത്തെ വിചിന്തനം ചെയ്യാൻ നമുക്ക് സാധിക്കുക. നാൽപ്പതാം സങ്കീർത്തനത്തിന്റെ പന്ത്രണ്ടാം വാക്യം ഈയൊരു പശ്ചാത്തലം നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. "എണ്ണമറ്റ അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; എന്റെ കാഴ്ച നഷ്ടപ്പെടത്തക്കവിധം എന്റെ ദുഷ്‌കൃത്യങ്ങൾ എന്നെ പൊതിഞ്ഞു; അവ എന്റെ തലമുടിയിഴകളെക്കാൾ അധികമാണ്; എനിക്ക് ധൈര്യം നഷ്ടപ്പെടുന്നു" (സങ്കീ. 40, 12) എന്ന ദാവീദിന്റെ പ്രാർത്ഥനയാണ് നാം അവിടെ കാണുക. അതുകൊണ്ടുതന്നെ, സഹനത്തിലൂടെ കടന്നുപോകുന്ന ഒരു നിഷ്കളങ്കന്റെ പ്രാർത്ഥന എന്നതിനേക്കാൾ, തന്റെ തെറ്റുകുറ്റങ്ങളുടെ കാഠിന്യം തിരിച്ചറിയുകയും, എന്നാൽ അതേസമയം, അതിനേക്കാൾ വലുതായ കാരുണ്യം സ്വന്തമായുള്ള ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്ന ഒരു വിശ്വാസിയുടെ വാക്കുകളെയാണ് ഈ സങ്കീർത്തനത്തിൽ നമുക്ക് കാണാനാകുക. തന്റെ പാപങ്ങൾ മൂലം താൻ ദൈവത്തിൽനിന്ന് അകലെയായിരിക്കുന്നു എന്ന് സങ്കീർത്തകൻ തിരിച്ചറിയുന്നു.
തന്റെ സഹനങ്ങളുടെയും, ശത്രുക്കൾ ഉയർത്തുന്ന പരിഹാസങ്ങളുടെയും മുന്നിൽ, വിമോചനത്തിനായി സങ്കീർത്തകൻ ഉയർത്തുന്ന പ്രാർത്ഥനയോടെയാണ് എഴുപതാം സങ്കീർത്തനം ആരംഭിക്കുന്നത്: "ദൈവമേ, എന്നെ മോചിപ്പിക്കാൻ ദയ തോന്നണമേ! കർത്താവേ, എന്നെ സഹായിക്കാൻ വേഗം വരണമേ! (സങ്കീ. 70, 1). സഹായകനും വിമോചകനുമായ ദൈവം അരികിലുണ്ടെങ്കിൽ തന്റെ ജീവിതം ഭംഗിയുള്ളതായി മാറുമെന്ന്, അനുഗ്രഹീതമാകുമെന്ന് സങ്കീർത്തകനു ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും വൈകാതെ, തന്നെ മോചിപ്പിക്കാൻ വേഗം വരണമേയെന്ന് സങ്കീർത്തകൻ അപേക്ഷിക്കുന്നു. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാതെ, മാനുഷികമായ വ്യഗ്രതയോടെയാണ് സഹനത്തിലായിരിക്കുന്ന സങ്കീർത്തകൻ പ്രാർത്ഥിക്കുക. ഇസ്രയേലിന്റെ ദൈവമായ യാഹ്‌വെയിലുള്ള അവന്റെ വിശ്വാസവും ശരണവും, തന്റെ ദൈവത്തിന് മുൻപിൽ അവൻ അനുഭവിക്കുന്ന സ്വാതന്ത്ര്യവുമാണ് ഇവിടെ നമുക്ക് കാണാനാകുന്നത്.
ഒന്നാം വാക്യത്തിൽ നാം കാണുന്ന പ്രാർത്ഥനയോട് അടുത്തുനിൽക്കുന്ന, എന്നാൽ തന്റെ അവസ്ഥയെ ദൈവത്തിന് മുൻപിൽ വിശദീകരിച്ചുകൊണ്ട് സങ്കീർത്തകനുയർത്തുന്ന ചില വാക്കുകളാണ് സങ്കീർത്തനത്തിന്റെ അവസാനവാക്യമായ അഞ്ചാം വാക്യത്തിൽ നാം കാണുക: "ഞാൻ ദരിദ്രനും പാവപ്പെട്ടവനുമാണ്; ദൈവമേ എന്റെയടുത്തു വേഗം വരണമേ! അങ്ങ് എന്റെ സഹായകനും വിമോചകനും ആണ്; കർത്താവേ, വൈകരുതേ!" (സങ്കീ. 70, 5). ഭൗതികതയിലും, അതിലുപരി ആധ്യാത്മികതയിലും താൻ അനുഭവിക്കുന്ന കുറവുകളെ ദൈവത്തിന് മുൻപിൽ ഏറ്റുപറയുന്ന വിശ്വാസിയെയാണ് ഈ വാക്യത്തിന്റെ ആദ്യഭാഗത്ത് നമുക്ക് കാണാനാകുക. ദൈവത്തിന്റെ സമൃദ്ധിയിലാണ് വിശ്വാസി സന്തോഷിക്കേണ്ടത്. താൻ അനുഭവിക്കുന്ന ദുരിതങ്ങളുടെയും, ദൈവത്തിൽനിന്നുള്ള അകൽച്ച തന്നിൽ ഉളവാക്കുന്ന ഇല്ലായ്മയുടെ മനോഭാവത്തെയും വ്യക്തമാക്കുന്നതാണ്, "കർത്താവേ വൈകരുതേ" എന്ന സങ്കീർത്തകന്റെ അവർത്തിച്ചുളള പ്രാർത്ഥന.
ശത്രുക്കൾക്കെതിരെയുള്ള പ്രാർത്ഥന
തന്റെ സഹായത്തിനായി ദൈവത്തിന്റെ കാരുണ്യവും സാന്നിദ്ധ്യവും അപേക്ഷിക്കുന്ന സങ്കീർത്തകൻ രണ്ടാമതായി ദൈവത്തോടുയർത്തുന്ന പ്രാർത്ഥന ശത്രുക്കൾക്കെതിരായുള്ളതാണ്: "എന്റെ ജീവൻ അപഹരിക്കാൻ ശ്രമിക്കുന്നവർ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്കു ദ്രോഹമാലോചിക്കുന്നവർ അപമാനിതരായി പിന്തിരിയട്ടെ! ഹാ! ഹാ! എന്ന് പരിഹസിച്ചു പറയുന്നവർ ലജ്ജകൊണ്ട് സ്തബ്ധരാകട്ടെ" (സങ്കീ. 70, 2-3). കർത്താവിൽനിന്നുള്ള അകൽച്ച തന്നിൽ ഉളവാക്കുന്ന വേദനകളും പീഡനങ്ങളും കണ്ട് തനിക്കെതിരെ പരിഹാസത്തിന്റെ സ്വരമുയർത്തുന്നവർക്ക് അവരുടെ പ്രവർത്തിക്ക് തുല്യമായ ശിക്ഷ നൽകണമേയെന്ന്, മാനുഷികമായ പ്രതികാരചിന്തയോടെയാണ് സങ്കീർത്തകൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത്. തന്നെക്കുറിച്ച് പരിഹസിക്കുന്നവർ ലോകത്തിന് മുൻപിൽ ലജ്ജിതരാകട്ടെയെന്നും, തനിക്കെതിരെ ദ്രോഹമാലോചിക്കുന്നവർ അപമാനിതരായി പിന്തിരിയട്ടെയെന്നും സങ്കീർത്തകൻ തന്റെ ഏക സഹായകമായ ദൈവത്തോട് അപേക്ഷിക്കുന്നു. ദുരിതത്തിലായിരിക്കുന്ന വിശ്വസിക്കെതിരെ, യാതൊരു പരിഗണനകളും കാരുണ്യവും ദയാവായ്‌പ്പുമില്ലാതെ പരിഹാസത്തിന്റെ സ്വരമുയർത്തുന്നവർ കർത്താവിനാൽ ശിക്ഷിക്കപ്പെടുമെന്ന, വെറും മാനുഷികമായ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് ദാവീദ് പ്രാർത്ഥിക്കുക. എന്നാൽ ലേവ്യരുടെ പുസ്തകം ഇരുപത്തിനാലാം അധ്യായത്തിൽ, പ്രതികാരത്തെ സംബന്ധിച്ച് മോശയിലൂടെ നൽകപ്പെട്ട നിയമം ഇത്തരം ചിന്തകളെ ന്യായീകരിക്കുന്നുണ്ടെന്ന് നമുക്ക് കാണാം.. കണ്ണിനു പകരം കണ്ണും, പല്ലിനു പകരം പല്ലും (ലേവ്യർ 24, 20) എന്ന ആ യഹൂദചിന്തയാണ് ദാവീദിന്റെ പ്രാർത്ഥനയിലും നാം കാണുക.
ദൈവസ്‌തുതിക്കായി ആഹ്വാനം
ദൈവത്തിൽ ആശ്രയിക്കുകയും, അവിടുത്തെ കാരുണ്യം തേടുകയും ചെയ്യുന്നവർ ആനന്ദമനുഭവിക്കുമെന്ന സങ്കീർത്തകന്റെ ബോധ്യം വെളിവാക്കുന്നതാണ് സങ്കീർത്തകൻ നടത്തുന്ന മൂന്നാമത്തെ പ്രാർത്ഥനയും ആഹ്വാനവും: "അങ്ങയെ അന്വേഷിക്കുന്നവർ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്ഷയെ സ്നേഹിക്കുന്നവർ ദൈവം വലിയവനാണ് എന്ന് നിരന്തരം ഉദ്‌ഘോഷിക്കട്ടെ!" സങ്കീ. 70, 4). പാപം മൂലം വീഴുകയും, സഹനത്തിലൂടെ കടന്നുപോവുകയും ചെയ്യുന്ന ഒരു വിശ്വാസി അനുതാപത്തോടെ, ദൈവത്തിന്റെ ദയയും സഹായവും, അവനിലൂടെയുള്ള വിമോചനവും അപേക്ഷിക്കുമ്പോൾ, കർത്താവ് കാരുണ്യത്തോടെ അവന്റെ പ്രാർത്ഥന കേൾക്കുകയും, അവനെ മോചിപ്പിക്കുകയും ചെയ്യുന്നത് വിശ്വാസികളിൽ ആനന്ദവും ആഹ്ളാദവും നിറയ്ക്കുമെന്ന ചിന്തയാണ് ഇവിടെ സങ്കീർത്തകൻ പങ്കുവയ്ക്കുക. കർത്താവ് തന്റെ വിശ്വാസികളോട് കാട്ടുന്ന കാരുണ്യവും ദയയും മറ്റുള്ളവർക്കുകൂടി വിശ്വാസത്തിനും, ആനന്ദത്തിനും കാരണമാകുമെന്ന ബോധ്യത്തോടെ, അവനെ പുകഴ്ത്തുവാനും, അവന്റെ നാമത്തെ ഉദ്ഘോഷിക്കുവാനും, അവനിൽ ആനന്ദിക്കുവാനും ദാവീദ് സകലരെയും ക്ഷണിക്കുന്നു. ലൗകികമായ ആനന്ദമോ, സമ്പത്തോ, വ്യക്തിപരമായ മഹത്വമോ തേടുന്നവർക്കല്ല, ദൈവത്തെ തേടുകയും അവനേകുന്ന രക്ഷയെ സ്നേഹിക്കുകയും ചെയ്യുന്നവർക്കാണ് കർത്താവിൽ ആനന്ദിക്കാനും, അവനെ പ്രഘോഷിക്കാനും സാധിക്കുക.
സങ്കീർത്തനം ജീവിതത്തിൽ
പാപവും വീഴ്ചകളും ദൈവത്തിൽനിന്ന് അകറ്റിയ തന്റെ ജീവിതത്തിൽ മോചനത്തിന്റെ ആനന്ദമനുഭവിക്കാൻ ദൈവത്തിന്റെ സഹായം അപേക്ഷിക്കുന്ന സങ്കീർത്തകന്റെ വാക്കുകൾ ഉൾക്കൊള്ളുന്ന എഴുപതാം സങ്കീർത്തനം ജീവിതപരിവർത്തനത്തിനും, ദൈവത്തിലേക്കുള്ള തിരികെവരവിനും നാമെല്ലാവരെയും ക്ഷണിക്കുന്നുണ്ട്. നമുക്ക് മുന്നിലുള്ളവർ ദുഷ്ടരോ പാപികളോ ആകട്ടെ, പീഡനങ്ങളിലും ദുരിതങ്ങളിലും കഷ്ടതയനുഭവിക്കുന്ന ജനമാകട്ടെ, അവരുടെ വീഴ്ചകളിലും സഹനങ്ങളിലും അവർക്കെതിരെ പരിഹാസസ്വരമുയർത്തുകയെന്ന മൗഢ്യത്തിലേക്ക് നാം വീണുപോകരുതെന്ന ഒരു സന്ദേശം കൂടി ഈ സങ്കീർത്തനം നമുക്കുമുന്നിൽ വയ്ക്കുന്നുണ്ട്. സഹനങ്ങളും വേദനകളും കൂടുതൽ ശരണത്തോടെ ദൈവത്തിലേക്ക് തിരിയാനും, സഹായത്തിനായി അപേക്ഷിക്കാനുമുള്ള അവസരങ്ങളായി മാറട്ടെ. നമ്മുടെ കുറവുകളിലും വീഴ്ചകളിലും, നമ്മെ കൈപിടിച്ചുയർത്താൻ ദൈവമല്ലാതെ മറ്റൊരു സഹായകനില്ലെന്ന ബോദ്ധ്യത്തിലേക്ക് വളരാനും, അവനേകുന്ന കാരുണ്യവും അനുഗ്രഹങ്ങളും തിരിച്ചറിഞ്ഞ്, നന്ദി നിറഞ്ഞ ഹൃദയത്തോടെ ജീവിക്കാനും, അവന്റെ നാമത്തെ നിരന്തരം സ്‌തുതിക്കാനും നമുക്ക് പരിശ്രമിക്കാം. പാപികളും ബലഹീനരുമായ നമ്മുടെമേൽ കർത്താവ് തന്റെ കരുണ നിരന്തരം വർഷിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: