ഉത്തമനായ രാജാവിനുവേണ്ടിയുള്ള പ്രാർത്ഥന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് സിറ്റി
രാജകീയകീർത്തനങ്ങൾ എന്നറിയപ്പെടുന്ന ഗീതങ്ങളിൽ ഒന്നായ എഴുപത്തിരണ്ടാം സങ്കീർത്തനം, അഞ്ചു ഗണങ്ങളായി തിരിച്ചിട്ടുള്ള സങ്കീർത്തനപുസ്തകങ്ങളിൽ നാൽപ്പത്തിരണ്ടാം സങ്കീർത്തനം മുതലുള്ള രണ്ടാമത്തെ ഗണത്തിൽ അവസാനത്തേതാണ് (1-41, 42-72, 73-89, 90-106, 107-150). സോളമന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള ഈ സങ്കീർത്തനം രാജാവിനുവേണ്ടിയുള്ള മാധ്യസ്ഥ്യപ്രാർത്ഥനയാണ്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട, ദൈവത്തിന്റെ പ്രതിനിധിയും, ദൈവനീതി ഭൂമിയിൽ നടപ്പാക്കുന്നവനുമായ ഒരു രാജാവ് എപ്രകാരം ഉള്ളവനായിരിക്കണം എന്ന ആശയം ഉള്ളിൽ വച്ച്, ജനം തങ്ങളുടെ രാജാവിനുവേണ്ടി ഉയർത്തുന്ന പ്രാർത്ഥനയായി ഈ സങ്കീർത്തനത്തെ കാണാം. ഉത്തമനായ രാജാവ് ദൈവത്തിന്റെ അനുഗ്രഹമാണ്. അവൻ ദൈവത്താൽ പ്രേരിതനായാണ് പ്രവർത്തിക്കേണ്ടത്. അതുകൊണ്ടുതന്നെ രാജാവിനുവേണ്ടിയുള്ള പ്രാർത്ഥന ജനത്തിന്റെ കടമയാണ്. സങ്കീർത്തനത്തിന്റെ അവസാനഭാഗത്തുള്ള ദൈവസ്തുതിയുടേതായ പതിനെട്ടും പത്തൊൻപതുംവാക്യങ്ങളും, ദാവീദിന്റെ പ്രാർത്ഥനയുടെ പരിസമാപ്തി കുറിക്കുന്ന ഇരുപതാം വാക്യവും രണ്ടാം സങ്കീർത്തനഗണത്തിന്റെ അവസാനത്തെയാണ് എടുത്തുകാണിക്കുന്നത്. വരുവാനിരിക്കുന്ന ഒരു രാജാവിനുവേണ്ടിയുള്ള പ്രാർത്ഥനയായും ഈ സങ്കീർത്തനം വ്യാഖ്യാനം ചെയ്യപ്പെടാറുണ്ട്.
ദൈവനീതിയുടെ ഉപകരണമായ രാജാവ്
സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് നാം കാണുന്ന ചില വാക്യങ്ങൾ, എന്തുകൊണ്ട് രാജാവിനെ ദൈവത്തിന്റെ പ്രതിനിധിയും ദൈവനീതിയുടെ ഉപകരണവുമായി കാണണം എന്നതിനെക്കുറിച്ച് ചില ചിന്തകളാണ് നമ്മോട് പങ്കുവയ്ക്കുന്നത്. അപ്രകാരമുള്ള ഒരു രാജാവ് തന്റെ ജനത്തിനും രാജ്യത്തിനും വേണ്ടി ചെയ്യേണ്ട പ്രവൃത്തികളെക്കുറിച്ചാണ് ഈ വാക്യങ്ങൾ നമ്മോട് സംസാരിക്കുക. ഇതിൽ ഒന്നാമത്തെ ഭാഗം സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ നാലുവരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്നവയാണ്. നീതിയോടും ധർമ്മനിഷ്ഠയോടും കൂടി ദൈവത്തിന്റെ ജനത്തെ, പ്രത്യേകിച്ച് ദരിദ്രരെ നയിക്കാനും ഭരിക്കാനും നിയോഗിക്കപ്പെട്ടവനാണവൻ (സങ്കീ. 72, 1-2). പർവ്വതങ്ങളും കുന്നുകളും ജനങ്ങൾക്കുവേണ്ടി ഐശ്വര്യം വിളയിക്കാൻതക്കവിധം ഉയർന്നതാണ് അവന്റെ നീതി (സങ്കീ. 72, 3). എളിയവർക്ക് നീതി ഉറപ്പാക്കാനും, ദരിദ്രർക്ക് മോചനം നൽകാനും ഒരു യഥാർത്ഥ ഭരണാധികാരിക്ക് കടമയുണ്ടെന്ന് സങ്കീർത്തനം ഓർമ്മിപ്പിക്കുന്നു (സങ്കീ. 7, 24).
ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു രാജാവ് എപ്രകാരമുള്ളവനായിരിക്കും എന്നതിനെക്കുറിച്ച് ഈ സങ്കീർത്തനത്തിൽ സങ്കീർത്തനകർത്താവ് രണ്ടാമത് പ്രതിപാദിക്കുന്നത് പന്ത്രണ്ട് മുതൽ പതിനാല് വരെയുള്ള വാക്യങ്ങളിലാണ്. നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്സഹായനായ ദരിദ്രനെയും മോചിപ്പിക്കുന്നവനാണ് അവൻ (സങ്കീ. 72, 12). ദുർബലനോടും പാവപ്പെട്ടവനോടും കരുണ കാണിക്കുന്ന അവൻ അഗതികളുടെ ജീവനെ രക്ഷിക്കുകയും, പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അവരുടെ ജീവൻ വീണ്ടെടുക്കുകയും ചെയ്യും, കാരണം അവരുടെ രക്തം അവന് വിലയേറിയതാണ് (സങ്കീ. 72, 13-14).
മാതൃകാപരമായ, നേതൃസങ്കൽപ്പങ്ങളിൽ ഉണ്ടായിരിക്കേണ്ട, എന്നാൽ പലയിടങ്ങളിലും കാണാൻ കഴിയാത്ത, ഉയർന്ന മൂല്യങ്ങളാണ് ഇസ്രയേൽ ജനത്തിന്റെ രാജാവിനെക്കുറിച്ച് ഈ സങ്കീർത്തനവാക്യങ്ങളിൽ നാം കാണുക. ദൈവജനത്തിനായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട രാജാവിൽ ഉണ്ടായിരിക്കേണ്ട, ദൈവികമായ നീതിയുടെ ഭാഗമാണ് സമൂഹത്തിന്റെ താഴേത്തട്ടിലും സഹനത്തിന്റെ അനുഭവങ്ങളിലും ആയിരിക്കുന്നവർക്കു നേരെയുള്ള പ്രത്യേകമായ ഈ കരുതൽ.
ജനത്തിനും ലോകത്തിനും അനുഗ്രഹമായ വ്യക്തിത്വം
ഇസ്രായേൽ ജനത്തെ നയിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ട രാജാവ് ദൈവജനത്തിനും ലോകത്തിന് മുഴുവനുമുള്ള ഒരു അനുഗ്രഹമായിരിക്കണം എന്നതാണ് എഴുപത്തിരണ്ടാം സങ്കീർത്തനത്തിലെ പ്രധാനപ്പെട്ട മറ്റൊരു ചിന്ത. രണ്ടു ഭാഗങ്ങളിലായി കാണാവുന്ന ഈ ചിന്ത ആരംഭിക്കുന്നത് അഞ്ചാം വാക്യം മുതലാണ്. തങ്ങളുടെ രാജാവിന്റെ അഭിവൃദ്ധിയും വിജയങ്ങളും അവനും, അതുവഴി തങ്ങൾക്കും ലഭിക്കുന്ന ദൈവാനുഗ്രഹങ്ങളായാണ് ഇസ്രായേൽ ജനം കണ്ടിരുന്നത്. ഈയൊരു ചിന്തയോടെയാണ് ജനം രാജാവിനായി പ്രാർത്ഥിച്ചിരുന്നതും. സൂര്യചന്ദ്രന്മാരുള്ളിടത്തോളം നാൾ, തലമുറകളോളം അവൻ ജീവിക്കട്ടെ എന്ന പ്രാർത്ഥനയിൽ രാജാവിന്റെ ദീർഘായുസ്സിനുവേണ്ടി, അതുവഴി ദീർഘകാലം അവനിലൂടെ ദൈവാനുഗ്രഹങ്ങൾ ലഭിക്കുന്നതിനുവേണ്ടി അപേക്ഷിക്കുന്ന ജനത്തെയാണ് നാം കാണുന്നത് (സങ്കീ. 72, 5; 15a). വെട്ടിനിറുത്തിയ മനോഹരങ്ങളായ പുല്പുറങ്ങളിൽ അനുഗ്രഹമായി പെയ്തിറഞ്ചുന്ന മഴപോലെയും, ഭൂമിയെ നനയ്ക്കുന്ന വർഷം പോലെയും അവൻ തന്റെ ജനതയ്ക്കും ഭൂമിക്കും അനുഗ്രഹമായി മാറട്ടെയെന്നും (സങ്കീ. 72, 6), അവന്റെ കാലത്ത് നീതി വളരട്ടെയെന്നും, ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെയെന്നും ജനം പ്രാർത്ഥിക്കുന്നു (സങ്കീ. 72, 7). ദൈവനീതിയുടെ നടത്തിപ്പുകാരനായ, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട രാജാവിന്റെ ഭരണം ജനത്തിന് സംരക്ഷണവും ആശ്വാസവും ഉറപ്പാക്കുന്നതായതിനാലാണ് അവന്റെ സുദീർഘമായ ഭരണത്തനായി ജനം പ്രാർത്ഥിക്കുക. "സമുദ്രം മുതൽ സമുദ്രം വരെയും, നദി മുതൽ ഭൂമിയുടെ അതിർത്തികൾ വരെയും അവന്റെ ആധിപത്യം നിലനിൽക്കട്ടെ" (സങ്കീ. 72, 8) എന്ന ഒരു പ്രാർത്ഥന ഉയരുന്നത്, ദൈവം തിരഞ്ഞെടുത്ത രാജാവെന്ന അനുഗ്രഹം ലോകത്തിന് മുഴുവൻ അനുഗ്രഹമായിത്തീരാനുള്ള ഒരു പ്രാർത്ഥനയായി വ്യാഖ്യാനിക്കാനാകും. ഇസ്രയേലിന്റെ രാജാവിനെതിരെ നിൽക്കുന്ന ശത്രുക്കളുടെ പതനത്തിനായും, മറ്റു രാജാക്കന്മാർ ദൈവം തിരഞ്ഞെടുത്ത രാജാവിനെയും അവന്റെ അധികാരത്തെയും അംഗീകരിക്കുന്നതിനായും എല്ലാ ജനതകളും അവനെ സേവിക്കുന്നതിനായും സങ്കീർത്തകനും അവനിലൂടെ ദൈവജനവും പ്രാർത്ഥിക്കുന്നു (സങ്കീ.72, 9-11).
രാജാവിന്റെ മഹത്വത്തിനും വിജയത്തിനുമായുള്ള പ്രാർത്ഥന തുടരുന്ന സങ്കീർത്തകനെയാണ് പതിനഞ്ചുമുതൽ പതിനേഴ് വരെയുള്ള വാക്യങ്ങളിലും നാം കാണുന്നത്. രാജാവിന്റെ ദീർഘായുസ്സിനായും അവന്റെ മേൽ അനുഗ്രഹം ഉണ്ടാകാനായും പ്രാർത്ഥിക്കുന്ന സങ്കീർത്തകൻ, രാജാവിനുവേണ്ടി ഇടവിടാതെ പ്രാർത്ഥന ഉയരർത്താൻ ആഹ്വാനം ചെയ്യുകയും, ഷേബായിലെ സ്വർണ്ണം അവനു കാഴ്ചയായി ലഭിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു (സങ്കീ. 72, 15). തുടർന്ന് ലെബനോൻ പോലെ ഭൂമി മുഴുവൻ ഫലസമൃദ്ധമാകുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്ന സങ്കീർത്തകനെ പതിനാറാം വാക്യത്തിൽ നമുക്ക് കാണാം (സങ്കീ. 72, 16). ലോകത്തിന് മുൻപിൽ ദൈവാനുഗ്രഹത്തിന്റെ അളവുകോലായി രാജാവ് മാറുന്നുണ്ട്: അതുകൊണ്ടാണ് "അവനെപ്പോലെ അനുഗ്രഹീതരാകട്ടെ എന്ന് ജനം പരസ്പരം ആശംസിക്കട്ടെ! ജനതകൾ അവനെ അനുഗ്രഹീതാണെന്നു വിളിക്കട്ടെ" (സങ്കീ. 72, 17) എന്ന് സങ്കീർത്തകൻ എഴുതുക.
"ഇസ്രയേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെടട്ടെ! അവിടുന്ന് മാത്രമാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. അവിടുത്തെ മഹത്വപൂർണ്ണമായ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ! അവിടുത്തെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ! ആമേൻ, ആമേൻ" (സങ്കീ. 72, 18-19) എന്ന ദൈവസ്തുതിയുടെ വാക്കുകൾ ഉൾക്കൊള്ളുന്ന വാക്യങ്ങൾ രണ്ടാം സങ്കീർത്തനഗണത്തിന്റെ സമാപനം കുറിക്കുന്നവയാണെന്ന് നമുക്ക് കാണാം. "ജെസ്സയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥനയുടെ സമാപ്തി" എന്ന ഇരുപതാം വാക്യം ദാവീദിന്റെ സങ്കീർത്തനങ്ങൾ ഈ രണ്ടാം ഗണത്തിൽ കൂടുതലായി ഉള്ളതിനാലാകാം എഴുതപ്പെട്ടത്.
സങ്കീർത്തനം ജീവിതത്തിൽ
ഇസ്രയേലിന്റെ ദൈവമായ കർത്താവ് തിരഞ്ഞെടുത്ത രാജാവിനുവേണ്ടിയുള്ള പ്രാർത്ഥനയുടേതായ എഴുപത്തിരണ്ടാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, നയിക്കുവാനും ഭരിക്കുവാനുമായി തിരഞ്ഞെടുക്കപ്പെട്ടവരിൽ നാം തിരിച്ചറിയേണ്ട ദൈവഹിതത്തിലേക്ക് സങ്കീർത്തകൻ നമ്മുടെ ശ്രദ്ധ തിരിക്കുന്നുണ്ട്. എന്നാൽ അതേസമയം ഒരു യഥാർത്ഥ രാജാവ്, തന്റെ ജനത്തെ നയിക്കുവാനായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട നേതാവ് എത്രമാത്രം ഗൗരവപൂർണ്ണമായിരിക്കണം തന്നിൽ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കേണ്ടതെന്നും, എന്തുകൊണ്ട് തന്റെ ജനത്തിനും, ഭൂമി മുഴുവനും ഒരു അനുഗ്രഹമായി മാറേണ്ടതെന്നും ഈ സങ്കീർത്തനം ഓർമ്മിപ്പിക്കുന്നുണ്ട്. സമൂഹത്തിലെ കൂടുതൽ എളിയവരും ബലഹീനരുമായ മനുഷ്യരിൽത്തുടങ്ങി, ഭൂമിയിലെ സകല ജനതകളുടെയും ഉന്നമനത്തിനും, അന്തസ്സിനും പ്രാധാന്യം നൽകിക്കൊണ്ടാകണം അവൻ ദൈവം തന്നിൽ നിക്ഷേപിച്ചിരിക്കുന്ന കർത്തവ്യങ്ങൾ നിർവ്വഹിക്കേണ്ടത്. ഭൂമി മുഴുവൻ ഫലസമൃദ്ധമാകട്ടെ. ചന്ദ്രനുള്ളിടത്തോളം കാലം ഭൂമിയിലെങ്ങും സമാധാനം പുലരട്ടെ. ജനതകൾ ദൈവനീതിയിലും ദൈവകരുണയിലും നയിക്കപ്പെടട്ടെ. ഇസ്രയേലിന്റെ ദൈവമായ കർത്താവ് എന്നേക്കും വാഴ്ത്തപ്പെടട്ടെ. അവിടുത്തെ മഹത്വം ഭൂമിയിലെങ്ങും അനുഗ്രഹമായി നിറയട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: