ജീവിതത്തിലെ ദുഃഖദുരിതങ്ങളും അടിയുറച്ച ദൈവവിശ്വാസവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഗായകസംഘനേതാവിന് യദുഥൂൻ രാഗത്തിൽ അസാഫിന്റെ കീർത്തനം എന്ന തലക്കെട്ടോടെയുള്ള എഴുപത്തിയേഴാം സങ്കീർത്തനം ഒരേ സമയം ഒരു വിലപകീർത്തനവും ജ്ഞാനാഗീതവുമാണ്. തന്റെ കഷ്ടകാലത്ത് താൻ കർത്താവിനെ അന്വേഷിക്കുമെന്നും അവനോട് സഹായത്തിനായുള്ള തന്റെ പ്രാർത്ഥനകൾ ഉയർത്തുമെന്നുമുള്ള സങ്കീർത്തകന്റെ വാക്കുകൾ ഇസ്രായേൽ ജനത്തിന്റെ സ്വരമാണ്. ദൈവത്തിന് തന്നോടുള്ള കരുണ വറ്റിയോ എന്ന ചോദ്യമുയർത്തുന്ന സങ്കീർത്തകൻ, തന്റെ ദുരിതങ്ങളുടെ കാരണം ദൈവത്തിന്റെ ശക്തി തന്നിൽ പ്രകടമാകാത്തതിനാലാണ് എന്ന് കരുതുന്നു. എന്നാൽ ഇസ്രയേലിന്റെ ഈ വിലാപസ്വരത്തിന് മറുപടിയായി, ഇസ്രയേലിന്റെ ദൈവം എപ്രകാരമുള്ളവനാണ് എന്ന് സങ്കീർത്തനകർത്താവ് ജനതയെ അനുസ്മരിപ്പിക്കുന്നു. എല്ലാത്തിനെയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും മോശയും അഹറോനുമുൾപ്പെടെയുള്ള നേതൃനിരയ്ക്കു കീഴിൽ തന്റെ ജനത്തെ നയിക്കുകയും ചെയ്‌തത് ദൈവമാണ്. പ്രവാസനന്തരകാലത്ത് രചിക്കപ്പെട്ട ഒരു ഗീതമായാണ് ഈ സങ്കീർത്തനം കരുതപ്പെടുന്നത്. പരിശുദ്ധനും ഉന്നതനും രക്ഷകനുമാണ് ഇസ്രയേലിന്റെ ദൈവമെന്ന ബോധ്യത്തിലേക്ക് വളരാനും, അതുവഴി വിലാപത്തിൽനിന്ന് മാറി കർത്താവിലുള്ള ശരണം വഴി സമാധാനപൂർണ്ണമായി ജീവിക്കാനും ഈ സങ്കീർത്തനം ഉദ്ബോധിപ്പിക്കുന്നു.
ഇസ്രയേലിന്റെ ദുരിതങ്ങളും ദൈവത്തിന്റെ കരുണയും
ദുഃഖദുരിതങ്ങളുടെ നടുവിൽ, ദൈവകരുണയെക്കുറിച്ചുള്ള ബോധ്യം നഷ്ടപ്പെട്ട് നിരാശയിലായിരിക്കുന്ന ഇസ്രായേൽ ജനത്തിന്റെ സ്വരമായി വിലാപസ്വരത്തിൽ പരാതിയുയർത്തുന്ന സങ്കീർത്തകനെയാണ് എഴുപത്തിയേഴാം സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ പത്തുവരെയുള്ള വാക്യങ്ങൾ അടങ്ങുന്ന ആദ്യപകുതിയിൽ നാം കാണുന്നത്.
സങ്കീർത്തനത്തിന്റെ ഈ ആദ്യപകുതിയിൽ ഒന്ന് മുതൽ ആറുവരെയുള്ള വാക്യങ്ങൾക്ക്, കഷ്ടതയുടെ ദിനങ്ങളിലൂടെ കടന്നുപോകുന്ന ഒരു മനുഷ്യന്റെ ആത്മവിചാരങ്ങളുടെ ഭാവമാണുള്ളത്. താൻ കടന്നുപോകുന്ന വേദനകളും, തന്റെ ജീവിതാവസ്ഥയുമാണ് സങ്കീർത്തകൻ ഇവിടെ വിവരിക്കുന്നത്. ദൈവം തന്നിൽനിന്നും അകന്നുപോയെന്ന് അവൻ കരുതുന്നു. അതുകൊണ്ടാണ്, "ഞാൻ ദൈവത്തോട് ഉച്ചത്തിൽ നിലവിളിക്കും, അവിടുന്ന് കേൾക്കാൻ ഉച്ചത്തിൽ അപേക്ഷിക്കും" (സങ്കീ. 77, 1) എന്ന് സങ്കീർത്തനത്തിന്റെ ഒന്നാം വാക്യത്തിൽത്തന്നെ അസാഫ് എഴുതുക. ഇസ്രായേൽ ജനം കഷ്ടതയുടെ നാളുകളിലൂടെ കടന്നുപോകുന്ന അവസരമാണ് സങ്കീർത്തകനുമുന്നിലുള്ളത്. അവൻ കൈകൾ വിരിച്ച് രാത്രി മുഴുവനും പ്രാർത്ഥിക്കുന്നു. ഒന്നിനും ആശ്വസിപ്പിക്കാനാകാത്തത്ര വേദനയിലൂടെയാണ് അവൻ കടന്നുപോകുന്നത് (സങ്കീ. 77, 2). ദൈവത്തെക്കുറിച്ചുള്ള ഓർമ്മകളും ധ്യാനവും ആശ്വാസവും സുരക്ഷിതത്വബോധവും നൽകുന്നതിനുപകരം അവന്റെ മനസ്സിൽ അരക്ഷിതാവസ്ഥയാണ് ഉളവാക്കുന്നത് (സങ്കീ. 77, 3). മുൻകാലങ്ങളിൽ ദൈവം നൽകിയ അനുഗ്രഹങ്ങളും സംരക്ഷണവും ഇപ്പോൾ അനുഭവിക്കാൻ സാധിക്കാത്തതിനാൽത്തന്നെ, അവന്റെ സമാധാനം നഷ്ടപ്പെടുകയും, അവനിൽ ആകുലത നിറയുകയും ചെയ്തിരിക്കുന്നു (സങ്കീ. 77, 4-5).
ദുരിതങ്ങളിലായിരിക്കുന്ന ഇസ്രായേൽ ജനതയുടെ ഉള്ളിൽ ഉയരുന്ന ചിന്തകളാണ് ഈ സങ്കീർത്തനത്തിന്റെ ആദ്യപകുതിയിലെ, ഏഴ് മുതൽ പത്തുവരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാം ഭാഗത്ത്, തന്റെ സ്വന്തം വാക്കുകളിലൂടെ സങ്കീർത്തകൻ എഴുതിവയ്ക്കുക. കർത്താവ് തങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞോ? ഇനിയൊരിക്കലും അവിടുന്ന് തങ്ങളിൽ പ്രസാദിക്കുകയില്ലേ? ദൈവകരുണ എന്നന്നേക്കുമായി നിലച്ചുവോ? അവന്റെ വാഗ്ദാനങ്ങൾ അവസാനിച്ചുവോ? കൃപ കാണിക്കാൻ ദൈവം മറന്നുപോയോ? അവിടുന്ന് കോപത്താൽ, തന്റെ കരുണയുടെ വാതിൽ അടച്ചുകളഞ്ഞുവോ? എന്നീ ചോദ്യങ്ങളാണ് സങ്കീർത്തകന്റെ ചിന്തകളിലൂടെ കടന്നുപോകുന്നത് (സങ്കീ. 77, 7-9). ദൈവത്തിന്റെ ശക്തി പ്രകടമാകാത്തതാണ് തനിക്ക് ദുഃഖകരണമായിരിക്കുന്നതെന്ന് അവൻ കരുതുന്നു (സങ്കീ. 77, 10). ദൈവത്തിന്റെ കരുണയില്ലെങ്കിൽ തങ്ങൾക്ക് ജീവനും ശക്തിയുമില്ലെന്ന ബോധ്യത്തിൽനിന്നുകൂടിയാണ് ഈ വിലാപപ്രാർത്ഥന ജനത്തിന്റെ ഹൃദയത്തിലും സങ്കീർത്തകന്റെ വാക്കുകളിലും ഉയരുന്നതെന്ന് വ്യക്തമാണ്.
സ്രഷ്ടാവും പരിപാലകനുമായ ദൈവവും ഇസ്രയേലും
തങ്ങളുടെ കഷ്ടതയുടെ ദിനങ്ങളിൽ, നിരാശയുടെയും വിലാപത്തിന്റെയും ചിന്തകളിൽ അധിഷ്ഠിതമായി, മനോവേദനയോടെ ദൈവത്തെക്കുറിച്ച് ചിന്തിക്കുന്ന ഇസ്രായേൽ ജനത്തിന്റെ സ്വരമാണ് എഴുപത്തിയേഴാം സങ്കീർത്തനത്തിന്റെ ആദ്യപകുതിയിലെങ്കിൽ, സകലത്തിന്റെയും സൃഷ്ടാവും പരിപാലകനും നിയന്താവും, തന്റെ ജനത്തിന്റെ സംരക്ഷകനുമായ ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ്, ജനത്തിൽ പ്രതീക്ഷയും ആശ്വാസവും നിറയ്ക്കുന്ന സങ്കീർത്തകനെയാണ്, പതിനൊന്ന് മുതൽ ഇരുപതുവരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർത്തനത്തിന്റെ രണ്ടാം പകുതിയിൽ നാം കാണുക.
ഈ രണ്ടാം പകുതിയിൽ, പതിനൊന്ന് മുതൽ പതിനഞ്ച് വരെയുള്ള ആദ്യഭാഗത്ത്, ശക്തനും പരിശുദ്ധനായ ദൈവത്തെക്കുറിച്ചുള്ള ചിന്തകളാണ് സങ്കീർത്തനം പങ്കുവയ്ക്കുന്നത്. ഇസ്രായേൽ ജനം തങ്ങളുടെ രക്ഷാകരചരിത്രത്തിൽ ഇത്തരമൊരു ദൈവത്തെയാണ് അടുത്തറിഞ്ഞത്. അത്ഭുതകരമായ പ്രവൃത്തികൾ ചെയ്യുന്ന (സങ്കീ. 77, 11-12), പരിശുദ്ധനും ഉന്നതനുമാണ് (സങ്കീ. 77, 13) തങ്ങളുടെ ദൈവമെന്നും, ജനതകളുടെ ഇടയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച (സങ്കീ. 77, 14) ആ ദൈവമാണ് യാക്കോബിന്റെയും ജോസഫിന്റെയും സന്തതികളായ തങ്ങളെ രക്ഷിച്ചതെന്നും (സങ്കീ. 77, 15) ഇസ്രായേൽ ജനത്തെ സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നിടത്ത് ഒരു ജ്ഞാനാഗീതത്തിന്റെ ശൈലിയിലേക്ക് സങ്കീർത്തനത്തിന്റെ ഭാവം മാറുന്നത് നമുക്ക് കാണാം.
സങ്കീർത്തനത്തിന്റെ രണ്ടാം പകുതിയിൽ, പതിനാറുമുതൽ ഇരുപത് വരെയുളള വാക്യങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാം ഭാഗത്ത്, സൃഷ്ടിയുമായി ബന്ധപ്പെട്ട ചില വിവരണങ്ങൾ പരാമർശിച്ചുകൊണ്ട്, ദൈവത്തിന്റെ ശക്തിയെയും വിശുദ്ധിയേയും കുറിച്ച് ഉദ്ബോധിപ്പിക്കുന്ന സങ്കീർത്തകനെയാണ് നാം കാണുക. സമുദ്രവും അതിന്റെ അഗാധതയും ദൈവത്തെ ഭയക്കുന്നു (സങ്കീ. 77, 16). അവനു മുന്നിൽ മേഘം ജലം വർഷിക്കുന്നു, ആകാശം ഇടിമുഴക്കുന്നു, മിന്നൽപ്പിണറുകൾ പായുന്നു, ഭൂമി നടുങ്ങിവിറയ്ക്കുന്നു (സങ്കീ. 77, 17-18). സമുദ്രവും പെരുവെള്ളവും അവന്റെ പാതകളായി ചുരുങ്ങുന്നു, എന്നാൽ അവന്റെ കാൽപ്പാടുകളും, അതുപോലെ അവനും അദൃശ്യനായിരുന്നു (സങ്കീ. 77, 19). ഇങ്ങനെ സൃഷ്ടിയിലും പരിപാലനത്തിലും ശക്തനും പരിശുദ്ധനായ ദൈവമാണ്, മോശയുടെയും അഹറോന്റെയും നേതൃത്വത്തിൽ, തങ്ങളെ നയിച്ചത് (സങ്കീ. 77, 20) എന്ന ചിന്ത ദൈവത്തിന് മുൻപിൽ ഉയർത്തുകയും, അതുവഴി ഇസ്രായേൽ ജനത്തെ, സംരക്ഷകനും പരിപാലകനും കർത്താവുമായ ദൈവത്തിലുള്ള ആശ്രയബോധത്തിൽ വളർത്തുകയും ചെയ്‌തുകൊണ്ടാണ് എഴുപത്തിയേഴാം സങ്കീർത്തനം അവസാനിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
ജീവിതത്തിലെ ദുരിതങ്ങളുടെയും ദുഃഖങ്ങളുടെയും പതനങ്ങളുടെയും ദിനങ്ങളിൽ ഏതൊരു വിശ്വാസിയുടെയും മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളാണ് ഇസ്രയേലിന്റെ വിലാപസ്വരമെന്ന രീതിയിൽ എഴുപത്തിയേഴാം സങ്കീർത്തനത്തിലൂടെ അസാഫ് പങ്കുവയ്ക്കുന്നതെന്ന് നമുക്ക് കാണാം. ദൈവവും മനുഷ്യരുമായുള്ള ബന്ധത്തിന്റെ ഇഴകൾ അകലുകയും, സഹനം മുന്നിലെത്തുകയും ചെയ്യുന്ന നിമിഷങ്ങളിൽ, നിരാശയിലേക്കും, തകർച്ചയിലേക്കും വീണുപോകാതെ, രക്ഷകനും പരിപാലകനുമാണ് ദൈവമെന്ന ബോധ്യത്തോടെയും പ്രത്യാശയോടെയും ധൈര്യപൂർവ്വം മുന്നോട്ടുപോകാൻ ഈ സങ്കീർത്തനം നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. നമ്മുടെ കണ്ണുകൾക്ക് മുന്നിൽ അവൻ അദൃശ്യനാണെങ്കിലും, അവന്റെ ശക്തിയും പരിശുദ്ധിയും ജീവിതത്തിൽ അനുഭവിക്കാൻ തക്കവിധം ഇസ്രയേലിന്റെ ദൈവത്തെക്കുറിച്ചുളള ബോധ്യങ്ങളും അവനിലുള്ള വിശ്വാസവും നമുക്കുണ്ടാകണമെന്നുകൂടി സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കുകയും, അതിനെ കാത്തുപരിപാലിക്കുകയും, ഇസ്രായേൽ ജനത്തെ അവരുടെ വഴികളിൽ നയിക്കുകയും വാഗ്ദത്തനാട്ടിലെത്തിക്കുകയും, അവർക്കൊപ്പം വസിക്കുകയും ചെയ്‌ത ദൈവം, തന്റെ മക്കളായ നമ്മെയും കരുതുകയും പരിപാലിക്കുകയും ചെയ്യുമെന്ന ബോധ്യം സ്വന്തമാക്കുകയും, ജീവിതത്തിന്റെ ഭംഗി കെടുത്തുന്ന വീഴ്ചകളുടെയും തകർച്ചകളുടെയും വേദനകളുടെയും അനുഭവങ്ങളെ മറക്കുകയും ചെയ്യാം. കരുണയുടെ ദൈവമായ അവൻ നമ്മെ കനിവോടെ കരം പിടിച്ചു നേർവഴി നടത്തട്ടെ!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: