കൂടെ നിൽക്കുന്ന ദൈവവും വിശ്വസ്തത മറന്ന ജനവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദാവീദിന്റെയും സോളമന്റെയും കാലത്ത് ജീവിച്ചിരുന്ന ആസാഫ് എഴുതിയതെന്ന് കരുതപ്പെടുന്ന സുദീർഘമായ എഴുപത്തിയെട്ടാം സങ്കീർത്തനം, ഇസ്രായേൽ ജനത്തിന്റെ ചരിത്രത്തെ പരാമർശിക്കുന്ന ഒരു പ്രബോധനാഗീതമാണ്. ദൈവം തന്റെ ജനമായി തിരഞ്ഞെടുത്ത ഇസ്രായേൽ, ദൈവത്തോടുള്ള വിശ്വസ്തതയും, ദൈവം തങ്ങൾക്കായി ചെയ്ത അത്ഭുതകൃത്യങ്ങളും മറന്നിരിക്കുന്നു. എന്നാൽ ഇസ്രായേൽ ജനത്തെ തന്നോട് ചേർത്തുനിറുത്താൻ ആഗ്രഹിക്കുന്ന കർത്താവ്, താൽക്കാലികമായ പല ശിക്ഷകളിലൂടെയും, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരിലൂടെയും ഇസ്രയേലിനെ തങ്ങളുടെ ചരിത്രം അനുസ്മരിപ്പിക്കുകയും, അവയിലൂടെ വെളിവാകുന്ന ദൈവഹിതത്തിന് ചെവികൊടുത്ത് തന്നിലേക്ക് തിരികെ വരാൻ ആഹ്വാനം നൽകുകയും ചെയ്യുന്നു. ഇസ്രായേലിന്റെ ചരിത്രത്തിന്റെ ഭാഗമായി ക്രിസ്തുവിന് മുൻപ് എട്ടോ ഏഴോ നൂറ്റാണ്ടുകളിൽ നടന്ന രാജ്യ ഏകീകരണവുമായി ബന്ധപ്പെട്ട വിവരണമായിരിക്കാം ഈ സങ്കീർത്തണമെന്ന് കരുതുന്നവരുണ്ട്. സീയോനെയും ദാവീദ് വംശത്തിന്റെ അധികാരത്തെയും അംഗീകരിക്കുവാനുള്ള ഒരു ക്ഷണമായിരിക്കാം ഇത്. വിശ്വസ്തതയും സ്നേഹവും അവിശ്വസ്തതയും ശിക്ഷയും ഇടകലർന്ന ഒന്നാണ് ഇസ്രയേലിന്റെ ചരിത്രമെന്ന് ഈ സങ്കീർത്തനവും വ്യക്തമാക്കുന്നു.
ചരിത്രമറിഞ്ഞ് ജീവിക്കുക
ചരിത്രം അനുസ്മരിച്ച് വിശ്വാസത്തിൽ ജീവിക്കാനുള്ള ഒരു ആഹ്വാനമാണ് എഴുപത്തിയെട്ടാം സങ്കീർത്തനത്തിലൂടെ ദൈവം തന്റെ ജനത്തിന് മുൻപിൽ വയ്ക്കുന്നത്. വലിയ കാരുണ്യവും സ്നേഹവുമാണ് ദൈവം ഇസ്രായേൽ ജനത്തോട് കാണിച്ചത്. എന്നാൽ ആ സ്നേഹത്തിൽനിന്ന് ജനം അകലുകയും, തിന്മയിൽ മുഴുകുകയും ചെയ്യുമ്പോൾ ദൈവം അവരെ ശിക്ഷിക്കുന്നു. മൂന്ന് ഭാഗങ്ങളായി തിരിക്കാവുന്ന ഒരു ആമുഖമാണ് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. ഇതിൽ "എന്റെ ജനമേ, എന്റെ ഉപദേശം ശ്രവിക്കുക; എന്റെ വാക്കുകൾക്ക് ചെവി തരുക" (സങ്കീ. 78, 1) എന്ന് തുടങ്ങുന്ന ഒന്നാം വാക്യം മുതൽ നാലാം വാക്യം വരെയുള്ള ഭാഗത്ത്, ചരിത്രത്തെ അനുസ്മരിക്കാനും, അവ വരും തലമുറകൾക്ക് വിവരിച്ചുകൊടുക്കാനുമുള്ള ആഹ്വാനമാണ് സങ്കീർത്തകൻ നടത്തുന്നത്. അഞ്ചുമുതൽ ഏഴുവരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാം ഭാഗത്ത്, ദൈവം തന്റെ ജനത്തിന് പ്രമാണങ്ങളും നിയമങ്ങളും നൽകിയതും, വരും തലമുറകളോട് അവ പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ടതുമാണ് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നത് (സങ്കീ. 78, 5). ദൈവത്തിൽ ആശ്രയിക്കാനും, അവിടുത്തെ കൽപ്പനകൾ പാലിക്കാനുമാണ് ഇസ്രായേൽ ജനം വിളിക്കപ്പെട്ടിരിക്കുന്നത് (സങ്കീ. 78, 7). തങ്ങളുടെ പിതാക്കന്മാർ ചെയ്ത തെറ്റുകൾ ഇസ്രായേൽ ജനം അവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലാണ് എട്ടുമുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്നത്. "അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യക്കാരും മത്സരബുദ്ധികളും ചഞ്ചലഹൃദയരും ദൈവത്തോട് അവിശ്വസ്‌തരും ആകരുതെന്ന്" (സങ്കീ. 78, 8) സങ്കീർത്തകൻ എഴുതുന്നു. ദൈവത്തിൽ വിശ്വാസമർപ്പിക്കാതെയും (സങ്കീ. 78, 9), അവന്റെ ഉടമ്പടിയും നിയമങ്ങളും അനുസരിക്കാതെയും (സങ്കീ. 78, 10), തങ്ങൾക്കായി ദൈവം പ്രവർത്തിച്ച അത്ഭുതങ്ങൾ മറന്നുമാണ് (സങ്കീ. 78, 11) ഇസ്രായേൽ ഇതുവരെ ജീവിച്ചതെന്ന് സങ്കീർത്തകൻ കുറ്റപ്പെടുത്തുന്നു. ദൈവത്തോടുൾപ്പെടെയുള്ള, വിശ്വസ്തതയിലും സ്നേഹത്തിലും ഒരുവനെ പിടിച്ചുനിറുത്തുന്നത്, താൻ അനുഭവിച്ച സ്നേഹത്തിന്റെയും കരുണയുടെയും, തന്നോട് കാണിക്കപ്പെട്ട വിശ്വസ്തതയുടെയും ഓർമ്മകളാണ്.
ഈജിപ്തിലെ അടിമത്തവും വാഗ്ദത്തനാട്ടിലേക്കുള്ള യാത്രയും
അടിമത്തത്തിന്റെ ഈജിപ്തിലിനിന്ന് തേനും പാലുമൊഴുകുന്ന കാനാനിലേക്കുള്ള ഇസ്രയേലിന്റെ യാത്ര, ദൈവസ്നേഹവും കൃപയും (സങ്കീ. 78, 12-16; 40-55), ജനത്തിന്റെ അവിശ്വസ്തതയും, മറുതലിപ്പും (സങ്കീ. 78, 17-20; 56-58), അവയോടുള്ള ദൈവത്തിന്റെ കോപവും ശിക്ഷയും (സങ്കീ. 78, 21-33; 59-67), എന്നാൽ തിന്മയെയും പാപത്തെയും വെല്ലുന്ന ദൈവത്തിന്റെ കരുണയും സ്നേഹവും (സങ്കീ. 78, 34-39; 68-72) ഇടകലർന്നതാണ്. ഈ പ്രത്യേകതകൾ വിവരിക്കുന്ന രണ്ടു പ്രധാനമായ ഭാഗങ്ങൾ എഴുപത്തിയെട്ടാം സങ്കീർത്തനത്തിൽ നമുക്ക് കാണാം. ഇസ്രായേൽ ജനത്തിന്റെ മരുഭൂമിയിലെ ജീവിതത്തെയും (സങ്കീ. 78, 12-39), ഈജിപ്തിൽനിന്ന് കാനാനിലേക്കുള്ള യാത്രയെയും (സങ്കീ. 78, 40-72) കുറിച്ച് വിവരിക്കുന്ന രണ്ടു സമാന്തരഭാഗങ്ങളായാണ് സങ്കീർത്തകൻ ഇവ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ ഒന്നാമത്തെ ഭാഗത്തുള്ള, പന്ത്രണ്ട് മുതൽ പതിനാറ് വരെയുള്ള വാക്യങ്ങൾ ഇസ്രായേൽ ജനം മരുഭൂമിയിൽ ആയിരുന്നപ്പോൾ ദൈവം അവർക്കായി ചെയ്ത അത്ഭുതങ്ങളെയും ദൈവസ്നേഹത്തെയുമാണ് അനുസ്മരിപ്പിക്കുന്നത് (സങ്കീ. 78, 12-16). അവൻ അവർക്കായി കടലിനെ വിഭജിക്കുകയും, പകൽ മേഘമായും രാത്രിയിൽ അഗ്നിയായും അവരെ നയിക്കുകയും, മരുഭൂമിയിൽ പാറ പിളർന്ന് സമൃദ്ധമായി ജലമേകുകയും ചെയ്തു.. ദൈവം തങ്ങളെ സ്വാതന്ത്രരാക്കി മരുഭൂമിയിലൂടെ സംരക്ഷിച്ച് നടത്തുമ്പോഴും, ഇസ്രായേൽ ജനം ദൈവസ്നേഹം മറന്ന്, അവനെതിരെ പ്രവർത്തിക്കുന്നുവെന്ന് പതിനേഴ് മുതൽ ഇരുപത് വരെയുള്ള വാക്യങ്ങൾ അനുസ്മരിപ്പിക്കുന്നു. അവർ അവനെതിരെ പാപം ചെയ്യുകയും, ദൈവത്തോട് മത്സരിക്കുകയും ചെയ്‌തു. ഇഷ്ടമുള്ള ഭക്ഷണത്തിനായി അവർ അവിടുത്തോട് പരീക്ഷണസ്വരത്തിൽ ചോദിച്ചുവെന്ന് (സങ്കീ. 78, 17-20) സങ്കീർത്തകൻ ഇതേക്കുറിച്ച് വിശദീകരിക്കുന്നു. ജനത്തിന്റെ പാപത്തിനും മറുതലിപ്പിനും മുന്നിൽ ദൈവകോപമുയരുന്നത് സങ്കീർത്തനത്തിന്റെ ഇരുപത്തിയൊന്ന് മുതൽ മുപ്പത്തിമൂന്ന് വരെയുള്ള വാക്യങ്ങളിൽ നമുക്ക് കാണാം (സങ്കീ. 78, 21-33). കർത്താവ് ക്രൂദ്ധനാവുകയും, ഇസ്രായേലിനു നേരെ അവിടുത്തെ കോപമുയരുകയും ചെയ്‌തു (സങ്കീ. 78, 21). അവിടുത്തെ ക്രോധമുയർന്നിട്ടും ഇസ്രായേൽജനം ദൈവത്തിൽ ആശ്രയിക്കുന്നില്ല. ഇസ്രായേൽജനത്തോടുള്ള കോപം തുടരുമ്പോഴും അവൻ അവർക്കായി ദൈവദൂതന്മാരുടെ അപ്പമായ മന്നാ നൽകുകയും, കാടപ്പക്ഷികളെ മണൽത്തരിപോലെ വർഷിക്കുകയും ചെയ്തു (സങ്കീ. 78, 24-29). ജനത്തിന്റെ വിശപ്പിന് ഭക്ഷണം നൽകുമ്പോഴും, അവരുടെ തെറ്റുകൾ അവൻ ക്ഷമിച്ചിരുന്നില്ല എന്ന് മുപ്പത് മുതലുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നു. അവരിൽ ശക്തരെയും യോദ്ധാക്കളെയും അവൻ ഇല്ലാതാക്കി (സങ്കീ. 78, 31). ദൈവം തങ്ങൾക്കായി അത്ഭുതങ്ങൾ പ്രവർത്തിക്കുമ്പോഴും, ദൈവത്തിൽ വിശ്വസിക്കാനോ, അവനിലേക്ക് തിരികെ വരാനോ ജനം തയ്യാറാകുന്നില്ല (സങ്കീ. 78, 32). എന്നാൽ അനുരഞ്ജനത്തോടെ ദൈവത്തിലേക്ക് തിരികെവരുന്ന ദൈവജനത്തെ മുപ്പത്തിനാലുമുതലുള്ള വാക്യങ്ങളിൽ നാം കാണുന്നുണ്ട്. പക്ഷെ അവരുടേത് ആത്മാർത്ഥതയില്ലാത്ത സ്നേഹമായിരുന്നു (സങ്കീ. 78, 36). ദൈവത്തിന്റെ ഉടമ്പടിയോട് വിശ്വസ്തത പുലർത്താതിരുന്നിട്ടും, ഇസ്രായേൽ ജനത്തിന്റെ ദൗർബല്യവും, അവരുടെ നിസ്സാരതയും അറിയുന്ന ദൈവം അവരോട് ക്ഷമിക്കുകയും (സങ്കീ. 78, 38) ചേർന്ന് നിൽക്കുകയും ചെയ്‌തു.
ഈജിപ്തിലെയും കാനാനിലെയും അനുഭവങ്ങളുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഭാഗത്ത് ദൈവവും ഇസ്രയേലുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഏതാണ്ട് ഒരു ആവർത്തനമാണ് നാം കാണുന്നത്. ദൈവം ഈജിപ്തിലെ ജനത്തിനെതിരെ ശിക്ഷകൾ അയച്ചത്, ഇസ്രയേലിനോടുള്ള സ്നേഹത്തിന്റെ ഭാഗമായാണ്. ഈജിപ്തിലെ നദികളിലെ ജലം രക്തമാക്കിയതും, അവർക്കെതിരെ ഈച്ചകളെയും തവളകളെയും കമ്പിളിപ്പുഴുവിനെയും, വെട്ടുക്കിളികളെയും അയച്ചതും, അവരുടെ വിളകളും വൃക്ഷങ്ങളും നശിപ്പിച്ചതും, കന്നുകാലികളെയും ആട്ടിൻകൂട്ടങ്ങളെയും, കടിഞ്ഞൂൽപുത്രന്മാരെയും ഇല്ലാതാക്കിയതും തന്റെ ജനത്തെ സ്വതന്ത്രരാക്കാനായിരുന്നു (സങ്കീ. 78, 40-51). അങ്ങനെ ശക്തമായ പ്രവൃത്തികളോടെ തന്റെ ജനത്തെ നേടിയ ദൈവം ആട്ടിൻപറ്റത്തെ ഇടയനെന്നപോലെ അവരെ മരുഭൂമിയിലൂടെ സുരക്ഷിതമായി നയിക്കുകയും തന്റെ വിശുദ്ധദേശത്തേക്ക്, കാനാൻനാട്ടിലേക്ക് കൊണ്ടുവരികയും ചെയ്‌തു (സങ്കീ. 78, 52-55). ആദ്യത്തേതിന് സമാനമായി, ദൈവസ്നേഹത്തെ വിലമതിക്കാത്ത, അവനെതിരെ മറുതലിക്കുന്ന ഒരു സമൂഹത്തെയാണ് വാഗ്ദത്തനാട്ടിലേക്ക് യാത്രചെയ്യുന്ന ജനത്തിലും നാം കാണുന്നത് (സങ്കീ. 78, 56-58). തനിക്കെതിരെ പാപം ചെയ്യുന്ന ജനത്തിന് നേരെയുള്ള ദൈവകോപത്തെക്കുറിച്ചാണ് അൻപത്തിയൊൻപത് മുതൽ അറുപത്തിയേഴ് വരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ എഴുതുന്നത് (സങ്കീ. 78, 59-67). അറുപത്തിയെട്ട് മുതൽ എഴുപത്തിരണ്ട് വരെയുള്ള അവസാനവാക്യങ്ങളിലാകട്ടെ, കർത്താവ്, തന്റെ ജനത്തിന്റെ പാപങ്ങൾക്കും വീഴ്ചകൾക്കും അപ്പുറം അവരെ സ്നേഹിക്കുകയും, യൂദാഗോത്രത്തെയും, സീയോൻമലയെയും തിരഞ്ഞെടുക്കുകയും ഇസ്രായേൽ ജനത്തെ നയിക്കാനായി, ആട്ടിടയനായിരുന്ന ദാവീദിനെ തിരഞ്ഞെടുക്കുകയും ചെയ്‌തതിനെക്കുറിച്ചാണ് സങ്കീർത്തകൻ എഴുതുന്നത് (സങ്കീ. 78, 68-72).
സങ്കീർത്തനം ജീവിതത്തിൽ
ദൈവവും ഇസ്രായേൽ ജനവും തമ്മിലുള്ള സ്നേഹത്തിന്റെയും ഉപേക്ഷയുടെയും, പാപത്തിന്റെയും ശിക്ഷയുടെയും, കരുണയുടെയും വീണ്ടെടുപ്പിന്റെയും അനുഭവങ്ങൾ ഉൾച്ചേർന്ന ചരിത്രമാണ് എഴുപത്തിയെട്ടാം സങ്കീർത്തനത്തിലൂടെ നാം വായിച്ചറിയുന്നത്. ശക്തമായ കരങ്ങളാൽ ശത്രുക്കളുടെ പിടിയിൽനിന്ന് തന്റെ ജനത്തെയെന്നപോലെ നമ്മെ സ്വാതന്ത്രരാക്കുകയും, നമ്മുടെ മരുഭൂമിയനുഭവങ്ങളുടെയും, ദുരിതങ്ങളുടെയും ഇടയിൽ നമുക്ക് ആശ്വാസവും സംരക്ഷണവും ഏകുന്ന ഒരു ദൈവമാണ് നമുക്കുള്ളതെന്ന ഒരോർമ്മപ്പെടുത്തലാണ് ഈ സങ്കീർത്തനം. ഇസ്രായേൽ ജനത്തെപ്പോലെ, ദൈവത്തോട് മറുതലിക്കുകയും, അവനിൽനിന്ന് അകലുകയും ചെയ്യുമ്പോഴും, തന്നിലേക്ക് തിരികെ വരുമെങ്കിൽ, നമ്മുടെ തുടർച്ചയായ വീഴ്ചകളും കഠിനമായ പാപങ്ങളും പോലും പൊറുക്കാനും, തന്റെ സ്നേഹത്തിലേക്ക് തിരികെ സ്വീകരിക്കാനും കാത്തിരിക്കുന്ന ഒരു കർത്താവിൽ പ്രത്യാശയർപ്പിച്ച് മുന്നോട്ടുപോകാൻ സങ്കീർത്തനം നമ്മെയും ആഹ്വാനം ചെയ്യുന്നുണ്ട്. ദൈവത്തിന്റെ ജനവും അവകാശവുമാണ് നാമെന്ന തിരിച്ചറിവോടെ ജീവിക്കാനും അവനിൽ തകരാത്ത രക്ഷയും അഭയവും കണ്ടെത്താനും ഈ സങ്കീർത്തനം നമുക്ക് സഹായമാകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: