തിരയുക

സങ്കീർത്തനചിന്തകൾ - 80 സങ്കീർത്തനചിന്തകൾ - 80 

തകർച്ചയുടെ നാളുകളിൽ വിശ്വാസത്തോടെ ദൈവത്തെ തേടുക

വചനവീഥി: എൺപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
എൺപതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗായകസംഘനേതാവിന്, സാരസരാഗത്തിൽ ആസാഫിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള എൺപതാം സങ്കീർത്തനം ഏഴുപത്തിയൊൻപതാം സങ്കീർത്തനം പോലെ ഒരു പൊതുവിലാപഗാനമാണ്. 45, 60, 69 എന്നീ സങ്കീർത്തനങ്ങളൂം ഇതേ രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇസ്രായേൽ ജനതയുടെ പുനരുദ്ധാരണത്തിനായുള്ള ഒരു പ്രാർത്ഥനയാണ് എൺപതാം സങ്കീർത്തനത്തിൽ പ്രധാനമായും നാം കാണുന്നത്. തങ്ങളുടെ തകർച്ചയും, തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സഹനങ്ങളും അപഹാസങ്ങളും ഹൃദയസ്പർശിയായാണ് സങ്കീർത്തകൻ വിവരിക്കുന്നത്. തങ്ങളുടെ പരിപാലകനും സംരക്ഷകനും യാഹ്‌വെയാണെന്ന ബോധ്യത്തോടെയാണ് ഇസ്രായേൽ ജനത ദൈവസഹായത്തിനായി പ്രാർത്ഥിക്കുന്നത്. യാഹ്‌വെ നട്ടുവളർത്തിയ മുന്തിരിച്ചെടിയാണ് തങ്ങളെന്ന് അവർ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നു. ഈ സങ്കീർത്തനം എഴുതപ്പെട്ട കാലത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് വടക്കേ ഇസ്രായേലിലെ ഗോത്രങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതിനാൽ ക്രിസ്തുവിന് മുൻപ് 722-ൽ ഇസ്രായേലിന് നേരിട്ട നാശത്തിനു ശേഷം എഴുതപ്പെട്ടതാകാം ഈ വിലാപകീർത്തണമെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ സങ്കീർത്തനം ഏതാണ്ട് ഒന്നര നൂറ്റാണ്ടിനുമപ്പുറം നടന്ന ബാബിലോൺ പ്രവാസകാലത്തിന് ശേഷം എഴുതപ്പെട്ടതാകാമെന്നു കരുതുന്നവരുമുണ്ട്. ദൈവം തന്റെ ജനത്തോട് കാണിച്ചിരുന്ന പ്രീതിയും അവർക്കേകിയ സംരക്ഷണവും അവസാനിച്ചിരിക്കുന്നു എന്ന വിലാപമുയർത്തുന്ന സങ്കീർത്തകൻ, എന്നാൽ ദൈവം തങ്ങളെ എന്നന്നേക്കുമായി ഉപേക്ഷിക്കില്ല എന്ന വിശ്വാസത്തോടെയാണ് ഈ വിലപപ്രാർത്ഥന അവസാനിപ്പിക്കുന്നത്.

ഇടയനും അജഗണവും

സങ്കീർത്തനത്തിന്റെ ആദ്യ ഏഴ് വാക്യങ്ങൾ ഇസ്രായേൽ ജനത്തിന് തങ്ങളുടെ ദൈവമായ കർത്താവിനെക്കുറിച്ചുള്ള അടിസ്ഥാനചിന്ത വ്യക്‌തമാക്കുന്നവയാണ്. തങ്ങൾ ദൈവത്തിന്റെ അജഗണമാണെന്നും, അവനാണ് തങ്ങളെ നയിക്കുന്നതെന്നുമുള്ള ബോധ്യം മുറുകെപ്പിടിച്ചുകൊണ്ടാണ് ഇസ്രായേൽ പ്രാർത്ഥിക്കുന്നത്. ഇരുപത്തിമൂന്ന് (23, 1-3), തൊണ്ണൂറ്റിയഞ്ച് (95,7), നൂറ് (100, 3) എന്നീ സങ്കീർത്തനങ്ങളിലും ഇടയനും അജഗണവുമെന്ന നിലയിൽ ദൈവത്തെയും ഇസ്രയേലിനെയും കുറിച്ച് വിശേഷിപ്പിക്കുന്നത് നാം കാണുന്നുണ്ട്. തങ്ങളുടെ തകർച്ചയിൽ, വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ശക്തനായ ദൈവത്തോട് അവർ സഹായത്തിനായി അപേക്ഷിക്കുന്നു. ഒന്നുമുതൽ മൂന്ന് വരെയുള്ള വാക്യങ്ങൾ ഇത്തരമൊരു പ്രാർത്ഥനയാണ്. തന്റെ ജനത്തെ ആട്ടിന്കൂട്ടത്തെയെന്നപോലെ നയിക്കുകയും, കെരൂബിൻമേൽ വസിക്കുകയും ചെയ്യുന്നവനാണ് ദൈവമെന്ന് ജനം ഏറ്റുപറയുന്നു (സങ്കീ. 80, 1). ദൈവമഹത്വവും, ദൈവവും ദൈവജനവുമായുള്ള ബന്ധവും ഓർമ്മിപ്പിച്ചതിന് ശേഷം, ദൈവസഹായത്തിനായി അവർ അപേക്ഷിക്കുന്നതാണ് രണ്ടാം വാക്യത്തിൽ നാം കാണുക. വടക്കൻ ഇസ്രയേലിലുണ്ടായിരുന്ന ഗോത്രങ്ങളായ എഫ്രായിമിനും മനാസ്സെയ്ക്കും അതുപോലെ ബെഞ്ചമിനും, തന്നെത്തന്നെ വെളിപ്പെടുത്തണമെന്നും, ഉണർന്ന ശക്തിയോടെ തങ്ങളെ രക്ഷിക്കാൻ വരണമെന്നും സങ്കീർത്തകൻ അപേക്ഷിക്കുന്നു (സങ്കീ. 80, 2). ദൈവം തങ്ങളിൽ സംപ്രീതനായാൽ, തങ്ങളുടെ ദുരിതങ്ങൾ അവസാനിക്കുമെന്ന ഉറപ്പോടെയാണ്, "ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപെടുകയും ചെയ്യട്ടെ!" (സങ്കീ. 80, 3) എന്ന് ഇസ്രായേൽ പ്രാർത്ഥിക്കുന്നത്.

ദൈവം തങ്ങളുടെ പ്രധാന കേട്ട്, തങ്ങളിൽ കനിയാത്തതിനാലാണ് ശത്രുക്കൾ തങ്ങളെ പീഡിപ്പിക്കുന്നതെന്ന ഇസ്രയേലിന്റെ വിശ്വാസമാണ് നാലുമുതൽ ആറുവരെയുള്ള വാക്യങ്ങളിൽ നാം കാണുക. സൈന്യങ്ങളുടെ ദൈവമായ കർത്താവ് തന്റെ ജനത്തിന്റെ പ്രാർത്ഥനകൾ കേൾക്കാതായിരിക്കുന്നു (സങ്കീ. 80, 4), അവൻ തങ്ങൾക്ക് ദുഃഖം ആഹാരമായി നൽകുകയും, കണ്ണീർ കുടിപ്പിക്കുകയും ചെയ്‌തിരിക്കുന്നു (സങ്കീ. 80, 5), അയൽക്കാർക്ക് നിന്ദാപാത്രവും, ശത്രുക്കൾക്ക് പരിഹാസവിഷയവുമായി തങ്ങൾ പതിച്ചിരിക്കുന്നു (സങ്കീ. 80, 6) എന്നിങ്ങനെ വിലപിക്കുന്ന ഇസ്രായേൽ ജനം പക്ഷെ, മൂന്നാം വാക്യത്തിന്റെ അവർത്തനമെന്നോണം, വിശ്വാസത്തോടെ ദൈവത്തിലേക്ക് സ്വരമുയർത്തി പ്രാർത്ഥിക്കുന്നതാണ് ഏഴാം വാക്യത്തിൽ നാം കാണുന്നത്: "സൈന്യങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപെടുകയും ചെയ്യട്ടെ!" (സങ്കീ. 80, 7).

ദൈവത്തിന്റെ മുന്തിരിവള്ളി

തങ്ങളെത്തന്നെ ദൈവത്തിന്റെ സ്വന്തജനമായാണ് ഇസ്രായേൽ കാണുന്നതെന്ന് പഴയനിയമത്തിലുടനീളം നമുക്ക് കാണാം. ഇതുപോലെതന്നെ ഇസ്രായേൽജനത്തെക്കുറിച്ച് പഴയനിയമത്തിൽ ഉപയോഗിക്കപ്പെടുന്ന മറ്റൊരു ചിത്രം മുന്തിരിച്ചെടിയുടേതാണ്. ഏശയ്യാപ്രവാചകന്റെ പുസ്തകം അഞ്ച് (5, 1-7), ഇരുപത്തിയേഴ് (27, 2-5) അദ്ധ്യായങ്ങൾ, ജെറമിയ രണ്ടാം അദ്ധ്യായം (2, 21) തുടങ്ങിയ വിവിധയിടങ്ങളിൽ ഇത് നമുക്ക് കാണാം. ഈജിപ്തിൽനിന്ന് വാഗ്ദത്തനാട്ടിലേക്ക്, കാനാൻദേശത്തേക്ക് ദൈവം കൊണ്ടുവന്ന മുന്തിരിച്ചെടിയാണ് ഇസ്രായേൽ (സങ്കീ. 80, 8). അവർക്കായി മറ്റു ജനതകളെ അവിടുന്ന് പുറത്താക്കി. ഒൻപത് മുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളിൽ ഇസ്രായേൽജനത്തിന് യാഹ്‌വെയുടെ കീഴിൽ, വാഗ്ദത്തനാട്ടിലുണ്ടായ അതിശക്തമായ വളർച്ചയെയാണ് സങ്കീർത്തനം വിവരിക്കുക. ദൈവം നട്ടുപിടിപ്പിച്ച ഇസ്രായേൽജനമെന്ന മുന്തിരിച്ചെടി, വേരൂന്നി വളർന്ന് ദേശം മുഴുവൻ പടർന്നിരിക്കുന്നു (സങ്കീ. 80, 9). സാധാരണ സങ്കൽപ്പങ്ങൾക്ക് അതീതമായായി, അസാധ്യമെന്നു തോന്നുന്ന വിധമാണ് അത് വളർന്നത്. പർവ്വതങ്ങളെയും, കൂറ്റൻ ദേവദാരുക്കളെയും ഇസ്രായേലെന്ന മുന്തിരിച്ചെടിയുടെ തണൽ മൂടിയിരിക്കുന്നു, അതിന്റെ ശാഖകൾ സമുദ്രം വരെയും, ചില്ലകൾ നദിവരെയും എത്തിയിരിക്കുന്നു (സങ്കീ. 80, 10-11). ദാവീദിന്റെയും സോളമന്റെയുമൊക്കെ കാലത്ത് ഇസ്രായേൽജനത്തിനുണ്ടായിരുന്ന വളർച്ച ഇതിന് സമാനമായിരുന്നു.

വളർന്നുപന്തലിച്ച ഇസ്രയേലെന്ന മുന്തിരിച്ചെടിയുടെ നല്ല നാളുകൾ ഏറെ നീണ്ടുനിന്നില്ലെന്ന് പന്ത്രണ്ടും പതിമൂന്നും വാക്യങ്ങൾ വ്യക്‌തമാക്കുന്നു. ദൈവം തന്നെ അതിന്റെ മതിൽ തകർത്തിരിക്കുന്നു. വഴിപോക്കർ അതിന്റെ ഫലങ്ങൾ പറിച്ചുകൊണ്ടുപോകുന്നു (സങ്കീ. 80, 12). മൃഗങ്ങളിൽനിന്നും കള്ളന്മാരിൽനിന്നും മുന്തിരിച്ചെടികളെ സംരക്ഷിക്കാനായി, മുള്ളുകൾ നിറഞ്ഞ കട്ടിയുള്ള വേലിയാണ് കർഷകർ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇസ്രായേൽ ഇപ്പോൾ ആയിരിക്കുന്ന പരിതാപകരമായ അവസ്ഥ, ഇസ്രായേലിന് നഷ്ടപ്പെട്ട ദൈവത്തിന്റെ പരിരക്ഷണവും, കൃപയും വ്യക്തമാക്കുന്നു. “വഴിപോക്കർ അതിന്റെ ഫലം പറിക്കുന്നു. കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു; സകലജന്തുക്കളും അതിനെ തിന്നുകളയുന്നു" (സങ്കീ. 80, 12b-13).

സഹായാഭ്യർത്ഥനയും ദൈവത്തോടുള്ള വാഗ്ദാനവും

"അങ്ങയുടെ വലത്തുകൈ നട്ട മുന്തിരിവള്ളി"യാണ് തങ്ങളെന്ന് ദൈവത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, തങ്ങളുടെ തകർച്ചയിൽ, തങ്ങളെ വീണ്ടും പരിഗണിക്കണമേയെന്ന (സങ്കീ. 80, 14) പ്രാർത്ഥനയാണ് പതിനാല് മുതലുള്ള വാക്യങ്ങളിൽ ഇസ്രായേൽ നടത്തുന്നത്. ശത്രുക്കൾ തങ്ങളെ വെട്ടിവീഴ്ത്തുകയും അഗ്നിക്കിരയാക്കുകയും ചെയ്‌തിരിക്കുന്നുവെന്ന് ദൈവത്തോട് പരാതിപ്പെടുന്ന അവർ, ദൈവജനമായ തങ്ങൾക്കുനേരെ കരമുയർത്തിയ അവരെ ശാസിച്ച് നശിപ്പിച്ചുകളയണമേയെന്ന് അപേക്ഷിക്കുന്നു (സങ്കീ. 80, 15).

ദൈവത്തിന്റെ വലത്തുവശത്ത് നിറുത്തിയിരിക്കുന്നവനും, ദൈവത്തിന് ശുശ്രൂഷചെയ്യുവാൻ ശക്തനുമാക്കിയ മനുഷ്യപുത്രനുമേൽ ദൈവത്തിന്റെ അനുഗ്രഹത്തിന്റെ കരമുണ്ടാകണമേയെന്ന് (സങ്കീ. 80, 17) ദൈവജനം പ്രാർത്ഥിക്കുന്നത് സങ്കീർത്തനത്തിന്റെ പതിനേഴാം വാക്യത്തിൽ നമുക്ക് കാണാം. തങ്ങളെ നയിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്ന നേതാവിന്, ഇസ്രയേലിന്റെ രാജാവിനുവേണ്ടിയുള്ള പ്രാർത്ഥനയാണിതെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ദൈവത്തിന്റെ കരുണയും സംരക്ഷണവും തങ്ങൾക്കൊപ്പമുണ്ടെങ്കിൽ, അവ തങ്ങൾക്ക് അനുഭവവേദ്യമാകുന്നെങ്കിൽ, തങ്ങൾ ദൈവത്തോട് വിശ്വസ്തരായിരുന്നുകൊള്ളാമെന്നും ദൈവനാമം വിളിച്ചപേക്ഷിച്ചുകൊള്ളാമെന്നും (സങ്കീ. 80, 18) ജനം ദൈവത്തോട് വാഗ്ദാനം ചെയ്യുന്നത് പതിനെട്ടാം വാക്യത്തിൽ നമുക്ക് കാണാം. മൂന്നും, ഏഴും വാക്യങ്ങളിലെന്നപോലെ, "സൈന്യങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപെടുകയും ചെയ്യട്ടെ!" (സങ്കീ. 80, 19) എന്ന വിശ്വാസത്തോടെയും പ്രത്യാശയോടെയുമുള്ള പ്രാർത്ഥനയോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. ദൈവകൃപയിലായിരിക്കുക എന്നതാണ് ദൈവജനത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം.

സങ്കീർത്തനം ജീവിതത്തിൽ

ദൈവത്തിന്റെ അജഗണവും, കർത്താവിന്റെ മുന്തിരിത്തോപ്പിലെ വിശിഷ്ടമായ മുന്തിരിവള്ളിയുമായ ഇസ്രായേൽ ജനത്തിന്, ഇടയനും ഉടമയുമായ ദൈവത്തിന്റെ സാന്നിദ്ധ്യവും, കൃപയും കരുണയും സംരക്ഷണവും എത്രമാത്രം നിർണ്ണായകവും അത്യന്താപേക്ഷിതവുമാണെന്ന് വ്യക്തമാക്കുന്ന ഒരു വിലപപ്രാർത്ഥനയാണ് എൺപതാം സങ്കീർത്തനമെന്ന് നാം കണ്ടു. ജീവിതത്തിന്റെ തകർച്ചകളുടെയും, വീഴ്ചകളുടെയും, കുറവുകളുടെയും നിമിഷങ്ങളിൽ, നഷ്ടപ്പെട്ടുപോയ ദൈവകൃപയ്ക്കായി ആഗ്രഹിക്കാനും പ്രാർത്ഥിക്കാനും, അവന്റെ കരുണയിലും കരുതലിലും ജീവിതത്തിന്റെ സമൃദ്ധിയിലേക്ക് തിരികെ വരാനും ഈ സങ്കീർത്തനം നമ്മെയും ആഹ്വാനം ചെയ്യുന്നുണ്ട്. അത്യുന്നതനായ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനമാണ് നാമെന്ന ബോധ്യത്തോടെ, അവന്റെ വിളിയും സാന്നിദ്ധ്യവും നമ്മുടെ ജീവിതങ്ങൾക്ക് നൽകുന്ന അമൂല്യത തിരിച്ചറിഞ്ഞ്, അവന്റെ നാമം വിളിച്ചപേക്ഷിക്കാം. ഇസ്രയേലിനെയെന്നപോലെ അവൻ നമ്മെയും പുനരുദ്ധരിക്കട്ടെ! അവന്റെ മുഖം നമ്മുടെമേൽ പ്രകാശിക്കുകയും, ശത്രുകരങ്ങളിൽനിന്ന് സ്വാതന്ത്രരാക്കി, നമ്മെ അവൻ സുരക്ഷയുടെ തീരങ്ങളിലെത്തിച്ച് പരിപാലിക്കുകയും തന്റെ അനുഗ്രഹങ്ങളുടെ നിറവിൽ തഴച്ചുവളർത്തുകയും ചെയ്യട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 July 2024, 15:07