തിരയുക

സങ്കീർത്തനചിന്തകൾ - 81 സങ്കീർത്തനചിന്തകൾ - 81 

സ്നേഹമയനും ഇസ്രയേലിന്റെ വിമോചകനുമായ ദൈവത്തിന് സ്തോത്രമേകുക

വചനവീഥി: എൺപത്തിയൊന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
എൺപത്തിയൊന്നാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗായകസംഘനേതാവിന് ഗിത്യരാഗത്തിൽ ആസാഫിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള എൺപത്തിയൊന്നാം സങ്കീർത്തനം സീനായ് ഉടമ്പടിയുടെ ഭാഗമായി ദേവാലയത്തിൽ ഒരുമിച്ചുകൂടിയ ഇസ്രായേൽ ജനത്തിനോട് ദൈവം പ്രവാചകസ്വരത്തിൽ സംസാരിക്കുന്ന ശൈലിയിലുള്ള ഒരു ഗീതമാണ്. ദേവാലയത്തിൽ ഒരുമിച്ചുകൂടി ആഘോഷകരമായി തിരുനാൾ കൊണ്ടാടുന്ന ജനത്തെ ദൈവത്തിന്റെ രക്ഷാകരപ്രവർത്തികളും അവിടുത്തെ കൽപനകളും അനുസ്മരിപ്പിക്കുകയാണ് സങ്കീർത്തകൻ. ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ഇസ്രായേൽ ജനത്തെ മോചിപ്പിച്ച ദൈവം അവരിൽനിന്ന് വിശ്വസ്‌തത ആവശ്യപ്പെടുന്നു. അനുസരണക്കേടിന് ശിക്ഷ വിധിക്കുന്ന ദൈവം പക്ഷെ, ഇസ്രായേൽ ജനം അനുരഞ്ജനപ്പെട്ട് വീണ്ടും തിരികെ തന്നിലേക്ക് വന്നാൽ അവരുടെ ശത്രുക്കളെ പരാജയപ്പെടുത്തുമെന്നും, ഇസ്രായേൽജനത്തിന് സംരക്ഷണവും സമൃദ്ധിയുമേകുമെന്നും വാഗ്ദാനം ചെയ്യുന്നു. ദൈവത്തോട് അനുസരണവും വിശ്വസ്തതയുമുള്ള ജനമായി തുടരാനും, ആനന്ദത്തോടെ അവന്റെ കീർത്തനങ്ങൾ ആലപിക്കാനും ഇസ്രയേലിനുള്ള ഒരു ആഹ്വാനമാണ് ഈ സങ്കീർത്തനം.

ദൈവസ്‌തുതിയുടെ തിരുനാൾ

സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ അഞ്ചുവരെയുള്ള വാക്യങ്ങളിൽ, സീനായ് ഉടമ്പടി അനുസരിച്ചുകൊണ്ട്, ദേവാലയത്തിൽ ഒത്തുചേർന്ന് തങ്ങളുടെ വിമോചകനായ കർത്താവിന് സ്തുതിഗീതങ്ങൾ ആലപിക്കാൻ ഇസ്രായേൽ ജനത്തിനുള്ള ഒരു ആഹ്വാനമാണ് സങ്കീർത്തകൻ നടത്തുന്നത്: “നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെ ഉച്ചത്തിൽ പാടിപ്പുകഴ്ത്തുവിൻ; യാക്കോബിന്റെ ദൈവത്തിന് ആനന്ദത്തോടെ ആർപ്പുവിളിക്കുവിൻ" (സങ്കീ. 81,1) എന്ന ഒന്നാം വാക്യം എപ്രകാരമാണ് ജനം ദൈവത്തോടുള്ള ആരാധനയും സ്‌തുതിയും നടത്തേണ്ടത് എന്ന് വ്യക്തമാക്കുന്നു. ഏവരും ഒന്നുചേർന്ന് ഉച്ചത്തിലാണ് ദൈവത്തെ പാട്ടുപാടി സ്തുതിക്കേണ്ടത്. ഇവിടെ നിശബ്ദമായ ആരാധനയുടെ പ്രാധാന്യം ഇല്ലാതാവുകയല്ല, മറിച്ച് സമൂഹത്തിന് സാക്ഷ്യവും മാതൃകയും കൂടിയാണ് സ്വരമുയർത്തിയുളള ആരാധനയിലൂടെ വിശ്വസി നൽകുന്നത് എന്ന് ഉദ്ബോധിപ്പിക്കുകയാണ് സങ്കീർത്തകൻ. അടക്കാനാവാത്ത ആനന്ദത്തോടെയുള്ള ആർപ്പുവിളിയും ഇത്തരമൊരു ഫലമാണ് ഉളവാക്കുക. തപ്പു കൊട്ടിയും കിന്നരവും വീണയും മീട്ടിയുമുള്ള ഗാനമുതിർക്കുക എന്നത് ഗായകസംഘത്തിനുള്ള നിർദ്ദേശമാകാം. ആഘോഷകരമായ സ്തുതിയിലൂടെ ജനത്തിനൊപ്പം ദൈവത്തിന് സ്തോത്രമർപ്പിക്കാനുള്ള ഒരു ക്ഷണമാണിത്. "അമാവാസിയിലും നമ്മുടെ ഉത്സവദിനമായ പൗർണമയിലും കാഹളമൂതുവിൻ" (സങ്കീ. 81, 3) എന്ന നിർദ്ദേശം വിളവെടുപ്പുമായി ബന്ധപ്പെട്ട ആഘോഷമാകാം ഇതെന്ന് ദ്യോതിപ്പിക്കുന്നുണ്ട്. എന്നാൽ അതേസമയം ഇത്, പുരോഹിതർക്കുള്ള നിർദ്ദേശമാകാമെന്നും കരുതപ്പെടുന്നു. പുതുവത്സരദിനത്തിൽ കാഹളം മുഴക്കേണ്ടതിനെക്കുറിച്ച് ലേവ്യരുടെ പുസ്തകം ഇരുപത്തിയൊന്നാം അദ്ധ്യായത്തിലും (ലേവ്യർ 21, 24), സംഖ്യയുടെ പുസ്‌തകം ഇരുപത്തിയൊമ്പതാം അദ്ധ്യായത്തിലും (സംഖ്യ 29, 1) നാം വായിക്കുന്നുണ്ട്. ആരാധനയ്ക്കായി ഒരുമിച്ച്കൂടാൻ ഇസ്രായേൽ ജനത്തോട് ആവശ്യപ്പെടുന്നത് ആരാണെന്ന് സങ്കീർത്തനത്തിന്റെ നാലും അഞ്ചും വാക്യങ്ങൾ വ്യക്തമാക്കുന്നുണ്ട്: "എന്തെന്നാൽ അത് ഇസ്രായേലിലെ ചട്ടവും യാക്കോബിന്റെ ദൈവം നൽകിയ പ്രമാണവുമാണ്. ഈജിപ്തിലേക്ക് തിരിച്ചപ്പോൾ ജോസഫിനും അവിടുന്ന് ഈ നിയമം നൽകി; അപരിചിതമായ ഒരു ശബ്ദം ഞാൻ കേൾക്കുന്നു" (സങ്കീ. 81, 4-5). അപരിചിതമായ ശബ്‌ദം എന്നതിലൂടെ, താൻ പറയുന്നവ മാനുഷികമായ കൽപ്പനകളല്ല എന്നും ദൈവത്തിനുവേണ്ടിയാണ് ഇവ താൻ ആവർത്തിക്കുന്നതെന്നുമാണ് ദേവാലയത്തിൽ ജനത്തോട് സംസാരിക്കുന്ന പുരോഹിതൻ വ്യക്തമാക്കുന്നത്.

രക്ഷാകരപ്രവൃത്തിയും ദൈവകൽപ്പനകളും

സങ്കീർത്തനത്തിന്റെ ആറുമുതൽ പത്ത് വരെയുള്ള വാക്യങ്ങളിൽ ദൈവം ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്ന് മോചിപ്പിച്ചതും അവരെ നയിച്ചതും വിശ്വാസത്തിൽ പരീക്ഷിച്ചതും, തന്നെ ദൈവമായി ആരാധിക്കാൻ കൽപ്പന നൽകിയതുമാണ് സങ്കീർത്തകൻ എഴുതിവയ്ക്കുക. മോചനത്തിനായി ഇസ്രായേൽജനം കേണപ്പോൾ അവർക്ക് ഉത്തരമരുളിയതും അവരെ മോചിപ്പിച്ചതും യാഹ്‌വെയാണ് (സങ്കീ. 81, 7). അവൻ അവരുടെ തോളിൽനിന്ന് ഭാരം ഇറക്കിവയ്ക്കുകയും, കൈകളെ അടിമത്തത്തിന്റെ ഭാരം ചുമക്കുന്നതിൽനിന്ന് വിടുവിക്കുകയും ചെയ്‌തു (സങ്കീ. 81, 6). ഈജിപ്തുകാർ ഇസ്രായേൽക്കാരെക്കൊണ്ട് നിർദ്ദയം അടിമവേല ചെയ്യിച്ചതും, കഠിനാധ്വാനംകൊണ്ട് അവരുടെ ജീവിതം ക്ലേശപൂർണ്ണമാക്കിയതും പുറപ്പാട് പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നുണ്ട് (പുറപ്പാട് 1, 14).  ഇസ്രായേൽ ജനത്തിന്റെ രക്ഷാകരയാത്ര ദൈവത്തോടുള്ള അവരുടെ സ്നേഹത്തിന്റെ ആഴം അളക്കുന്ന ഒരു പരീക്ഷണഘട്ടം കൂടിയായിരുന്നുവെന്ന് ദൈവം അവരെ ഓർമ്മിപ്പിക്കുന്നുണ്ട് (സങ്കീ. 81, 7b). മരുഭൂമിയിൽവച്ച് ജലമില്ലാതെ വലഞ്ഞ ജനം മോശയോട് പരാതിയുയർത്തിയതും, ദൈവം അവർക്ക് പാറയിൽനിന്ന് ജലമേകിയതും, മോശ ആ സ്ഥലത്തിന് മാസാ എന്നും മെറീബാ എന്നും പേരിട്ടതും പുറപ്പാട് പുസ്തകം പതിനേഴാം അദ്ധ്യായത്തിൽ (17, 7) നാം വായിക്കുന്നുണ്ട്.

തന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചു കേൾക്കുവാൻ സങ്കീർത്തകനിലൂടെ ആവശ്യപ്പെടുന്ന ദൈവം (സങ്കീ. 81, 8), താൻ  മരുഭൂമിയിൽവച്ച് ഇസ്രായേലിന് നൽകിയ പ്രധാനപ്പെട്ട കൽപ്പനയും ഈ സങ്കീർത്തനത്തിൽ  ജനത്തെ ഓർമ്മിപ്പിക്കുന്നുണ്ട്: "നിങ്ങളുടെയിടയിൽ അന്യദൈവമുണ്ടാകരുത്; ഒരന്യദൈവത്തെയും നീ വണങ്ങരുത്" (സങ്കീ. 81, 9). മോശയിലൂടെ ഇസ്രായേൽജനത്തിന് ദൈവം നൽകിയ പത്തുകൽപ്പനകളിൽ ഒന്നാമത്തേതും, വിശ്വസ്തതയുമായി ബന്ധപ്പെട്ട ഈ കൽപ്പനയാണ്. തന്നെക്കാൾ മറ്റൊരു ദൈവത്തെ ആരാധിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നതിലൂടെ ഇസ്രായേൽ ജനം നേരിടേണ്ടിവരുന്ന ശിക്ഷയെക്കുറിച്ച് അൻപത്, തൊണ്ണൂറ്റിയഞ്ച് എന്നീ സങ്കീർത്തനങ്ങളിലും യാഹ്‌വെ ഓർമ്മിപ്പിക്കുന്നുണ്ട്. തന്റെ ദൈവമായ കർത്താവിനേക്കാൾ പ്രധാനമായി മറ്റാരെയും ആരാധിക്കുന്നവർ ദൈവകൽപ്പനയാണ് നിരസിക്കുന്നത്. ദൈവകരുതലിൽ വിശ്വാസത്തോടെ ജീവിക്കുന്നവർക്ക് അവൻ അവരുടെ വിശപ്പകറ്റുമെന്നും ഇസ്രയേലിന്റെ മോചനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് സങ്കീർത്തകനിലൂടെ ദൈവം ഉറപ്പുനൽകുന്നു (സങ്കീ. 81, 10).

അനുസരണക്കേടും അനുരഞ്ജനവും ദൈവാനുഗ്രഹങ്ങളും

സങ്കീർത്തനത്തിന്റെ പതിനൊന്ന് മുതൽ പതിനാറ് വരെയുള്ള വാക്യങ്ങളിൽ യാഹ്‌വെയുമായുള്ള ബന്ധത്തിൽ ഇസ്രായേൽ ജനത്തിന് സംഭവിച്ച വീഴ്ചകളും, അതിലൂടെ അവർക്ക് നഷ്‌ടമായ അനുഗ്രഹങ്ങളുമാണ് ദൈവം ജനത്തെ ഓർമ്മിപ്പിക്കുക.  ഇസ്രായേൽ ജനം തന്റെ വാക്കുകൾ കേൾക്കാനോ, അവ അനുസരിക്കാനോ കൂട്ടാക്കിയില്ല, അതുകൊണ്ട്, അവരെ അവരുടെ തന്നിഷ്ടപ്രകാരം നടക്കാനും ഹൃദയകാഠിന്യത്തിൽ ജീവിക്കാനും താൻ വിട്ടു (സങ്കീ. 81, 11-12) എന്ന് കുറ്റപ്പെടുത്തുന്ന ദൈവത്തിന്റെ സ്വരമാണ് പതിനൊന്നും പന്ത്രണ്ടും വാക്യങ്ങളിൽ നാം കാണുക. ഇസ്രായേൽ ജനം ദൈവത്തോട് അനുരഞ്ജനപ്പെട്ട് അവിടുത്തോടുള്ള വിശ്വസ്തതതയിൽ ജീവിച്ചിരുന്നെങ്കിൽ നേടുമായ അനുഗ്രഹങ്ങളെക്കുറിച്ചാണ് സങ്കീർത്തനത്തിന്റെ പതിമൂന്ന് മുതൽ പതിനാല് വരെയുള്ള വാക്യങ്ങളിൽ ദൈവം ഓർമ്മിപ്പിക്കുന്നത്: "എന്റെ ജനം എന്റെ വാക്ക് കേട്ടിരുന്നെകിൽ, ഇസ്രായേൽ എന്റെ മാർഗ്ഗത്തിൽ ചരിച്ചിരുന്നെങ്കിൽ. അതിവേഗം അവരുടെ വൈരികളെ ഞാൻ കീഴ്പ്പെടുത്തുമായിരുന്നു; അവരുടെ ശത്രുക്കൾക്കെതിരെ എന്റെ കരം ഉയർത്തുമായിരുന്നു"   (സങ്കീ. 81, 13-14). കർത്താവിനെ വെറുക്കുന്നവരെ അവിടുന്ന് എന്നേക്കും ശിക്ഷിക്കുമായിരുന്നു എന്നും ആസാഫ് ഓർമ്മിപ്പിക്കുന്നു (സങ്കീ. 81, 15). ഇസ്രായേൽ ജനം വിശ്വസ്തതയോടെ ജീവിച്ചിരുന്നെങ്കിൽ, അവരെ താൻ മേൽത്തരം ഗോതമ്പുകൊണ്ട് തീറ്റിപ്പോറ്റുമായിരുന്നുവെന്നും, പാറയിൽനിന്നുള്ള തേൻകൊണ്ട് സംതൃപ്തരാക്കുമായിരുന്നു എന്നും പറയുന്ന ദൈവത്തിന്റെ വാക്കുകളോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. തന്നോട് ചേർന്ന് നിൽക്കുകയും തന്നെ സ്നേഹിക്കുകയും ചെയ്യുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ട് സംതൃപ്തനാക്കുന്നവനാണ് ഇസ്രയേലിന്റെ ദൈവം.

സങ്കീർത്തനം ജീവിതത്തിൽ

തന്നോട് വിളിച്ചപേക്ഷിച്ച ഇസ്രായേൽ ജനത്തിന് സ്വാതന്ത്ര്യവും സംരക്ഷണവും സമൃദ്ധിയും നൽകുന്ന, എന്നാൽ അതേസമയം, തന്നോട് മറുതലിക്കുമ്പോൾ അവരെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഹൃദയകാഠിന്യത്തിന്യത്തോടെയുള്ള ജീവിതത്തിനും, ശത്രുക്കളുടെ കരങ്ങളിൽ പരാജയത്തിനും വിട്ടുകൊടുക്കുന്ന ഒരു ദൈവമാണ് യാഹ്‌വെ. എന്നാൽ തന്നിഷ്ടക്കാരും, അനുസരണമില്ലാത്തവരുമായി ഇസ്രായേൽ തന്നിൽനിന്ന് അകലുമ്പോൾ, അവരെ, തങ്ങളുടെ പിതാക്കന്മാർക്ക് നൽകിയ അനുഗ്രഹങ്ങൾ അനുസ്മരിപ്പിച്ച്, തന്നിലേക്ക് തിരികെ വരാൻ ക്ഷണിക്കുന്ന, അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ദൈവം കൂടിയാണ് അവിടുന്ന്. താൻ തിരഞ്ഞെടുത്ത ജനത്തെ അനാഥരായി വിടാത്ത, അവരോട് ഒരിക്കലും കുറയാത്ത സ്നേഹത്തോടെ കരുതുന്ന ഒരു ദൈവം. ദൈവകൽപ്പനകൾ ശ്രവിക്കാനും, അവയനുസരിച്ച് ദൈവസ്നേഹത്തിൽ ആഴപ്പെട്ട്, ദൈവത്തോട് ചേർന്ന് ജീവിക്കാനുമുള്ള ഒരു വിളിയാണ് എൺപത്തിയൊന്നാം സങ്കീർത്തനം നമുക്ക് മുന്നിൽ വയ്ക്കുന്നത്. കരുതലിന്റെ മേൽത്തരം ഭക്ഷണവും, പാറയിൽനിന്നുള്ള കാട്ടുതേൻ പോലെ മാധുര്യമേറിയ സ്നേഹവുമായി, നമ്മെ കാത്തിരിക്കുന്ന ദൈവത്തോട് ചേർന്ന് നിൽക്കുകയും, ആനന്ദത്തോടെ കാഹളമൂതിയും, ഇമ്പത്തിൽ ഗാനമാലപിച്ചും അവനോടുള്ള സ്നേഹവും വിശ്വസ്തതയും ലോകത്തിന് മുന്നിൽ നമുക്കും ഏറ്റുപറയാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 July 2024, 17:40