തിരയുക

സങ്കീർത്തനചിന്തകൾ - 82 സങ്കീർത്തനചിന്തകൾ - 82 

സർവ്വപ്രപഞ്ചത്തിന്റെയും വിധികർത്താവായ ഇസ്രയേലിന്റെ ദൈവം

വചനവീഥി: എൺപത്തിരണ്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
എൺപത്തിരണ്ടാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആസാഫിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള എൺപത്തിരണ്ടാം സങ്കീർത്തനം ദൈവവിധിയുമായി ബന്ധപ്പെട്ട ചിന്തകൾ ഉയർത്തുന്ന ഉദ്ബോധനരൂപത്തിലുള്ള കീർത്തനമാണ്. വിധിപ്രസ്താവനയാണ് സങ്കീർത്തകൻ കൈകാര്യം ചെയ്യുന്ന വിഷയം. ഇസ്രയേലിന്റെ ദൈവത്തിന്റെ അതിരുകളില്ലാത്ത അധികാരപരിധിയെക്കുറിച്ചാണ് സങ്കീർത്തകൻ ജനത്തെ ഓർമ്മിപ്പിക്കുന്നത്. അവനാണ് മറ്റ് അധികാരികളെ നിയമിച്ചതും, അവരെ വിധിക്കുന്നതും. ദുർബലർക്കും അനാഥർക്കും നീതി സ്ഥാപിച്ചുകൊടുക്കാനും, വഴിയറിയാതെ അലയുന്ന ദുർബലർക്കും പാവപ്പെട്ടവർക്കും വഴികാട്ടികളാകാനും കടമ നൽകിയാണ് അവൻ ദൈവങ്ങളെ നിയമിച്ചത്. എന്നാൽ അവർ തങ്ങളുടെ ഉത്തരവാദിത്വം മറന്ന്, നിയമവിരുദ്ധമായി വിധിക്കുകയും ദുഷ്ടരുടെ പക്ഷം പിടിക്കുകയും ചെയ്‌തിരിക്കുന്നു. ദൈവങ്ങളുടെ അധികാരങ്ങൾ ഇല്ലാതാവുകയും ഇസ്രയേലിന്റെ ദൈവം മാത്രം നിലനിൽക്കുകയും ചെയ്യുമെന്നും, അവൻ ഭൂമിയെയും എല്ലാ ജനതകളെയും വിധിക്കുമെന്നുമുള്ള ആശയമാണ് എൺപത്തിരണ്ടാം സങ്കീർത്തനം മുന്നോട്ടുവയ്ക്കുന്നത്.

സകലത്തിന്റെയും നാഥനായ ദൈവം

വിധികർത്താവായ ദൈവത്തെക്കുറിച്ചും, സകല ജനതകളെയും വിധിക്കാനുള്ള അവന്റെ അധികാരത്തെയും ദ്യോതിപ്പിക്കുന്നതാണ് എൺപത്തിരണ്ടാം സങ്കീർത്തനമെന്ന് സങ്കീർത്തനത്തിന്റെ ആദ്യവാക്യം തന്നെ വ്യക്തമാക്കുന്നു: "ദൈവം സ്വർഗ്ഗീയ സഭയിൽ ഉപവിഷ്ടനായിരിക്കുന്നു; അവിടുന്ന് സ്വർഗ്ഗവാസികളുടെ ഇടയിൽ ഇരുന്നു ന്യായം വിധിക്കുന്നു". ഈ സങ്കീർത്തനത്തിന്റെ മറ്റു പരിഭാഷകളിൽ "സ്വർഗ്ഗീയവാസികൾ" എന്നതിനുപകരം "ദൈവങ്ങൾ" എന്ന വാക്കാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ, എല്ലാ ദൈവങ്ങളുടെയും  ഭൂമിയിലെ ജനതകളുടെയും ദൈവമാണ് ഇസ്രയേലിന്റെ ദൈവമായ കർത്താവ് എന്ന ഒരു ഉദ്ബോധനമാണ്  സങ്കീർത്തകൻ ഇവിടെ പങ്കുവയ്ക്കുന്നത്. പ്രപഞ്ചശക്തികളെ ആരാധിച്ചിരുന്ന കാനാൻ ജനതയെപ്പോലെ ചിലപ്പോഴെങ്കിലും ഇസ്രായേൽക്കാരും അവയെ ആരാധിച്ചിരുന്നു. എന്നാൽ ആ ശക്തികൾപോലും ഇസ്രയേലിന്റെ ദൈവത്തെ സേവിക്കേണ്ടവരാണെന്ന ഒരു കാര്യമാണ് സങ്കീർത്തകൻ പങ്കുവയ്ക്കുന്നതെന്നാണ് ഈ സങ്കീർത്തനത്തെക്കുറിച്ചുള്ള വ്യാഖ്യാനം. ന്യായം വിധിക്കാൻ വരുന്ന കർത്താവിനെക്കുറിച്ച് ഏശയ്യാ പ്രവാചകന്റെ മൂന്നാം അദ്ധ്യായത്തിലും നാം വായിക്കുന്നുണ്ട് (ഏശയ്യാ 3, 13-14).

ദൈവങ്ങളെ ശാസിക്കുന്ന ദൈവം

ദൈവങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ കുറ്റപ്പെടുത്തലിന്റെയും മുന്നറിയിപ്പിന്റേതുമായ ഭാഷയിലാണ് സങ്കീർത്തനത്തിന്റെ രണ്ടുമുതൽ നാലുവരെയുള്ള വാക്യങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്. "നിങ്ങൾ എത്രകാലം നീതിവിരുദ്ധമായി വിധിക്കുകയും ദുഷ്ടരുടെ പക്ഷം പിടിക്കുകയും ചെയ്യും?"  (സങ്കീ. 82, 2) എന്ന രണ്ടാം വാക്യത്തിൽ കുറ്റപ്പെടുത്തലിന്റെ ഭാവം വളരെ വ്യക്തമാണ്. നീതിയും ന്യായവും പാലിക്കുകയും, തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടവർ അവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ട "സ്വർഗ്ഗവാസികളായ ദൈവങ്ങൾ" അനീതിപൂർവ്വം, ദുഷ്ടർക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന് സങ്കീർത്തകൻ കുറ്റപ്പെടുത്തുന്നു. ദൈവത്താൽ അധികാരം നൽകപ്പെട്ടവരും, ജനതകളുടെ ദൈവങ്ങളും എപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്ന്, യാഹ്‌വെയെന്ന യഥാർത്ഥ ദൈവത്തിന്റെ ഉപദേശമെന്നോണമാണ് മൂന്നും നാലും വാക്യങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്. "ദുർബലർക്കും അനാഥർക്കും നീതി പാലിച്ചു കൊടുക്കുവിൻ; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിൻ. ദുർബലരെയും പാവപ്പെട്ടവരെയും രക്ഷിക്കുവിൻ; ദുഷ്ടരുടെ കെണികളിൽനിന്ന് അവരെ മോചിപ്പിക്കുവിൻ" (സങ്കീ. 82, 3-4). നന്മയുടെ പാലകരും, നീതി പ്രവർത്തിക്കുന്നവരും അഗതികൾക്ക് സഹായകരുമാകേണ്ടവർ, ദുഷ്ടരുടെ പക്ഷം ചേർന്ന് തിന്മ പ്രവർത്തിക്കുന്നവർ ആകുന്നതിലെ വൈരുധ്യമാണ് ഇവിടെ വ്യക്തമാകുന്നത്. പാവപ്പെട്ടവരും അനാഥരുമായ മനുഷ്യർ അനീതിയുടെ ഇരകളായി മാറിയിരുന്ന ഒരു കാലത്ത്, സത്യത്തോടും നീതിയോടും കൂടി അവർക്കായി ന്യായം വിധിക്കേണ്ടവരായിരുന്നു ദൈവത്താൽ നിയോഗിക്കപ്പെട്ട അധികാരികൾ. എല്ലാ അധികാരങ്ങൾക്കും അധികാരികൾക്കും മേൽ അധികാരമുള്ള ഇസ്രയേലിന്റെ ദൈവം, നീതിപൂർവ്വം വിധിക്കുകയും തന്നിൽ അഭയം തേടുന്ന ദുർബലർക്ക് ശക്തമായ സംരക്ഷണമേകുകയും ചെയ്യുന്ന സത്യദൈവമാണ്.

ന്യായാധിപന്മാർക്കെതിരായ ദൈവവിധി

ലോകത്ത് അന്യായം വിധിക്കുകയും തിന്മയ്ക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്ന തെറ്റായ അധികാരങ്ങൾക്കെതിരായുള്ള ദൈവത്തിന്റെ വാക്കുകളാണ് സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ ഏഴ് വരെയുള്ള വാക്യങ്ങളിൽ ആസാഫ് എഴുതിവയ്ക്കുക. എല്ലാം തികഞ്ഞവരെന്നും, മറ്റുളളവരെ വിധിക്കാൻ കഴിവുള്ളവരെന്നും കരുതുന്ന ഇത്തരം അധികാരികളുടെ കുറവിനെ എടുത്തുകാട്ടുന്നതാണ് അഞ്ചാം വാക്യം: "അവർക്ക് അറിവില്ല; ബുദ്ധിയുമില്ല; അവർ അന്ധകാരത്തിൽ തപ്പിത്തടയുന്നു" (സങ്കീ. 82, 5). മറ്റുള്ളവർക്ക് ശരിയായത് പറഞ്ഞുകൊടുക്കണ്ടവർ, യഥാർത്ഥ സത്യവും ശരിയും തിരിച്ചറിയാൻ കഴിവില്ലാത്ത വിധത്തിൽ മൗഢ്യരും അന്ധരുമായിരിക്കുന്നു. ദൈവജനത്തെ വിധിക്കാനും ഉദ്ബോധിപ്പിക്കാനും  ദൈവത്താൽ നിയോഗിക്കപ്പെട്ടവർ ദൈവികമായ പ്രകാശത്തിൽ നടക്കാതിരിക്കുകയും, സത്യത്തെ അവഗണിച്ച് അന്യായം വിധിക്കുകയും ചെയ്യുന്നതിലെ വൈരുധ്യമാണ് സങ്കീർത്തകൻ എടുത്തുപറയുന്നത്.

ദൈവങ്ങൾ അന്യായമായി വിധിക്കുന്നിടത്ത്, ഭൂമിയുടെ അടിസ്ഥാനങ്ങൾ ഇളകിയിരിക്കുന്നുവെന്ന് ആറാം വാക്യത്തിന്റെ ആദ്യഭാഗത്ത് അസാഫ് ഓർമ്മിപ്പിക്കുന്നു. ഇത്തരം വിധികളും പ്രവർത്തികളും പൊതുസമൂഹത്തിന്റെ നിലനിൽപ്പും സാധാരണജനത്തിന്റെ ജീവിതവും ബുദ്ധിമുട്ടേറിയതാക്കി മാറ്റുന്നു. ന്യായത്തിലും നീതിയിലും അടിസ്ഥാനമിട്ട ഉറച്ച ഒരു സമൂഹമാണ് ദൈവികപദ്ധതിയോട് ചേർന്നുപോകുന്ന സമൂഹമായി മാറുന്നത്. എന്നാൽ അവരോട്, "നിങ്ങൾ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്" (സങ്കീ. 82, 6b എന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നത് ഈ വാക്യത്തിന്റെ രണ്ടാം പകുതിയിൽ നമുക്ക് കാണാം. നാമെല്ലാവരും ദൈവമക്കളാണെന്ന ഒരു ചിന്തയും, ദൈവങ്ങളെന്ന് വിളിക്കപ്പെടുന്നവർക്കുണ്ടായിരിക്കേണ്ട യോഗ്യതകളും കൂടിയാണ് ഈ സങ്കീർത്തനവാക്യങ്ങളിലൂടെ അസാഫ് നമുക്ക് പറഞ്ഞുതരുന്നത്.

ദൈവങ്ങൾ എന്ന് വിളിക്കപ്പെടുകയും, എന്നാൽ അനീതിപൂർവ്വം പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ, ജനതകളുടെ ദൈവങ്ങളുടെ ദൈവികമായ അമർത്യത ഇല്ലാതാകുകയും, അവർ മർത്യർക്ക് തുല്യം മരിക്കുകയും ചെയ്യുമെന്ന ഒരോർമ്മപ്പെടുത്തലാണ് ഏഴാം വാക്യം: "എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; ഏതു പ്രഭുവിനെയും പോലെ വീണുപോകും" (സങ്കീ. 82, 7). അത്യുന്നതനായ ദൈവത്തിന്റെ വിധിക്ക് ആരും അതീതരല്ലെന്നും, അന്യായം പ്രവർത്തിക്കുന്നവർ സാധാരണ ജീവിതങ്ങൾ പോലെ അവസാനിക്കുമെന്നും സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. നിത്യം നിലനിൽക്കുന്നവൻ സർവ്വാധിപനായ കർത്താവ് മാത്രമാണ്.

"ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കണമേ! എല്ലാ ജനതകളും അങ്ങയുടേതാണ്" (സങ്കീ. 82, 8), എന്ന, സാർവത്രികമായ നീതിവിധിക്കയുള്ള പ്രാർത്ഥനയോടെയാണ് എൺപത്തിരണ്ടാം സങ്കീർത്തനം അവസാനിക്കുന്നത്. ഇസ്രയേലിനെ സ്വന്തജനമായി തിരഞ്ഞടുത്ത അത്യുന്നതനായ ദൈവമാണ് ജനതകൾക്ക് അവരുടെ പൈതൃകം വീതിച്ചുകൊടുത്തതെന്നും, അതിർത്തികൾ നിശ്ചയിച്ചതെന്നും നിയമാവർത്തനപ്പുസ്തകം മുപ്പത്തിരണ്ടാം അദ്ധ്യായത്തിൽ (നിയമാവർത്തനം 32, 8-9) നാം വായിക്കുന്നുണ്ട്. എന്നാൽ ഉചിതമായ സമയത്ത്, ന്യായപൂർണ്ണമായ വിധി നടപ്പിലാക്കാനായി അവൻ സർവ്വപ്രപഞ്ചത്തിന്റെയും ഭരണം ഏറ്റെടുക്കുകയും ഭൂമിയെ നീതിപൂർവ്വം വിധിക്കുകയും ചെയ്യും എന്ന് സങ്കീർത്തനം ഓർമ്മിപ്പിക്കുന്നു.

സങ്കീർത്തനം ജീവിതത്തിൽ

ന്യായത്തിലും നീതിയിലും സകലരെയും വിധിക്കുവാൻ വരുന്ന യഥാർത്ഥ ദൈവവും കർത്താവും ഇസ്രയേലിന്റെ ദൈവമായ യാഹ്‌വെ ആണെന്ന ഒരു ഉദ്ബോധനമാണ് എൺപത്തിരണ്ടാം സങ്കീർത്തനം നമുക്ക് മുന്നിൽ വയ്ക്കുന്നത്. ജനതകളെ അന്യായമായി വിധിക്കുന്ന ന്യായാധിപന്മാരും, ദുഷ്ടരുടെ പരിപാലകരായി മാറുന്ന അധികാരികളും ദൈവികമായ പദ്ധതികൾക്കനുസരിച്ചല്ല അവരിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന ഉത്തരവാദിത്വം ജീവിക്കുന്നതെന്ന് സങ്കീർത്തകൻ വ്യക്തമാക്കുന്നു. ദൈവത്വത്തോട് നീതിപുലർത്താത്ത അന്യദേവന്മാരുടെ മുന്നിൽ, സത്യത്തിലും, നീതിയിലും ഭൂമിയെ മുഴുവൻ വിധിക്കാൻ അധികാരമുള്ള സത്യദൈവവും, ഇസ്രയേലിന്റെ കർത്താവുമായ യാഹ്‌വെയെക്കുറിച്ചും, ആ ദൈവത്തിന്റെ മക്കളെന്ന സ്ഥാനം നിലനിറുത്താനായും, ദൈവത്തിനൊപ്പം നിത്യം വസിക്കുന്നതിനായും നാമുൾപ്പെടെയുള്ള ഓരോ ജീവിതങ്ങളിലുമുണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ചും ഈ സങ്കീർത്തനത്തിലൂടെ ആസാഫ് നമ്മെ ഓർമ്മപ്പെടുത്തുന്നു. സർവ്വപ്രപഞ്ചത്തിന്റെയും സൃഷ്ടാവും പരിപാലകനും നാഥനുമായ ഇസ്രയേലിന്റെ ദൈവമായ കർത്താവിന്റെ വിധിദിനത്തിൽ യോഗ്യതയുള്ളവരായി മാറാൻ തക്ക വിധത്തിൽ നീതിയിലും ന്യായത്തിലും ജീവിക്കുകയും, ദൈവമക്കൾക്കടുത്ത അന്തസ്സ് കാത്തുസൂക്ഷിക്കുകയും ചെയ്യാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 July 2024, 16:55