ഇസ്രയേലിന്റെ വൈരികളും സംരക്ഷകനായ ദൈവവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഇസ്രയേലെന്ന നാമം ഭൂമിയിൽനിന്ന് തുടച്ചുമാറ്റാൻ ശ്രമിക്കുന്ന ജനതകൾക്കും ദേശങ്ങൾക്കുമെതിരെ ദൈവസഹായത്തിനായി പ്രാർത്ഥിക്കുന്ന ഇസ്രായേൽ ജനത്തിന്റെ വിലപപ്രാർത്ഥനയാണ് "ഒരു ഗീതം; ആസാഫിന്റെ സങ്കീർത്തനം" എന്ന തലക്കെട്ടോടെയുള്ള എൺപത്തിമൂന്നാം സങ്കീർത്തനം. ഇസ്രയേലിന്റെ ശത്രുക്കൾ ദൈവത്തിന്റെ വൈരികളും ദൈവത്തിന്റെ ശത്രുക്കൾ തങ്ങളുടെ ശത്രുക്കളുമാണെന്ന ഒരു തത്വം ഈ സങ്കീർത്തനത്തിലും നമുക്ക് കാണാം. ഒരു പ്രത്യേക ശത്രുവിനെതിരെ എന്നതിനേക്കാൾ, ചരിത്രത്തിന്റെ പല ഘട്ടങ്ങളിൽ ഇസ്രായേൽ ജനതയ്‌ക്കെതിരെ നിന്ന അനേകം ജനതകൾക്കെതിരെയുള്ള ഒരു പൊതുവിലാപഗാനമാണ് ഈ പ്രാർത്ഥനാഗീതം. ദൈവജനമായ ഇസ്രയേലിനെതിരെ അവരുടെ മുൻ ശത്രുക്കളെല്ലാം സഖ്യം കൂടി ഒരുമിച്ചിരിക്കുന്നു എന്ന ഒരു ചിന്ത മുൻനിറുത്തിയാണ് ഈ സങ്കീർത്തനം രചിക്കപ്പെട്ടിരിക്കുന്നത്. പഴയകാലങ്ങളിൽ ദൈവം എപ്രകാരം ഇസ്രയേലിന്റെ ശത്രുക്കളെ പരാജയപ്പെടുത്തിയോ അതുപോലെ ഇന്നും, ഇസ്രയേലിന്റെ ശത്രുക്കൾ ഇസ്രയേലിന്റെ ദൈവത്തെ തേടുന്നതിനും, അവിടുന്ന് മാത്രമാണ് ഭൂമിയെ ഭരിക്കുന്നത് എന്ന് അവർ അറിയുന്നതിനുമായി, തങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തണമേ എന്ന പ്രാർത്ഥനയാണ് ആസാഫ് ഇസ്രായേൽ ജനത്തിന്റെ പേരിൽ നടത്തുന്നത്.
ദൈവത്തിന്റെ നിശബ്ദതയും ഇസ്രയേലിനെതിരെ അണിനിരക്കുന്ന ശത്രുക്കളും
എൺപത്തിമൂന്നാം സങ്കീർത്തനത്തിന്റെ ആദ്യ എട്ട് വാക്യങ്ങളിൽ, ഇസ്രായേൽജനത്തിനെതിരെ അണിനിരക്കുന്ന ശത്രുക്കൾക്കെതിരെ ദൈവത്തോട് പരാതി പറയുന്ന സങ്കീർത്തകനെയാണ് നാം കണ്ടുമുട്ടുന്നത്. എന്തുകൊണ്ടാണ് ശത്രുക്കൾ തങ്ങൾക്കെതിരെ തലയുയർത്തുന്നത് എന്നതിനുള്ള കാരണമാണ് "ദൈവമേ, മൗനമായിരിക്കരുതേ! ദൈവമേ, നിശ്ചലനും നിശബ്‌ദനുമായിരിക്കരുതേ!" സങ്കീ. 831) എന്ന സങ്കീർത്തനത്തിന്റെ ആദ്യവാക്യത്തിൽ നാം കാണുന്ന പ്രാർത്ഥന വ്യക്‌തമാക്കുന്നത്. ദൈവം തങ്ങളിൽ പ്രസാദിക്കാത്തതിനാലും, അവിടുന്ന് നിശ്ശബ്ദനായിരിക്കുന്നതിനാലുമാണ് ശത്രുക്കൾ തങ്ങൾക്കെതിരെ തലയുയർത്തുന്നതെന്നും, വിജയം നേടുന്നതെന്നും ഇസ്രായേൽ ജനം വിശ്വസിച്ചിരുന്നു. 10,1; 44, 24; 77, 10; 80, 7; 109,1 തുടങ്ങി വിവിധ സങ്കീർത്തനങ്ങളിൽ ഏതാണ്ട് ഇതേ ആശയം നമുക്ക് കാണാം. അതുകൊണ്ടുതന്നെ ദൈവത്തോട് മൗനമായിരിക്കരുതേയെന്ന പ്രാർത്ഥനയാണ് എൺപത്തിമൂന്നാം സങ്കീർത്തനത്തിലൂടെയും, ജനം ഉയർത്തുന്നത്. ദൈവം അനുവദിക്കുന്നില്ലെങ്കിൽ ഒരു ശക്തിക്കും തങ്ങൾക്കെതിരെ വിജയിക്കാനാകില്ല എന്ന ബോധ്യമാണ് അവരെ നയിക്കുന്നത്.
ശത്രുക്കളെക്കുറിച്ചുള്ള ഇസ്രയേലിന്റെ മറ്റൊരു ബോധ്യമാണ് രണ്ടും മൂന്നും വാക്യങ്ങളിൽ വ്യക്തമാകുന്നത്. നാം ആമുഖമായി പറഞ്ഞതുപോലെ, ഇസ്രയേലിന്റെ ശത്രുക്കൾ ദൈവത്തിന്റെ ശത്രുക്കളും, ദൈവത്തിന്റെ ശത്രുക്കൾ ഇസ്രയേലിന്റെ ശത്രുക്കളുമാണ് എന്ന ഒരു ചിന്തയാണ് ഇസ്രായേൽ ജനത്തിനുള്ളതെന്ന് സങ്കീർത്തനങ്ങൾ ഉൾപ്പെടെ വിശുദ്ധ ഗ്രന്ഥത്തിന്റെ പലയിടങ്ങളിലും നമുക്ക് കാണാം.. ദൈവം പരിപാലിക്കുന്ന, ദൈവത്തിന്റെ സ്വന്തമായ ജനമാണ് തങ്ങളെന്ന അവരുടെ വിശ്വാസവും ഇവിടെ വ്യക്തമാകുന്നുണ്ട്.
ചരിത്രത്തിലിന്നോളം തങ്ങൾക്കെതിരെ പോരാടിയ വിവിധ ജനതകൾ വീണ്ടും തങ്ങൾക്കും അതുവഴി ദൈവത്തിനുമെതിരെ സഖ്യം ചേരുന്നുവെന്ന ഇസ്രായേൽ ജനതയുടെ ഭീതിയാണ് എട്ടു വരെയുള്ള വാക്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കുക. ഇസ്രായേൽ ജനതയെ മുഴുവൻ തുടച്ചുനീക്കാനും, ഇസ്രയേലെന്ന നാമം ഇനിമേൽ ഉണ്ടാകാതിരിക്കാനുമാണ് ഇസ്രയേലിന്റെ വൈരികൾ ആഗ്രഹിക്കുന്നത് (സങ്കീ. 83, 3-4). നന്മയ്ക്കായി ഒരുമിച്ചുചേരേണ്ട മനുഷ്യർ, ദൈവത്തിനും, ദൈവജനത്തിനുമെതിരെ ഒത്തുചേരുകയും ദുരാലോചന നടത്തുകയും, സഖ്യമുണ്ടാക്കുകയും ചെയ്യുന്നു (സങ്കീ. 83, 5). എദോം, ഇസ്മായേല്യർ, മോവാബ്, ഹഗ്രിയർ, ഗേബൽ, അമ്മോൻ, അമലെക്, ടയിർനിവാസികൾ, ഫിലിസ്ത്യർ, അസ്സീറിയ, എന്നിങ്ങനെ ചരിത്രത്തിന്റെ വിവിധ കാലങ്ങളിൽ തങ്ങൾക്കെതിരെ അണിനിരന്ന വിവിധ ശത്രുജനതകളെയും രാജ്യങ്ങളെയും സങ്കീർത്തകൻ പ്രത്യേകമായി ഇവിടെ പരാമർശിക്കുന്നത് ആറും ഏഴും വാക്യങ്ങളിൽ നമുക്ക് കാണാം. ഇവയിൽ അസ്സീറിയയായിരുന്നു ഇസ്രയേലിനെതിരെ നിന്നവയിൽ ഏറ്റവും വലിയ ശത്രുരാജ്യം.
ഇസ്രയേലിന്റെ ശത്രുക്കളുടെ നാശവും ദൈവമഹത്വവും
ഇസ്രയേലിനെതിരെ നിൽക്കുകയും, ദൈവത്താൽ പരാജയപ്പെടുത്തപ്പെടുകയും ചെയ്ത ജനതകളെയും ദേശങ്ങളെയും പരാമർശിച്ചുകൊണ്ട്, തങ്ങൾക്കെതിരെ സഖ്യം കൂടിയിരിക്കുന്ന ശത്രുനിരയെ നശിപ്പിക്കണമേയെന്ന പ്രാർത്ഥനയാണ്, സങ്കീർത്തനത്തിന്റെ ഒൻപത് മുതൽ പതിനഞ്ച് വരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ ഉയർത്തുന്നത്.
തങ്ങൾക്കെതിരെ അണിനിരന്ന മേദിയാക്കാർ, സിസേറ, യാബ്, ഓറെബ്, സേബ്, സേബാ, സൽമുന്നാ എന്നിങ്ങനെയുള്ള ശത്രുനിരയെ ആസാഫ് ഈ സങ്കീർത്തനത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇസ്രയേലിനുവേണ്ടി ദൈവം പരാജയപ്പെടുത്തിയ ഈ ജനതകളെപ്പോലെ, ഇപ്പോൾ തങ്ങൾക്കെതിരെ ഒരുമിച്ച് കൂടിയിരിക്കുന്ന തങ്ങളുടെ ശത്രുക്കൾ മണ്ണിന് വളമായിത്തീരട്ടെയെന്നും (സങ്കീ. 83, 10), ദൈവത്തിന്റെ മേച്ചിൽപ്പുറങ്ങൾ സ്വന്തമാക്കാൻ പരിശ്രമിച്ചവരെ (സങ്കീ. 83, 12) ചുഴലിക്കാറ്റിൽ പറക്കുന്ന പൊടി പോലെയും, കാറ്റത്തു പാറുന്ന പതിരുപോലെയും ആക്കണമേയെന്നും (സങ്കീ. 83, 13), അഗ്നി വനത്തെ വിഴുങ്ങുന്നതുപോലെയും, തീജ്വാലകൾ മലകളെ ദഹിപ്പിക്കുന്നതുപോലെയും (സങ്കീ. 83, 14), അങ്ങയുടെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരണമേയെന്നും, അങ്ങയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ പരിഭ്രമിപ്പിക്കണമേയെന്നും (സങ്കീ. 83, 15) സങ്കീർത്തകൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
"അവർ അങ്ങയുടെ നാമം അന്വേഷിക്കുന്നതിനുവേണ്ടി അവരുടെ മുഖം ലജ്ജകൊണ്ട് മൂടണമെ! അവർ എന്നേക്കും ലജ്ജിച്ചു പരിഭ്രമിക്കുകയും അപമാനിതരായി നശിക്കുകയും ചെയ്യട്ടെ! കർത്താവ് എന്ന നാമം വഹിക്കുന്ന അങ്ങ് മാത്രമാണ് ഭൂമി മുഴുവനെയും ഭരിക്കുന്ന അത്യുന്നതൻ എന്ന് അവർ അറിയട്ടെ!" (സങ്കീ. 83, 16-18) എന്നീ എൺപത്തിമൂന്നാം സങ്കീർത്തനത്തിന്റെ പതിനാറ് മുതൽ പതിനെട്ട് വരെയുള്ള അവസാനവാക്യങ്ങളിൽ, തങ്ങളുടെ സംരക്ഷണത്തിനും നിലനിൽപ്പിനും, ശത്രുക്കളുടെ പരാജയത്തനുമപ്പുറം, ദൈവത്തിന്റെ മഹത്വമാണ് ഇസ്രായേൽ ആഗ്രഹിക്കുന്നത് എന്ന് സങ്കീർത്തകൻ വ്യക്തമാക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഇസ്രയേലിന്റെ ശത്രുക്കളുടെ പരാജയം, അവരുടെ സംരക്ഷകനായ യാഹ്‌വെയുടെ നാമം ജനതകളുടെയിടയിൽ കൂടുതൽ ബഹുമാനിക്കപ്പെടാനും, അവർ അവനെ അംഗീകരിക്കാനും കാരണമാകുമെന്ന വിശ്വാസമാണ് ഇവിടെ നാം കാണുക. ഭൂമിയുടെ സ്രഷ്ടാവും പരിപാലകനും, ഭൂമിയെ മുഴുവൻ ഭരിക്കുന്ന അത്യുന്നതനുമാണ് ഇസ്രയേലിന്റെ ദൈവം (സങ്കീ. 83, 18).
സങ്കീർത്തനം ജീവിതത്തിൽ
ഇസ്രയേലിന്റെ പരാജയം ആഗ്രഹിക്കുകയും, ഇസ്രയേലിനെതിരെ സഖ്യം ചേരുകയും ചെയ്യുന്ന ശത്രുക്കളുടെ മുന്നിൽ, തങ്ങളെ സ്വന്തജനമായി തിരഞ്ഞെടുത്ത് നയിക്കുകയും, ചരിത്രത്തിന്റെ വിവിധ നിമിഷങ്ങളിൽ തങ്ങൾക്കെതിരെ വന്ന ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്‌ത ഇസ്രയേലിന്റെ ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഇസ്രായേൽ ജനതയെയാണ് എൺപത്തിമൂന്നാം സങ്കീർത്തനത്തിൽ നാം കണ്ടുമുട്ടുന്നത്. ദൈവം ഒപ്പമുണ്ടെങ്കിൽ, അവന്റെ മുഖം തങ്ങളുടെമേൽ പ്രകാശിക്കുമെങ്കിൽ, അവൻ നിശബ്ദത കൈവെടിഞ്ഞ് തങ്ങൾക്കായി പോരാടുമെങ്കിൽ, മറ്റു ജനതകൾക്ക് തങ്ങൾക്കെതിരെ വിജയിക്കാനാകില്ലെന്നും, അവർ കാറ്റിൽ പറക്കുന്ന പൊടി പോലെ ചിതറിക്കപ്പെടുമെന്നും, പരാജയപ്പെടുമെന്നുമുള്ള ബോധ്യമാണ് ഇസ്രായേലിന് സുരക്ഷിതത്വബോധമേകുന്നത്. തങ്ങളുടെ ശത്രുക്കളുടേമേൽ നേടാനാകുന്ന വിജയത്തിന്, തങ്ങളുടെ മാത്രം വിജയം എന്ന ലക്ഷ്യത്തെക്കാൾ, അത്യുന്നതനായ ദൈവത്തിന്റെ ശക്തിയുടെയും മഹത്വത്തിന്റെയും ഉദ്‌ഘോഷമെന്നൊരു ഉന്നതമായ ലക്‌ഷ്യവും അർത്ഥവും നൽകാനും ഈ സങ്കീർത്തനം പരിശ്രമിക്കുന്നുണ്ട്. നേട്ടങ്ങളും വിജയങ്ങളും സ്വന്തമെന്ന് കരുതാതെ, ദൈവത്തിന് മഹത്വം നൽകാൻ നമുക്കും സാധിക്കണം. ശത്രുക്കൾ സഖ്യം ചേരട്ടെ, ഗൂഢാലോചനകൾ നടത്തട്ടെ, കെണിയുയർത്തട്ടെ, ദൈവം ഹിതമാകുന്നെങ്കിൽ, അവൻ നമ്മിൽ സംപ്രീതനാകുന്നെങ്കിൽ, സംരക്ഷണത്തിന്റെ കോട്ടയൊരുക്കുന്ന ഇസ്രയേലിന്റെ ദൈവം വിജയവും മഹത്വവും നമ്മുടേതാക്കുമെന്ന ബോധ്യത്തിൽ ജീവിക്കാൻ നമുക്കാകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: