തിരയുക

സങ്കീർത്തനചിന്തകൾ - 84 സങ്കീർത്തനചിന്തകൾ - 84 

ഇസ്രായേൽ ജനതയ്ക്ക് പ്രിയപ്പെട്ട ജെറുസലേം നഗരവും ദേവാലയവും

വചനവീഥി: എൺപത്തിനാലാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
എൺപത്തിനാലാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സീയോൻ നഗരത്തിന്റെയും ദൈവഭവനത്തിന്റെയും സാമീപ്യവും ഓർമ്മകളും ഇസ്രായേൽ ജനതയ്ക്ക് നൽകിയിരുന്ന ആനന്ദവും ഗൃഹാതുരത്വവും വ്യക്തമാക്കുന്ന സീയോൻ കീർത്തനങ്ങളുടെ ഗണത്തിൽപ്പെടുന്ന ഒരു ഗീതമാണ്, "ഗായകസംഘനേതാവിന് ഗിത്യരാഗത്തിൽ കോറഹിന്റെ പുത്രന്മാരുടെ സങ്കീർത്തനം" എന്ന തലക്കെട്ടോടെയുള്ള  എൺപത്തിനാലാം സങ്കീർത്തനം. സീയോനിലേക്ക്, ജെറുസലേമിലേക്കുള്ള തീർത്ഥാടനം ഇസ്രായേൽ വംശജർക്ക് ഏറെ പ്രധാനപ്പെട്ട ഒരു നിമിഷമാണ്. ദൈവം വസിക്കുന്ന നഗരത്തിന്റെയും, ദൈവഭവനത്തിന്റെയും സാന്നിദ്ധ്യം ആസ്വദിക്കുക എന്നതിൽ അവരനുഭവിക്കുന്ന ആനന്ദം ഈ സങ്കീർത്തനത്തിലും വ്യക്തമാണ്. അകലെനിന്നേ സീയോൻ നഗരം കാണുമ്പോൾ, തങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കപ്പെടാൻ പോകുന്നുവെന്ന സന്തോഷത്തോടെ അവർ പാടുന്ന ഗീതമാണിത്. ദൈവത്തിന്റെ സ്നേഹസാമീപ്യം അനുഭവിച്ച്, അവന്റെ ഭവനത്തിൽ ആയിരിക്കുന്നതിനുവേണ്ടിയുള്ള ഒരു വിശ്വാസിയുടെ അഭിലാഷവും ഇവിടെ വ്യക്തമാണ്. സുരക്ഷിതമായ കൂടിനായി ആഗ്രഹിക്കുന്ന ഒരു ചെറുപക്ഷിയെപ്പോലെയാണ് ദൈവഭവനത്തിന്റെ സുരക്ഷിതത്വത്തിനായി വിശ്വാസി ആഗ്രഹിക്കുന്നത്.  എല്ലാ അനുഗ്രഹങ്ങളുടെയും നന്മകളുടെയും ഉറവിടമായ ദൈവത്തിനൊപ്പമായിരിക്കാനുള്ള ആത്മാവിന്റെ ഇംഗിതമാണ് ഇവിടെ നമുക്ക് കാണാനാകുക.

ദൈവഭവനത്തിലെത്താനുള്ള വിശ്വാസിയുടെ ആഗ്രഹം

യാഹ്‌വെയുടെ സാന്നിദ്ധ്യമുള്ള, ദേവാലയത്തിലേക്ക് എത്താനുള്ള ഒരു വിശ്വാസിയുടെ ആഗ്രഹത്തിന്റെ തീവ്രതയെ വ്യക്തമാക്കുന്നവയാണ് എൺപത്തിനാലാം സങ്കീർത്തനത്തിന്റെ ആദ്യ നാലു വാക്യങ്ങൾ: "സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!" (സങ്കീ. 84, 1) എന്ന ഒന്നാം വാക്യം, ജെറുസലേം ദേവാലയത്തെക്കുറിച്ചുള്ള ഇസ്രായേൽക്കാരുടെ മനസ്സിലെ ചിത്രം വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ പിതാക്കന്മാർക്കും, തങ്ങൾക്കും സുരക്ഷയുടെ പാതയൊരുക്കിയ, സംരക്ഷകനായ ദൈവമാണ് യാഹ്‌വെ. പുറപ്പാട് സംഭവത്തിലെന്നപോലെ, സങ്കീർത്തനത്തിൽ നാം കണ്ടുമുട്ടുന്ന ഇസ്രായേൽ ജനവും ദൈവത്തിന്റെ ഭവനത്തെ ഏറെ സ്നേഹിക്കുന്നുണ്ട്. "എന്റെ ആത്മാവ് കർത്താവിന്റെ അങ്കണത്തിലെത്താൻ വാഞ്ഛിച്ചു തളരുന്നു; എന്റെ മനസ്സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു" (സങ്കീ. 84, 2) എന്ന രണ്ടാം വാക്യം, ദേവാലയത്തിന്റെ ഭംഗിയേക്കാൾ, ദൈവസാന്നിദ്ധ്യത്തോടും അവന്റെ ഭവനത്തോടുമുള്ള സങ്കീർത്തകന്റെ ആത്മാവിന്റെ അടങ്ങാനാകാത്ത ഇഷ്ടമാണ് അവനെ ജെറുസലേമിലേക്ക് നയിക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. ദൈവസ്നേഹത്തിന്റെ ആഴം അവനെ തളർത്തുന്നുണ്ട്. ദൈവത്തെ കണ്ടുമുട്ടുന്ന, അവന്റെ സാന്നിദ്ധ്യമനുഭവിക്കുന്ന ദേവാലയത്തിലായിരിക്കുന്നതിൽ വിശ്വാസിയുടെ മനസ്സും ശരീരവും അതിയായ ആനന്ദവും ആശ്വാസവും അനുഭവിക്കുന്നുണ്ട്.

പ്രകൃതിയുയർത്തുന്ന കഠിനമായ വെല്ലുവിളികൾക്ക് മുന്നിൽ, സുരക്ഷിതമായ കൂട് എന്നത് ഒരു ചെറുപക്ഷിക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണോ, അതേ പ്രാധാന്യവും സുരക്ഷിതത്വബോധവുമാണ് ദേവാലയത്തിലുള്ള വാസം ഒരു വിശ്വാസിയുടെ ഹൃദയത്തിലേകുന്നത് എന്ന ഒരു ചിന്തയാണ് മൂന്നാം വാക്യം നമുക്ക് മനസ്സിലാക്കിത്തരിക: “എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കർത്താവേ, കുരികിൽപ്പക്ഷി ഒരു സങ്കേതവും മീവൽപ്പക്ഷി കുഞ്ഞിന് ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കൽ കണ്ടെത്തുന്നുവല്ലോ" (സങ്കീ. 84, 3). ദൈവത്തെ സ്തുതിച്ചുകൊണ്ട് ദൈവസാന്നിദ്ധ്യത്തിൽ, ദേവാലയത്തിനുള്ളിൽ ആയിരിക്കുന്നത് ഒരു ഭാഗ്യമായാണ് സങ്കീർത്തകൻ കാണുകയെന്ന് നാലാം വാക്യം വ്യക്തമാക്കുന്നുണ്ട്.

തീർത്ഥാടകന്റെ ശക്തിയായ ദൈവം

സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ ഏഴ് വരെയുള്ള വാക്യങ്ങളിൽ, യാഹ്‌വെ തന്നെയാണ്, തന്നിലേക്കും, തന്റെ ഭവനത്തിലേക്കുമുള്ള യാത്രയിൽ ഒരു തീർത്ഥാടകന്റെ മനസ്സിനും ശരീരത്തിനും ശക്തിയും ഊർജ്ജവുമേകുന്നതെന്ന് സങ്കീർത്തകൻ ഉദ്‌ബോധിപ്പിക്കുന്നത് നമുക്ക് കാണാം. സ്വന്തം ആരോഗ്യമോ ശക്തിയോ അല്ല ഒരു വിശ്വാസിയുടെ പാദങ്ങൾക്ക് കരുത്തേകുന്നത്, മറിച്ച് അവനിലെ ദൈവസ്നേഹവും, ഒരു തീർത്ഥാടനകനെന്ന നിലയിൽ അവൻ ഉള്ളിൽ കൊണ്ടുനടക്കുന്ന സീയോനെയും, ദൈവഭവനത്തെയും കുറിച്ചുള്ള സ്വപ്‌നങ്ങളും, അവയെ യാഥാർഥ്യമാക്കുന്ന ദൈവവുമാണ്. ദൈവസാന്നിദ്ധ്യത്തിലേക്കുള്ള യാത്രയുടെ ആഗ്രഹത്തിന്റെ തീവ്രതയും, അത് എപ്രകാരം ഒരുവന്റെ ജീവിതത്തെ മാറ്റിമറിക്കുന്നുവെന്ന ചിന്തയുമാണ്  "ബാക്കാത്താഴ്വരയിലൂടെ കടന്നുപോകുമ്പോൾ അവർ അതിനെ നീരുറവകളുടെ താഴ്വരയാക്കുന്നു; ശരത്കാലവൃഷ്ടി അതിനെ ജലാശയങ്ങൾ കൊണ്ട് നിറയ്ക്കുന്നു" (സങ്കീ. 84, 6) എന്ന ആറാം വാക്യം വ്യക്തമാക്കുന്നത്. എത്ര വരണ്ടതും, ബുദ്ധിമുട്ടേറിയതുമായ വഴികളിലും നീരുറവകൾ സൃഷ്ടിക്കാനും, ആ പാതകൾ പ്രത്യാശ നിറഞ്ഞതാക്കാനും ദൈവസ്നേഹത്തിനും, ദൈവവിശ്വാസത്തിനുമാകും. ദൈവസന്നിധിയിലേക്കുള്ള തീർത്ഥാടനം ഒരുവന്റെ വിശ്വാസജീവിതത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഏഴാം വാക്യം വ്യക്തമാക്കുന്നു: "അവർ കൂടുതൽ കൂടുതൽ ശക്തിയാർജ്ജിക്കുന്നു; അവർ ദൈവത്തെ സീയോനിൽ ദർശിക്കും" (സങ്കീ. 84, 7). ഏതൊരു വ്യക്തിയുടെയും ജീവിതയാത്രയുടെ അവസാനം ദൈവസന്നിധിയിലേക്കെത്തുക എന്നതാണെന്നുകൂടി ഈ വാക്യം ദ്യോതിപ്പിക്കുന്നുണ്ട്.

തീർത്ഥാടകന്റെ പ്രാർത്ഥനയും വിശ്വാസവും

ദൈവസാന്നിദ്ധ്യത്തിലേക്കെത്താനുള്ള ഒരുവന്റെ വിശ്വാസം നിറഞ്ഞ പ്രാർത്ഥനയാണ് സങ്കീർത്തനത്തിന്റെ എട്ടും ഒൻപതും വാക്യങ്ങളിൽ നമുക്ക് കാണാനാകുക: "സൈന്യങ്ങളുടെ ദൈവമായ കർത്താവേ, എന്റെ പ്രാർത്ഥന ശ്രവിക്കേണമേ! യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളണമേ! ഞങ്ങളുടെ പരിചയായ ദൈവമേ, അങ്ങയുടെ അഭിഷിക്തനെ കടാക്ഷിക്കണമേ!" (സങ്കീ. 84, 8-9). ഇസ്രായേൽ ജനത്തിനും, ദൈവം തിരഞ്ഞെടുത്ത അവിടുത്തെ അഭിഷിക്തനായ രാജാവിനും സംരക്ഷണത്തിന്റെ പരിചയായിരുന്നത് യാഹ്‌വെയാണ്.

എന്തുകൊണ്ടാണ് താൻ ദേവാലയവും, ദൈവസന്നിധിയും ഇഷ്ടപ്പെടുന്നതെന്ന് പത്തുമുതലുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ വ്യക്തമാക്കുന്നുണ്ട്. ദൈവത്തിൽനിന്നകന്ന് ജീവിക്കുന്ന ആയിരം ദിനങ്ങളെക്കാൾ, ദൈവസാന്നിദ്ധ്യത്തിലും, അവന്റെ ഭവനാങ്കണത്തിലും ഒരു ദിനമെങ്കിലും ആയിരിക്കുന്നത്, ദൈവ സൃഷ്ടികളും, ജനവുമായ മനുഷ്യർക്ക് അഭികാമ്യമാണെന്നും, തന്റെ ജനത്തെ തന്നോട് ചേർത്തുപിടിക്കുന്ന ദൈവത്തിന്റെ വാതിൽകാവൽക്കാരനാകുന്നതാണ്, ദുഷ്ടരുടെ കൂടാരങ്ങളിലെ സുഖസൗകര്യങ്ങളെക്കാൾ മെച്ചമെന്നും പത്താം വാക്യത്തിൽ സങ്കീർത്തകൻ ഏറ്റുപറയുന്നു. ഈയൊരു ചിന്തയ്ക്കുള്ള കാരണം പതിനൊന്നാം വാക്യത്തിലൂടെ അവൻ വ്യക്തമാക്കുന്നുണ്ട്: "എന്തെന്നാൽ, ദൈവമായ കർത്താവ് സൂര്യനും പരിചയുമാണ്, അവിടുന്ന് കൃപയും ബഹുമതിയും നൽകുന്നു; പരാമർത്ഥതയോടെ വ്യാപാരിക്കുന്നവർക്ക് ഒരു നന്മയും അവിടുന്ന് നിഷേധിക്കുകയില്ല" (സങ്കീ. 84, 11). ഇസ്രായേൽ ജനതയുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ വാക്യങ്ങൾ കൂടുതൽ വ്യക്തമാണ്. തന്റെ കൽപനകൾ അനുസരിക്കുകയും, തന്റെ മാർഗ്ഗത്തിൽ ചരിക്കുകയും ചെയ്തവരെ സംരക്ഷിച്ച് പരിപാലിച്ച, അവരുടേമേൽ അനുഗ്രഹങ്ങൾ വർഷിച്ച ഉടമ്പടിയുടെ ദൈവമാണ് അവിടുന്ന്. മറ്റു ജനതകളുടെ മുന്നിൽ ഇസ്രായേൽ ജനത്തെ അവിടുന്ന് ഉയർത്തിയതും, അവരോടൊപ്പം വസിച്ചതും, ദൈവത്തിന്റെ സ്വന്തജനമെന്ന പേരിൽ അവരെ ബഹുമാനാർഹരാക്കിയതും, ഇസ്രായേൽ ജനത്തോടുള്ള ദൈവത്തിന്റെ വിശ്വസ്തതയും നന്മയുമാണ് മനസ്സിലാക്കിത്തരുന്നത്. "സൈന്യങ്ങളുടെ കർത്താവേ, അങ്ങയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ" എന്ന പന്ത്രണ്ടാം വാക്യത്തോടെയാണ് ഈ സീയോൻ ഗീതം അവസാനിക്കുന്നത്. ദൈവത്തിന്റെ മഹത്വവും നന്മയും അനുഭവിച്ചറിഞ്ഞ ഒരു വിശ്വാസിയുടെ മനോഭാവത്തോടെയും തിരിച്ചറിവോടെയും, അവനിൽ ശരണപ്പെട്ടുകൊണ്ടായിരിക്കണം, സങ്കീർത്തകൻ ഈ വാക്യമെഴുതുക.

സങ്കീർത്തനം ജീവിതത്തിൽ

ദൈവത്തോടൊത്തും, അവന്റെ ഭവനത്തിലും ആയിരിക്കുന്നതിലെ ആനന്ദവും അനുഗ്രഹങ്ങളും ഉറപ്പും ബോധ്യപ്പെടുത്തുന്ന സീയോൻഗീതമായ എൺപത്തിനാലാം സങ്കീർത്തനം, ഈ പ്രപഞ്ചത്തിന്റെ ഗാംഭീര്യതയ്ക്കും അനന്തതയ്ക്കും, തിന്മയുടെ വിജയങ്ങൾക്കും, ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾക്കും, പലപ്പോഴും ജീവിതത്തിൽ അനുഭവപ്പെട്ടേക്കാവുന്ന നിരർത്ഥകതയ്ക്കും മുന്നിൽ മനോഹരമായ ഒരു ഉദ്ബോധനവും, വിശ്വാസത്തിന്റെ സാക്ഷ്യവുമായി നിൽക്കുന്നുണ്ട്. എല്ലാ പ്രതികൂലതകളുടെ മുന്നിലും, വിശ്വാസത്തിന്റെ പാതയിൽ ഉറച്ചുനിൽക്കുന്നതിലെ ഭംഗിയും, ദൈവസാന്നിദ്ധ്യവും ദൈവഭവനവും ലക്ഷ്യമാക്കിയുള്ള ഈ ഭൂമിയിലെ തീർത്ഥയാത്രയുടെ അർത്ഥവും പ്രാധാന്യവും, ദൈവത്തിന് മാത്രം നൽകാനാകുന്ന, തകരാത്ത സുരക്ഷയും, ഈ സങ്കീർത്തനം നമുക്ക് മുന്നിൽ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ഇസ്രായേൽ ജനതയുടേതെന്നപോലെ, സൃഷ്ടാവും പരിപാലകനും പിതാവുമായ ദൈവത്തിലുള്ള വിശ്വാസം, നമ്മുടെ ജീവിതപാതകളെയും ഭംഗിയും അനുഗ്രഹവും നിറഞ്ഞവയാക്കട്ടെ.  ദൈവത്തിന്റെ ആലയവും, ദൈവത്തെക്കുറിച്ചുള്ള ചിന്തകളും, അവന്റെ അനുഗ്രഹീതസാന്നിദ്ധ്യവും സീയോൻ തീർത്ഥാടകരെപ്പോലെ നമ്മെയും ആനന്ദചിത്തരാക്കട്ടെ. ദൈവത്തോടുള്ള ആത്മാർത്ഥയും, കുറയാത്ത സ്നേഹവും നമ്മുടെ ജീവിതങ്ങളെയും അനുഗ്രഹീതമാക്കട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2024, 17:13