നവജീവനും രക്ഷയ്ക്കുമായുള്ള പ്രാർത്ഥന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദൈവം തങ്ങൾക്കേകിയ അനുഗ്രഹങ്ങളെയും, പാപപ്പൊറുതിയെയും അനുസ്മരിച്ച്, ദൈവകൃപയ്ക്കായും ദൈവകരുണയ്ക്കയും അപേക്ഷിക്കുന്ന ഒരു വിലാപഗാനമാണ് എൺപതിയഞ്ചാം സങ്കീർത്തനം. ആരാധനാവേളയിലെ ഉപയോഗത്തിനായി വിരചിതമായ ഒരു സങ്കീർത്തനമാകാം ഇതെന്ന് കരുതപ്പെടുന്നു. പ്രാർത്ഥനാവേളയിൽ പുരോഹിതനോ പ്രവാചകനോ പറയുന്ന ശൈലിയിൽ "ദൈവം അരുളിചെയ്യുന്ന" വാക്കുകൾ എന്ന രീതിയിലുള്ള ആശ്വാസവചനങ്ങളും ഈ കീർത്തനത്തിന്റെ അവസാനഭാഗത്ത് കാണാം. തന്നിൽ പ്രതീക്ഷയർപ്പിക്കുന്നവർക്ക് ഉത്തരം ലഭിക്കുമെന്ന, രക്ഷ ലഭിക്കുമെന്ന ഉറപ്പാണ് ദൈവത്തിൽനിന്ന് ജനത്തിന് ലഭിക്കുന്നത്. ബാബിലോൺ പ്രവാസകാലത്തിന് ശേഷം അഞ്ചാം നൂറ്റാണ്ടോടെ എഴുതപ്പെട്ട പ്രവാചകഗ്രന്ഥങ്ങളിലെ ശൈലിയാണ് "ഗായകസംഘനേതാവിന് കോറഹിന്റെ പുത്രന്മാരുടെ സങ്കീർത്തനം" എന്ന തലക്കെട്ടോടെയുളള ഈ സങ്കീർത്തനത്തിലും നാം കാണുന്നത്. ഹഗ്ഗായിയുടെ ഒന്നാം അദ്ധ്യായം അഞ്ചുമുതലുള്ള വാക്യങ്ങളും, രണ്ടാം അദ്ധ്യായം ആറുമുതലുള്ള വാക്യങ്ങളും ഇതിന് ഉദാഹരണമാണ്. ദൈവത്തെ ഭയപ്പെടുക എന്നതിനപ്പുറം, പ്രവാചകഗ്രന്ഥങ്ങളിൽ പൊതുവായി കാണുന്നതുപോലെയുള്ള നീതിയുടെയോ വിശ്വസ്തതയുടെയോ പ്രത്യേക പ്രവൃത്തികൾ ഒന്നും ഇവിടെ സങ്കീർത്തകൻ ജനങ്ങളിൽനിന്ന് ആവശ്യപ്പെടുന്നില്ല എന്ന് കാണാം. പകരം ആകാശത്തുനിന്നും നീതി ഭൂമിയെ കടാക്ഷിക്കുമെന്നും, കർത്താവ് നന്മ പ്രദാനം ചെയ്യുമെന്നും, ദേശത്ത് സമൃദ്ധമായ വിളവുണ്ടാകുമെന്നുമുള്ള വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് നൽകപ്പെടുന്നത്.
ഇസ്രയേലിന്റെ ചരിത്രവും ദൈവകൃപയും
തങ്ങളുടെ ചരിത്രത്തിൽ, ദൈവം തങ്ങളോട് കാണിച്ച കൃപയും കാരുണ്യവും ക്ഷമയുമാണ്, പൊതുആരാധനയുടെ ഭാഗമായി ഉപയോഗിച്ചിരുന്ന എൺപത്തിയഞ്ചാം സങ്കീർത്തനത്തിന്റെ ആദ്യ മൂന്ന് വാക്യങ്ങളിൽ സങ്കീർത്തകനൊപ്പം ജനങ്ങൾ അനുസ്മരിക്കുന്നത്: "കർത്താവേ, അങ്ങയുടെ ദേശത്തോട് അങ്ങ് കാരുണ്യം കാണിച്ചു; യാക്കോബിന്റെ ഭാഗധേയം അവിടുന്ന് പുനഃസ്ഥാപിച്ചു. അങ്ങയുടെ ജനത്തിന്റെ അകൃത്യം അങ്ങ് മറന്നു; അവരുടെ പാപം അവിടുന്ന് ക്ഷമിച്ചു. അങ്ങ് എല്ലാ ക്രോധവും പിൻവലിച്ചു; തീക്ഷ്‌ണമായ കോപത്തിൽനിന്ന് അങ്ങ് പിൻമാറി" (സങ്കീ. 85, 1-3). ബാബിലോൺ പ്രവാസകാലത്തെക്കുറിച്ചും, അവിടെനിന്നുള്ള മോചനത്തെക്കുറിച്ചുമുള്ള ഇസ്രായേൽ ജനതയുടെ ചിന്തകളായിരിക്കണം ഈ വാക്യങ്ങൾക്ക് പിന്നിൽ. ദൈവജനത്തിന്റെ അവിശ്വസ്തതയുടെയും, ദൈവകോപത്തിന്റെയും, പ്രവാചകന്മാരിലൂടെയുള്ള ദൈവത്തിന്റെ ഇടപെടലിന്റെയും, ദൈവജനത്തിന്റെ അനുതാപത്തിന്റെയും, ദൈവവും ദൈവജനവുമായുള്ള അനുരഞ്ജനത്തിന്റെയും അനുഭവങ്ങളാണ് പഴയനിയമം നമുക്ക് മുന്നിൽ വയ്ക്കുന്നത്. ഇസ്രയേലിന്റെ പാപത്തെക്കാൾ വലുതായിരുന്നു ദൈവത്തിന്റെ കരുണയെന്ന് ദൈവജനത്തിന്റെ ചരിത്രം നമ്മോട് പറയുന്നുണ്ട്. ഭൂമിയും അതിലെ ദേശങ്ങളും ദൈവത്തിന്റേതാണെന്ന തങ്ങളുടെ ബോധ്യം ഏറ്റുപറയുന്ന ഇസ്രേയേൽ ജനം പക്ഷെ, മണ്ണിനേക്കാൾ ദൈവത്തിന്റെ കരുണയ്ക്കും പ്രീതിക്കും കൊടുക്കുന്ന പ്രാധാന്യവും ഈ സങ്കീർത്തനഭാഗത്ത് വ്യക്തമാണ്. സർവ്വശക്തനായ ദൈവത്തിന്റെ കരുണ സ്വന്തമാക്കുന്നതിലെ സന്തോഷവും ഇവിടെ നമുക്ക് കാണാം. മുപ്പത്തിരണ്ടാം സങ്കീർത്തനത്തിന്റെ ആദ്യഭാഗത്തും, തങ്ങളുടെ പാപങ്ങളെയും വീഴ്ചകളെയും ഓർത്ത് വിലപിക്കുകയും, ദൈവകരുണ നേടുകയും ചെയ്യുന്ന ഇസ്രയേലിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ദൈവകരുണയ്ക്കായുള്ള പ്രാർത്ഥനയും പരിദേവനങ്ങളും
സങ്കീർത്തനത്തിന്റെ നാലുമുതൽ ഏഴുവരെയുള്ള വാക്യങ്ങളിൽ, ദൈവകരുണയ്ക്കും, പുനരുദ്ധാരണത്തിനും നവജീവനും വേണ്ടിയുള്ള പ്രാർത്ഥനയാണ് ഇസ്രായേൽ നടത്തുന്നത്. ദൈവത്തിന്റെ ക്ഷമയും കൃപയും തങ്ങൾക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ദൈവജനം കരുതിയിരുന്നു എന്ന് ഈ വാക്യങ്ങൾ വ്യക്തമാക്കുന്നു. ആദ്യഭാഗത്ത്, ദൈവകരുണയെക്കുറിച്ച് ദൈവത്തെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്ന സങ്കീർത്തകൻ, ഇപ്പോൾ വീണ്ടും അവന്റെ കരുണയ്ക്കായും, അതുവഴി തങ്ങളുടെ ജീവിതം പുനരുദ്ധരിക്കപ്പടുന്നതിനായും യാചിക്കുന്നു. പ്രവാസത്തിനു ശേഷം തിരികെയെത്തിയ തന്റെ ജനതയിൽ ദൈവം കനിഞ്ഞ് അവരെ ഇസ്രായേൽനാട്ടിൽ വീണ്ടും സ്ഥാപിക്കുകയും അവർക്ക് പുതുജീവൻ നൽകുകയും ചെയ്‌തു എന്ന ചരിത്രത്തിന്റെ പശ്ചാത്തലവും ഇവിടെ പ്രധാനപ്പെട്ടതാണ്. ദൈവത്തിന്റെ അനുഗ്രഹവും പ്രീതിയും എന്നപോലെ അവിടുത്തെ ക്രോധവും തലമുറകളോളം നീണ്ടുനിൽക്കുമെന്ന ഭയത്തോടെയാണ്, എന്നേക്കും തങ്ങളോട് കോപിഷ്ഠനായിരിക്കുമോ എന്നും, തലമുറകളോളം അവിടുത്തെ കോപം നിലനിൽക്കുമോ എന്നും ദൈവജനം ചോദിക്കുക (സങ്കീ. 85, 5). ദൈവകരുണയും കൃപയും തങ്ങളുടെമേൽ വർഷിക്കപ്പെടുന്നില്ലെങ്കിൽ, ദൈവമേകുന്ന നവജീവനില്ലെങ്കിൽ തങ്ങളുടെ ജീവിതം ആനന്ദപൂർണ്ണമാകില്ലെന്നും ഇസ്രായേൽ ജനം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ, "കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയണമേ! ഞങ്ങൾക്ക് രക്ഷ പ്രദാനം ചെയ്യണമേ!" (സങ്കീ. 85, 7) എന്ന് ജനത്തിനൊപ്പം സങ്കീർത്തകൻ പ്രാർത്ഥിക്കുന്നു.
ദൈവാനുഗ്രത്തിന്റെ വാഗ്ദാനങ്ങൾ
ദൈവകരുണയ്ക്കായും ക്ഷമയ്ക്കായും പ്രാർത്ഥിക്കുന്ന ദൈവജനത്തിന്റെ വിശ്വാസവും ഉറപ്പും വ്യക്തമാക്കുന്ന, എന്നാൽ അതെ സമയം തന്റെ ജനത്തിനുള്ള ദൈവത്തിന്റെ സന്ദേശമെന്ന ശൈലിയിലുള്ള വാക്കുകളാണ് സങ്കീർത്തനത്തിന്റെ എട്ടുമുതലുള്ള വാക്യങ്ങളിൽ നാം കാണുക. പ്രാർത്ഥനാവേളയിൽ പുരോഹിതനോ, പ്രവാചകനോ ദൈവനാമത്തിൽ പറയുന്ന വാക്കുകളാണിവ. "കർത്താവായ ദൈവം അരുളിചെയ്യുന്നത് ഞാൻ കേൾക്കും; അവിടുന്ന് തന്റെ ജനത്തിനു സമാധാനം അരുളും; ഹൃദയപൂർവ്വം തന്നിലേക്ക് തിരിയുന്ന തന്റെ വിശുദ്ധർക്കുതന്നെ" (സങ്കീ. 85, 8) എന്ന എട്ടാം വാക്യത്തിൽ ഇത് വ്യക്തമാണ്. ദൈവനാമത്തിലാണ് പ്രവാചകരും പുരോഹിതരും ദൈവജനത്തോട് സംസാരിച്ചിരുന്നത്. എട്ടാം വാക്യത്തോടൊപ്പം "അവിടുത്തെ ഭയപ്പെടുന്നവർക്ക് രക്ഷ സമീപസ്ഥമാണ്; മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും" (സങ്കീ. 85, 9) എന്ന ഒൻപതാം വാക്യം ദൈവകൃപയ്ക്കായുള്ള വ്യവസ്ഥകൾ ദൈവജനത്തിന് മുന്നിൽ വയ്ക്കുന്നുണ്ട്. ദൈവത്തിലേക്ക് തിരിയുക, അവിടുത്തെ ഭയപ്പെടുക. ദൈവത്തിന് മുൻപിൽ സ്വയം ചെറുതാകുകയും, അവിടുത്തെ കരുണയ്ക്കായി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്യുകയെന്നതാണ് ഒരു വിശ്വാസി സ്വീകരിക്കേണ്ട മനോഭാവമെന്നും, കൃപയും രക്ഷയും ദൈവകരുണയും സ്വന്തമാക്കാൻ ദൈവസാന്നിദ്ധ്യത്തിൽ ജീവിക്കണമെന്നുമുള്ള ഒരോർമ്മപ്പെടുത്തൽകൂടിയാകുന്നുണ്ട് ഈ വാക്യങ്ങൾ.
ദൈവം രക്ഷ പ്രദാനം ചെയ്യുന്നതിലൂടെ തന്റെ ജനത്തിനായി നൽകുന്ന അനുഗ്രഹങ്ങൾക്കുറിച്ചാണ് പത്തുമുതലുള്ള വാക്യങ്ങൾ പ്രതിപാദിക്കുന്നത്. അവയെ ചില സദ്ഗുണങ്ങളായി സങ്കീർത്തകൻ ഇവിടെ അവതരിപ്പിക്കുന്നു: "കാരുണ്യവും വിശ്വസ്തതയും തമ്മിൽ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും. ഭൂമിയിൽ വിശ്വസ്തത മുളയെടുക്കും; നീതി ആകാശത്തുനിന്ന് ഭൂമിയെ കടാക്ഷിക്കും. കർത്താവ് നന്മ പ്രദാനം ചെയ്യും; നമ്മുടെ ദേശം സമൃദ്ധമായി വിളവുനൽകും" (സങ്കീ. 85, 10-12). സ്നേഹവും കാരുണ്യവുമുള്ളിടത്താണ് കുറവുകളില്ലാത്ത വിശ്വസ്‌തത വാഴുക. നീതി നിലനിൽക്കുന്നിടത്ത് സമാധാനവും. ദൈവജനത്തിൽ ഈ പുണ്യങ്ങൾ വളരുമ്പോൾ, ദൈവികമായ നീതിക്ക് അവർ അര്ഹരായിത്തീരുകയും, അവിടുന്ന് അവരെ കരുണയോടെ കടാക്ഷിക്കുകയും ചെയ്യും. ഭൂമിയെയും, അതിലെ സകലതിനെയും സൃഷ്‌ടിച്ച ദൈവമായ കർത്താവാണ് മനുഷ്യന്റെ ഭൂമിയിലെ അദ്ധ്വാനത്തിന് പ്രതിഫലമേകുന്നത്. പാപം മൂലം ഏദൻതോട്ടത്തിൽനിന്ന് പുറത്താക്കപ്പെട്ട ആദത്തിന് ദൈവം നൽകിയ വാഗ്ദാനങ്ങളിൽ ഒന്നിന്റെ പൂർത്തീകരണം കൂടിയാണ് ഇവിടെ നാം കാണുക. "നീതി അവിടുത്തെ മുൻപിൽ നടന്ന് അവിടുത്തേക്ക് വഴിയൊരുക്കും" (സങ്കീ. 85, 13) എന്ന പതിമൂന്നാം വാക്യത്തോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. നീതി, ദൈവകമായ ഒരു മൂല്യമാണെന്നതിനുപരി, ദൈവസാന്നിദ്ധ്യത്തിന്റെ അടയാളം കൂടിയായി മാറുന്നുണ്ട് എന്ന് സങ്കീർത്തകൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവത്തിന്റെ മാർഗ്ഗം നീതിയുടേതാണെങ്കിൽ, ദൈവജനത്തിന് ഇ ഭൂമിയിൽ പിന്തുടരാനുള്ള ഉത്തമമായ മാർഗ്ഗവും അതുതന്നെയാണ്.
സങ്കീർത്തനം ജീവിതത്തിൽ
രക്ഷാകരചരിത്രത്തിന്റെ ഭാഗമായി കടന്നുപോയ തങ്ങളുടെ പൂർവ്വികരിലും തങ്ങളുടെ ദേശത്തും കരുണയും രക്ഷയും വർഷിച്ച, തന്റെ ജനത്തിന് സമീപസ്ഥനായിരുന്ന, നീതിമാനും വിശ്വസ്‌തനുമായ ദൈവത്തോട്, തങ്ങളുടെ പിതാക്കന്മാർ അനുഭവിച്ച രക്ഷയുടെയും കരുണയുടെയും അനുഭവം തങ്ങൾക്കും നൽകണമേയെന്ന് പ്രാർത്ഥിക്കുന്ന ദൈവജനത്തെയാണ് സങ്കീർത്തകൻ എൺപത്തിയഞ്ചാം സങ്കീർത്തനത്തിൽ അവതരിപ്പിച്ചത്. ദൈവകോപത്തിനും ക്രോധത്തിനും തങ്ങൾ അർഹരാണെന്നുള്ള അവരുടെ തിരിച്ചറിവാണ്, ദൈവകരുണയ്ക്കും ക്ഷമയ്ക്കുമായി പ്രാർത്ഥിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. ഈ സങ്കീർത്തനവിചിന്തനത്തിലൂടെ കടന്നുപോകുന്ന നാമും, ഇസ്രായേൽജനത്തെപ്പോലെ, നമ്മുടെ പാപാവസ്ഥകളെക്കുറിച്ചും, വീഴ്ചകളെക്കുറിച്ചും ഉള്ള തിരിച്ചറിവുകളോടെ ജീവിക്കാനും, ആനന്ദവും ആശ്വാസവും നമ്മിൽ നിറയ്ക്കാൻ കഴിവുള്ള ദൈവകരുണയ്ക്കായി യാചിക്കാനും, നീതിയിലും സമാധാനത്തിലും വിശ്വസ്തതയിലും ജീവിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. ദൈവസാന്നിദ്ധ്യബോധത്തോടെ, ദൈവത്തോടും മനുഷ്യരോടുമുള്ള വിശ്വസ്തതയിൽ ജീവിക്കുകയും, ദൈവികമായ നീതി പുലർത്തുകയും, ദൈവത്തിന് പ്രിയപ്പെട്ട ജനമായി മാറുകയും അവന്റെ അനുഗ്രഹങ്ങൾ സ്വന്തമാക്കുകയും അവനിൽ ആനന്ദിക്കുകയും ചെയ്യാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: