നിസ്സഹായന്റെ പ്രാർത്ഥനയും കാരുണ്യവാനായ ദൈവവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"ദാവീദിന്റെ പ്രാർത്ഥന" എന്ന തലക്കെട്ടോടെയുള്ള എൺപത്തിയാറാം സങ്കീർത്തനം ഒരു വൈയക്തികാവിലാപഗാനമാണ്. ആരാധനാവേളയിൽ ഉപയോഗിക്കാവുന്ന ഒരു ഗീതമാണിത്. കുറവുകളും വീഴ്ചകളും, എന്നാൽ അതേസമയം ദൈവത്തിൽ വലിയ ആശ്രയബോധവും സ്വന്തമായിരുന്ന ദാവീദിന്റെ വ്യക്തിപരമായ വിലാപഗീതമായി അവതരിപ്പിക്കപ്പെടുന്ന ഈ സങ്കീർത്തനം, പക്ഷെ, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യേകമായ ഒരു നിമിഷത്തെക്കുറിച്ചല്ല പ്രതിപാദിക്കുന്നത്. ദരിദ്രനും നിസ്സഹായനും (സങ്കീ. 86, 1), എന്നാൽ ദൈവത്തിന്റെ ഭക്തനും (സങ്കീ. 86, 2), അവന്റെ ദാസനും (സങ്കീ. 86, 4; 16), പാതാളത്തിന്റെ ആഴത്തിൽനിന്ന് രക്ഷിക്കപ്പെട്ടവനും (സങ്കീ. 86, 13), എന്നാൽ അഹങ്കാരികളാൽ വേട്ടയാടപ്പെടുന്നവനുമായി (സങ്കീ. 86, 14) സ്വയം വിശേഷിപ്പിക്കുന്ന ദാവീദ്, ദൈവത്തിന്റെ സംരക്ഷണത്തിനും കരുതലിനുമായി പ്രാർത്ഥിക്കുന്നു (സങ്കീ. 86, 1-7; 11-17). ദൈവത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ പരിഗണിച്ച് (സങ്കീ. 86, 7-8) ഈ സങ്കീർത്തനം പിൽക്കാലത്ത് വിരചിതമായതാകാമെന്ന് കരുതുന്നവരുമുണ്ട്. നിഷ്കളങ്കരുടെയും നിസ്സഹായരുടെയും ആശ്രയവും, പ്രത്യാശാകേന്ദ്രവുമാണ് സ്രഷ്ടാവും പരിപാലകനും കാരുണ്യവാനായ ദൈവം. വേദനകളിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക് സ്വന്തമാക്കാവുന്ന ഒരു പ്രാർത്ഥനയായി ഈ സങ്കീർത്തനം മാറുന്നതും, ഇതേ കാരണത്താലാണ്.
ബോധ്യങ്ങളോടെയുള്ള വിലാപം
പ്രാർത്ഥനയും പരിദേവനങ്ങളും എന്തുകൊണ്ട്, എപ്രകാരം ആയിരിക്കണം എന്നതിന് ഉദാഹരണമാണ് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ ഏഴ് വരെയുള്ള വാക്യങ്ങൾ. തിരിച്ചറിവുകളോടെയും ബോധ്യങ്ങളോടെയും വേണം പ്രാർത്ഥിക്കേണ്ടതെന്ന് ഇവിടെ സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു. തന്റെ ജീവിതാവസ്ഥയും, നിസ്സഹായതയും ബലഹീനതകളും തിരിച്ചറിയുകയും, അവയെ അംഗീകരിക്കുകയും, ദൈവത്തിന് മുന്നിൽ ഏറ്റുപറയുകയും ചെയ്യുന്നത് പ്രാർത്ഥനയെ കൂടുതൽ മനോഹരവും, ഹൃദയസ്പർശിയുമാക്കുന്നുണ്ട്. ഈയൊരു മനോഭാവം ആദ്യ നാല് വാക്യങ്ങളിൽ വ്യക്തമാണ്. താൻ ദരിദ്രനും, നിസ്സഹായനുമാകയാൽ, തന്നിലേക്ക് ചെവിചായ്ച്ച് ഉത്തരമരുളേണമേയെന്നും (സങ്കീ. 86, 1), താൻ ദൈവത്തിന്റെ ഭക്തനും, അവനിൽ ആശ്രയിക്കുന്ന ദാസനുമാകയാൽ, തന്റെ ജീവനെ സംരക്ഷിക്കണമേയെന്നും അപേക്ഷിക്കുന്ന ദാവീദ്, അങ്ങാണ് എന്റെ ദൈവം എന്ന് യാഹ്‌വെയോട് ഏറ്റുപറയുന്നു (സങ്കീ. 86, 2). നൈമിഷികമായ അനുഗ്രഹങ്ങൾക്കുവേണ്ടിയല്ല ദാവീദ് പ്രാർത്ഥിക്കുന്നത്. ദിവസം മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നുവെന്നും, തന്നോട് കരുണ കാണിക്കണമേയെന്നും (സങ്കീ. 86, 3) അതുകൊണ്ടായിരിക്കണം ദാവീദ് പ്രാർത്ഥിക്കുക. തന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേയെന്ന് അപേക്ഷിച്ചുകൊണ്ട് ദാവീദ് ദൈവത്തിലേക്ക് തന്റെ മനസ്സിനെയും ചിന്തകളെയും ഉയർത്തുന്നു (സങ്കീ. 86,4). രണ്ടാം വാക്യത്തിൽ, ഈ ദാസൻ എന്ന് തന്നെക്കുറിച്ച് പറയുന്ന ദാവീദ് എളിമയുടെ മനോഭാവമാണ് വ്യക്തമാക്കുന്നതെങ്കിൽ, നാലാം വാക്യത്തിൽ തന്നെത്തന്നെ കർത്താവിന്റെ ദാസൻ എന്നാണ് ദാവീദ് വിശേഷിപ്പിക്കുക എന്ന ഒരു വ്യത്യാസം നമുക്ക് കാണാം. തന്റെ ദാസരിൽ കരുണ കാണിക്കുന്ന അലിവുള്ള ദൈവമാണ് യാഹ്‌വെ.
അഞ്ചുമുതൽ ഏഴ് വരെയുള്ള വാക്യങ്ങളിൽ, വെറുമൊരു പ്രാർത്ഥന നടത്തുക എന്നതിനേക്കാൾ, ദൈവത്തിൽനിന്ന് ദാവീദുൾപ്പെടുന്ന അവന്റെ ഭക്തർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളും, ദൈവത്തിന്റെ പ്രവൃത്തികളും നന്നിയോടെയും ബോധ്യങ്ങളോടെയും ഏറ്റുപറഞ്ഞുകൊണ്ടാണ് സങ്കീർത്തകൻ പ്രാർത്ഥിക്കുക. കർത്താവ് നല്ലവനും ക്ഷമാശീലനും, തന്നെ വിളിച്ചപേക്ഷിക്കുന്ന തന്റെ ഭക്തരോട് സമൃദ്ധമായി കൃപ കാണിക്കുന്നവനുമാണെന്ന് (സങ്കീ. 86, 5) ഏറ്റുപറഞ്ഞുകൊണ്ടാണ്, "കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ! എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ!" (സങ്കീ. 86, 6) എന്ന് ദാവീദ് അപേക്ഷിക്കുന്നത്. ദൈവം ജീവിതത്തിൽ ചൊരിയുന്ന അനുഗ്രഹങ്ങൾ, അവനോട് കൂടുതൽ ചേർന്ന് നിൽക്കാനും, ബോധ്യങ്ങളോടയും പ്രത്യാശയോടെയും ജീവിക്കാനും പ്രാർത്ഥിക്കാനും നമ്മെ സഹായിക്കുമെങ്കിൽ, നന്ദിയോടെ ദൈവത്തിന് മുൻപിൽ അവനേകിയ അനുഗ്രഹങ്ങൾ ഏറ്റുപറയുന്നത്, കൂടുതലായി ദൈവാനുഗ്രഹങ്ങൾക്ക് പത്രങ്ങളാകാൻ നമ്മെ സഹായിക്കുകയും ചെയ്യും. "അനർത്ഥകാലത്ത് ഞാൻ അങ്ങയെ വിളിക്കുന്നു; അങ്ങ് എനിക്ക് ഉത്തരമരുളുന്നു" എന്ന ഏഴാം വാക്യത്തിലും, ബോധ്യത്തോടെയും ശരണത്തോടെയുമുള്ള പ്രാർത്ഥനയുടെ സ്വഭാവമാണ് വ്യക്തമാകുന്നത്.
ഏകനും അതുല്യനുമായ ദൈവം
സങ്കീർത്തനത്തിന്റെ എട്ട് മുതൽ പത്ത് വരെയുളള വാക്യങ്ങളിൽ യാഹ്‌വെയെന്ന ദൈവത്തിന്റെ ഔന്ന്യത്യവും അതുല്യതയും പ്രാധാന്യവുമാണ് സങ്കീർത്തകൻ ഏറ്റുപറയുക. ദാവീദിന്റെ കാലത്തിൽനിന്ന് മുന്നോട്ട് മാറി ഈ സങ്കീർത്തനരചനയുടെ സമയം ചിന്തിക്കപ്പെടാനും ഈ ആശയങ്ങൾ കാരണമാകുന്നുണ്ട്. മറ്റു ദേവന്മാരെക്കാൾ മുന്നിൽ നിൽക്കുന്ന, അവരെക്കാൾ ശക്തമായ പ്രവൃത്തികൾ ചെയ്യുന്ന അതുല്യനായ ദൈവമായാണ് ഇസ്രായേൽ ജനത തങ്ങളുടെ ദൈവത്തെ കാണുന്നത് (സങ്കീ. 86, 8). എല്ലാം സൃഷ്ടിച്ചവനാണ് യാഹ്‌വെയെന്ന ബോധ്യത്തോടെയാണ് "കർത്താവേ, അങ്ങ് സൃഷ്‌ടിച്ച ജനതകൾ വന്ന് അങ്ങയെ കുമ്പിട്ടാരാധിക്കും; അവർ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും" (സങ്കീ. 86, 9) എന്ന് സങ്കീർത്തകൻ എഴുതുക. സകല ജനതകളും ഇസ്രയേലിന്റെ നാഥനായ ദൈവത്തിന് മുന്നിൽ എത്തിച്ചേരേണ്ടവരാണെന്ന ഒരു ചിന്തകൂടെയാണ് ഇവിടെ നമുക്ക് കാണാനാവുക. വിസ്‌മയകരമായ കാര്യങ്ങൾ ചെയുന്ന, വലിയവനാണ് ദൈവമെന്നും, അവൻ മാത്രമാണ് ഏക ദൈവമെന്നും സങ്കീർത്തനം നമ്മെ ഉദ്ബോധിപ്പിക്കുന്നു (സങ്കീ. 86, 10). ദൈവത്തിന്റെ അതുല്യതയും സർവശക്തിയും തിരിച്ചറിയുന്നത്, കൂടുതൽ ആഴത്തിലുള്ള, ബോധ്യങ്ങളുള്ള വിശ്വാസത്തോടെ പ്രാർത്ഥിക്കാനും, ദൈവാനുഗ്രഹങ്ങളിലുള്ള ഉറപ്പോടെ ജീവിക്കാനും നമ്മെ സഹായിക്കും.
ദൈവത്തോട് നമ്മെ ചേർത്തുനിറുത്തുന്ന വിശ്വാസം
സങ്കീർത്തനത്തിന്റെ ആദ്യ ഏഴ് വാക്യങ്ങൾ പോലെ, ബോധ്യങ്ങളോടെയും ശരണത്തോടെയുമുള്ള പ്രാർത്ഥനകളാണ് പതിനൊന്ന് മുതൽ പതിനേഴ് വരെയുള്ള വാക്യങ്ങളിലും നാം കാണുക. തന്നോട് കൂടുതൽ ചേർന്ന് നടക്കാൻ നമുക്ക് കൃപ നൽകുന്നത് കർത്താവാണെന്നത് ഏറെ മനോഹരമായി സങ്കീർത്തകൻ പതിനൊന്നാം വാക്യത്തിൽ എഴുതുന്നുണ്ട്: "കർത്താവേ, ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ നാമത്തെ ഭയപ്പെടാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ! (സങ്കീ. 86, 11). ആത്മാർത്ഥതയോടെയുള്ള പ്രാർത്ഥനയാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് പന്ത്രണ്ടാം വാക്യം: "എന്റെ ദൈവമായ കർത്താവേ, പൂർണഹൃദയത്തോടെ ഞാൻ അങ്ങേക്ക് നന്ദി പറയുന്നു; അങ്ങയുടെ നാമത്തെ ഞാൻ എന്നും മഹത്വപ്പെടുത്തും" (സങ്കീ. 86, 12). തന്നോട് വലിയ കാരുണ്യം കാട്ടിയതിനാലും, പാതാളത്തിൽനിന്ന് തന്റെ ജീവനെ രക്ഷിച്ചതിനാലുമാണ് ദാവീദ് ഇപ്രകാരം പ്രാർത്ഥിക്കുകയും, ഹൃദയനിർഭരമായി ദൈവസ്‌തുതികൾ ആലപിക്കുകയും ചെയ്യുന്നത് (സങ്കീ. 86, 13).
തന്റെ ജീവിതത്തിൽ താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ തിരിച്ചറിഞ്ഞും, അവ ദൈവത്തിന് മുന്നിൽ ഏറ്റുപറഞ്ഞുമാണ് ദാവീദ് പ്രാർത്ഥിക്കുന്നതെന്ന് പതിനാല് മുതലുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നു. അഹങ്കാരികൾ തന്നെ എതിർക്കുകയും, കഠോരഹൃദയർ തന്റെ ജീവനെ വേട്ടയാടുകയും ചെയ്യുന്നുവെന്ന് എഴുതുന്ന സങ്കീർത്തകൻ, അതിനു കാരണമായി പറയുക, അവർക്ക് ദൈവവിചാരമില്ലാത്തതാണെന്നാണ് (സങ്കീ. 86, 14). ദൈവവിചാരം മരിക്കുന്നിടത്ത് പാപബോധവും, നന്മതിന്മകളെക്കുറിച്ചുള്ള ബോധ്യങ്ങളും മരിക്കുകയും, മനുഷ്യർ അവരുടെ അന്തസ്സ് മറന്ന് ജീവിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ പ്രവൃത്തികളെക്കാളും ചിന്തകളെക്കാളും ഉന്നതനാണ് ദൈവമെന്ന സങ്കീർത്തകന്റെ ബോധ്യം വ്യക്തമാക്കുന്നതാണ് പതിനഞ്ചാം വാക്യം: “എന്നാൽ കർത്താവേ, അങ്ങ് കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്; അങ്ങ് ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്" (സങ്കീ. 86, 15). തന്നിലേക്ക് ആർദ്രതയോടെ തിരിയണമേയെന്നും, തനിക്ക് ശക്തി നൽകണമെയെന്നും, തന്നെ രക്ഷിക്കണമേയെന്നും, ദൈവകൃപയുടെ അടയാളങ്ങൾ തന്റെ ജീവിതത്തിൽ കാണിക്കണമേയെന്നും അപേക്ഷിക്കുന്ന സങ്കീർത്തനകർത്താവ്, അവ തന്നെ വെറുക്കുന്നവർക്ക് ലജ്ജയ്ക്ക് കാരണമാകട്ടെയെന്ന് എഴുതുന്നിടത്ത്, തന്റെ ജീവിതത്തെ ദൈവമഹത്വത്തിന്റെ അടയാളമാകാൻ വേണ്ടി വിട്ടുകൊടുക്കുന്നത് നമുക്ക് കാണാം (സങ്കീ. 86, 16-17). ദൈവം തന്നെ കൈവിടില്ലെന്നും, തന്നെ സംരക്ഷിക്കുമെന്നുമുള്ള ദാവീദിന്റെ ഉറപ്പ് വ്യക്തമാക്കുന്ന "കർത്താവേ, അങ്ങ് എന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തു" എന്ന വാക്കുകളോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
തന്റെ നിസ്സഹായതയുടെ മുന്നിൽ, ബോധ്യങ്ങളോടെയും ദൈവാനുഗ്രഹങ്ങളുടെ ഏറ്റുപറച്ചിലുകളോടെയും, അതിലുപരി ആഴമേറിയ വിശ്വാസത്തോടെ പ്രാർത്ഥിക്കുകയും, അതേസമയം നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തുതിയുടെ വാക്കുകൾ ഉരുവിടുകയും ചെയ്യുന്ന ദാവീദിന്റെ പ്രാർത്ഥനയാണ് എൺപത്തിയാറാം സങ്കീർത്തനത്തിൽ നാം കാണുന്നത്. കാരുണ്യവാനും, കരുണാമയനുമായ ദൈവത്തോട് ചേർന്ന് നിൽക്കാനും, നിഷ്കളങ്കതയോടെ ജീവിക്കാനും, ബോധ്യങ്ങളോടെ ദൈവസന്നിധിയിൽ ഹൃദയം തുറന്ന് പ്രാർത്ഥിക്കാനും ഈ വാക്യങ്ങൾ നമ്മെയും ആഹ്വാനം ചെയ്യുന്നുണ്ട്. ഇസ്രയേലിന്റെ ദൈവത്തിന്റെ അപരിമേയത്വവും, അതുല്യതയും, സർവശക്തിയും ലോകത്തിന് മുന്നിൽ ഏറ്റുപറയാനും, ഈ സങ്കീർത്തനവാക്യങ്ങൾ നമുക്ക് പ്രേരകമാകേണ്ടതുണ്ട്. ജീവിതത്തിന്റെ അനർത്ഥനിമിഷങ്ങളിൽ, സർവ്വശക്തനും, തന്നിൽ അഭയമർപ്പിക്കുന്നവരെ കൈവെടിയാത്തവനുമായ ദൈവത്തിലുള്ള ബോദ്ധ്യത്തോടെയും പ്രത്യാശയോടെയും ജീവിക്കാൻ നമുക്ക് സാധിക്കണം. അഹങ്കാരവും ദൈവനിന്ദയും നിറഞ്ഞ മനുഷ്യരുടെ എതിർപ്പുകളെക്കാളും, നമുക്കെതിരെ പ്രവർത്തിക്കുകയും പറയുകയും ചെയ്യുന്ന കഠോരഹൃദയരായ മനുഷ്യരെക്കാളും ശക്തനും, നമ്മുടെ നിത്യനായ സഹായകനും അജയ്യനായ സംരക്ഷകനുമാണ് ദൈവമെന്ന ബോധ്യം നമ്മുടെ ജീവിതങ്ങളിൽ പ്രത്യാശയും ആനന്ദവും ആശ്വാസവും നിറയ്ക്കട്ടെ! ദൈവം നമ്മിൽ തന്റെ അനന്തമായ കൃപ ചൊരിയട്ടെ!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: