തിരയുക

സങ്കീർത്തനചിന്തകൾ - 87 സങ്കീർത്തനചിന്തകൾ - 87 

ലോകജനതകളും ജെറുസലേം നഗരത്തിന്റെ പ്രാധാന്യവും

വചനവീഥി: എൺപത്തിയേഴാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
എൺപത്തിയാറാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നാൽപ്പത്തിയാറ്, നാൽപ്പത്തിയെട്ട്, എഴുപത്തിയാറ്‌, നൂറ്റിമുപ്പത്തിരണ്ട്‍ തുടങ്ങിയ സങ്കീർത്തനങ്ങൾ പോലെ, ഒരു സീയോൻ കീർത്തനമാണ് "കോറഹിന്റെ പുത്രന്മാരുടെ സങ്കീർത്തനം, ഒരു ഗീതം" എന്ന തലക്കെട്ടോടുകൂടിയ എൺപത്തിയേഴാം സങ്കീർത്തനവും. ഇസ്രായേൽ ജനവും സീയോൻ നഗരവും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന മനോഹരമായ, എന്നാൽ വെറും ഏഴ് വാക്യങ്ങൾ മാത്രമുള്ള ഒരു ചെറിയ ഗീതമാണിത്. പരദേശവാസികളായി കഴിയുന്ന ഇസ്രായേൽ ജനതയുടെ ഉള്ളിൽ ജെറുസലേമിനോടുള്ള സ്നേഹബന്ധം എത്രമാത്രമാണെന്ന്, മറ്റു നഗരങ്ങളിലെ വാസത്തോടുള്ള അവരുടെ നിസ്സംഗഭാവം വ്യക്തമാക്കുന്നുണ്ട്. അത്യുന്നതനായ ദൈവത്താൽ സ്ഥാപിക്കപ്പെടുകയും, അവനാൽ വസിക്കപ്പെടുകയും ചെയ്യുന്ന സീയോൻ നഗരത്തിന്റെ പ്രാധാന്യവും ഈ സങ്കീർത്തനം പ്രതിപാദിക്കുന്നുണ്ട്. ഗായകരുടെയും നർത്തകരുടെയും അഭിമാനപാത്രമായ നഗരമാണത്. ഇസ്രായേൽ ജനത ദൈവജനമെന്ന ബോധ്യത്തോടെ, അവരുടെ ദൈവത്തിന്റെ നഗരത്തെക്കുറിച്ച് ഏറെ ശ്രദ്ധാലുക്കളാണെന്നും, അഭിമാനം കൊള്ളുന്നവരാണെന്നും ഈ സങ്കീർത്തനവരികൾക്കിടയിൽ നമുക്ക് വായിക്കാനാകും.

ദൈവത്താൽ സ്നേഹിക്കപ്പെടുന്ന സീയോൻ നഗരം

ദൈവം സീയോൻ എന്ന ജെറുസലേം നഗരത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന ഒരു ചിന്തയാണ് ആദ്യ രണ്ടു വാക്യങ്ങളിൽ സങ്കീർത്തനം വ്യക്തമാക്കുന്നത്. "അവിടുന്ന് വിശുദ്ധ ഗിരിയിൽ തന്റെ നഗരം സ്ഥാപിച്ചു" (സങ്കീ.  87, 1) എന്ന ഒന്നാം വാക്യം, പ്രപഞ്ചം മുഴുവൻ സൃഷ്‌ടിച്ചവനും സർവ്വാധിനാഥനുമായ കർത്താവായ ദൈവത്തിന് തന്റെ ജനമായി താൻ തിരഞ്ഞെടുത്ത ഇസ്രയേലിനോടും, അവരുടെ ഇടയിൽ വസിക്കാനായി താൻ തിരഞ്ഞെടുത്ത നഗരത്തോടുമുള്ള പ്രത്യേക പരിഗണനയും കരുതലും വ്യക്തമാക്കുന്നുണ്ട്. വിശുദ്ധഗിരി എന്നാണ് ജെറുസലേമിനെ സങ്കീർത്തനകർത്താവ് വിശേഷിപ്പിക്കുക. യാഹ്‌വെയാണ് സീയോനെ തന്റെ നഗരമായി തിരഞ്ഞെടുത്തതും, അവിടെ വസിക്കുവാൻ തീരുമാനിച്ചതുമെന്ന് എഴുപത്തിയാറ് (സങ്കീ. 76, 1-2), എഴുപത്തിയെട്ട് (സങ്കീ. 78, 67-68) തുടങ്ങിയ സങ്കീർത്തനങ്ങളിലും, മറ്റു പഴയനിയമഭാഗങ്ങളിലും നാം വായിക്കുന്നുണ്ട്. ഇസ്രായേൽ ജനതയും, ജെറുസലേമും, ദൈവവും തമ്മിലുള്ള പ്രത്യേകമായ ഇഴയടുപ്പം വ്യക്തമാക്കിത്തരുന്നതാണ് രണ്ടാം വാക്യവും: "യാക്കോബിന്റെ എല്ലാ വാസസ്ഥലങ്ങളെയുംകാൾ സീയോന്റെ കവാടങ്ങളെ കർത്താവ് സ്നേഹിക്കുന്നു" (സങ്കീ. 87, 2). നഗരകവാടങ്ങൾ എന്നതിലൂടെ നഗരത്തെത്തന്നെയാണ് ഹെബ്രായ ഭാഷാസംസ്‌കാരത്തിൽ ഉദ്ദേശിക്കുക. ഭൂമി മുഴുവന്റെയും, ഇസ്രായേൽ ദേശത്തിന്റെയും നാഥനായ ദൈവം തന്റെ ജനത്തിനായി സ്ഥാപിച്ച നഗരത്തെ പ്രത്യേകമായി പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ദൈവത്തിന് തന്റെ ജനത്തോടുള്ള സ്നേഹത്തിന്റെ ഒരു പ്രതിഫലനം കൂടിയാണ് ഈ സ്നേഹത്തിൽ നാം കാണുക.

പ്രശംസിക്കപ്പെടുന്ന ദൈവനഗരം

പ്രപഞ്ചസൃഷ്ടാവായ ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത സീയോൻ നഗരത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നവയാണ് സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങൾ. "ദൈവത്തിന്റെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങൾ പറയപ്പെടുന്നു" (സങ്കീ. 87, 3) എന്ന മൂന്നാം വാക്യം, ലോകജനതകളുടെ ഇടയിൽ ജെറുസലേം നഗരം അനുഭവിച്ചുപോന്ന പ്രത്യേക പരിഗണനയെയും ഖ്യാതിയെയും സൂചിപ്പിക്കുന്നുണ്ട്. വിശ്വാസത്തിന്റെ കേന്ദ്രമായി, ദൈവസാന്നിദ്ധ്യത്തിന്റെ ഇടമായി ഈ നഗരം അറിയപ്പെട്ടുപോന്നു. പ്രപഞ്ചത്തെ മുഴുവൻ സ്നേഹിക്കുന്ന ദൈവത്താൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ഈ നഗരത്തിലാണ് ആഴമേറിയ വിശ്വാസവും, ദൈവം നൽകുന്ന രക്ഷയും അനുഭവവേദ്യമായത്. അനുഗ്രഹത്തിന്റെ അഭിഷേകമൊഴുകിയ, മഹത്വമേറിയ നാളെകളെ കാത്തിരിക്കുന്ന നാടാണത്. ദൈവം തിരഞ്ഞെടുക്കുന്നവ അനുഗ്രഹത്തിന്റെ ഇടങ്ങളായി മാറുന്നു, ജനതകളെല്ലാം അവിടേക്കൊഴുകുന്നു.

ഇസ്രായേൽ ജനതയോടോ, യാഹ്‌വെയോടോ പ്രത്യേകമായ മമത പുലർത്താതിരുന്ന ഇടങ്ങളിൽനിന്നുള്ളവർ പോലും കർത്താവിനെ അംഗീകരിക്കുന്നതിനെക്കുറിച്ചാണ് നാലാം വാക്യം പറയുക: "എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ റാഹാബും ബാബിലോണും ഉൾപ്പെടുന്നു, ഫിലിസ്ത്യയിലും ടയിറിലും എത്യോപ്യയിലും വസിക്കുന്നവരെക്കുറിച്ച് അവർ ഇവിടെ ജനിച്ചതാണെന്ന് പറയുന്നു" *സങ്കീ. 87, 4). ഇസ്രയേലിനോടടുത്തുള്ള വിജാതീയജനതകൾക്കിടയിൽ തന്റെ നാമം അറിയപ്പെടുമെന്നും, ദൈവവിശ്വാസമില്ലാതിരുന്ന ഇടങ്ങളിൽപ്പോലും ദൈവത്തിന്റെ നഗരത്തോടുള്ള താത്പര്യം വളരുമെന്നും സങ്കീർത്തനം ഇവിടെ വിവക്ഷിക്കുന്നു. ഇസ്രയേലിന്റെ കർത്താവായ ദൈവത്തിന്റെ അസ്ഥിത്വത്തെ അംഗീകരിക്കുക എന്നതിലുപരി, അവനെ തങ്ങളുടെ ദൈവമായി അംഗീകരിക്കുക എന്നതിലേക്കാണ് ഈ വാക്യത്തിലൂടെ സങ്കീർത്തകൻ വിരൽചൂണ്ടുന്നത്. ജെറുസലേമിൽ ജനിക്കപ്പെടുക എന്നതിലൂടെ, ദൈവനഗരത്തിൽ ജനിക്കപ്പെടുക എന്നും, അതുവഴി, ദൈവത്തിന്റെ സ്വന്തമായ, രക്ഷിക്കപ്പെട്ട ജനമായി കണക്കാക്കപ്പെടുക എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. വിജാതീയർ പോലും, തങ്ങൾ ദൈവത്തിന്റെ നഗരത്തിൽ ജനിച്ചവരാണെന്ന് പറയപ്പെടാൻ ആഗ്രഹിക്കുന്നു  എന്നത്, ഒരു വിളിയും വാഗ്ദാനവും കൂടിയാണ്. സകലരും ഇസ്രയേലിന്റെ ദൈവത്തിന്റെ സ്വന്തം ജനമെന്ന് കരുതപ്പെടാൻ ആഗ്രഹിക്കുന്ന ഒരു ദിനം ഈ വാക്യം മുൻകൂട്ടി കാണുന്നുണ്ട്.

മാനവികതയുടെ വിശുദ്ധനഗരം

സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ ഏഴ് വരെയുള്ള വാക്യങ്ങളിൽ, ജെറുസലേമിന് മാനവികതയുടെ മുഴുവൻ മാതൃനഗരമാകാനുള്ള ഒരു വിളിയിലേക്കാണ് സങ്കീർത്തകൻ വിരൽചൂണ്ടുന്നത്. അത്യുന്നതനായ ദൈവം സ്ഥാപിച്ച സീയോൻ നഗരത്തിലാണ് സകലരും ജനിച്ചതെന്ന് സീയോനെപ്പറ്റി പറയപ്പെടുമെന്ന (സങ്കീ. 87, 5) ഒരു പ്രവചനസ്വരമാണ് അഞ്ചാം വാക്യത്തിൽ നാം കാണുക. മുൻ വാക്യങ്ങളിൽ കണ്ട ചിന്തയെ ജെറുസലേമിന് ചുറ്റുമുള്ള ദേശങ്ങളിൽനിന്ന് വിപുലീകരിച്ച്, ലോകം മുഴുവനിലേക്കും വ്യാപിപ്പിക്കുകയുമാണ് ഈ വാക്യത്തിൽ സങ്കീർത്തകൻ. ഇസ്രയേലിന്റെ വിശുദ്ധ നഗരം എന്നതിൽനിന്ന്, സകല ജനതകളുടെയും മാതൃനഗരം എന്നതിലേക്ക് ജെറുസലേം മാറുമെന്നൊരു ധ്വനിയാണ് ഇവിടെ കാണാനാകുന്നത്. മാനുഷികമായ വിധികളോ പരിമിതികളോ അല്ല ദൈവത്തിന്റേതെന്ന് വ്യക്തമാക്കുന്നതാണ് ആറാം വാക്യം: "കർത്താവ് ജനതകളുടെ കണക്കെടുക്കുമ്പോൾ ഇവൻ അവിടെ ജനിച്ചു എന്ന് രേഖപ്പെടുത്തും" (സങ്കീ. 87, 6). ഇസ്രായേൽ ജനതയോടുള്ള യാഹ്‌വെയുടെ പ്രത്യേക പരിഗണന നിലനിൽക്കുമ്പോൾത്തന്നെ, സകലരെയും തന്റേതായി കാണാനും, അവർക്കും ആത്മീയമായി ദൈവമക്കളായിത്തീരാനുമുള്ള അവകാശമേകാനുമുള്ള ദൈവത്തിന്റെ ഇഷ്ടത്തെയും തീരുമാനത്തെയും അവഗണിക്കാനോ, തള്ളിക്കളയാനോ നമുക്കാകില്ല. അടിമകളോ, തടവുകാരോ ആയല്ല, വിശുദ്ധനഗരത്തിൽ ജന്മാവകാശമുള്ളവരാകാനായാണ് ദൈവം ജനതകളെ വിളിക്കുന്നത്. " എന്റെ ഉറവകൾ നിന്നിലാണ് എന്ന് ഗായകരും നർത്തകരും ഒന്നുപോലെ പാടും" (സങ്കീ. 87, 7) എന്ന വാക്യത്തോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. ഇസ്രയേലിന്റെ ദൈവത്തിൽ തങ്ങളുടെ ജീവനും, ശ്വാസവും, തങ്ങളുടെ ജീവന്റെ സ്രോതസ്സും തിരിച്ചറിഞ്ഞ് ഏവരും ആനന്ദഗീതങ്ങൾ ആലപിച്ച് അവനെ സ്തുതിക്കുന്ന ഒരു ദിനത്തെക്കുറിച്ചാണ് സങ്കീർത്തകൻ ഇവിടെ പറയുക. ഉറവയിൽനിന്ന് ജലമെന്നപോലെയാണ് ദൈവത്തിൽനിന്ന് നന്മയും അനുഗ്രഹങ്ങളും സകല ജനതകളിലേക്കും, ലോകത്തിലേക്ക് മുഴുവനിലേക്കും പ്രവഹിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

എൺപത്തിയേഴാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ഇസ്രായേൽ ജനതയെയെന്നപോലെ, സകല ജനതകളെയും, തന്നിലേക്ക് വിളിക്കാനും, അവർക്കേവർക്കും വിശുദ്ധനഗരത്തിൽ ജന്മാവകാശമേകാനുമുള്ള ദൈവഹിതത്തെക്കുറിച്ചാണ് സങ്കീർത്തനം നമ്മോട് പറയുന്നതെന്ന് കാണാം. ദൈവജനത്തോട് പ്രത്യേക മമത കാട്ടാത്തവർക്കും, ദൈവചിന്തയിൽനിന്ന് അകന്നു നിൽക്കുന്നവർക്കും, ദൈവത്തെത്തന്നെ നിഷേധിക്കുന്നവർക്കും നേരെപോലും, ദൈവനഗരത്തിന്റെയും, ദൈവഭവനത്തിന്റെയും വാതിലുകൾ ദൈവം അടച്ചിടുന്നില്ലെന്നും, ഇസ്രയേലിന്റെ നാഥനായ ദൈവം വാഗ്ദാനം ചെയ്യുന്ന രക്ഷയിലേക്ക് എത്തുവാനുള്ള സാദ്ധ്യതകൾ ഏവർക്കും തുറന്നുകിടപ്പുണ്ടെന്നും ഈ സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവസാന്നിദ്ധ്യത്തിന്റെ ഇടമായ ജെറുസലേമിനോടും, ദൈവം വസിക്കുന്ന ദേവാലയത്തോടും ഹൃദയം കൊണ്ട് അടുത്തിരിക്കാനും, ജീവന്റെയും രക്ഷയുടെയും ഉറവിടമായ ദൈവത്തിൽ ഉറപ്പുള്ള അഭയം കണ്ടെത്താനും നമുക്ക് സാധിക്കട്ടെ. പ്രപഞ്ചസ്രഷ്ടാവും സകലത്തിന്റെയും നാഥനുമായ യാഹ്‌വെയുടെ നാമത്തെ, ആനന്ദഗീതങ്ങളോടെ, സന്തോഷനൃത്തമാടി നമുക്കും സ്തുതിക്കാം. തന്റെ സ്വന്തമെന്ന് നമ്മുടെ പേരുകളും ജീവന്റെ പുസ്തകത്തിൽ ദൈവം രേഖപ്പെടുത്തട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2024, 18:51