സങ്കീർത്തനചിന്തകൾ - 88 സങ്കീർത്തനചിന്തകൾ - 88 

മനുഷ്യരുടെ സഹനങ്ങളും വേദനകളും ദൈവാശ്രയബോധവും

വചനവീഥി: എൺപത്തിയെട്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - എൺപത്തിയെട്ടാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

"കോറഹിന്റെ പുത്രന്മാരുടെ സങ്കീർത്തനം. ഗായകസംഘനേതാവിന്, മഹലത്ത് ലയാന്നോത്ത് രാഗത്തിൽ എസ്രാഹ്യനായ ഹെമാന്റെ പ്രബോധനാഗീതം" എന്ന തലക്കെട്ടോടെയുള്ള എൺപത്തിയെട്ടാം സങ്കീർത്തനത്തെ, അതിന്റെ പ്രമേയവും ഉള്ളടക്കവും അവതരണരീതിയും കൂടി കണക്കിലെടുത്ത്, പഴയനിയമത്തിലെ തന്നെ ജോബിന്റെ പുസ്‌തകവുമായി ബന്ധപ്പെടുത്തിയാണ് ബൈബിൾ വ്യാഖ്യാതാക്കൾ പഠനം നടത്തുന്നത്. യഹൂദമതത്തിലെന്നല്ല, വിവിധ മതങ്ങളിലും, സംസ്കാരങ്ങളിലും കാലങ്ങളിലും ഉയർന്നുവന്നിരുന്ന ഒരു ചോദ്യമാണ് ഈ സങ്കീർത്തനത്തിലും നാം കണ്ടുമുട്ടുക; ജീവിതത്തിന്റെ സഹനങ്ങൾക്കുമുന്നിൽ, പ്രത്യേകിച്ച് നിഷ്കളങ്കരുടെയും പാവപ്പെട്ടവരുടെയും വേദനകൾക്ക് മുന്നിൽ, ദൈവം വിശ്വാസം എന്നിവയ്ക്ക് എന്ത് മറുപടിയാണ് നൽകാൻ കഴിയുക? ഏവരാലും പരിത്യക്തനായ ഒരുവന്റെ, പലപ്പോഴും ഉത്തരമില്ലാത്ത ഒരു ചോദ്യമാണിത്.

തകർച്ചയിൽ നിപതിച്ച ജീവിതം

കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന സങ്കീർത്തകന്റെ പ്രാർത്ഥനകൾ ഉൾക്കൊള്ളുന്ന മൂന്ന് ഭാഗങ്ങളായി നമുക്ക് ഈ സങ്കീർത്തനത്തെ വിഭജിക്കാനാകും. ഒന്ന് മുതൽ എട്ടുവരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന ആദ്യഭാഗത്ത്, തന്റെ ജീവിതാവസ്ഥയെ അതായിരിക്കുന്ന രീതിയിൽ വിവരിക്കുന്ന സങ്കീർത്തകനെയാണ് നാം കാണുക. താൻ കടന്നുപോകുന്ന കഠിനമായ സഹനങ്ങളുടെ മുന്നിൽ,  പകലും രാത്രിയും ദൈവസഹായത്തിനായി നിലവിളിച്ചപേക്ഷിക്കുന്ന ഒരു വിശ്വാസിയെയാണ് ഒന്നും രണ്ടും വാക്യങ്ങളിൽ നമുക്ക് കണ്ടുമുട്ടാനാകുന്നത് (സങ്കീ. 88, 1-2).. സങ്കീർത്തനത്തിന്റെ പൊതുവായ തന്തു, കാഠിന്യമേറിയ സഹനത്തിന് മുന്നിലുള്ള വിലാപമായിരിക്കുമ്പോഴും, വിശ്വാസം നഷ്ടപ്പെടാത്ത ഒരുവനായാണ് സങ്കീർത്തകൻ തന്നെത്തന്നെ കാണുന്നതെന്ന് ഇവിടെ വ്യക്തമാണ്. മൂന്നും നാലും വാക്യങ്ങളിൽ നാം വായിക്കുന്നതുപോലെ, മരണത്തിന്റെ വക്കോളമെത്തിയ, പാതാളത്തിൽ പതിക്കാൻ പോകുന്ന ഒരുവനായി താൻ എണ്ണപ്പെട്ടിരിക്കുന്നുവെന്ന ചിന്തയാണ് സങ്കീർത്തകനിൽ നാം കാണുക (സങ്കീ. 88, 3-4). ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടവനായും, ദൈവത്തിൽനിന്ന് വിശ്ചേദിക്കപ്പെട്ടവനായും, പാതാളത്തിന്റെ അന്ധകാരപൂർണ്ണവും, അഗാധവുമായ തലത്തിൽ പതിച്ചവനായുമാണ് സങ്കീർത്തകൻ തന്നെത്തന്നെ കാണുന്നതെന്ന് അഞ്ചും ആറും വാക്യങ്ങൾ വ്യക്തമാക്കുന്നു (സങ്കീ. 88, 5-6). തുടർന്ന് എട്ടുവരെയുള്ള വാക്യങ്ങളിൽ, തന്റെ വേദനകൾക്ക് കാരണക്കാരനായി മുന്നിൽ കാണുന്നത് ദൈവത്തെയാണ്. ദൈവമാണ്, തന്നെ പാതാളത്തിന്റെ അടിത്തട്ടിൽ ഉപേക്ഷിച്ചതെന്നും, ദൈവക്രോധം തന്റെ ജീവിതത്തെ ഞെരുക്കുന്നുവെന്നും, അവന്റെ തിരമാലകൾ തന്നെ മൂടുന്നുവെന്നും, കൂട്ടുകാർ തന്നെ വിട്ടകലാൻ തക്കവിധം, അവർക്കുമുന്നിൽ താനെന്ന ഭീഭത്സ വസ്തുവാക്കിയതും രക്ഷപെടാനാകാത്തവിധം തന്നെ തടവിലാക്കിയതും ദൈവമാണെന്നും സങ്കീർത്തകൻ കുറ്റപ്പെടുത്തുന്നു (സങ്കീ. 88, 6-8).

ദൈവവും മരണമെന്ന അവസാനവും

സങ്കീർത്തനത്തിന്റെ ഒൻപത് മുതൽ പതിനാല് വരെയുള്ള രണ്ടാമത്തെ ഭാഗത്ത്, ദൈവത്തിൽനിന്നും ആകന്നുള്ള ജീവിതം ഒരു വിശ്വാസിയുടെ മനസ്സിലുളവാക്കുന്ന നൊമ്പരമാണ് നമുക്ക് കാണാനാകുക. തന്റെ ഉള്ളിലെ ഭീതിയും സംശയങ്ങളുമാണ് സങ്കീർത്തകൻ ഇവിടെ വിവരിക്കുക. മരണമെന്നാൽ ദൈവത്തിൽനിന്നുള്ള നിത്യമായ അകൽച്ചയും വേർപാടുമാണെന്ന് അവൻ ഭയക്കുന്നു. അതുകൊണ്ടുതന്നെ, "മരിച്ചവർക്കുവേണ്ടി അങ്ങ് അത്ഭുതം പ്രവർത്തിക്കുമോ? നിഴലുകൾ അങ്ങയെ പുകഴ്‌ത്താൻ ഉണർന്നെഴുന്നേൽക്കുമോ?" എന്ന് ചോദിക്കുന്ന സങ്കീർത്തകനെ പത്താം വാക്യത്തിൽ നമുക്ക് കാണാം (സങ്കീ. 88, 10). മരണമെന്നാൽ, ദൈവത്തെക്കുറിച്ചുള്ള നല്ല ചിന്തകൾക്ക് പോലും ഇടമില്ലാത്തയിടത്തേക്കുള്ള യാത്രയാണെന്ന് അവൻ ഭയക്കുന്നു. അതുകൊണ്ടുതന്നെ, ശവകുടീരത്തിൽ ദൈവസ്നേഹം പ്രഘോഷിക്കപ്പെടില്ലെന്നും, ജീവിതത്തിന്റെ വിനാശനിമിഷങ്ങൾ ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചോ, അന്ധകാരത്തിന്റെ ഇടങ്ങൾ അത്ഭുതങ്ങളെക്കുറിച്ചോ, വിസ്മൃതിയുടെ ദേശങ്ങൾ, ദൈവത്തിൽനിന്നുള്ള രക്ഷാകരമായ സഹായത്തെക്കുറിച്ചോ ചിന്തിക്കാനോ പ്രതീക്ഷിക്കാനോ ആകാത്ത ഇടങ്ങളാണെന്നും സങ്കീർത്തകൻ കരുതുന്നു (സങ്കീ. 88, 10-12). ഇത്രയൊക്കെ നിരാശാബോധത്തിൽ കഴിയുമ്പോഴും, പതിമൂന്നാം വാക്യത്തിൽ കാണുന്നതുപോലെ, കർത്താവിനോട് നിലവിളിച്ചപേക്ഷിക്കാനും, പ്രാർത്ഥിക്കാനും സങ്കീർത്തകനിലെ വിശ്വാസിക്ക് കഴിയുന്നു എന്നിടത്ത് ഈ സങ്കീർത്തനം അതിലെ പൊതുവെയുള്ള വിഷാദാത്മകതയിൽനിന്ന്, ശുഭാപ്തിവിശ്വാസത്തിന്റെ കിരണങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു പ്രബോധനാഗീതമായി മാറുന്നത് നമുക്ക് കാണാം.

നിരാശയിൽനിന്നുയർന്ന വിശ്വാസത്തിന്റെ പ്രാർത്ഥന

വിശ്വാസവും പ്രത്യാശയും അവസാനിക്കുന്നിടത്ത് ഏതൊരു മനുഷ്യനും എത്തിച്ചേർന്നേക്കാവുന്ന ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരുവനെയാണ് സങ്കീർത്തനത്തിന്റെ പതിനാലാം വാക്യം മുതൽ ആരംഭിക്കുന്ന മൂന്നാമത്തെ ഭാഗത്ത് നമുക്ക് കാണാനാവുക. ചെറുപ്പകാലം മുതലുള്ള തന്റെ ജീവിതത്തിൽ, പീഡനത്തിലൂടെയും, ഭീകരാശിക്ഷകളിലൂടെയും കടന്നുപോയ ഒരുവനായാണ് സങ്കീർത്തകൻ തന്നെത്തന്നെ അവതരിപ്പിക്കുന്നത്. മരണാസന്നതയുടെ നിമിഷങ്ങൾ അവൻ ജീവിച്ചിട്ടുണ്ട്, ദൈവത്തിന്റെ ഭീകരശിക്ഷകൾ നിസ്സഹായതയിൽ അവൻ അനുഭവിച്ചിട്ടുണ്ട് (സങ്കീ. 88, 14-15). സഹനങ്ങളും വേദനകളും കഷ്ടപ്പാടുകളും ഒരു സാധാരണ വിശ്വാസിയിൽ ഉളവാക്കുന്ന ചിന്തകളാണ് ഇവിടെ നമുക്ക് കാണാനാവുക. ദൈവക്രോധം തനിക്കെതിരെ കവിഞ്ഞൊഴുകുന്നതാകണം തന്റെ സഹനങ്ങൾക്ക് കാരണമെന്ന് അവൻ കരുതുന്നു. ദൈവത്തിന്റെ ഭീകരമായ ആക്രമണങ്ങൾ, പെരുവെള്ളം പോലെ തന്നെ വലയം ചെയ്യുകയും പൊതിയുകയും, തന്നെ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് സങ്കീർത്തകനിലെ മനുഷ്യൻ വിശ്വസിക്കുന്നു (സങ്കീ. 88, 16-17). വ്യക്തിപരമായും, സ്വജീവിതത്തിലും നേരിടുന്ന വേദനകൾക്കും കഷ്ടനഷ്ടങ്ങൾക്കുമപ്പുറം, ദൈവകോപം സാമൂഹികമായ ഒരുവന്റെ ജീവിതത്തിൽപ്പോലും വലിയ കുറവുകൾക്ക് കാരണമായേക്കാമെന്ന് കരുതുന്ന സങ്കീർത്തകൻ, തന്നിൽനിന്ന് തന്റെ സ്നേഹിതരെയും അയൽക്കാരെയും പോലും അകറ്റിയത് ദൈവമാണെന്ന് തെറ്റിദ്ധരിക്കുന്നു. തന്റെ ഏകസഹചാരിയായി അന്ധകാരം മാത്രമാണ് അവൻ മുന്നിൽ കാണുന്നത് (സങ്കീ. 88, 18).

സങ്കീർത്തനം ജീവിതത്തിൽ

എൺപത്തിയെട്ടാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ജീവിതത്തിലെ വേദനകളും ബുദ്ധിമുട്ടുകളും കഷ്ടനഷ്ടങ്ങളും, സഹനങ്ങളും നിരാശകളും ഒരുവനെയെത്തിക്കുന്ന മനോഭാവത്തിലേക്കും, ജീവിതാവസ്ഥകളിലേക്കുമാണ് നമ്മുടെ ചിന്തയെ സങ്കീർത്തകൻ കൊണ്ടുപോകുന്നതെന്ന് നമുക്ക് മനസ്സിലാക്കാം. വേദനകളിൽ ദൈവത്തിലേക്ക് നോക്കി നിലവിളിക്കാനും, തകർച്ചകളിൽ ദൈവത്തിൽ അഭയം കണ്ടെത്താനും, ഒറ്റപ്പെടലുകളിൽ ദൈവത്തിന്റെ സാന്നിദ്ധ്യം തേടാനും സങ്കീർത്തകന് പ്രേരണ നൽകുന്നത് അവന്റെ വിശ്വാസമാണ്. ആനന്ദവും അനുഗ്രഹങ്ങളും ദൈവദാനമാണെന്നും, സകലത്തിന്റെയും നാഥൻ ദൈവമാണെന്നുമുള്ള തിരിച്ചറിവിൽനിന്നുകൊണ്ടാണ് അവൻ ഈ കീർത്തനത്തിന്റെ വാക്യങ്ങൾ രചിക്കുന്നത്. നിരന്തരമായ വേദനകൾക്ക് മുന്നിൽ രാവിലും പകലിലും ദൈവത്തിലേക്ക് കരങ്ങളുയർത്താനും, ദൈവകൃപ തേടാനും നമ്മിലെ വിശ്വാസികളെയും ഈ പ്രബോധനഗീതം ആഹ്വാനം ചെയ്യുന്നുണ്ട്. എല്ലാ വേദനകളുടെയും തകർച്ചകളുടെയും ബുദ്ധിമുട്ടുകളുടെയും മുന്നിൽ, അവയേക്കാളേറെ വലുത് ദൈവത്തിന്റെ ശക്തിയും കരങ്ങളുമാണെന്ന ബോധ്യം നമുക്ക് കൈവടിയാതിരിക്കാം. നിരാശയുടെയും ഒറ്റപ്പെടലിന്റെയും ചങ്ങലകളിൽ നമ്മെ തളച്ചിടാതെ, ജീവിതത്തിനും മരണത്തിനുമപ്പുറം തുടരുന്ന ദൈവകരുതലിനായി നമ്മെത്തന്നെ വിട്ടുകൊടുക്കാം. തന്നെ വിളിച്ചപേക്ഷിക്കുന്ന തന്റെ മക്കളുടെ പ്രാർത്ഥന കേൾക്കുകയും, അവയ്ക്കുത്തരം നൽകുകയും, എല്ലാ സാഹചര്യങ്ങളിലും അവരെ തന്നോട് ചേർത്തുനിറുത്തുകയും ചെയ്യുന്ന ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോകാൻ ഈ സങ്കീർത്തനം നമുക്ക്  പ്രേരകമാകട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2024, 16:21